വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 92

ഒരു കുഷ്‌ഠ​രോ​ഗി നന്ദി കാണി​ക്കു​ന്നു

ഒരു കുഷ്‌ഠ​രോ​ഗി നന്ദി കാണി​ക്കു​ന്നു

ലൂക്കോസ്‌ 17:11-19

  • യേശു പത്ത്‌ കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു

യേശു​വി​നെ കൊല്ലാ​നുള്ള സൻഹെ​ദ്രി​ന്റെ ഗൂഢാ​ലോ​ചന തകർത്തു​കൊണ്ട്‌ യേശു യരുശ​ലേ​മിന്‌ ഏതാണ്ട്‌ വടക്കു​കി​ഴ​ക്കുള്ള എഫ്രയീം നഗരത്തി​ലേക്കു സഞ്ചരി​ക്കു​ന്നു. ശത്രു​ക്ക​ളിൽനിന്ന്‌ അകലെ​യാ​യി അവിടെ തന്റെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം യേശു താമസി​ക്കു​ന്നു. (യോഹ​ന്നാൻ 11:54) എ.ഡി. 33-ലെ പെസഹ അടുത്തി​രു​ന്ന​തി​നാൽ യേശു വീണ്ടും തന്റെ യാത്ര തുടരു​ന്നു. ഇത്തവണ ഗലീലയെ ലക്ഷ്യമാ​ക്കി യേശു ശമര്യ​യി​ലൂ​ടെ വടക്കോ​ട്ടു സഞ്ചരി​ക്കു​ന്നു. മരണത്തി​നു മുമ്പുള്ള യേശു​വി​ന്റെ ഈ പ്രദേ​ശ​ത്തേ​ക്കുള്ള അവസാ​ന​യാ​ത്ര.

തന്റെ യാത്ര​യു​ടെ തുടക്ക​ത്തിൽത്തന്നെ, യേശു ഒരു ഗ്രാമ​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്കു പോകു​മ്പോൾ, പത്തു കുഷ്‌ഠ​രോ​ഗി​കളെ കാണുന്നു. വിരലു​കൾ, ചെവി തുടങ്ങിയ ശരീര​ഭാ​ഗ​ങ്ങളെ പതു​ക്കെ​പ്പ​തു​ക്കെ കാർന്നു​തി​ന്നു​ന്ന​താണ്‌ ചില തരം കുഷ്‌ഠ​രോ​ഗം. (സംഖ്യ 12:10-12) ദൈവ​നി​യമം ആവശ്യ​പ്പെ​ടു​ന്നത്‌ അനുസ​രിച്ച്‌ ഒരു കുഷ്‌ഠ​രോ​ഗി “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളി​ച്ചു​പ​റ​യണം. കൂടാതെ മറ്റുള്ള​വ​രിൽനിന്ന്‌ മാറി​ത്താ​മ​സി​ക്കു​ക​യും വേണം.​—ലേവ്യ 13:45, 46.

ഈ കുഷ്‌ഠ​രോ​ഗി​കൾ യേശു​വിൽനിന്ന്‌ അകലം പാലി​ക്കു​ന്നു. എന്നാൽ അവർ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റ​യു​ന്നുണ്ട്‌: “യേശുവേ, ഗുരുവേ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ.” യേശു അവരെ കണ്ടിട്ട്‌ അവരോട്‌: “പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ നിങ്ങളെ കാണിക്കൂ” എന്നു പറഞ്ഞു. (ലൂക്കോസ്‌ 17:13, 14) ഇവിടെ യേശു ദൈവ​നി​യ​മത്തെ ആദരി​ക്കു​ക​യാണ്‌. കുഷ്‌ഠ​രോ​ഗം മാറിയ ആളുകളെ സുഖം പ്രാപി​ച്ചെന്നു പ്രഖ്യാ​പി​ക്കു​ന്ന​തി​നുള്ള അധികാ​രം പുരോ​ഹി​ത​ന്മാർക്കാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. അങ്ങനെ അവർക്ക്‌ ഒരിക്കൽക്കൂ​ടി ആരോ​ഗ്യ​മുള്ള ആളുക​ളോ​ടൊ​പ്പം ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു.​—ലേവ്യ 13:9-17.

