വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 97

മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം

മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം

മത്തായി 20:1-16

  • മുന്തി​രി​ത്തോ​ട്ട​ത്തി​ലെ ‘പിമ്പന്മാ​രായ’ പണിക്കാർ “മുമ്പന്മാർ” ആകുന്നു

പെരി​യ​യിൽവെച്ച്‌ “മുമ്പന്മാർ പലരും പിമ്പന്മാ​രും പിമ്പന്മാർ മുമ്പന്മാ​രും ആകും” എന്ന്‌ യേശു തന്റെ ശ്രോ​താ​ക്ക​ളോട്‌ പറഞ്ഞതേ ഉള്ളൂ. (മത്തായി 19:30) ഈ കാര്യം വ്യക്തമാ​ക്കാൻ മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രു​ടെ ദൃഷ്ടാന്തം യേശു ഉപയോ​ഗി​ക്കു​ന്നു:

“മുന്തി​രി​ത്തോ​ട്ട​ത്തി​ലേക്കു പണിക്കാ​രെ കൂലിക്കു വിളി​ക്കാൻ അതിരാ​വി​ലെ ഇറങ്ങിയ ഒരു വീട്ടു​കാ​ര​നെ​പ്പോ​ലെ​യാ​ണു സ്വർഗ​രാ​ജ്യം. പണിക്കാ​രോ​ടു ദിവസം ഒരു ദിനാറെ കൂലി പറഞ്ഞൊത്ത്‌ അയാൾ അവരെ മുന്തി​രി​ത്തോ​ട്ട​ത്തി​ലേക്ക്‌ അയച്ചു. ഏകദേശം മൂന്നാം മണി നേരത്ത്‌ അയാൾ വീണ്ടും പുറത്ത്‌ പോയ​പ്പോൾ മറ്റു ചിലർ പണിയി​ല്ലാ​തെ ചന്തസ്ഥലത്ത്‌ നിൽക്കു​ന്നതു കണ്ടു. അയാൾ അവരോ​ടു പറഞ്ഞു: ‘നിങ്ങളും മുന്തി​രി​ത്തോ​ട്ട​ത്തി​ലേക്കു പൊയ്‌ക്കോ; ന്യായ​മായ കൂലി തരാം.’ അങ്ങനെ, അവർ പോയി. അയാൾ പിന്നെ​യും ഏകദേശം ആറാം മണി നേരത്തും ഒൻപതാം മണി നേരത്തും പുറത്ത്‌ പോയി അങ്ങനെ​തന്നെ ചെയ്‌തു. ഒടുവിൽ, ഏകദേശം 11-ാം മണി നേരത്ത്‌ അയാൾ പുറത്ത്‌ പോയ​പ്പോൾ വേറെ ചിലർ അവിടെ നിൽക്കു​ന്നതു കണ്ട്‌ അവരോട്‌, ‘നിങ്ങൾ പണിക്കു പോകാ​തെ ദിവസം മുഴുവൻ ഇവിടെ നിന്നത്‌ എന്താണ്‌ ’ എന്നു ചോദി​ച്ചു. ‘ആരും ഞങ്ങളെ പണിക്കു വിളി​ച്ചില്ല’ എന്ന്‌ അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോട്‌, ‘നിങ്ങളും മുന്തി​രി​ത്തോ​ട്ട​ത്തി​ലേക്കു ചെല്ല്‌ ’ എന്നു പറഞ്ഞു.”​—മത്തായി 20:1-7.

“വീട്ടു​കാ​രനെ”ക്കുറി​ച്ചും “സ്വർഗ​രാ​ജ്യ”ത്തെക്കു​റി​ച്ചും യേശു പറഞ്ഞ​പ്പോൾ കേട്ടു​നി​ന്നവർ യഹോ​വ​യെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കാ​ണും. കാരണം ഒരു മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമയാ​യി യഹോ​വയെ തിരു​വെ​ഴു​ത്തു​കൾ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ആ മുന്തി​രി​ത്തോ​ട്ടം ഇസ്രാ​യേൽ ജനതയാ​യി​രു​ന്നു. (സങ്കീർത്തനം 80:8, 9; യശയ്യ 5:3, 4) നിയമ ഉടമ്പടി​യി​ലു​ള്ള​വരെ മുന്തി​രി​ത്തോ​ട്ട​ത്തി​ലെ പണിക്കാ​രോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. പക്ഷേ കഴിഞ്ഞ കാലത്തെ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചല്ല യേശു പറയു​ന്നത്‌. മറിച്ച്‌ തന്റെ നാളു​ക​ളിൽ ഉണ്ടായി​രുന്ന ഒരു സാഹച​ര്യ​ത്തെ വിശദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വിവാ​ഹ​മോ​ച​നം എന്ന വിഷയ​ത്തിൽ യേശു​വി​നെ കുടു​ക്കാൻ ശ്രമിച്ച പരീശ​ന്മാ​രെ​പ്പോ​ലുള്ള മതനേ​താ​ക്ക​ന്മാർ ദൈവ​സേ​വ​ന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യു​ന്ന​വ​രാ​യി​ട്ടാണ്‌ സ്വയം വീക്ഷി​ച്ചി​രു​ന്നത്‌. ദിവസം മുഴുവൻ ജോലി ചെയ്‌ത​തി​ന്റെ കൂലി​യായ ഒരു ദിനാറെ പ്രതീ​ക്ഷിച്ച പണിക്കാ​രെ​പ്പോ​ലെ​യാണ്‌ ഇവർ.

