വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 88

ധനിക​നും ലാസറി​നും വന്ന മാറ്റം

ധനിക​നും ലാസറി​നും വന്ന മാറ്റം

ലൂക്കോസ്‌ 16:14-31

  • ധനിക​ന്റെ​യും ലാസറി​ന്റെ​യും ദൃഷ്ടാ​ന്ത​കഥ

ധനത്തിന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ യേശു തന്റെ ശിഷ്യ​ന്മാർക്കു നല്ല ഉപദേശം നൽകി​യതേ ഉള്ളൂ. യേശു​വി​ന്റെ ശിഷ്യ​ന്മാർ മാത്രമല്ല അവി​ടെ​യു​ള്ളത്‌, പരീശ​ന്മാ​രു​മുണ്ട്‌. യേശു​വി​ന്റെ ഈ ഉപദേശം അവർ സ്വീക​രി​ക്കേ​ണ്ട​താണ്‌. എന്തു​കൊണ്ട്‌? കാരണം, അവർ ‘പണക്കൊ​തി​യ​ന്മാ​രാണ്‌.’ എന്നാൽ യേശു പറയു​ന്നതു കേട്ട്‌ അവർ ‘യേശു​വി​നെ പുച്ഛി​ക്കാൻ’ തുടങ്ങി.​—ലൂക്കോസ്‌ 15:2; 16:13, 14.

യേശു അത്‌ കേട്ട്‌ അവിടം വിട്ട്‌ പോയില്ല. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യ​രു​ടെ മുമ്പാകെ നീതി​മാ​ന്മാ​രെന്നു നടിക്കു​ന്ന​വ​രാ​ണു നിങ്ങൾ. എന്നാൽ ദൈവ​ത്തി​നു നിങ്ങളു​ടെ ഹൃദയം അറിയാം. മനുഷ്യ​രു​ടെ കണ്ണിൽ ശ്രേഷ്‌ഠ​മാ​യതു ദൈവ​മു​മ്പാ​കെ മ്ലേച്ഛമാണ്‌.”​—ലൂക്കോസ്‌ 16:15.

‘മനുഷ്യ​രു​ടെ കണ്ണിൽ ശ്രേഷ്‌ഠർ’ ആയിരു​ന്നു പരീശ​ന്മാർ. കാലങ്ങ​ളാ​യി അത്‌ അങ്ങനെ​യാണ്‌. എന്നാൽ ഈ സ്ഥിതി​വി​ശേഷം മാറാ​നുള്ള സമയം ഇപ്പോൾ വന്നിരി​ക്കു​ന്നു. ധാരാളം സമ്പത്തുള്ള, രാഷ്‌ട്രീ​യാ​ധി​കാ​ര​മുള്ള, മതസ്വാ​ധീ​ന​മുള്ള, ശ്രേഷ്‌ഠ​രാ​യി കണക്കാ​ക്ക​പ്പെട്ട അവരെ താഴ്‌ത്തേ​ണ്ട​താണ്‌. എന്നാൽ ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കുന്ന സാധാ​ര​ണ​ജ​നത്തെ ഉയർത്തണം. ഒരു വലിയ മാറ്റം സംഭവി​ക്കാൻ പോകു​ന്നെന്ന്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ വ്യക്തമാ​ക്കു​ന്നു:

“നിയമ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും യോഹ​ന്നാൻ വരെയാ​യി​രു​ന്നു. യോഹ​ന്നാ​ന്റെ കാലം​മു​തൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ ഒരു സന്തോ​ഷ​വാർത്ത​യാ​യി പ്രസം​ഗി​ച്ചു​വ​രു​ന്നു. എല്ലാ തരം ആളുക​ളും അങ്ങോട്ടു കടക്കാൻ കഠിന​ശ്രമം ചെയ്യുന്നു. ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​യാ​ലും നിയമ​ത്തി​ലെ ഒരു വള്ളിയോ പുള്ളി​യോ നിറ​വേ​റാ​തെ​പോ​കില്ല.” (ലൂക്കോസ്‌ 3:18; 16:16, 17) മാറ്റം സംഭവി​ക്കു​മെന്ന്‌ യേശു​വി​ന്റെ ഈ വാക്കുകൾ കാണി​ക്കു​ന്നത്‌ എങ്ങനെ?

