വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 98

അപ്പോസ്‌ത​ല​ന്മാർ വീണ്ടും പ്രാമു​ഖ്യത തേടുന്നു

അപ്പോസ്‌ത​ല​ന്മാർ വീണ്ടും പ്രാമു​ഖ്യത തേടുന്നു

മത്തായി 20:17-28; മർക്കോസ്‌ 10:32-45; ലൂക്കോസ്‌ 18:31-34

  • യേശു വീണ്ടും തന്റെ മരണ​ത്തെ​ക്കു​റിച്ച്‌ പറയുന്നു

  • പ്രാമു​ഖ്യത തേടുന്ന അപ്പോസ്‌ത​ല​ന്മാ​രെ യേശു തിരു​ത്തു​ന്നു

യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മി​നെ ലക്ഷ്യമാ​ക്കി പെരി​യ​യി​ലൂ​ടെ തെക്കോട്ട്‌ യാത്ര തുടരു​ന്നു. യേശു ഇപ്പോൾ യരീ​ഹൊയ്‌ക്ക്‌ അടുത്തു​വെച്ച്‌ യോർദാൻ നദി കടക്കുന്നു. എ.ഡി. 33-ലെ പെസഹ ആഘോ​ഷി​ക്കു​ന്ന​തി​നാ​യി മറ്റു ചിലരും യേശു​വി​നോ​ടൊ​പ്പം യാത്ര​യി​ലുണ്ട്‌.

പെസഹയ്‌ക്ക്‌ സമയത്ത്‌ എത്തണമെന്നു യേശുവിന്‌ നിർബ​ന്ധ​മുണ്ട്‌. അതുകൊണ്ട്‌ യേശു ശിഷ്യ​ന്മാർക്കു മുമ്പേ നടക്കുന്നു. എന്നാൽ ശിഷ്യ​ന്മാർക്ക്‌ ഇപ്പോൾ അൽപ്പം ഭയമുണ്ട്‌. കാരണം യരുശ​ലേ​മി​ലേക്കു പോകു​ന്നത്‌ അപകട​ക​ര​മാ​യി​രു​ന്നു. മുമ്പ്‌ ലാസർ മരിച്ച സമയത്ത്‌ യേശു പെരി​യ​യിൽനിന്ന്‌ യഹൂദ​യി​ലേക്ക്‌ പോയ​പ്പോൾ തോമസ്‌ മറ്റുള്ള​വ​രോട്‌ ഇങ്ങനെ പറഞ്ഞാ​യി​രു​ന്നു: “വാ, നമുക്കും പോകാം. എന്നിട്ട്‌ യേശു​വി​ന്റെ​കൂ​ടെ മരിക്കാം.” (യോഹ​ന്നാൻ 11:16, 47-53) അതു​കൊ​ണ്ടു​തന്നെ ശിഷ്യ​ന്മാ​രു​ടെ ഭയം നമുക്ക്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ.

അപ്പോസ്‌ത​ല​ന്മാ​രെ മാനസി​ക​മാ​യി തയ്യാറാ​ക്കു​ന്ന​തി​നാ​യി യേശു അവരെ തന്റെ അടുക്ക​ലേക്കു വിളിച്ച്‌ ഇങ്ങനെ പറയുന്നു: “നമ്മൾ ഇപ്പോൾ യരുശ​ലേ​മി​ലേക്കു പോകു​ക​യാണ്‌. മനുഷ്യ​പു​ത്രനെ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൈയിൽ ഏൽപ്പി​ച്ചു​കൊ​ടു​ക്കും. അവർ അവനെ മരണത്തി​നു വിധിച്ച്‌ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ പരിഹ​സി​ക്കു​ക​യും ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും സ്‌തം​ഭ​ത്തി​ലേറ്റി കൊല്ലു​ക​യും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴു​ന്നേൽക്കും.”​—മത്തായി 20:18, 19.

