വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 113

ഉത്സാഹ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠം​—താലന്തു​കൾ

ഉത്സാഹ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠം​—താലന്തു​കൾ

മത്തായി 25:14-30

  • യേശു താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം പറയുന്നു

തന്റെ നാല്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം ഒലിവു​മ​ല​യിൽ ആയിരി​ക്കു​മ്പോൾ യേശു മറ്റൊരു ദൃഷ്ടാന്തം പറയുന്നു. ദൈവ​രാ​ജ്യം കുറെ കാലത്തി​നു ശേഷമേ വരൂ എന്നു പറയാ​നാ​യി യേശു ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്‌ യരീ​ഹൊ​യിൽവെച്ച്‌ മിനയു​ടെ ദൃഷ്ടാന്തം പറഞ്ഞി​രു​ന്നു. ഇപ്പോൾ യേശു പറയുന്ന ഈ ദൃഷ്ടാ​ന്ത​ത്തിന്‌ അതു​പോ​ലെ​ത​ന്നെ​യുള്ള പല പ്രത്യേ​ക​ത​ക​ളുണ്ട്‌. തന്റെ സാന്നി​ധ്യ​ത്തെ​യും വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​യും കുറി​ച്ചുള്ള ചോദ്യ​ത്തി​ന്റെ ഉത്തരവും കൂടി​യാ​യി​രു​ന്നു അത്‌. ശിഷ്യ​ന്മാ​രെ യേശു വിശ്വ​സിച്ച്‌ ഏൽപ്പി​ക്കുന്ന കാര്യം അവർ എത്ര ഉത്സാഹ​ത്തോ​ടെ ചെയ്യണ​മെ​ന്നും ഈ ദൃഷ്ടാന്തം ഊന്നി​പ്പ​റ​യു​ന്നു.

യേശു പറയുന്നു: “സ്വർഗ​രാ​ജ്യം, അന്യ​ദേ​ശ​ത്തേക്കു യാത്ര പോകാ​നി​രി​ക്കുന്ന ഒരു മനുഷ്യ​നെ​പ്പോ​ലെ​യാണ്‌. പോകു​ന്ന​തി​നു മുമ്പ്‌ അയാൾ അടിമ​കളെ വിളിച്ച്‌ വസ്‌തു​വ​ക​ക​ളെ​ല്ലാം അവരെ ഏൽപ്പിച്ചു.” (മത്തായി 25:14) “രാജാ​ധി​കാ​രം നേടി​യിട്ട്‌ ” വരാൻ ഒരു ദൂര​ദേ​ശ​ത്തേക്കു യാത്ര പോയ ഒരു മനുഷ്യ​നോ​ടാണ്‌ യേശു തന്നെത്തന്നെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌. ആ “മനുഷ്യൻ” യേശു​വാ​ണെന്ന്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​യി.​—ലൂക്കോസ്‌ 19:12.

തന്റെ വില​യേ​റിയ വസ്‌തു​വ​കകൾ അടിമ​കളെ ഏൽപ്പി​ച്ചി​ട്ടാണ്‌ ദൃഷ്ടാ​ന്ത​ത്തി​ലെ ആ മനുഷ്യൻ ദൂര​ദേ​ശ​ത്തേക്കു പോകു​ന്നത്‌. മൂന്നര വർഷത്തെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പഠിപ്പി​ക്കു​ന്ന​തിൽ യേശു ശ്രദ്ധിച്ചു. മാത്രമല്ല, തന്റെ ശിഷ്യ​ന്മാ​രെ ഈ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്‌തു. അവരെ പഠിപ്പി​ച്ച​തു​പോ​ലെ അവർ കാര്യങ്ങൾ ചെയ്യു​മെന്ന ഉറപ്പോ​ടെ യേശു പോകു​ന്നു.​—മത്തായി 10:7; ലൂക്കോസ്‌ 10:1, 8, 9; യോഹ​ന്നാൻ 4:38-ഉം 14:12-ഉം താരത​മ്യം ചെയ്യുക.

