വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 115

യേശു​വി​ന്റെ അവസാ​നത്തെ പെസഹ അടുത്തു​വ​രു​ന്നു

യേശു​വി​ന്റെ അവസാ​നത്തെ പെസഹ അടുത്തു​വ​രു​ന്നു

മത്തായി 26:1-5, 14-19; മർക്കോസ്‌ 14:1, 2, 10-16; ലൂക്കോസ്‌ 22:1-13

  • യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ പണം വാങ്ങുന്നു

  • രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ പെസഹ​യ്‌ക്കാ​യി ഒരുക്കങ്ങൾ നടത്തുന്നു

ഒലിവു​മ​ല​യിൽ ഇരുന്നു​കൊണ്ട്‌ തന്റെ സാന്നി​ധ്യ​ത്തെ​യും വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തെ​യും കുറി​ച്ചുള്ള നാല്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ചോദ്യ​ങ്ങൾക്ക്‌ യേശു ഉത്തരം നൽകി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

എത്ര തിരക്കു പിടിച്ച ഒരു ദിവസ​മാ​യി​രു​ന്നു നീസാൻ 11! അന്ന്‌ രാത്രി അവർ ബഥാന്യ​യി​ലേക്ക്‌ തിരി​ച്ചു​പോ​കുന്ന വഴിക്കാ​യി​രി​ക്കാം യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറയു​ന്നത്‌: “രണ്ടു ദിവസം കഴിഞ്ഞ്‌ പെസഹ​യാ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. മനുഷ്യ​പു​ത്രനെ സ്‌തം​ഭ​ത്തി​ലേറ്റി കൊല്ലാൻ ഏൽപ്പി​ച്ചു​കൊ​ടു​ക്കും.”​—മത്തായി 26:2.

ചൊവ്വാ​ഴ്‌ച യേശു മതനേ​താ​ക്ക​ന്മാ​രു​ടെ കപടത വെളി​ച്ചത്ത്‌ കൊണ്ടു​വ​രു​ക​യും പരസ്യ​മാ​യി അവരെ ശകാരി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അവർ ഇപ്പോൾ യേശു​വി​നെ കൊല്ലാൻ അന്വേ​ഷി​ച്ചു​ന​ട​ക്കു​ക​യാണ്‌. യേശു അടുത്ത ദിവസം, അതായത്‌ ബുധനാഴ്‌ച, സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ചി​ട്ടു​ണ്ടാ​കണം. പിറ്റെ ദിവസം സൂര്യാ​സ്‌ത​മയം കഴിയു​മ്പോൾ നീസാൻ 14 തുടങ്ങു​ക​യാണ്‌. അന്നാണ്‌ യേശു അപ്പോ​സ്‌ത​ല​ന്മാ​രു​മാ​യി പെസഹ ആചരി​ക്കേ​ണ്ടത്‌. യാതൊ​ന്നും ആ ആചരണത്തെ തടസ്സ​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കാ​ത്ത​തു​കൊണ്ട്‌ നീസാൻ 12-ാം തീയതി യേശു ആളുക​ളു​ടെ ഇടയി​ലേക്ക്‌ വരുന്നില്ല.

എന്നാൽ മുഖ്യ​പു​രോ​ഹി​ത​ന്മാർക്കും ജനത്തിന്റെ മൂപ്പന്മാർക്കും പെസഹ​യ്‌ക്കു മുമ്പുള്ള ദിവസ​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കാൻ കഴിയു​ന്നില്ല. മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ വീടിന്റെ നടുമു​റ്റത്ത്‌ അവർ ഒത്തുകൂ​ടു​ന്നു. കാരണം യേശു അവരുടെ കപടത തുറന്നു​കാ​ട്ടി​യ​തിൽ അവർക്കു വല്ലാത്ത അമർഷ​മുണ്ട്‌. അവർ “യേശു​വി​നെ തന്ത്രപൂർവം പിടി​കൂ​ടി കൊന്നു​ക​ള​യാൻ” ഗൂഢാ​ലോ​ചന നടത്തുന്നു. എങ്ങനെ, എപ്പോൾ ഇത്‌ ചെയ്യാ​മെ​ന്നാണ്‌ അവർ ആലോ​ചി​ക്കു​ന്നത്‌? അവർ പറയുന്നു: “ജനം ഇളകി​യേ​ക്കാം. അതു​കൊണ്ട്‌ ഉത്സവത്തി​നു വേണ്ടാ.” (മത്തായി 26:4, 5) അവർക്ക്‌ പേടി​യുണ്ട്‌. കാരണം ജനത്തിൽ ഏറെ​പ്പേർക്കും യേശു​വി​നെ വലിയ ഇഷ്ടമാണ്‌.