യേശു​വി​ന്റെ അത്ഭുത​ക​ര​മായ ശക്തിയിൽ ആ പത്തു കുഷ്‌ഠ​രോ​ഗി​കൾക്കും വിശ്വാ​സം ഉണ്ടായി​രു​ന്നു. അതു​കൊ​ണ്ടാണ്‌ സുഖം പ്രാപി​ക്കു​ന്ന​തി​നു മുമ്പേ പുരോ​ഹി​ത​ന്മാ​രു​ടെ അടു​ത്തേക്ക്‌ അവർ പോയത്‌. പോകുന്ന വഴിക്കു​തന്നെ യേശു​വി​ലുള്ള അവരുടെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം ലഭിച്ചു. ആരോ​ഗ്യം തിരികെ ലഭി​ച്ചെന്നു കാണു​ക​യും അനുഭ​വി​ച്ച​റി​യു​ക​യും ചെയ്യാൻ അവർക്കാ​യി.

കുഷ്‌ഠ​രോ​ഗി​ക​ളിൽ ശുദ്ധരായ ഒമ്പതു പേർ യാത്ര തുടർന്നു. എന്നാൽ ശമര്യ​ക്കാ​ര​നായ ഒരാൾ തന്റെ യാത്ര നിറുത്തി യേശു​വി​നെ അന്വേ​ഷിച്ച്‌ തിരി​കെ​പ്പോ​യി. എന്തു​കൊ​ണ്ടാണ്‌? സംഭവിച്ച കാര്യ​ത്തിന്‌ യേശു​വി​നോ​ടു നന്ദി പറയാൻ ആ മനുഷ്യ​നു തോന്നി. തനിക്കു വീണ്ടും ആരോ​ഗ്യം ലഭിച്ച​തി​നു പിന്നിൽ യഥാർഥ​ത്തിൽ ദൈവ​മാ​ണു പ്രവർത്തി​ച്ച​തെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അയാൾ “ഉറക്കെ ദൈവത്തെ സ്‌തു​തി​ച്ചു.” (ലൂക്കോസ്‌ 17:15) യേശു​വി​നെ കണ്ടപ്പോൾ അയാൾ യേശു​വി​ന്റെ കാൽക്കൽ വീണ്‌ നന്ദി പറഞ്ഞു.

എല്ലാവ​രോ​ടു​മാ​യി യേശു ഇങ്ങനെ പറയുന്നു: “പത്തു പേരല്ലേ ശുദ്ധരാ​യത്‌? ബാക്കി ഒൻപതു പേർ എവിടെ? തിരി​ച്ചു​വന്ന്‌ ദൈവത്തെ സ്‌തു​തി​ക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്ക​ല്ലാ​തെ മറ്റാർക്കും തോന്നി​യി​ല്ലേ?” പിന്നെ യേശു ശമര്യ​ക്കാ​ര​നോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌.”​—ലൂക്കോസ്‌ 17:17-19.

പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ദൈവ​മായ യഹോ​വ​യു​ടെ പിന്തുണ തനിക്കു​ണ്ടാ​യി​രു​ന്നെന്ന്‌ യേശു കാണി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ അതിൽ ഒരാൾ സുഖ​പ്പെ​ടുക മാത്രമല്ല സാധ്യ​ത​യ​നു​സ​രിച്ച്‌ ജീവന്റെ പാതയി​ലേ​ക്കും വന്നിരി​ക്കു​ന്നു. അന്നത്തെ​പ്പോ​ലെ ഇന്ന്‌ ദൈവം യേശു​വി​നെ ഉപയോ​ഗിച്ച്‌ ആളുകളെ സുഖ​പ്പെ​ടു​ത്തു​ന്നില്ല. എന്നാൽ യേശു​വിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ നിത്യ​ജീ​വന്റെ പാതയിൽ നമുക്കും സഞ്ചരി​ക്കാ​നാ​കും. ശമര്യ​ക്കാ​ര​നായ മനുഷ്യൻ ചെയ്‌ത​തു​പോ​ലെ ലഭിക്കാൻപോ​കുന്ന നിത്യ​ജീ​വനു നന്ദിയു​ള്ള​വ​രാ​ണെന്നു നമ്മൾ കാണി​ക്കു​മോ?