ജൂതമ​ത​നേ​താ​ക്ക​ന്മാർ മോശ​യു​ടെ നിയമം അനുസ​രി​ക്കു​ന്ന​വ​രാ​ണെന്ന്‌ അഭിമാ​ന​പൂർവം അവകാ​ശ​പ്പെ​ട്ടി​രു​ന്നു. ഒരിക്കൽ, അന്ധനായ ഒരാൾക്ക്‌ യരുശ​ലേ​മിൽവെച്ച്‌ യേശു കാഴ്‌ച കൊടു​ത്ത​പ്പോൾ പരീശ​ന്മാർ അഹങ്കാ​ര​പൂർവം പറഞ്ഞത്‌ ഓർക്കു​ന്നി​ല്ലേ? “ഞങ്ങൾ മോശ​യു​ടെ ശിഷ്യ​ന്മാ​രാണ്‌. മോശ​യോ​ടു ദൈവം സംസാ​രി​ച്ചി​ട്ടു​ണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം.” (യോഹ​ന്നാൻ 9:13, 28, 29) ദൈവം അവർക്ക്‌ നിയമം നൽകി​യ​തി​ന്റെ ഒരു ഉദ്ദേശ്യം താഴ്‌മ​യു​ള്ള​വരെ മിശി​ഹ​യി​ലേക്കു നയിക്കുക എന്നതാ​യി​രു​ന്നു, അതായത്‌ യേശു​വി​ലേക്ക്‌. ആ യേശു​വി​നെ ദൈവ​ത്തി​ന്റെ കുഞ്ഞാ​ടാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ പരിച​യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 1:29-34) യോഹ​ന്നാ​ന്റെ ശുശ്രൂ​ഷ​മു​തൽ ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള’ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി. താഴ്‌മ​യുള്ള ജൂതന്മാർ, പ്രത്യേ​കിച്ച്‌ ദരി​ദ്ര​രിൽപ്പെട്ട താഴ്‌മ​യു​ള്ളവർ, അതിനു ശ്രദ്ധ​കൊ​ടു​ത്തു. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​യി​രി​ക്കാ​നും ആ രാജ്യ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാ​നും ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉള്ളതാ​യി​രു​ന്നു ഈ “സന്തോ​ഷ​വാർത്ത.”

മോശ​യു​ടെ നിയമം നിറ​വേ​റാ​തെ പോയില്ല. ജൂതന്മാ​രെ അത്‌ മിശി​ഹ​യി​ലേക്ക്‌ നയിച്ചു. എന്നാൽ താമസി​യാ​തെ അത്‌ അനുസ​രി​ക്കാ​നുള്ള കടപ്പാട്‌ അവസാ​നി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പല കാരണങ്ങൾ പറഞ്ഞ്‌ വിവാ​ഹ​മോ​ചനം ചെയ്യാൻ മോശ​യു​ടെ നിയമം അനുവ​ദി​ച്ചി​രു​ന്നു. എന്നാൽ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊരു സ്‌ത്രീ​യെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു. വിവാ​ഹ​മോ​ചി​തയെ വിവാഹം കഴിക്കു​ന്ന​വ​നും വ്യഭി​ചാ​രം ചെയ്യുന്നു.” (ലൂക്കോസ്‌ 16:18) തൊട്ട​തി​നും പിടി​ച്ച​തി​നും നിയമ​ത്തിൽ കടിച്ചു​തൂ​ങ്ങുന്ന പരീശ​ന്മാ​രെ യേശു​വി​ന്റെ ഈ പ്രസ്‌താ​വന എന്തുമാ​ത്രം പ്രകോ​പി​പ്പി​ച്ചി​രി​ക്കണം!

നടന്നു​കൊ​ണ്ടി​രി​ക്കുന്ന വലിയ മാറ്റത്തി​ന്റെ വ്യാപ്‌തി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാ​ന്തകഥ യേശു ഇപ്പോൾ പറയുന്നു. രണ്ടു പേരെ​ക്കു​റി​ച്ചു​ള്ള​താണ്‌ ഈ  കഥ. അവരുടെ അവസ്ഥ നാടകീ​യ​മായ വിധത്തിൽ മാറുന്നു. ഈ കഥ വായി​ക്കു​മ്പോൾ, ഒരു കാര്യം ഓർക്കുക. മനുഷ്യ​രു​ടെ പുകഴ്‌ച നേടുന്ന പണക്കൊ​തി​യ​ന്മാ​രായ പരീശ​ന്മാ​രു​മുണ്ട്‌ യേശു​വി​ന്റെ ഈ കഥ കേൾക്കാൻ.

