വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 135

ഉയിർപ്പി​ക്ക​പ്പെട്ട യേശു പലർക്കും പ്രത്യ​ക്ഷ​നാ​കു​ന്നു

ഉയിർപ്പി​ക്ക​പ്പെട്ട യേശു പലർക്കും പ്രത്യ​ക്ഷ​നാ​കു​ന്നു

ലൂക്കോസ്‌ 24:13-49; യോഹ​ന്നാൻ 20:19-29

  • യേശു എമ്മാവൂ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ പ്രത്യ​ക്ഷ​നാ​കു​ന്നു

  • യേശു ആവർത്തിച്ച്‌ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ ശിഷ്യ​ന്മാ​രോ​ടു സംസാ​രി​ക്കു​ന്നു

  • തോമസ്‌ മേലാൽ സംശയി​ക്കു​ന്നി​ല്ല

നീസാൻ 16 ഞായറാഴ്‌ച. ശിഷ്യ​ന്മാ​രെ​ല്ലാം തളർന്നി​രി​ക്കു​ക​യാണ്‌. കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്ന​തി​ന്റെ അർഥം അവർക്കു ഗ്രഹി​ക്കാൻ കഴിയു​ന്നില്ല. (മത്തായി 28:9, 10; ലൂക്കോസ്‌ 24:11) അന്നുതന്നെ കുറെ കഴിഞ്ഞ്‌ ക്ലെയൊ​പ്പാ​വും മറ്റൊരു ശിഷ്യ​നും യരുശ​ലേ​മിൽനിന്ന്‌ എമ്മാവൂ​സി​ലേക്കു പോകു​ക​യാ​യി​രു​ന്നു. യരുശ​ലേ​മിൽനിന്ന്‌ ഏകദേശം 11 കിലോ​മീ​റ്റർ ദൂരമു​ണ്ടാ​യി​രു​ന്നു എമ്മാവൂ​സി​ലേക്ക്‌.

അവിടെ സംഭവിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊണ്ട്‌ അവർ നടക്കു​ക​യാ​യി​രു​ന്നു. ഇപ്പോൾ ഒരു അപരി​ചി​തൻ അവരോ​ടൊ​പ്പം കൂടുന്നു. അദ്ദേഹം ചോദി​ക്കു​ന്നു: “എന്തി​നെ​ക്കു​റി​ച്ചാ​ണു നിങ്ങൾ ഇത്ര കാര്യ​മാ​യി സംസാ​രി​ക്കു​ന്നത്‌?” ക്ലെയൊ​പ്പാവ്‌ തിരിച്ച്‌, “ഈ ദിവസ​ങ്ങ​ളിൽ യരുശ​ലേ​മിൽ നടന്ന സംഭവ​ങ്ങ​ളൊ​ന്നും അറിഞ്ഞി​ല്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട്‌ കഴിയുന്ന വല്ല അന്യനാ​ട്ടു​കാ​ര​നു​മാ​ണോ” എന്നു ചോദി​ക്കു​ന്നു. അപരി​ചി​തൻ “ഏതു സംഭവങ്ങൾ” എന്നു ചോദി​ക്കു​ന്നു.​—ലൂക്കോസ്‌ 24:17-19.

അപ്പോൾ അവർ പറഞ്ഞു: ‘നസറെ​ത്തു​കാ​ര​നായ യേശു​വി​നെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ. . . . യേശു ഇസ്രാ​യേ​ലി​നെ മോചി​പ്പി​ക്കും എന്നാണു ഞങ്ങൾ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌.’​—ലൂക്കോസ്‌ 24:19-21.

ക്ലെയൊ​പ്പാ​വും കൂട്ടു​കാ​ര​നും അന്നേ ദിവസം നടന്ന ഓരോ​രോ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിവരി​ക്കാൻ തുടങ്ങു​ന്നു. യേശു​വി​നെ അടക്കം ചെയ്‌ത കല്ലറയ്‌ക്കൽ എത്തിയ ചില സ്‌ത്രീ​കൾ കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്നതു കണ്ടു. അത്ഭുത​ക​ര​മായ മറ്റൊരു കാര്യ​വും സംഭവി​ച്ചു. അതായത്‌ യേശു ഇപ്പോൾ ജീവ​നോ​ടി​രി​ക്കു​ന്നെന്ന കാര്യം ദൂതന്മാർ നേരിട്ട്‌ ആ സ്‌ത്രീ​ക​ളോ​ടു പറഞ്ഞു. കൂടാതെ കല്ലറയ്‌ക്കൽ പോയ മറ്റുള്ള​വ​രും “സ്‌ത്രീ​കൾ പറഞ്ഞതു ശരിയാ​ണെന്നു കണ്ട്‌ ബോധ്യ​പ്പെട്ടു.”​—ലൂക്കോസ്‌ 24:24.

