വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 89

യഹൂദ്യ​യി​ലേക്കു പോകുന്ന വഴി പെരി​യ​യിൽ പഠിപ്പി​ക്കു​ന്നു

യഹൂദ്യ​യി​ലേക്കു പോകുന്ന വഴി പെരി​യ​യിൽ പഠിപ്പി​ക്കു​ന്നു

ലൂക്കോസ്‌ 17:1-10 യോഹ​ന്നാൻ 11:1-16

  • പാപത്തി​ലേക്കു വീഴി​ക്കു​ന്നത്‌ ഗുരു​തരം

  • ക്ഷമിക്കുക, വിശ്വാ​സം കാണി​ക്കു​ക

കുറച്ച്‌ നാൾ യേശു “യോർദാന്‌ അക്കരെ” പെരിയ എന്ന സ്ഥലത്താ​യി​രു​ന്നു. (യോഹ​ന്നാൻ 10:40) ഇപ്പോൾ യേശു തെക്കോട്ട്‌, യരുശ​ലേ​മി​ലേക്ക്‌ യാത്ര ചെയ്യുന്നു.

യേശു ഒറ്റയ്‌ക്കല്ല. ശിഷ്യ​ന്മാ​രും നികു​തി​പി​രി​വു​കാ​രും പാപി​ക​ളും അടങ്ങുന്ന “വലി​യൊ​രു ജനക്കൂട്ടം” യേശു​വി​നോ​ടൊ​പ്പം സഞ്ചരി​ക്കു​ന്നു. (ലൂക്കോസ്‌ 14:25; 15:1) യേശു പറയു​ന്ന​തും ചെയ്യു​ന്ന​തും എല്ലാം വിമർശി​ക്കുന്ന പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും അവരോ​ടൊ​പ്പ​മുണ്ട്‌. കാണാ​തെ​പോയ ആടി​നെ​ക്കു​റി​ച്ചും നഷ്ടപ്പെട്ട മകനെ​ക്കു​റി​ച്ചും ധനവാ​നെ​യും ലാസറി​നെ​യും കുറി​ച്ചും ഒക്കെയുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​ക​ളിൽനിന്ന്‌ അവർക്ക്‌ ചിന്തി​ച്ചെ​ടു​ക്കാൻ ഒരുപാട്‌ കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​—ലൂക്കോസ്‌ 15:2; 16:14.

എതിരാ​ളി​ക​ളു​ടെ വിമർശ​ന​വും പുച്ഛി​ക്ക​ലും മനസ്സിൽ ഉണ്ടായി​രു​ന്ന​തി​നാ​ലാ​കാം, ഗലീല​യിൽവെച്ച്‌ പഠിപ്പിച്ച ചില കാര്യങ്ങൾ യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇപ്പോൾ വീണ്ടും പറയു​ന്നത്‌.

ഉദാഹ​ര​ണ​ത്തിന്‌, യേശു പറഞ്ഞു: “പാപത്തി​ലേക്കു വീഴി​ക്കുന്ന മാർഗ​ത​ട​സ്സങ്ങൾ എന്തായാ​ലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കു​ന്ന​വന്റെ കാര്യം കഷ്ടം! . . . അതു​കൊണ്ട്‌ സൂക്ഷി​ച്ചു​കൊ​ള്ളുക. നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ അയാളെ ശകാരി​ക്കുക. സഹോ​ദരൻ പശ്ചാത്ത​പി​ച്ചാൽ അയാ​ളോ​ടു ക്ഷമിക്കുക. സഹോ​ദരൻ ഒരു ദിവസം നിന്നോട്‌ ഏഴു തവണ പാപം ചെയ്‌താ​ലും ആ ഏഴു തവണയും വന്ന്‌, ‘ഞാൻ പശ്ചാത്ത​പി​ക്കു​ന്നു’ എന്നു പറഞ്ഞാൽ സഹോ​ദ​ര​നോ​ടു ക്ഷമിക്കണം.” (ലൂക്കോസ്‌ 17:1-4) യേശു അവസാനം പറഞ്ഞ പ്രസ്‌താ​വന, ഏഴു പ്രാവ​ശ്യം ക്ഷമിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ താൻ ചോദിച്ച ചോദ്യം പത്രോ​സി​നെ ഓർമി​പ്പി​ച്ചി​ട്ടു​ണ്ടാ​കും.​—മത്തായി 18:21.

യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ ശിഷ്യ​ന്മാർക്ക്‌ പ്രവർത്തി​ക്കാ​നാ​കു​മോ? ആകും. കാരണം ശിഷ്യ​ന്മാർ: “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ” എന്നു യേശു​വി​നോ​ടു പറഞ്ഞ​പ്പോൾ യേശു അവരോ​ടു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിങ്ങൾക്ക്‌ ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഈ മൾബറി മരത്തോട്‌, ‘ചുവ​ടോ​ടെ പറിഞ്ഞു​പോ​യി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസ​രി​ക്കും.” (ലൂക്കോസ്‌ 17:5, 6) വിശ്വാ​സ​ത്തി​ന്റെ ഒരു ചെറിയ കണികയ്‌ക്കു​പോ​ലും വലിയ നേട്ടങ്ങൾ കൈവ​രി​ക്കാ​നാ​കും.

യേശു താഴ്‌മ​യെ​ക്കു​റിച്ച്‌ തുടർന്നും പഠിപ്പി​ക്കു​ന്നു. ഒരു വ്യക്തിക്കു തന്നെക്കു​റി​ച്ചു​തന്നെ താഴ്‌മ​യോ​ടു​കൂ​ടിയ, ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടു മറ്റൊരു ദൃഷ്ടാന്തം പറയുന്നു: “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുക​യോ ആടു മേയ്‌ക്കു​ക​യോ ചെയ്യുന്ന ഒരു അടിമ​യു​ണ്ടെന്നു കരുതുക. അയാൾ വയലിൽനിന്ന്‌ വരു​മ്പോൾ, ‘വേഗം വന്ന്‌ ഇരുന്ന്‌ ഭക്ഷണം കഴിക്ക്‌ ’ എന്നു നിങ്ങൾ പറയു​മോ? പകരം ഇങ്ങനെ​യല്ലേ പറയൂ: ‘വസ്‌ത്രം മാറി വന്ന്‌ എനിക്ക്‌ അത്താഴം ഒരുക്കുക. ഞാൻ തിന്നു​കു​ടിച്ച്‌ തീരു​ന്ന​തു​വരെ എനിക്കു വേണ്ടതു ചെയ്‌തു​ത​രുക. അതു കഴിഞ്ഞ്‌ നിനക്കു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യാം.’ ഏൽപ്പിച്ച പണികൾ ചെയ്‌ത​തി​ന്റെ പേരിൽ നിങ്ങൾക്ക്‌ ആ അടിമ​യോ​ടു പ്രത്യേ​കിച്ച്‌ ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യ​ങ്ങ​ളെ​ല്ലാം ചെയ്‌ത​ശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമ​ക​ളാണ്‌. ചെയ്യേ​ണ്ടതു ഞങ്ങൾ ചെയ്‌തു, അത്രയേ ഉള്ളൂ.’”​—ലൂക്കോസ്‌ 17:7-10.

ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഓരോ ദൈവ​ദാ​സ​നും മനസ്സി​ലാ​ക്കണം. കൂടാതെ ദൈവ​ത്തി​ന്റെ വീട്ടി​ലുള്ള ഒരാളെന്ന നിലയിൽ ദൈവത്തെ ആരാധി​ക്കാൻ കഴിയുന്ന ആ പദവി​യെ​ക്കു​റിച്ച്‌ ഓരോ​രു​ത്ത​രും ഓർക്കു​ക​യും വേണം.

സാധ്യ​ത​യ​നു​സ​രിച്ച്‌ അധികം താമസി​യാ​തെ​തന്നെ മാർത്ത​യും മറിയ​യും അയച്ച ഒരാൾ അവിടെ എത്തുന്നു. അവർ ഇരുവ​രും ലാസറി​ന്റെ പെങ്ങന്മാ​രാണ്‌, യഹൂദ്യ​യി​ലെ ബഥാന്യ​യിൽ താമസി​ക്കു​ന്നു. ആ സന്ദേശ​വാ​ഹകൻ പറഞ്ഞു: “കർത്താവേ, അങ്ങയ്‌ക്കു പ്രിയ​പ്പെ​ട്ടവൻ രോഗി​യാ​യി കിടപ്പി​ലാണ്‌.”​—യോഹ​ന്നാൻ 11:1-3.

