വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 123

അതീവ​ദുഃ​ഖി​ത​നായ യേശു പ്രാർഥി​ക്കു​ന്നു

അതീവ​ദുഃ​ഖി​ത​നായ യേശു പ്രാർഥി​ക്കു​ന്നു

മത്തായി 26:30, 36-46; മർക്കോസ്‌ 14:26, 32-42; ലൂക്കോസ്‌ 22:39-46; യോഹ​ന്നാൻ 18:1

  • ഗത്ത്‌ശെമന തോട്ട​ത്തിൽ യേശു

  • യേശു​വി​ന്റെ വിയർപ്പ്‌ രക്തത്തു​ള്ളി​കൾപോ​ലെ​യാ​യി

വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു പ്രാർഥി​ച്ചു​ക​ഴി​ഞ്ഞു. തുടർന്ന്‌ “സ്‌തു​തി​ഗീ​തങ്ങൾ പാടി​യിട്ട്‌ അവർ ഒലിവു​മ​ല​യി​ലേക്കു പോയി.” (മർക്കോസ്‌ 14:26) കിഴക്ക്‌ ഗത്ത്‌ശെമന തോട്ടം ലക്ഷ്യമാ​ക്കി​യാണ്‌ അവർ നടന്നു​നീ​ങ്ങു​ന്നത്‌. യേശു എപ്പോ​ഴും അവിടെ പോകാ​റു​ണ്ടാ​യി​രു​ന്നു.

ഒലിവ്‌ മരങ്ങൾക്കി​ട​യി​ലെ പ്രശാ​ന്ത​മായ ആ സ്ഥലത്തെ​ത്തി​യ​പ്പോൾ എട്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രെ അവിടെ ആക്കിയിട്ട്‌ യേശു മുന്നോ​ട്ടു നീങ്ങി. അതു​കൊ​ണ്ടാ​യി​രി​ക്കും യേശു അവരോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥി​ച്ചിട്ട്‌ വരാം. നിങ്ങൾ ഇവിടെ ഇരിക്ക്‌.” ഈ ശിഷ്യ​ന്മാർ അധികം ഉള്ളി​ലേക്കു പോയി​ക്കാ​ണില്ല. എന്നാൽ യേശു അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സി​നെ​യും യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും കൂട്ടി​ക്കൊണ്ട്‌ തോട്ട​ത്തി​ന്റെ ഉള്ളി​ലേക്കു പോയി. യേശു​വി​ന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ്‌ മനസ്സു വല്ലാതെ അസ്വസ്ഥ​മാ​കാൻ തുടങ്ങി. യേശു അവരോ​ടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണ​വേ​ദ​ന​പോ​ലെ അതിക​ഠി​ന​മാണ്‌. ഇവിടെ എന്നോ​ടൊ​പ്പം ഉണർന്നി​രി​ക്കൂ.”​—മത്തായി 26:36-38.

അവരുടെ അടുത്തു​നിന്ന്‌ കുറച്ച്‌ മാറി, ‘യേശു കമിഴ്‌ന്നു​വീണ്‌, പ്രാർഥി​ച്ചു.’ ഈ നിർണാ​യ​ക​നി​മി​ഷ​ത്തിൽ ദൈവ​ത്തോട്‌ എന്താണ്‌ യേശു പ്രാർഥി​ക്കു​ന്നത്‌? “പിതാവേ, അങ്ങയ്‌ക്ക്‌ എല്ലാം സാധ്യ​മാണ്‌. ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീക്കേ​ണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്നായി​രു​ന്നു. (മർക്കോസ്‌ 14:35, 36) യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? മോച​ന​വില നൽകുക എന്ന ദൗത്യ​ത്തിൽനിന്ന്‌ യേശു പിന്മാ​റു​ക​യാ​ണോ? ഒരിക്ക​ലു​മല്ല!

ആളുകളെ വധിക്കു​ന്ന​തി​നു മുമ്പ്‌ റോമാ​ക്കാർ അവരെ ക്രൂര​മാ​യി പീഡി​പ്പി​ക്കു​ന്നത്‌ യേശു സ്വർഗ​ത്തിൽനിന്ന്‌ കണ്ടിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ, സാധാ​ര​ണ​മ​നു​ഷ്യർക്കു തോന്നുന്ന വേദന​യും ഉത്‌ക​ണ്‌ഠ​യും എല്ലാം യേശു​വി​നും തോന്നും. കാരണം യേശു​വും ഒരു മനുഷ്യ​നാ​ണ​ല്ലോ. പക്ഷേ ഇപ്പോൾ യേശു​വി​ന്റെ ചിന്ത താൻ നേരി​ടാൻ പോകുന്ന ആ വേദന​ക​ളെ​ക്കു​റിച്ച്‌ മാത്രമല്ല, അതിലും പ്രധാ​ന​മാ​യി താനൊ​രു നിന്ദ്യ​നായ കുറ്റവാ​ളി​യാ​യി മരിക്കു​ന്നതു പിതാ​വി​ന്റെ പേരിനു നിന്ദ വരുത്തി​യേ​ക്കു​മോ എന്നതാണ്‌. ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ ഒരു ദൈവ​നി​ന്ദ​ക​നെ​പ്പോ​ലെ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തൂക്കും.