പുരോ​ഹി​ത​ന്മാ​രു​ടെ​യും കൂടെ​യു​ള്ള​വ​രു​ടെ​യും നോട്ട​ത്തിൽ സാധാ​ര​ണ​ക്കാ​രായ ജൂതന്മാർ വളരെ ചുരു​ങ്ങിയ സമയമാണ്‌ ദൈവ​സേ​വ​ന​ത്തിൽ ചെലവി​ടു​ന്നത്‌, ദൈവ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ കുറച്ചു നേരം മാത്രം പണി​യെ​ടു​ക്കു​ന്ന​വ​രെ​പ്പോ​ലെ. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽ, ‘ഏകദേശം 3-ാം മണി നേരത്തും’ (രാവിലെ 9 മണി) പിന്നീട്‌ 6-ാം മണി, 9-ാം മണി, 11-ാം മണി (വൈകു​ന്നേരം 5 മണി) നേരത്തും ഒക്കെ വന്ന ആളുക​ളാണ്‌ ഇവർ.

യേശു​വി​നെ അനുഗ​മിച്ച സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും ‘ശപിക്ക​പ്പെട്ട ജനം’ ആയാണു പരീശ​ന്മാർ കണക്കാ​ക്കി​യി​രു​ന്നത്‌. (യോഹ​ന്നാൻ 7:49) അവർ മീൻപി​ടു​ത്ത​വും മറ്റു ജോലി​ക​ളും ചെയ്‌തു​പോ​ന്ന​വ​രാ​യി​രു​ന്നു. എന്നാൽ എ.ഡി. 29-ലെ ഒക്‌ടോ​ബർ മാസ​ത്തോ​ടെ ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി ദൈവ​ത്തി​നു​വേണ്ടി വേല ചെയ്യു​ന്ന​തി​നു സാധാ​ര​ണ​ക്കാ​രായ ഈ ആളുകളെ വിളി​ക്കാൻ “മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ” യേശു​വി​നെ അയയ്‌ക്കു​ന്നു. യേശു പറഞ്ഞ 11-ാം മണി നേരത്ത്‌ വന്ന “പിമ്പന്മാർ” ആണ്‌ ഇവർ.

ദൃഷ്ടാ​ന്ത​ത്തിൽ ആ ദിവസ​ത്തി​ന്റെ അവസാനം എന്താണ്‌ സംഭവി​ച്ച​തെന്നു ഉപസം​ഹാ​ര​മാ​യി യേശു വിശദീ​ക​രി​ക്കു​ന്നു: “വൈകു​ന്നേ​ര​മാ​യ​പ്പോൾ, മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ കാര്യ​സ്ഥ​നോ​ടു പറഞ്ഞു: ‘പണിക്കാ​രെ വിളിച്ച്‌ കൂലി കൊടുക്ക്‌. അവസാനം വന്നവർതൊട്ട്‌ വേണം കൂലി കൊടു​ക്കാൻ. ആദ്യം വന്നവർക്ക്‌ അവസാ​ന​വും.’ 11-ാം മണി നേരത്ത്‌ വന്നവർക്ക്‌ ഓരോ ദിനാറെ കിട്ടി. അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടു​മെന്നു പ്രതീ​ക്ഷി​ച്ചു. പക്ഷേ അവർക്കും ഓരോ ദിനാ​റെ​യാ​ണു കിട്ടി​യത്‌. അപ്പോൾ അവർ വീട്ടു​കാ​രനു നേരെ ഇങ്ങനെ പിറു​പി​റു​ത്തു: ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂ​റേ പണി​യെ​ടു​ത്തു​ള്ളൂ. ഞങ്ങളാ​കട്ടെ പൊള്ളുന്ന ചൂടും സഹിച്ച്‌ ദിവസം മുഴുവൻ അധ്വാ​നി​ച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോ​ടു തുല്യ​രാ​ക്കി​യ​ല്ലോ.’ അയാൾ അവരിൽ ഒരാ​ളോ​ടു പറഞ്ഞു: ‘സ്‌നേ​ഹി​താ, ഞാൻ നിന്നോട്‌ അന്യാ​യ​മൊ​ന്നും ചെയ്യു​ന്നി​ല്ല​ല്ലോ. ഒരു ദിനാ​റെ​യല്ലേ ഞാൻ നിന്നോ​ടു പറഞ്ഞൊ​ത്തത്‌? നിനക്കു​ള്ളതു വാങ്ങി പൊയ്‌ക്കൊ​ള്ളുക. നിനക്കു തന്നതു​പോ​ലെ​തന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടു​ക്കാ​നാണ്‌ എനിക്ക്‌ ഇഷ്ടം. എനിക്കു​ള്ള​തു​കൊണ്ട്‌ എന്റെ ഇഷ്ടം​പോ​ലെ ചെയ്യാൻ എനിക്ക്‌ അവകാ​ശ​മി​ല്ലേ? അതോ ഞാൻ നല്ലവനാ​യ​തു​കൊ​ണ്ടുള്ള അസൂയ​യാ​ണോ നിനക്ക്‌?’ ഇതു​പോ​ലെ, പിമ്പന്മാർ മുമ്പന്മാ​രും മുമ്പന്മാർ പിമ്പന്മാ​രും ആകും.”​—മത്തായി 20:8-16.

യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ന്റെ അവസാ​ന​ഭാ​ഗ​ത്തെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാർ അതിശ​യ​ത്തോ​ടെ ചിന്തി​ച്ചി​രി​ക്കാം. തങ്ങളെ​ത്തന്നെ ‘മുമ്പന്മാ​രാ​യി’ കണക്കാ​ക്കി​യി​രുന്ന  ജൂതമ​ത​നേ​താ​ക്ക​ന്മാർ എങ്ങനെ​യാണ്‌ ‘പിമ്പന്മാ​രാ​യി’ത്തീർന്നത്‌? എങ്ങനെ​യാണ്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ ‘മുമ്പന്മാ​രാ​യി’ത്തീർന്നത്‌?

പരീശ​ന്മാ​രും മറ്റുള്ള​വ​രും ‘പിമ്പന്മാ​രാ​യി’ കരുതി​യി​രുന്ന യേശു​വി​ന്റെ ശിഷ്യ​ന്മാർ “മുമ്പന്മാർ” ആകാൻപോ​കു​ക​യാണ്‌; അവർ ഒരു ദിവസത്തെ മുഴുവൻ ശമ്പളം വാങ്ങും. യേശു​വി​ന്റെ മരണ​ത്തോ​ടെ ഭൗമിക യരുശ​ലേ​മി​നെ ഉപേക്ഷിച്ച്‌ അതിനു പകരമാ​യി “ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ” എന്നൊരു പുതിയ ജനതയെ ദൈവം തിര​ഞ്ഞെ​ടു​ക്കും. (ഗലാത്യർ 6:16; മത്തായി 23:38) പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ സംസാ​രിച്ച സ്‌നാ​പ​ക​യോ​ഹ​ന്നാൻ വിരൽ ചൂണ്ടി​യത്‌ ഇവരി​ലേ​ക്കാണ്‌. പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള സ്‌നാ​ന​മേൽക്കാ​നും “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ” യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും ഉള്ള പദവി ആദ്യമാ​യി ലഭിച്ചത്‌ ഈ “പിമ്പന്മാർ”ക്കായി​രു​ന്നു. (പ്രവൃ​ത്തി​കൾ 1:5, 8; മത്തായി 3:11) യേശു പറഞ്ഞ ഈ നാടകീയ മാറ്റം എന്താ​ണെ​ന്നും എങ്ങനെ സംഭവി​ക്കു​മെ​ന്നും ശിഷ്യ​ന്മാർക്ക്‌ എത്ര​ത്തോ​ളം അപ്പോൾ മനസ്സി​ലാ​യി​ക്കാ​ണു​മെന്ന്‌ അറിയില്ല. അവർക്ക്‌ കുറ​ച്ചെ​ങ്കി​ലും മനസ്സി​ലാ​യെ​ങ്കിൽ ‘പിമ്പന്മാ​രാ​കാൻ’ പോകുന്ന മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ അവർ ഭാവി​യിൽ നേരി​ടുന്ന ശക്തമായ എതിർപ്പി​നെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ വിഭാവന ചെയ്യാൻ കഴിഞ്ഞി​രി​ക്കും.