യേശു പറഞ്ഞു​തു​ട​ങ്ങു​ന്നു: “ധനിക​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാൾ വില കൂടിയ പർപ്പിൾവസ്‌ത്ര​ങ്ങ​ളും ലിനൻവസ്‌ത്ര​ങ്ങ​ളും ധരിച്ച്‌ ആഡംബ​ര​ത്തോ​ടെ സുഖി​ച്ചു​ജീ​വി​ച്ചു. എന്നാൽ ദേഹമാ​സ​കലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാ​തിൽക്കൽ ഇരുത്താ​റു​ണ്ടാ​യി​രു​ന്നു. ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ വീഴു​ന്ന​തു​കൊണ്ട്‌ വിശപ്പ​ട​ക്കാ​മെന്ന ആഗ്രഹ​ത്തോ​ടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്‌ക്കൾ വന്ന്‌ ലാസറി​ന്റെ വ്രണങ്ങൾ നക്കും.”​—ലൂക്കോസ്‌ 16:19-21.

ഈ കഥയിൽ ‘ധനിക​നായ മനുഷ്യൻ’ എന്ന്‌ പറഞ്ഞ​പ്പോൾ പണക്കൊ​തി​യ​ന്മാ​രായ പരീശ​ന്മാ​രെ​ത്ത​ന്നെ​യാ​ണു യേശു ഉദ്ദേശി​ച്ചത്‌. വില കൂടിയ വിശേ​ഷ​വസ്‌ത്രങ്ങൾ ധരിച്ച്‌ നടക്കാൻ പ്രിയ​പ്പെ​ടു​ന്ന​വ​രാണ്‌ ഈ ജൂതമ​ത​നേ​താ​ക്ക​ന്മാർ. അവർക്കുള്ള സമ്പത്തിനു പുറമേ അവർക്ക്‌ വലിയ സ്ഥാനമാ​ന​ങ്ങ​ളും അവസര​ങ്ങ​ളും ഉണ്ടായി​രു​ന്നു. ആ രീതി​യി​ലും അവർ സമ്പന്നരാ​യി​രു​ന്നു. പർപ്പിൾ നിറമുള്ള വസ്‌ത്രം സമൂഹ​ത്തി​ലെ അവരുടെ ഉന്നതസ്ഥാ​ന​ത്തെ​യും വെള്ള നിറമുള്ള ലിനൻവസ്‌ത്രം അവരുടെ സ്വയനീ​തി​യെ​യും ആണ്‌ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌.​—ദാനി​യേൽ 5:7.

പണക്കൊ​തി​യ​ന്മാ​രും അഹങ്കാ​രി​ക​ളും ആയ ഈ നേതാ​ക്ക​ന്മാർ ദരി​ദ്ര​രും സാധാ​ര​ണ​ക്കാ​രും ആയ ആളുകളെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌? പരീശ​ന്മാർ അത്തരം ആളുകളെ അംഹാ​രെറ്റ്‌സ്‌, നിലത്തെ (ഭൂമി​യി​ലെ) ആളുകൾ, എന്നു വിളി​ച്ചു​കൊണ്ട്‌ അവജ്ഞ​യോ​ടെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. സാധാ​ര​ണ​ക്കാർക്ക്‌ മോശ​യു​ടെ നിയമം അറിയില്ല എന്നു മാത്രമല്ല അതു പഠിക്കാ​നുള്ള അർഹത​യും അവർക്കില്ല എന്നു പരീശ​ന്മാർ ചിന്തിച്ചു. (യോഹ​ന്നാൻ 7:49) ഈ സാഹച​ര്യ​ത്തെ നന്നായി ചിത്രീ​ക​രി​ക്കു​ന്ന​താണ്‌  ‘ലാസർ എന്നു പേരുള്ള ഒരു യാചകന്റെ അവസ്ഥ.’ അയാൾ “ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ ” വീഴു​ന്ന​തു​കൊ​ണ്ടാണ്‌ വിശപ്പ​ട​ക്കു​ന്നത്‌. ദേഹമാ​സ​കലം വ്രണങ്ങൾ നിറഞ്ഞ ലാസറി​നെ​പ്പോ​ലെ സാധാ​ര​ണ​ക്കാ​രായ ജനം ആത്മീയ രോഗാ​വ​സ്ഥ​യി​ലാ​ണെന്ന്‌ മുദ്ര​കു​ത്തി പരീശ​ന്മാർ അവരെ പുച്ഛ​ത്തോ​ടെ വീക്ഷിച്ചു.

കുറച്ച്‌ നാളായി ഈ സാഹച​ര്യം തുടരു​ന്നു. പക്ഷേ ധനിക​നെ​പ്പോ​ലെ​യും ലാസറി​നെ​പ്പോ​ലെ​യും ഉള്ളവർക്ക്‌ അവരുടെ ജീവി​ത​ത്തിൽ വലിയ ഒരു മാറ്റത്തി​നുള്ള സമയം വന്നെത്തി​യെന്ന്‌ യേശു​വിന്‌ അറിയാം.