യേശു തന്റെ മരണ​ത്തെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ശിഷ്യ​ന്മാ​രോട്‌ പറയു​ന്നത്‌ ഇത്‌ മൂന്നാം തവണയാണ്‌. (മത്തായി 16:21; 17:22, 23) എന്നാൽ ഇപ്രാ​വ​ശ്യം, തന്നെ സ്‌തം​ഭ​ത്തി​ലേ​റ്റി​യാ​യി​രി​ക്കും കൊല്ലു​ക​യെന്ന കാര്യം​കൂ​ടി യേശു പറയുന്നു. പക്ഷേ അവർക്ക്‌ ഇതിന്റെ അർഥം മനസ്സി​ലാ​യില്ല. കാരണം ഇസ്രാ​യേൽ രാജ്യം ഭൂമി​യിൽ പുനഃ​സ്ഥാ​പി​ത​മാ​കു​മെ​ന്നും അവിടെ ക്രിസ്‌തു​വി​നോ​ടൊ​പ്പം രാജ്യ​ത്തി​ന്റെ മഹത്ത്വ​വും പദവി​യും തങ്ങൾക്ക്‌ ആസ്വദി​ക്കാ​നാ​കു​മെ​ന്നും ആയിരി​ക്കാം അവർ വിചാ​രി​ച്ചി​രു​ന്നത്‌.

യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അമ്മയും ഈ യാത്ര​യി​ലുണ്ട്‌. ഒരുപക്ഷേ അത്‌ ശലോ​മ​യാ​യി​രി​ക്കാം. ആ ശിഷ്യ​ന്മാ​രു​ടെ പെട്ടെന്നു കോപി​ക്കുന്ന പ്രകൃതം കാരണം യേശു അവർക്ക്‌ “ഇടിമു​ഴ​ക്ക​ത്തി​ന്റെ മക്കൾ” എന്ന്‌ അർഥമുള്ള ഒരു പേര്‌ നൽകി. (മർക്കോസ്‌ 3:17; ലൂക്കോസ്‌ 9:54) ക്രിസ്‌തു​വി​ന്റെ രാജ്യ​ത്തിൽ ഒരു പ്രമു​ഖ​സ്ഥാ​നം  വേണ​മെന്ന്‌ അവർ ആഗ്രഹി​ച്ചി​രു​ന്നു. ഇത്‌ അവരുടെ അമ്മയ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ അവർ തന്റെ മക്കൾക്കു​വേണ്ടി യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ വണങ്ങി​യിട്ട്‌ തനിക്ക്‌ ഒരു അപേക്ഷ​യു​ണ്ടെന്നു പറയുന്നു. അതിന്‌ ഉത്തരമാ​യി യേശു ചോദി​ക്കു​ന്നു: “എന്താണു വേണ്ടത്‌?” അപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യ​ത്തിൽ എന്റെ ഈ രണ്ടു പുത്ര​ന്മാ​രിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താ​മെന്നു വാക്കു തരണേ.”​—മത്തായി 20:20, 21.

ഈ അപേക്ഷ ശരിക്കും യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും തന്നെയാ​യി​രു​ന്നു. താൻ അനുഭ​വി​ക്കാ​നി​രി​ക്കുന്ന നിന്ദ​യെ​യും അപമാ​ന​ത്തെ​യും കുറിച്ച്‌ യേശു അവരോ​ടു പറഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ യേശു അവരോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിങ്ങൾ ചോദി​ക്കു​ന്നത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടി​ക്കാ​നി​രി​ക്കുന്ന പാനപാ​ത്രം കുടി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?” “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. (മത്തായി 20:22) എന്നാൽ യേശു പറഞ്ഞതി​ന്റെ അർഥ​മൊ​ന്നും അവർക്ക്‌ ഇപ്പോ​ഴും മനസ്സി​ലാ​യി​ല്ലെന്നു തോന്നു​ന്നു.