സംഭവിച്ച ഈ കാര്യ​ങ്ങ​ളു​ടെ​യൊ​ന്നും അർഥം മനസ്സി​ലാ​കാ​തെ ആ രണ്ടു ശിഷ്യ​ന്മാർ ആകെ അമ്പരപ്പി​ലാണ്‌. അവർ കാര്യങ്ങൾ ശരിയാ​യി ചിന്തിച്ച്‌ മനസ്സി​ലാ​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ യേശു ഉയിർത്തെ​ഴു​ന്നേ​റ്റെന്ന കാര്യം അവർ വിശ്വ​സി​ച്ചില്ല. അതു​കൊണ്ട്‌ ഇപ്പോൾ അപരി​ചി​ത​നായ ആ വ്യക്തി വളരെ ആധികാ​രി​ക​ത​യോ​ടെ അവരുടെ തെറ്റായ വീക്ഷണം തിരു​ത്തു​ന്നു. അദ്ദേഹം അവരോട്‌, “ബുദ്ധി​യി​ല്ലാ​ത്ത​വരേ, പ്രവാ​ച​ക​ന്മാർ പറഞ്ഞ​തെ​ല്ലാം വിശ്വ​സി​ക്കാൻ മടികാ​ണി​ക്കുന്ന ഹൃദയ​മു​ള്ള​വരേ, ക്രിസ്‌തു ഇതെല്ലാം സഹിച്ചി​ട്ടല്ലേ മഹത്ത്വ​ത്തിൽ പ്രവേ​ശി​ക്കേ​ണ്ടത്‌ ” എന്നു ചോദി​ക്കു​ന്നു. (ലൂക്കോസ്‌ 24:25, 26) ക്രിസ്‌തു​വി​നു ബാധക​മാ​കുന്ന പല തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും അദ്ദേഹം തുടർന്നും വിവരി​ക്കു​ന്നു.

ഒടുവിൽ അവർ മൂന്നു പേരും എമ്മാവൂ​സിന്‌ അടു​ത്തെ​ത്തു​ന്നു. ആ രണ്ടു ശിഷ്യ​ന്മാർ കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അപരി​ചി​തനെ ഇങ്ങനെ നിർബ​ന്ധി​ക്കു​ന്നു: “ഞങ്ങളോ​ടൊ​പ്പം താമസിക്ക്‌. നേരം വൈകി​യ​ല്ലോ, ഉടൻ ഇരുട്ടു വീഴും.” അദ്ദേഹം അതിനു സമ്മതി​ക്കു​ന്നു. എന്നിട്ട്‌ അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ ഇരിക്കു​ന്നു. ആ അപരി​ചി​തൻ ഒരു അപ്പം എടുത്ത്‌ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥിച്ച്‌ നുറുക്കി അവർക്കു കൊടു​ക്കു​ന്നു. ഇപ്പോൾ അവർ അത്‌ യേശു​വാ​ണെന്നു തിരി​ച്ച​റി​യു​ന്നു. എന്നാൽ അപ്പോ​ഴേ​ക്കും യേശു അപ്രത്യ​ക്ഷ​നാ​കു​ന്നു. (ലൂക്കോസ്‌ 24:29-31) യേശു ജീവി​നോ​ടി​രി​ക്കു​ന്നെന്ന കാര്യം ഇപ്പോൾ അവർക്കു ശരിക്കും ബോധ്യ​മാ​കു​ന്നു!

ആ രണ്ടു ശിഷ്യ​ന്മാർ അവർക്കു​ണ്ടായ അനുഭവം ആവേശ​ത്തോ​ടെ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യേശു വഴിയിൽവെച്ച്‌ നമ്മളോ​ടു സംസാ​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ നമുക്കു വ്യക്തമാ​യി വിശദീ​ക​രി​ച്ചു​ത​രു​ക​യും ചെയ്‌ത​പ്പോൾ നമ്മുടെ ഹൃദയം ജ്വലി​ക്കു​ക​യാ​യി​രു​ന്നു, അല്ലേ?” (ലൂക്കോസ്‌ 24:32) അവർ ധൃതി​യിൽ യരുശ​ലേ​മി​ലേക്കു മടങ്ങി​പോ​കു​ന്നു. അവിടെ അവർ അപ്പോ​സ്‌ത​ല​ന്മാ​രെ​യും മറ്റുള്ള​വ​രെ​യും കാണുന്നു. എന്നാൽ ക്ലെയൊ​പ്പാ​വും കൂട്ടു​കാ​ര​നും ഈ കാര്യ​ത്തെ​ക്കു​റിച്ച്‌ പറയു​ന്ന​തി​നു മുമ്പേ, ‘കർത്താവ്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടെ​ന്നും ശിമോ​നു പ്രത്യ​ക്ഷ​നാ​യെ​ന്നും’ മറ്റുള്ള​വ​രിൽനിന്ന്‌ അവർ കേട്ടു. (ലൂക്കോസ്‌ 24:34) ഇപ്പോൾ ക്ലെയൊ​പ്പാ​വും കൂട്ടു​കാ​ര​നും യേശു അവർക്കു എങ്ങനെ​യാണ്‌ പ്രത്യ​ക്ഷ​പ്പെ​ട്ട​തെന്ന കാര്യം പറയുന്നു. അതെ, ഇവരും യേശു​വി​നെ നേരിട്ട്‌ കണ്ടവരാണ്‌.