ധനിക​നും ലാസറി​നും വന്ന വലിയ മാറ്റം

ധനിക​ന്റെ​യും ലാസറി​ന്റെ​യും ജീവി​ത​ത്തിൽ ഉണ്ടായ നാടകീ​യ​മായ മാറ്റ​ത്തെ​ക്കു​റിച്ച്‌ യേശു പറയുന്നു: “അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ആ യാചകൻ മരിച്ചു. ദൂതന്മാർ അയാളെ എടുത്തു​കൊ​ണ്ടു​പോ​യി അബ്രാ​ഹാ​മി​ന്റെ അടുത്ത്‌ ഇരുത്തി. ധനിക​നും മരിച്ചു. അയാളെ അടക്കം ചെയ്‌തു. ശവക്കു​ഴി​യിൽ ദണ്ഡനത്തി​ലാ​യി​രി​ക്കെ അയാൾ മുകളി​ലേക്കു നോക്കി, അങ്ങു ദൂരെ അബ്രാ​ഹാ​മി​നെ​യും അബ്രാ​ഹാ​മി​ന്റെ അടുത്ത്‌ ലാസറി​നെ​യും കണ്ടു.”—ലൂക്കോസ്‌ 16:22, 23.

യേശു​വി​നെ ശ്രദ്ധി​ക്കു​ന്ന​വർക്ക്‌ അറിയാം, അബ്രാ​ഹാം മരിച്ചിട്ട്‌ ഒരുപാട്‌ നാളാ​യെന്ന്‌. അബ്രാ​ഹാം ഉൾപ്പെടെ ശവക്കു​ഴി​യി​ലാ​യി​രി​ക്കുന്ന ആർക്കും കാണാ​നോ സംസാ​രി​ക്കാ​നോ കഴിയി​ല്ലെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 9:5, 10) പിന്നെ യേശു എന്താണ്‌ ഈ പറയു​ന്ന​തെന്ന്‌ പരീശ​ന്മാർ ചിന്തി​ച്ചി​രി​ക്കാം. സാധാ​ര​ണ​ക്കാ​രെ​യും പണക്കൊ​തി​യ​ന്മാ​രായ മതനേ​താ​ക്ക​ന്മാ​രെ​യും കുറിച്ച്‌ യേശു എന്തായി​രി​ക്കാം ഉദ്ദേശി​ച്ചത്‌?

“നിയമ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും യോഹ​ന്നാൻ വരെയാ​യി​രു​ന്നു. യോഹ​ന്നാ​ന്റെ കാലം​മു​തൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ ഒരു സന്തോ​ഷ​വാർത്ത​യാ​യി പ്രസം​ഗി​ച്ചു​വ​രു​ന്നു” എന്ന്‌ പറഞ്ഞു​കൊണ്ട്‌ യേശു ഒരു മാറ്റ​ത്തെ​ക്കു​റിച്ച്‌ കുറച്ച്‌ മുമ്പ്‌ സൂചി​പ്പി​ച്ചതേ ഉള്ളൂ. യോഹ​ന്നാ​ന്റെ​യും യേശു​ക്രിസ്‌തു​വി​ന്റെ​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തോ​ടെ​യാണ്‌ ധനവാ​നും ലാസറും ആലങ്കാ​രി​ക​മാ​യി ‘മരിക്കു​ന്നത്‌,’ അതായത്‌ അവരുടെ മുമ്പി​ലത്തെ സാഹച​ര്യം മാറി ദൈവ​ത്തോ​ടുള്ള ബന്ധത്തിൽ അവർ പുതിയ സ്ഥാനങ്ങ​ളി​ലാ​കു​ന്നു.

