വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 137

അനേകർ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ കാണുന്നു

അനേകർ പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ കാണുന്നു

മത്തായി 28:16-20; ലൂക്കോസ്‌ 24:50-52; പ്രവൃ​ത്തി​കൾ 1:1-12; 2:1-4

  • യേശു അനേകർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു

  • യേശു സ്വർഗ​ത്തി​ലേക്കു പോകു​ന്നു

  • 120 ശിഷ്യർക്കു യേശു പരിശു​ദ്ധാ​ത്മാ​വി​നെ പകരുന്നു

പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു 11 അപ്പോ​സ്‌ത​ല​ന്മാ​രു​മാ​യി ഗലീല​യി​ലെ മലയിൽ കൂടി​ക്കാ​ണാൻ ഏർപ്പാടു ചെയ്യുന്നു. ഏകദേശം 500 ശിഷ്യ​ന്മാ​രും അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അവരിൽ ചിലർ ആദ്യം സംശയി​ച്ചു. (മത്തായി 28:17; 1 കൊരി​ന്ത്യർ 15:6) എന്നാൽ യേശു അപ്പോൾ പറഞ്ഞ കാര്യങ്ങൾ കേട്ട​പ്പോൾ യേശു ശരിക്കും ജീവി​ച്ചി​രി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്കെ​ല്ലാം ബോധ്യ​മാ​യി.

സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും ദൈവം തനിക്കു നൽകി​യി​ട്ടു​ണ്ടെന്നു യേശു അവരോ​ടു പറയുന്നു. അതിനു ശേഷം യേശു ഇങ്ങനെ കല്‌പി​ക്കു​ന്നു: “അതു​കൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.” (മത്തായി 28:18-20) യേശു ജീവി​ച്ചി​രി​ക്കു​ന്നെന്നു മാത്രമല്ല ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കാ​ണാ​നും യേശു ആഗ്രഹി​ക്കു​ന്നു.

യേശു​വി​ന്റെ എല്ലാ അനുഗാ​മി​കൾക്കും ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള ഈ നിയമനം ലഭിക്കു​ന്നു, പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെടെ എല്ലാവർക്കും. അവരുടെ പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​നങ്ങൾ നിറു​ത്താൻ എതിരാ​ളി​കൾ ശ്രമി​ച്ചേ​ക്കാം. എങ്കിലും യേശു ഈ ഉറപ്പു കൊടു​ക്കു​ന്നു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും എനിക്കു നൽകി​യി​രി​ക്കു​ന്നു.” യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാം? യേശു അവരോ​ടു പറഞ്ഞു: “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ എന്നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌.” സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​വർക്കെ​ല്ലാം അത്ഭുതം ചെയ്യാ​നുള്ള കഴിവ്‌ കിട്ടു​മെന്നു യേശു പറഞ്ഞില്ല. പക്ഷേ, അവർക്കു പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം ലഭിക്കു​മാ​യി​രു​ന്നു.

പുനരു​ത്ഥാ​ന​ശേഷം യേശു “40 ദിവസം പലവട്ടം” ശിഷ്യർക്കു പ്രത്യ​ക്ഷ​നാ​യി. യേശു പല രീതി​ക​ളിൽ പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊണ്ട്‌ “താൻ ജീവി​ച്ചി​രി​ക്കു​ന്നു എന്നതിന്‌, ബോധ്യം വരുത്തുന്ന അനേകം തെളി​വു​കൾ” ശിഷ്യ​ന്മാർക്കു നൽകുന്നു. “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ” അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്യുന്നു.​—പ്രവൃ​ത്തി​കൾ 1:3; 1 കൊരി​ന്ത്യർ 15:7.

അപ്പോ​സ്‌ത​ല​ന്മാർ ഗലീല​യിൽത്ത​ന്നെ​യാ​യി​രി​ക്കെ യേശു അവരോ​ടു യരുശ​ലേ​മി​ലേക്കു തിരികെ പോകാൻ നിർദേ​ശി​ക്കു​ന്നു. പിന്നീട്‌ യരുശ​ലേ​മിൽ അവരോ​ടൊ​പ്പം കൂടി​വ​ന്ന​പ്പോൾ യേശു ഇങ്ങനെ കല്‌പി​ച്ചു: “യരുശ​ലേം വിട്ട്‌ പോക​രുത്‌; പിതാവ്‌ വാഗ്‌ദാ​നം ചെയ്‌ത​തി​നു​വേണ്ടി കാത്തി​രി​ക്കുക. അതി​നെ​ക്കു​റിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. യോഹ​ന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി. എന്നാൽ അധികം വൈകാ​തെ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാനം ലഭിക്കും.”​—പ്രവൃ​ത്തി​കൾ 1:4, 5.