പെട്ടന്ന്‌ എല്ലാവ​രും ഞെട്ടി​പ്പോ​കു​ന്നു. യേശു ഇതാ അവരുടെ മുന്നിൽ! അവർക്ക്‌ അത്‌ ഒട്ടും വിശ്വ​സി​ക്കാൻ പറ്റുന്നില്ല. കാരണം ജൂതന്മാ​രെ പേടിച്ച്‌ അവർ വാതിൽ അടച്ചി​ട്ടി​രി​ക്കു​ക​യാണ്‌. എന്നാൽ ഇപ്പോൾ ഇതാ യേശു അവരുടെ നടുവിൽ നിൽക്കു​ന്നു. ശാന്തസ്വ​ര​ത്തിൽ യേശു പറയുന്നു: “നിങ്ങൾക്കു സമാധാ​നം.” പക്ഷേ, അവർ ഓർത്തത്‌ ‘അത്‌ ഒരു ആത്മവ്യ​ക്തി​യാണ്‌ ’ എന്നാണ്‌. അവർ ആകെ പേടി​ച്ചു​പോ​കു​ന്നു. ഇതിനു മുമ്പും ഒരിക്കൽ അവർ ഇങ്ങനെ പേടി​ച്ചി​രു​ന്നു.​—ലൂക്കോസ്‌ 24:36, 37; മത്തായി 14:25-27.

അവർ വിചാ​രി​ച്ച​തു​പോ​ലെ താൻ ഒരു മായക്കാ​ഴ്‌ച​യോ അവരുടെ വെറും തോന്ന​ലോ അല്ല മറിച്ച്‌ ജഡശരീ​ര​മുള്ള ഒരു വ്യക്തി​യാ​ണെന്നു തെളി​യി​ക്കാൻ യേശു ഇപ്പോൾ തന്റെ കൈക​ളും കാലു​ക​ളും കാണി​ച്ചിട്ട്‌ ഇങ്ങനെ പറയുന്നു: “എന്റെ കൈക​ളും കാലു​ക​ളും നോക്ക്‌. ഇതു ഞാൻത​ന്നെ​യാണ്‌. എന്നെ തൊട്ടു​നോ​ക്കൂ. ഒരു  ആത്മവ്യ​ക്തി​ക്കു നിങ്ങൾ ഈ കാണു​ന്ന​തു​പോ​ലെ മാംസ​വും അസ്ഥിക​ളും ഇല്ലല്ലോ.” (ലൂക്കോസ്‌ 24:36-39) അവർക്ക്‌ സന്തോ​ഷ​വും ആശ്ചര്യ​വും അടക്കാ​നാ​കു​ന്നില്ല. എന്നാൽ ഇപ്പോ​ഴും പൂർണ​മാ​യി അവർക്ക്‌ അത്‌ വിശ്വ​സി​ക്കാൻ കഴിയു​ന്നില്ല.

താൻ യേശു​ത​ന്നെ​യാ​ണെന്ന കാര്യം അവരെ ബോധ്യ​പ്പെ​ടു​ത്താൻ യേശു ഇങ്ങനെ ചോദി​ക്കു​ന്നു: “നിങ്ങളു​ടെ കൈയിൽ കഴിക്കാൻ എന്തെങ്കി​ലു​മു​ണ്ടോ?” ചുട്ടെ​ടുത്ത ഒരു കഷണം മീൻ യേശു അവരുടെ കൈയിൽനിന്ന്‌ വാങ്ങി കഴിക്കു​ന്നു. എന്നിട്ട്‌ അവരോ​ടു ചോദി​ക്കു​ന്നു: “നിങ്ങളു​ടെ​കൂ​ടെ​യാ​യി​രു​ന്ന​പ്പോൾ (മരിക്കു​ന്ന​തി​നു​മുമ്പ്‌) ഞാൻ പറഞ്ഞ വാക്കുകൾ ഓർത്തു​നോ​ക്കൂ. മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും എന്നെക്കു​റിച്ച്‌ പറഞ്ഞി​ട്ടു​ള്ള​തെ​ല്ലാം നിറ​വേ​റണം എന്നു ഞാൻ പറഞ്ഞില്ലേ?”​—ലൂക്കോസ്‌ 24:41-44.