തന്റെ സുഹൃ​ത്തായ ലാസറി​നു തീരെ സുഖമി​ല്ലെന്നു കേട്ട​പ്പോൾ യേശു വിഷമിച്ചു തളർന്നി​രു​ന്നില്ല. യേശു ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “ഈ രോഗം മരണത്തിൽ അവസാ​നി​ക്കാ​നു​ള്ളതല്ല. പകരം, ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നും ദൈവ​പു​ത്രൻ മഹത്ത്വ​പ്പെ​ടാ​നും വേണ്ടി​യു​ള്ള​താണ്‌.” യേശു രണ്ടു ദിവസം​കൂ​ടി അവി​ടെ​ത്തന്നെ തങ്ങുന്നു. പിന്നെ ശിഷ്യ​ന്മാ​രോട്‌, “നമുക്കു വീണ്ടും യഹൂദ്യ​യി​ലേക്കു പോകാം” എന്നു പറഞ്ഞു. ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദി​ച്ചു: “റബ്ബീ, ഇയ്യി​ടെ​യല്ലേ യഹൂദ്യ​യി​ലു​ള്ളവർ അങ്ങയെ കല്ലെറി​യാൻ ഒരുങ്ങി​യത്‌? എന്നിട്ട്‌ വീണ്ടും അവി​ടേ​ക്കു​തന്നെ പോകു​ക​യാ​ണോ?”​—യോഹ​ന്നാൻ 11:4, 7, 8.

യേശു പറഞ്ഞു: “പകൽവെ​ളി​ച്ചം 12 മണിക്കൂ​റു​ണ്ട​ല്ലോ. പകൽ നടക്കു​ന്ന​യാൾ ഈ ലോക​ത്തി​ന്റെ വെളിച്ചം കാണു​ന്ന​തു​കൊണ്ട്‌ തട്ടിവീ​ഴു​ന്നില്ല. പക്ഷേ രാത്രി​യിൽ നടക്കു​ന്ന​യാൾ വെളി​ച്ച​മി​ല്ലാ​ത്ത​തു​കൊണ്ട്‌ തട്ടിവീ​ഴു​ന്നു.” (യോഹ​ന്നാൻ 11:9, 10) യേശു​വി​ന്റെ ശുശ്രൂഷ പൂർത്തി​യാ​ക്കാൻ ദൈവം അനുവ​ദി​ച്ചി​രി​ക്കുന്ന സമയം  ഇതുവരെ കഴിഞ്ഞി​ട്ടില്ല എന്നായി​രി​ക്കാം ആ വാക്കു​കൾകൊണ്ട്‌ യേശു ഉദ്ദേശി​ച്ചത്‌. അതുവരെ, തനിക്കു ലഭിച്ചി​ട്ടു​ളള ചുരു​ങ്ങിയ സമയം പൂർണ​മാ​യി യേശു ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌.

“നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌. ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ” എന്ന്‌ യേശു പറഞ്ഞു. എന്നാൽ ഉറങ്ങി​വി​ശ്ര​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്നു ശിഷ്യ​ന്മാർ വിചാ​രി​ച്ചു. അതു​കൊണ്ട്‌, അവർ യേശു​വി​നോട്‌, “കർത്താവേ, ഉറങ്ങു​ക​യാ​ണെ​ങ്കിൽ ലാസറി​ന്റെ അസുഖം മാറി​ക്കൊ​ള്ളും” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോ​ടു തെളി​ച്ചു​പ​റഞ്ഞു: “ലാസർ മരിച്ചു​പോ​യി. . . . നമുക്ക്‌ അവന്റെ അടു​ത്തേക്കു പോകാം.”​—യോഹ​ന്നാൻ 11:11-15.

യേശു യഹൂദ്യ​യിൽവെച്ചു കൊല്ല​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടെന്നു മനസ്സി​ലാ​ക്കിയ തോമസ്‌ യേശു​വി​നെ പിന്തു​ണയ്‌ക്കാൻ ആഗ്രഹി​ച്ചു​കൊണ്ട്‌ “വാ, നമുക്കും പോകാം. എന്നിട്ട്‌ യേശു​വി​ന്റെ​കൂ​ടെ മരിക്കാം” എന്ന്‌ മറ്റു ശിഷ്യ​ന്മാ​രോ​ടു പറയുന്നു.​—യോഹ​ന്നാൻ 11:16.