വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 93

മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടും

മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടും

ലൂക്കോസ്‌ 17:20-37

  • ദൈവ​രാ​ജ്യം അവരുടെ ഇടയിൽത്ത​ന്നെ​യുണ്ട്‌

  • യേശു വെളി​പ്പെ​ടു​മ്പോൾ എന്തു സംഭവി​ക്കും?

യേശു ഇപ്പോ​ഴും ശമര്യ​യി​ലോ ഗലീല​യി​ലോ ആണ്‌. ദൈവ​രാ​ജ്യം എപ്പോ​ഴാണ്‌ വരുന്ന​തെന്നു പരീശ​ന്മാർ യേശു​വി​നോ​ടു ചോദി​ക്കു​ന്നു. ശ്രദ്ധയാ​കർഷി​ക്കുന്ന തരത്തിൽ ദൈവ​രാ​ജ്യം വരു​മെ​ന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. എന്നാൽ യേശു പറഞ്ഞു: “വളരെ പ്രകട​മായ വിധത്തി​ലല്ല ദൈവ​രാ​ജ്യം വരുന്നത്‌. ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയു​ക​യു​മില്ല. ശരിക്കും, ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽത്ത​ന്നെ​യുണ്ട്‌.”​—ലൂക്കോസ്‌ 17:20, 21.

ദൈവ​ദാ​സ​രു​ടെ ഹൃദയ​ത്തി​ലെ ഒരു അവസ്ഥയാണ്‌ ദൈവ​രാ​ജ്യം എന്നാണു യേശു പറഞ്ഞതി​ന്റെ അർഥം എന്നു ചിലർ വിചാ​രി​ച്ചേ​ക്കാം. എന്നാൽ അതു ശരിയല്ല. ഈ പരീശ​ന്മാ​രു​ടെ ഹൃദയ​ങ്ങ​ളിൽ ദൈവ​രാ​ജ്യം ഉണ്ടെന്നു പറയാൻ കഴിയി​ല്ല​ല്ലോ. അങ്ങനെ​യെ​ങ്കിൽ ദൈവ​രാ​ജ്യം അവരുടെ ഇടയിൽത്ത​ന്നെ​യുണ്ട്‌ എന്നു പറഞ്ഞതി​ന്റെ അർഥം എന്താണ്‌? ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമി​ത​രാ​ജാ​വായ യേശു അവരുടെ ഇടയി​ലുണ്ട്‌ എന്ന അർഥത്തി​ലാണ്‌ അങ്ങനെ പറഞ്ഞത്‌.​—മത്തായി 21:5.

ദൈവ​രാ​ജ്യ​ത്തി​ന്റെ വരവി​നെ​ക്കു​റി​ച്ചു കൂടു​ത​ലായ വിശദീ​ക​ര​ണങ്ങൾ യേശു തന്റെ ശിഷ്യ​ന്മാർക്കു നൽകുന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ പരീശ​ന്മാർ പോയ​തി​നു ശേഷമാ​യി​രി​ക്കാം യേശു ഇക്കാര്യ​ങ്ങൾ വിശദീ​ക​രി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി താൻ ഭരിക്കുന്ന കാല​ത്തെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ യേശു ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “നിങ്ങൾ മനുഷ്യ​പു​ത്രന്റെ നാളു​ക​ളി​ലൊ​ന്നെ​ങ്കി​ലും കാണാൻ കൊതി​ക്കുന്ന കാലം വരും. എന്നാൽ കാണില്ല.” (ലൂക്കോസ്‌ 17:22) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി മനുഷ്യ​പു​ത്രൻ ഭരിക്കു​ന്നതു ഭാവി​യി​ലാ​യി​രി​ക്കും എന്നാണു യേശു സൂചി​പ്പി​ച്ചത്‌. ആ ഭരണം തുടങ്ങു​ന്ന​തി​നു മുമ്പേ ചില ശിഷ്യ​ന്മാർ അക്ഷമ​യോ​ടെ അത്‌ എന്നാണ്‌ തുടങ്ങു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ മനുഷ്യ​പു​ത്രൻ വരുന്ന​തി​നു ദൈവം നിയമി​ച്ചി​രി​ക്കുന്ന സമയം​വരെ അവർ കാത്തി​രു​ന്നേ മതിയാ​കൂ.