യേശു ക്ലെയൊ​പ്പാ​വി​നും കൂട്ടു​കാ​ര​നും തിരു​വെ​ഴു​ത്തു​കൾ നന്നായി വിശദീ​ക​രിച്ച്‌ കൊടു​ത്തി​രു​ന്നു. ഇപ്പോൾ അവിടെ കൂടി​വ​ന്നി​രി​ക്കുന്ന എല്ലാവർക്കും​വേണ്ടി യേശു അതുതന്നെ ചെയ്യുന്നു. “ക്രിസ്‌തു കഷ്ടപ്പാ​ടു​കൾ സഹിക്ക​ണ​മെ​ന്നും മൂന്നാം ദിവസം മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർക്ക​ണ​മെ​ന്നും എഴുതി​യി​ട്ടുണ്ട്‌. കൂടാതെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാൻ മാനസാ​ന്ത​ര​പ്പെ​ട​ണ​മെന്ന്‌, യരുശ​ലേ​മിൽ തുടങ്ങി എല്ലാ ജനതക​ളോ​ടും അവന്റെ നാമത്തിൽ പ്രസം​ഗി​ക്ക​ണ​മെ​ന്നും എഴുതി​യി​രി​ക്കു​ന്നു. ഈ കാര്യ​ങ്ങൾക്കു നിങ്ങൾ സാക്ഷി​ക​ളാ​യി​രി​ക്കണം.”​—ലൂക്കോസ്‌ 24:46-48.

അപ്പോ​സ്‌ത​ല​നായ തോമസ്‌ എന്തോ കാരണ​ത്താൽ അന്ന്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. പിന്നീട്‌ തോമസ്‌ വന്നപ്പോൾ അപ്പോ​സ്‌ത​ല​ന്മാർ സന്തോ​ഷ​ത്തോ​ടെ തോമ​സി​നോ​ടു പറഞ്ഞു: “ഞങ്ങൾ കർത്താ​വി​നെ കണ്ടു.” പക്ഷേ തോമസ്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “യേശു​വി​ന്റെ കൈക​ളി​ലെ ആണിപ്പ​ഴു​തു​കൾ കണ്ട്‌ അവയിൽ വിരൽ ഇട്ടു​നോ​ക്കാ​തെ​യും വിലാ​പ്പു​റത്ത്‌ തൊട്ടു​നോ​ക്കാ​തെ​യും ഞാൻ വിശ്വ​സി​ക്കില്ല.”​—യോഹ​ന്നാൻ 20:25.

എട്ടു ദിവസം കഴിഞ്ഞ്‌, ശിഷ്യ​ന്മാർ വീണ്ടും അടച്ചിട്ട മുറി​യിൽ കൂടി​വന്നു. ഇപ്രാ​വ​ശ്യം തോമ​സും മുറി​യി​ലു​ണ്ടാ​യി​രു​ന്നു. യേശു ഇപ്പോൾ ജഡശരീ​ര​ത്തിൽ അവരുടെ മുന്നിൽ നിന്നിട്ട്‌ അവർക്ക്‌ വന്ദനം പറയുന്നു. “നിങ്ങൾക്കു സമാധാ​നം.” എന്നിട്ട്‌ തോമ​സി​നോ​ടു യേശു പറയുന്നു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടു​നോക്ക്‌. എന്റെ വിലാ​പ്പു​റത്ത്‌ തൊട്ടു​നോക്ക്‌. സംശയി​ക്കാ​തെ വിശ്വ​സിക്ക്‌.” മറുപ​ടി​യാ​യി തോമസ്‌ പറഞ്ഞു: “എന്റെ കർത്താവേ! എന്റെ ദൈവമേ!” (യോഹ​ന്നാൻ 20:26-28) ദൈവ​മായ യഹോ​വ​യു​ടെ പ്രതി​നി​ധി​യായ യേശു ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി ജീവ​നോ​ടി​രി​ക്കു​ന്നെന്ന കാര്യ​ത്തിൽ തോമ​സിന്‌ ഇപ്പോൾ ഒരു സംശയ​വു​മില്ല.

യേശു തോമ​സി​നോട്‌ പറയുന്നു: “എന്നെ കണ്ടതു​കൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? കാണാതെ വിശ്വ​സി​ക്കു​ന്നവർ സന്തുഷ്ടർ.”​—യോഹ​ന്നാൻ 20:29.