ദൃഷ്ടാ​ന്ത​ത്തി​ലെ മനുഷ്യൻ തന്റെ വസ്‌തു​വ​കകൾ എങ്ങനെ​യാണ്‌ വീതി​ക്കു​ന്നത്‌? യേശു പറയുന്നു: “ഓരോ​രു​ത്തർക്കും അവരുടെ പ്രാപ്‌തി​യ​നു​സ​രി​ച്ചാ​ണു കൊടു​ത്തത്‌; ഒരാൾക്ക്‌ അഞ്ചു താലന്തും മറ്റൊ​രാൾക്കു രണ്ടും വേറൊ​രാൾക്ക്‌ ഒന്നും. എന്നിട്ട്‌ അയാൾ യാത്ര പോയി.” (മത്തായി 25:15) വിശ്വ​സിച്ച്‌ ഏൽപ്പിച്ച ആ വസ്‌തു​വ​കകൾ അവർ എങ്ങനെ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു? യജമാ​നന്റെ ഇഷ്ടമനു​സ​രിച്ച്‌ ഉത്സാഹ​ത്തോ​ടെ അവർ പ്രവർത്തി​ക്കു​മാ​യി​രു​ന്നോ? യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറയുന്നു:

“അഞ്ചു താലന്തു കിട്ടി​യവൻ ഉടനെ പോയി അതു​കൊണ്ട്‌ വ്യാപാ​രം ചെയ്‌ത്‌ അഞ്ചുകൂ​ടെ സമ്പാദി​ച്ചു. അതു​പോ​ലെ​തന്നെ, രണ്ടു താലന്തു കിട്ടി​യവൻ രണ്ടുകൂ​ടെ സമ്പാദി​ച്ചു. എന്നാൽ ഒരു താലന്തു കിട്ടി​യവൻ പോയി യജമാ​നന്റെ പണം നിലത്ത്‌ കുഴി​ച്ചി​ട്ടു.” (മത്തായി 25:16-18) യജമാനൻ തിരി​ച്ചു​വ​രു​മ്പോൾ എന്തു സംഭവി​ക്കും?

യേശു തുടരു​ന്നു: “കാലം കുറെ കടന്നു​പോ​യി. ഒടുവിൽ ആ അടിമ​ക​ളു​ടെ യജമാനൻ വന്ന്‌ അവരു​മാ​യി കണക്കു തീർത്തു.” (മത്തായി 25:19) ആദ്യത്തെ രണ്ടു പേരും ‘അവരുടെ പ്രാപ്‌തി​യ​നു​സ​രിച്ച്‌ ’ ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു. തങ്ങളെ ഏൽപ്പിച്ച കാര്യ​ത്തിൽ ആ രണ്ട്‌ അടിമ​ക​ളും ഉത്സാഹ​മു​ള്ള​വ​രും അധ്വാ​നി​ക്കാൻ മനസ്സു​ള്ള​വ​രു​മാ​യി​രു​ന്നു. അഞ്ചു താലന്തു കിട്ടി​യ​യാൾ അത്‌ ഇരട്ടി​യാ​ക്കി. രണ്ടു കിട്ടി​യ​യാ​ളും ഇരട്ടി​യാ​ക്കി. (അന്നത്തെ കാലത്ത്‌ ഒരു താലന്ത്‌ സമ്പാദി​ക്ക​ണ​മെ​ങ്കിൽ ഒരാൾ ഏകദേശം 19 വർഷം ജോലി ചെയ്യണ​മാ​യി​രു​ന്നു.) യജമാനൻ രണ്ടു പേരെ​യും ഒരു​പോ​ലെ അഭിന​ന്ദി​ച്ചു: “കൊള്ളാം! നീ വിശ്വ​സ്‌ത​നായ ഒരു നല്ല അടിമ​യാണ്‌. കുറച്ച്‌ കാര്യ​ങ്ങ​ളിൽ നീ വിശ്വ​സ്‌തത തെളി​യി​ച്ച​തു​കൊണ്ട്‌ ഞാൻ നിന്നെ കൂടുതൽ കാര്യ​ങ്ങ​ളു​ടെ ചുമതല ഏൽപ്പി​ക്കും. നിന്റെ യജമാ​നന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രുക.”​—മത്തായി 25:21.