യേശു തുടരു​ന്നു: “മനുഷ്യർ നിങ്ങ​ളോട്‌, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടി​പ്പു​റ​പ്പെ​ട​രുത്‌. അവരുടെ പിന്നാലെ പോകു​ക​യു​മ​രുത്‌. കാരണം ആകാശ​ത്തി​ന്റെ ഒരു അറ്റത്തു​നിന്ന്‌ മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാ​ശി​ക്കു​ന്ന​തു​പോ​ലെ​യാ​യിരി​ക്കും തന്റെ നാളിൽ മനുഷ്യ​പു​ത്ര​നും.” (ലൂക്കോസ്‌ 17:23, 24) ഇത്തരത്തി​ലു​ള്ള​വ​രു​ടെ പുറകേ പോയി യേശു​വി​ന്റെ ശിഷ്യ​ന്മാർ വഞ്ചിത​രാ​കാ​തി​രി​ക്കാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു? ഒരു അറ്റത്തു​നിന്ന്‌ മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽപോ​ലെ അത്ര വ്യക്തമാ​യി​രി​ക്കും യഥാർഥ മിശി​ഹ​യു​ടെ വരവ്‌. രാജ്യാ​ധി​കാ​ര​ത്തിൽ വരുന്ന യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ തെളിവു നന്നായി നിരീ​ക്ഷി​ക്കു​ന്ന​വർക്കൊ​ക്കെ ഒരു സംശയ​വു​മി​ല്ലാ​തെ അതു മനസ്സി​ലാ​കും.

ഭാവി​യിൽ യേശു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ആളുക​ളു​ടെ മനോ​ഭാ​വം എന്തായി​രി​ക്കു​മെന്നു കാണി​ക്കാൻ യേശു പുരാ​ത​ന​കാ​ലത്തെ ചില സംഭവ​ങ്ങളെ തന്റെ സാന്നി​ധ്യ​കാ​ല​വു​മാ​യി താരത​മ്യം ചെയ്യുന്നു. “നോഹ​യു​ടെ നാളു​ക​ളിൽ സംഭവി​ച്ച​തു​പോ​ലെ​തന്നെ മനുഷ്യ​പു​ത്രന്റെ നാളു​ക​ളി​ലും സംഭവി​ക്കും. . . . ലോത്തി​ന്റെ നാളി​ലും അങ്ങനെ​തന്നെ സംഭവി​ച്ചു: അവർ തിന്നും കുടി​ച്ചും, വാങ്ങി​യും വിറ്റും, നട്ടും പണിതും പോന്നു. എന്നാൽ ലോത്ത്‌ സൊ​ദോം വിട്ട ദിവസം ആകാശ​ത്തു​നിന്ന്‌ തീയും ഗന്ധകവും പെയ്‌ത്‌ എല്ലാവ​രെ​യും കൊന്നു​ക​ളഞ്ഞു. മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടുന്ന നാളി​ലും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.”​—ലൂക്കോസ്‌ 17:26-30.