പിന്നീട്‌, യേശു വീണ്ടും അപ്പോ​സ്‌ത​ല​ന്മാ​രെ കാണുന്നു. യേശു അവരെ ഒലിവു​മ​ല​യു​ടെ കിഴക്കൻ ചെരി​വി​ലുള്ള “ബഥാന്യ വരെ കൂട്ടി​ക്കൊ​ണ്ടു​പോ​യി.” (ലൂക്കോസ്‌ 24:50) യേശു അവരെ വിട്ട്‌ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ പലപ്പോ​ഴും പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും, അവർക്ക്‌ അത്‌ ഇപ്പോ​ഴും മനസ്സി​ലാ​യി​ട്ടില്ല. ദൈവ​രാ​ജ്യം ഭരിക്കു​ന്നത്‌ ഭൂമി​യിൽനി​ന്നാ​യി​രി​ക്കും എന്നാണ്‌ അവർ ഇപ്പോ​ഴും കരുതു​ന്നത്‌.​—ലൂക്കോസ്‌ 22:16, 18, 30; യോഹ​ന്നാൻ 14:2,3.

അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നോട്‌, “കർത്താവേ, അങ്ങ്‌ ഇസ്രാ​യേ​ലി​നു രാജ്യം പുനഃ​സ്ഥാ​പി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഇപ്പോ​ഴാ​ണോ” എന്നു ചോദി​ച്ചു. യേശു അവരോ​ടു പറഞ്ഞു: “പിതാ​വി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾ അറിയേണ്ട ആവശ്യ​മില്ല.” എന്നിട്ട്‌, അവർ ചെയ്യേ​ണ്ടി​യി​രുന്ന കാര്യം വീണ്ടും വ്യക്തമാ​ക്കി​ക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.”​—പ്രവൃ​ത്തി​കൾ 1:6-8.

യേശു സ്വർഗ​ത്തി​ലേക്കു പോകുന്ന സമയത്ത്‌ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നോ​ടൊ​പ്പം ഒലിവു​മ​ല​യിൽ ഉണ്ടായി​രു​ന്നു. ഉടനെ​തന്നെ ഒരു മേഘം യേശു​വി​നെ മറയ്‌ക്കു​ന്നു. പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു പലപ്പോ​ഴും മനുഷ്യ​നാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എന്നാൽ ഇപ്പോ​ഴു​ണ്ടാ​യി​രുന്ന മനുഷ്യ​ശ​രീ​രം വെടിഞ്ഞ്‌ യേശു ആത്മവ്യ​ക്തി​യാ​യി സ്വർഗ​ത്തി​ലേക്കു പോകു​ന്നു. (1 കൊരി​ന്ത്യർ 15:44, 50; 1 പത്രോസ്‌ 3:18) അപ്പോ​സ്‌ത​ല​ന്മാർ യേശു പോകു​ന്നത്‌ നോക്കി നിൽക്കു​മ്പോൾ “വെള്ളവ​സ്‌ത്രം ധരിച്ച രണ്ടു പുരു​ഷ​ന്മാർ” അവരുടെ അടുത്ത്‌ വന്നു. അവർ മനുഷ്യ​ശ​രീ​ര​ത്തിൽ വന്ന ദൂതന്മാ​രാ​യി​രു​ന്നു. അവർ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു; “ഗലീല​ക്കാ​രേ, നിങ്ങൾ എന്തിനാണ്‌ ആകാശ​ത്തേക്കു നോക്കി​നിൽക്കു​ന്നത്‌? നിങ്ങളു​ടെ അടുത്തു​നിന്ന്‌ ആകാശ​ത്തേക്ക്‌ എടുക്ക​പ്പെട്ട ഈ യേശു, ആകാശ​ത്തേക്കു പോകു​ന്ന​താ​യി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.”​—പ്രവൃ​ത്തി​കൾ 1:10, 11.