ദീർഘ​നേരം പ്രാർഥി​ച്ച​തി​നു ശേഷം യേശു അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടു​ത്തേക്ക്‌ മടങ്ങി​പ്പോ​കു​ന്നു. അപ്പോൾ യേശു കണ്ടത്‌ മൂന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രും ഉറങ്ങു​ന്ന​താണ്‌. യേശു പത്രോ​സി​നോ​ടു ചോദി​ച്ചു: “നിങ്ങൾക്ക്‌ എന്റെകൂ​ടെ ഒരു മണിക്കൂ​റു​പോ​ലും ഉണർന്നി​രി​ക്കാൻ പറ്റില്ലേ? പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ എപ്പോ​ഴും ഉണർന്നി​രുന്ന്‌ പ്രാർഥി​ക്കണം.” അപ്പോ​സ്‌ത​ല​ന്മാ​രും വല്ലാത്ത മാനസി​ക​സ​മ്മർദ​ത്തി​ലാ​ണെന്ന്‌ യേശു​വിന്‌ അറിയാം. മാത്രമല്ല, സമയം ഏറെ വൈകി​യി​രി​ക്കു​ന്നു. യേശു ഇങ്ങനെ പറയുന്നു: “ആത്മാവ്‌ തയ്യാറാ​ണെ​ങ്കി​ലും ശരീരം ബലഹീ​ന​മാണ്‌, അല്ലേ?”​—മത്തായി 26:40, 41.

യേശു രണ്ടാമ​തും പോയി ദൈവ​ത്തോട്‌, “ഈ പാനപാ​ത്രം” നീക്കേ​ണമേ എന്നു പ്രാർഥി​ക്കു​ന്നു. തിരി​ച്ചു​വ​രു​മ്പോൾ ആ മൂന്നു പേരും വീണ്ടും ഉറങ്ങു​ന്ന​താണ്‌ കാണു​ന്നത്‌. പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തെ ഉണർന്നി​രുന്ന്‌ പ്രാർഥി​ക്കേണ്ട സമയത്താണ്‌ അവർ ഉറങ്ങി​യത്‌. യേശു അതെക്കു​റിച്ച്‌ അവരോ​ടു സംസാ​രി​ച്ച​പ്പോൾ, “എന്തു പറയണ​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.” (മർക്കോസ്‌ 14:40) മൂന്നാം തവണയും യേശു പോകു​ന്നു. മുട്ടു​കു​ത്തി​നിന്ന്‌ പ്രാർഥി​ക്കു​ന്നു.

ഒരു കുറ്റവാ​ളി​യാ​യി മരിക്കു​ന്നത്‌ പിതാ​വി​ന്റെ പേരിനു നിന്ദ വരുത്തു​മെന്ന ചിന്ത യേശു​വി​നെ വളരെ അസ്വസ്ഥ​നാ​ക്കു​ന്നു. യേശു​വി​ന്റെ പ്രാർഥന യഹോവ കേൾക്കു​ന്നുണ്ട്‌. ഒരു അവസര​ത്തിൽ ദൈവം ഒരു ദൂതനെ വിട്ട്‌ യേശു​വി​നെ ബലപ്പെ​ടു​ത്തു​ന്നു. എന്നിട്ടും പിതാ​വി​നോട്‌ അപേക്ഷി​ക്കു​ന്നത്‌ യേശു നിറു​ത്തി​യില്ല, “കൂടുതൽ തീവ്ര​ത​യോ​ടെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.” യേശു​വി​ന്റെ വേദന അതിക​ഠി​ന​മാ​യി​രു​ന്നു. യേശു​വി​നു നിറ​വേ​റ്റാ​നു​ണ്ടാ​യി​രുന്ന ഉത്തരവാ​ദി​ത്വം അത്ര വലുതാണ്‌! യേശു​വി​ന്റെ നിത്യ​ജീ​വ​നും യേശു​വിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വ​രു​ടെ  നിത്യ​ജീ​വ​നും ഇപ്പോൾ യേശു​വി​ന്റെ കൈക​ളി​ലാണ്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം “യേശു​വി​ന്റെ വിയർപ്പു രക്തത്തു​ള്ളി​കൾപോ​ലെ​യാ​യി” നിലത്തു വീണത്‌.​—ലൂക്കോസ്‌ 22:44.

യേശു മൂന്നാം തവണ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ വന്നപ്പോ​ഴും അവർ ഉറങ്ങു​ന്ന​താ​ണു കണ്ടത്‌. യേശു അവരോ​ടു പറയുന്നു: “ഇങ്ങനെ​യുള്ള ഒരു സമയത്താ​ണോ നിങ്ങൾ ഉറങ്ങി വിശ്ര​മി​ക്കു​ന്നത്‌? ഇതാ, മനുഷ്യ​പു​ത്രനെ പാപി​കൾക്ക്‌ ഒറ്റി​ക്കൊ​ടുത്ത്‌ അവരുടെ കൈയിൽ ഏൽപ്പി​ക്കാ​നുള്ള സമയം അടുത്തി​രി​ക്കു​ന്നു. എഴു​ന്നേൽക്ക്‌, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.”​—മത്തായി 26:45, 46.