എങ്കിലും യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ തീർച്ച​യാ​യും എന്റെ പാനപാ​ത്രം കുടി​ക്കും. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തു​ന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കു​വേ​ണ്ടി​യാ​ണോ ഒരുക്കി​യി​രി​ക്കു​ന്നത്‌ അവർക്കു​ള്ള​താണ്‌.” (മത്തായി 20:23)

യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും ഈ അപേക്ഷ​യെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ മറ്റു പത്ത്‌ അപ്പോസ്‌ത​ല​ന്മാർക്കും അവരോട്‌ അമർഷം തോന്നി. തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതി​നെ​ച്ചൊ​ല്ലി അവർ മുമ്പ്‌ തർക്കി​ച്ച​പ്പോൾ യാക്കോ​ബും യോഹ​ന്നാ​നും എന്തെങ്കി​ലു​മൊ​ക്കെ പറഞ്ഞി​ട്ടു​ണ്ടാ​കു​മോ? (ലൂക്കോസ്‌ 9:46-48) എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, തന്നെത്തന്നെ ചെറി​യ​വ​നാ​യി കരുതു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ഉപദേശം ഈ 12 അപ്പോസ്‌ത​ല​ന്മാ​രും ബാധക​മാ​ക്കി​യി​ല്ലെ​ന്നാണ്‌ ഈ അപേക്ഷ കാണി​ക്കു​ന്നത്‌. അവർ ഇപ്പോ​ഴും പ്രാമു​ഖ്യത ആഗ്രഹി​ക്കു​ന്നു.

ഇപ്പോ​ഴു​ണ്ടാ​യ പ്രശ്‌ന​വും അവർക്ക്‌ ഇടയിലെ അമർഷവും കൈകാര്യം ചെയ്യാൻ യേശു തീരു​മാ​നി​ക്കു​ന്നു. അതു​കൊണ്ട്‌ തന്റെ 12 ശിഷ്യ​ന്മാ​രെ​യും വിളിച്ച്‌ യേശു സ്‌നേ​ഹ​പൂർവം ഉപദേ​ശി​ക്കു​ന്നു: “ജനതകൾ ഭരണാ​ധി​കാ​രി​ക​ളാ​യി കാണു​ന്നവർ അവരുടെ മേൽ ആധിപ​ത്യം നടത്തു​ന്നെ​ന്നും അവർക്കി​ട​യി​ലെ ഉന്നതർ അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. എന്നാൽ നിങ്ങൾക്കി​ട​യിൽ അങ്ങനെ​യാ​യി​രി​ക്ക​രുത്‌. നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം. നിങ്ങളിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങളു​ടെ അടിമ​യാ​യി​രി​ക്കണം.”​—മർക്കോസ്‌ 10:42-44.

തന്നെ അനുക​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “മനുഷ്യ​പു​ത്രൻ വന്നതും ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും ആണ്‌.” (മത്തായി 20:28) മൂന്ന്‌ വർഷത്തി​ല​ധി​ക​മാ​യി യേശു മറ്റുള്ള​വർക്കു​വേണ്ടി ശുശ്രൂഷ ചെയ്‌തു​വ​രി​ക​യാ​യി​രു​ന്നു. ഇനി മനുഷ്യ​വർഗ​ത്തി​നു​വേണ്ടി തന്റെ ജീവൻ കൊടു​ത്തു​കൊ​ണ്ടു​പോ​ലും യേശു അത്‌ ചെയ്യും. യേശു​വി​ന്റെ അതേ മനോ​ഭാ​വം ശിഷ്യ​ന്മാർക്കും ഉണ്ടായി​രി​ക്കണം: ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നുള്ള മനോ​ഭാ​വം. അതു​പോ​ലെ തന്നെത്തന്നെ വലിയ​വ​നാ​യല്ല ചെറി​യ​വ​നാ​യാണ്‌ അവർ കരു​തേ​ണ്ടത്‌.