നോഹ​യു​ടെ കാല​ത്തെ​യും ലോത്തി​ന്റെ കാല​ത്തെ​യും ആളുകളെ ദൈവം ഇല്ലാതാ​ക്കി​യത്‌ അവർ തിന്നും കുടി​ച്ചും, വാങ്ങി​യും വിറ്റും, നട്ടും പണിതും പോന്ന​തു​കൊ​ണ്ടാ​ണെന്നല്ല യേശു പറഞ്ഞത്‌. കാരണം നോഹ​യു​ടെ​യും ലോത്തി​ന്റെ​യും കുടും​ബങ്ങൾ അതിൽ ചില​തെ​ങ്കി​ലും ചെയ്‌തി​രു​ന്നു എന്നതിനു സംശയ​മില്ല. എന്നാൽ  അന്നത്തെ ആളുകൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ശ്രദ്ധ കൊടു​ക്കു​ക​യോ അവർ ജീവി​ക്കുന്ന സമയ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യോ ചെയ്‌തില്ല. പകരം അവർ മറ്റു കാര്യ​ങ്ങ​ളിൽ മുഴു​കി​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം മനസ്സി​ലാ​ക്കി സജീവ​മാ​യി പ്രവർത്തി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ചത്‌. ഭാവി​യിൽ ദൈവം വ്യവസ്ഥി​തി​ക്കു നാശം വരുത്തു​മ്പോൾ രക്ഷപ്പെ​ടാ​നുള്ള വഴി യേശു അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ലോക​ത്തി​ലു​ള്ള വസ്‌തു​വ​കകൾ അഥവാ “സാധനങ്ങൾ” ശിഷ്യ​ന്മാ​രു​ടെ ശ്രദ്ധ പതറി​പ്പി​ക്ക​രു​താ​യി​രു​ന്നു. യേശു പറയുന്നു: “അന്നു പുരമു​ക​ളിൽ നിൽക്കു​ന്നവൻ തന്റെ സാധനങ്ങൾ വീട്ടി​നു​ള്ളി​ലാ​ണെ​ങ്കി​ലും എടുക്കാൻ താഴെ ഇറങ്ങരുത്‌. വയലി​ലാ​യി​രി​ക്കു​ന്ന​വ​നും സാധനങ്ങൾ എടുക്കാൻ വീട്ടി​ലേക്കു തിരി​ച്ചു​പോ​ക​രുത്‌. ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക.” (ലൂക്കോസ്‌ 17:31, 32) കാരണം ലോത്തി​ന്റെ ഭാര്യ ഉപ്പുതൂ​ണാ​യി​ത്തീർന്ന​ല്ലോ.

മനുഷ്യ​പു​ത്രൻ രാജാ​വാ​യി വാഴു​മ്പോ​ഴുള്ള അവസ്ഥ​യെ​ക്കു​റിച്ച്‌ യേശു തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ആ രാത്രി​യിൽ രണ്ടു പേർ ഒരു കിടക്ക​യി​ലാ​യി​രി​ക്കും. ഒരാളെ കൂട്ടി​ക്കൊ​ണ്ടു​പോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.” (ലൂക്കോസ്‌ 17:34) ചിലർ രക്ഷപ്പെ​ടും. എന്നാൽ ചിലരെ ഉപേക്ഷി​ക്കും, അവർക്ക്‌ അവരുടെ ജീവൻ നഷ്ടമാ​കും.

ശിഷ്യ​ന്മാർ യേശു​വി​നോ​ടു “കർത്താവേ, എവിടെ” എന്നു ചോദി​ച്ചു. യേശു അവരോട്‌ “ശവമു​ള്ളി​ടത്ത്‌ കഴുക​ന്മാർ കൂടും” എന്നു പറഞ്ഞു. (ലൂക്കോസ്‌ 17:37) ചില ശിഷ്യ​ന്മാർ, ദീർഘ​ദൃ​ഷ്ടി​യുള്ള കഴുക​ന്മാ​രെ​പ്പോ​ലെ​യാ​യി​രി​ക്കും. ഇവർ മനുഷ്യപുത്രനായ യഥാർഥ​ക്രിസ്‌തു​വി​നെ തിരി​ച്ച​റിഞ്ഞ്‌ യേശു​വി​നോ​ടൊ​പ്പം കൂടും. ആ സമയത്ത്‌, വിശ്വാ​സ​മുള്ള ശിഷ്യ​ന്മാർക്കു ജീവൻ നേടാൻ സഹായി​ക്കുന്ന സത്യം യേശു നൽകും.