എന്നാൽ ഒരു താലന്ത്‌ കിട്ടിയ അടിമ അങ്ങനെ​യ​ല്ലാ​യി​രു​ന്നു. ആ അടിമ പറയുന്നു: “യജമാ​നനേ, അങ്ങ്‌  വിതയ്‌ക്കാ​ത്തി​ട​ത്തു​നിന്ന്‌ കൊയ്യു​ന്ന​വ​നും അധ്വാ​നി​ച്ചു​ണ്ടാ​ക്കാ​ത്തതു ശേഖരി​ക്കു​ന്ന​വ​നും ആയ കഠിന​ഹൃ​ദ​യ​നാ​ണെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊണ്ട്‌ ഞാൻ പേടിച്ച്‌ ആ താലന്തു നിലത്ത്‌ കുഴി​ച്ചി​ട്ടു. ഇതാ അങ്ങയുടെ താലന്ത്‌, ഇത്‌ എടുത്തോ.” (മത്തായി 25:24, 25) തന്റെ യജമാ​നന്‌ കുറ​ച്ചെ​ങ്കി​ലും ലാഭമു​ണ്ടാ​കാ​നാ​യി അയാൾ പണമി​ട​പാ​ടു​കാ​രു​ടെ പക്കൽപ്പോ​ലും പണം നിക്ഷേ​പി​ച്ചില്ല. വാസ്‌ത​വ​ത്തിൽ അയാൾ യജമാ​നന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി​ട്ടാ​ണു കാര്യങ്ങൾ ചെയ്‌തത്‌.

അയാളെ “ദുഷ്ടനായ മടിയാ” എന്നാണ്‌ യജമാനൻ വിളി​ക്കു​ന്നത്‌. അയാളു​ടെ പക്കലു​ണ്ടാ​യി​രു​ന്ന​തു​കൂ​ടി എടുത്ത്‌ കഠിനാ​ധ്വാ​നം ചെയ്യാൻ മനസ്സുള്ള അടിമ​യ്‌ക്കു കൊടു​ക്കു​ന്നു. യജമാനൻ തന്റെ നിലപാട്‌ വ്യക്തമാ​ക്കു​ന്നു: “ഉള്ളവനു കൂടുതൽ കൊടു​ക്കും. അവനു സമൃദ്ധി​യു​ണ്ടാ​കും. ഇല്ലാത്ത​വന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.”​—മത്തായി 25:26, 29.

യേശു പറഞ്ഞ ഈ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നും ശിഷ്യ​ന്മാർക്ക്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നു​ണ്ടാ​യി​രു​ന്നു. ആളുകളെ ശിഷ്യ​രാ​ക്കുക എന്ന അമൂല്യ​മായ നിയമ​ന​മാ​യി​രു​ന്നു യേശു അവരെ ഏൽപ്പി​ച്ചത്‌. അത്‌ എത്ര ഗൗരവ​മുള്ള ഒരു ഉത്തരവാ​ദി​ത്വ​മാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യി. അവർ ഇത്‌ ഉത്സാഹ​ത്തോ​ടെ ചെയ്യണ​മെ​ന്നും യേശു പ്രതീ​ക്ഷി​ക്കു​ന്നു. എല്ലാവ​രും അവരെ ഏൽപ്പിച്ച സുവി​ശേ​ഷ​പ്ര​വർത്തനം ഒരേ അളവിൽ ചെയ്യാൻ യേശു പ്രതീ​ക്ഷി​ച്ചില്ല. എന്നാൽ, തന്റെ കഴിവ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാത്ത, ‘മടിയ​നായ’ ഒരാളിൽ യേശു പ്രസാ​ദി​ക്കും എന്ന്‌ അതിന്‌ അർഥമില്ല. ഓരോ​രു​ത്ത​രും ‘അവരുടെ പ്രാപ്‌തി​യ​നു​സ​രിച്ച്‌,’ ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്യാ​നാണ്‌ ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു പറയു​ന്നത്‌.

“ഉള്ളവനു കൂടുതൽ കൊടു​ക്കും” എന്ന ഉറപ്പു കേട്ട​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!