മതനേ​താ​ക്ക​ന്മാ​രെ ഞെട്ടി​ച്ചു​കൊണ്ട്‌ അവരുടെ മുമ്പിൽ ഒരു സന്ദർശകൻ വന്നിരി​ക്കു​ന്നു. യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ ആണ്‌ അത്‌. ഗുരു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ സാത്താൻ യൂദാ​സി​നെ തോന്നി​പ്പി​ച്ചു. യൂദാസ്‌ അവരോ​ടു ചോദി​ക്കു​ന്നു: “യേശു​വി​നെ കാണി​ച്ചു​ത​ന്നാൽ നിങ്ങൾ എനിക്ക്‌ എന്തു തരും?” (മത്തായി 26:15) വലിയ സന്തോ​ഷ​ത്തോ​ടെ “അവർ യൂദാ​സി​നു പണം കൊടു​ക്കാ​മെന്ന്‌ ഏറ്റു.” (ലൂക്കോസ്‌ 22:5) എത്ര പണം? 30 വെള്ളി​പ്പണം കൊടു​ക്കാ​മെന്ന്‌ അവർ സന്തോ​ഷ​ത്തോ​ടെ സമ്മതി​ക്കു​ന്നു. ഒരു അടിമ​യു​ടെ വിലയാ​യി​രു​ന്നു 30 ശേക്കെൽ. (പുറപ്പാട്‌ 21:32) യേശു​വി​നെ തീരെ വില കുറഞ്ഞ ആളായി​ട്ടാണ്‌ വീക്ഷി​ക്കു​ന്ന​തെന്ന്‌ അതിലൂ​ടെ മതനേ​താ​ക്ക​ന്മാർ തെളി​യി​ച്ചു. അപ്പോൾമു​തൽ “ജനക്കൂട്ടം അടുത്തി​ല്ലാത്ത നേരം നോക്കി യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ അയാൾ തക്കം​നോ​ക്കി നടന്നു.”​—ലൂക്കോസ്‌ 22:6.

സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ നീസാൻ 13 ബുധനാഴ്‌ച ആരംഭി​ക്കു​ന്നു. ബഥാന്യ​യിൽ യേശു​വി​ന്റെ അവസാ​നത്തെ രാത്രി​യാണ്‌ അത്‌. അടുത്ത ദിവസം പെസഹ​യു​ടെ അവസാ​നത്തെ ഒരുക്കങ്ങൾ നടത്തേ​ണ്ട​തുണ്ട്‌. എവി​ടെ​യാ​യി​രി​ക്കും അവർക്ക്‌ പെസഹാ​ഭ​ക്ഷണം? നീസാൻ 14-ാം തീയതി പെസഹ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ആരായി​രി​ക്കും പെസഹ​യ്‌ക്കു​വേണ്ട ആട്ടിൻകു​ട്ടി​യെ അറുത്ത്‌ അതിനെ ചുട്ടെ​ടു​ക്കു​ന്നത്‌? യേശു അത്തരം വിശദാം​ശ​ങ്ങ​ളൊ​ന്നും നൽകി​യില്ല. അതു​കൊ​ണ്ടു​തന്നെ യൂദാ​സിന്‌ ആ വിവര​ങ്ങ​ളൊ​ന്നും മുഖ്യ​പു​രോ​ഹി​ത​ന്മാർക്ക്‌ കൈമാ​റാ​നും കഴിഞ്ഞില്ല.

വ്യാഴാ​ഴ്‌ച സാധ്യ​ത​യ​നു​സ​രിച്ച്‌ ഉച്ചകഴിഞ്ഞ്‌ യേശു ബഥാന്യ​യിൽനിന്ന്‌ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും ഇങ്ങനെ പറഞ്ഞ്‌ അയയ്‌ക്കു​ന്നു: “പോയി നമുക്കു പെസഹ ഭക്ഷിക്കാ​നുള്ള ഒരുക്കങ്ങൾ നടത്തുക.” അവർ യേശു​വി​നോട്‌, “ഞങ്ങൾ എവി​ടെ​യാണ്‌ ഒരു​ക്കേ​ണ്ടത്‌ ” എന്നു ചോദി​ച്ച​പ്പോൾ യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലു​മ്പോൾ ഒരാൾ ഒരു മൺകു​ട​ത്തിൽ വെള്ളവു​മാ​യി നിങ്ങളു​ടെ നേരെ വരും. അയാളു​ടെ പിന്നാലെ അയാൾ കയറുന്ന വീട്ടി​ലേക്കു ചെല്ലുക. എന്നിട്ട്‌ വീട്ടു​ട​മ​സ്ഥ​നോട്‌, ‘“എനിക്കു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ പെസഹ ഭക്ഷിക്കാ​നുള്ള മുറി എവി​ടെ​യാണ്‌ ” എന്നു ഗുരു ചോദി​ക്കു​ന്നു’ എന്നു പറയുക. അപ്പോൾ അയാൾ മുകളി​ലത്തെ നിലയിൽ, വേണ്ട സൗകര്യ​ങ്ങ​ളെ​ല്ലാ​മുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണി​ച്ചു​ത​രും. അവിടെ പെസഹ ഒരുക്കുക.”​—ലൂക്കോസ്‌ 22:8-12.

ആ വീട്ടു​ട​മസ്ഥൻ യേശു​വി​ന്റെ ശിഷ്യ​നാ​യി​രു​ന്നി​രി​ക്കണം എന്നതിന്‌ സംശയ​മില്ല. പെസഹ ആചരി​ക്കു​ന്ന​തിന്‌ തന്റെ വീട്‌ ഉപയോ​ഗി​ക്കാൻ യേശു ആവശ്യ​പ്പെ​ടു​മെന്ന്‌ അയാൾ പ്രതീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കണം. ആ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ യരുശ​ലേ​മിൽ എത്തു​മ്പോൾ യേശു പറഞ്ഞതു​പോ​ലെ​തന്നെ എല്ലാം കാണുന്നു. യേശു​വി​നും 12 അപ്പോ​സ്‌ത​ല​ന്മാർക്കും പെസഹ ആചരി​ക്കു​ന്ന​തി​നു​വേണ്ട ക്രമീ​ക​ര​ണങ്ങൾ അവർ ചെയ്യുന്നു. ആട്ടിൻകു​ട്ടി​യെ​യും ഭക്ഷണത്തി​നു​വേണ്ട മറ്റു കാര്യ​ങ്ങ​ളും അവർ തയ്യാറാ​ക്കി.