യേശു ഭൂമി​യിൽനിന്ന്‌ പോയ​പ്പോൾ വിശ്വ​സ്‌ത​രായ അനുഗാ​മി​കൾ മാത്രമേ അതു കണ്ടുള്ളൂ. യേശു തിരി​ച്ചു​വ​രു​ന്ന​തും “അതേ വിധത്തിൽത്തന്നെ” ആയിരി​ക്കും. ആ  വരവ്‌ വിളി​ച്ചോ​തുന്ന വലിയ ആഘോ​ഷ​വും പരിപാ​ടി​ക​ളും ഒന്നും കാണില്ല. വിശ്വ​സ്‌ത​രായ അനുഗാ​മി​കൾ മാത്രമേ യേശു​വി​ന്റെ സാന്നി​ധ്യം മനസ്സി​ലാ​ക്കു​ക​യു​ള്ളൂ.

അപ്പോ​സ്‌ത​ല​ന്മാർ യരുശ​ലേ​മി​ലേക്കു മടങ്ങുന്നു. തുടർന്നു​വ​രുന്ന ദിവസ​ങ്ങ​ളിൽ അവർ ‘യേശു​വി​ന്റെ അമ്മയായ മറിയ​യും യേശു​വി​ന്റെ സഹോ​ദ​ര​ന്മാ​രും’ ഉൾപ്പെ​ടെ​യുള്ള മറ്റു ശിഷ്യ​രോ​ടൊ​പ്പം കൂടി​വ​രു​ന്നു. (പ്രവൃ​ത്തി​കൾ 1:14) അവർ പ്രാർഥ​ന​യിൽ മുഴു​കു​ന്നു. യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നു പകരം മറ്റൊരു ശിഷ്യനെ കണ്ടുപി​ടിച്ച്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ എണ്ണം 12 ആക്കണമാ​യി​രു​ന്നു. അത്‌ അവർ പ്രാർഥ​ന​യിൽ വെച്ചു. (മത്തായി 19:28) യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും കണ്ടും കേട്ടും മനസ്സി​ലാ​ക്കി​യി​രുന്ന ഒരാളാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു ആ ശിഷ്യൻ. ഇപ്പോൾ അവർ നറുക്കി​ടു​ന്നു. ദൈവ​ത്തി​ന്റെ ഇഷ്ടം അറിയാൻ നറുക്കി​ട്ട​താ​യി ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന അവസാ​നത്തെ സന്ദർഭം ഇതാണ്‌. (സങ്കീർത്തനം 109:8; സുഭാ​ഷി​തങ്ങൾ 16:33) നറുക്കു വീണ മത്ഥിയാ​സി​നെ “11 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​കൂ​ടെ കൂട്ടി.” (പ്രവൃ​ത്തി​കൾ 1:26) ഇദ്ദേഹം യേശു നേരത്തേ അയച്ച 70 പേരിൽ ഒരാളാ​യി​രി​ക്കാം.

യേശു സ്വർഗ​ത്തി​ലേക്കു പോയി പത്തു ദിവസ​ത്തി​നു ശേഷമാ​യി​രു​ന്നു എ.ഡി 33-ലെ ജൂതന്മാ​രു​ടെ പെന്തി​ക്കോ​സ്‌ത്‌ ഉത്സവം. യരുശ​ലേ​മി​ലെ ഒരു കെട്ടി​ട​ത്തി​ന്റെ മുകളി​ലത്തെ മുറി​യിൽ 120 ശിഷ്യ​ന്മാർ അന്നു കൂടി​വ​ന്നി​രു​ന്നു. പെട്ടെന്ന്‌ കൊടു​ങ്കാ​റ്റി​ന്റെ ഇരമ്പൽപോ​ലെ ഒരു ശബ്ദം വീടു മുഴുവൻ കേട്ടു. നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ ഒന്ന്‌ ഓരോ​രു​ത്ത​രു​ടെ​യും മേൽ വന്നു. അവരെ​ല്ലാം പല ഭാഷക​ളിൽ സംസാ​രി​ച്ചു​തു​ടങ്ങി. യേശു വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​താ​യി​രു​ന്നു അത്‌!​—യോഹ​ന്നാൻ 14:26.