വ്യക്തമാ​യി പറഞ്ഞാൽ, താഴ്‌മ​യുള്ള ദരി​ദ്ര​വി​ഭാ​ഗം നാളു​ക​ളാ​യി ആത്മീയ​പോ​ഷണം ലഭിക്കാത്ത അവസ്ഥയി​ലാ​യി​രു​ന്നു. എന്നാൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സ്‌നാ​പ​ക​യോ​ഹ​ന്നാ​നും, പിന്നീട്‌ യേശു​വും അറിയി​ച്ച​പ്പോൾ അവർക്ക്‌ വേണ്ട ആത്മീയ​പോ​ഷണം ലഭിച്ചു. അവരിൽ പലരും ആ സന്ദേശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. മുമ്പ്‌ അവർക്ക്‌ മതനേ​താ​ക്ക​ന്മാ​രു​ടെ ‘ആത്മീയ മേശപ്പു​റ​ത്തു​നിന്ന്‌ വീഴു​ന്ന​തു​കൊണ്ട്‌ ’ തൃപ്‌തി​യ​ട​യ​ണ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ യേശു വിശദീ​ക​രി​ക്കുന്ന അത്ഭുത​ക​ര​മായ കാര്യ​ങ്ങ​ളി​ലൂ​ടെ അവർക്ക്‌ പ്രധാ​ന​പ്പെട്ട തിരു​വെ​ഴു​ത്തു​സ​ത്യ​ങ്ങൾ ലഭിക്കു​ന്നു. അങ്ങനെ ഒടുവിൽ അവർ ദൈവ​മായ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഒരു ഉന്നതമായ സ്ഥാന​ത്തേക്ക്‌ വന്നതു​പോ​ലെ​യാ​യി.

ഇതിനു നേർവി​പ​രീ​ത​മാ​യി, സമൂഹ​ത്തിൽ നല്ല സ്വാധീ​ന​മുള്ള സമ്പന്നരായ മതനേ​താ​ക്ക​ന്മാർ യോഹ​ന്നാൻ ഘോഷി​ച്ച​തും ദേശ​മൊ​ട്ടാ​കെ ഇപ്പോൾ യേശു പ്രസം​ഗി​ക്കു​ന്ന​തും ആയ ദൈവ​രാ​ജ്യ​സ​ന്ദേശം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ന്നു. (മത്തായി 3:1, 2; 4:17) മാത്രമല്ല ദൈവ​ത്തിൽനി​ന്നുള്ള ശക്തമായ ആ ന്യായ​വി​ധി​സ​ന്ദേശം അവരെ ദണ്ഡിപ്പി​ക്കു​ക​പോ​ലും ചെയ്‌തു, അതായത്‌ അവരെ പ്രകോ​പി​പ്പി​ച്ചു. (മത്തായി 3:7-12) യേശു​വും ശിഷ്യ​ന്മാ​രും ഈ സന്ദേശം പ്രസം​ഗി​ക്കു​ന്നത്‌ നിറു​ത്തു​ക​യാ​ണെ​ങ്കിൽ  അത്‌ പണക്കൊ​തി​യ​ന്മാ​രായ മതനേ​താ​ക്ക​ന്മാർക്ക്‌ ഒരു ആശ്വാ​സ​മാ​യി​രി​ക്കും. ദൃഷ്ടാ​ന്ത​ത്തി​ലെ ധനിക​നെ​പ്പോ​ലെ​യാണ്‌ ആ നേതാ​ക്ക​ന്മാർ. അവർ ഇങ്ങനെ പറയുന്നു: “അബ്രാ​ഹാം പിതാവേ, എന്നോടു കരുണ തോന്നി ലാസറി​നെ ഒന്ന്‌ അയയ്‌ക്കേ​ണമേ. ലാസർ വിരൽത്തു​മ്പു വെള്ളത്തിൽ മുക്കി എന്റെ നാവ്‌ തണുപ്പി​ക്കട്ടെ. ഞാൻ ഈ തീജ്വാ​ല​യിൽ കിടന്ന്‌ യാതന അനുഭ​വി​ക്കു​ക​യാ​ണ​ല്ലോ.”​—ലൂക്കോസ്‌ 16:24.

പക്ഷേ അവർ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ സംഭവി​ക്കില്ല. കാരണം മിക്ക മതനേ​താ​ക്ക​ന്മാ​രും മാറ്റം വരുത്താൻ തയ്യാറ​ല്ലാ​യി​രു​ന്നു. അവർ ‘മോശ​യു​ടെ​യും പ്രവാ​ച​ക​ന്മാ​രു​ടെ​യും വാക്കു കേൾക്കാൻ’ കൂട്ടാ​ക്കി​യില്ല. ആ ദൈവ​പ്ര​ചോ​ദി​ത​മായ കാര്യങ്ങൾ അറിയാ​മാ​യി​രുന്ന മതനേ​താ​ക്ക​ന്മാർ, യേശു​വി​നെ ദൈവ​ത്തി​ന്റെ മിശി​ഹ​യാ​യും രാജാ​വാ​യും അംഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. (ലൂക്കോസ്‌ 16:29, 31; ഗലാത്യർ 3:24) അവർക്കു താഴ്‌മ​യും ഇല്ല. യേശു​വി​നെ സ്വീക​രിച്ച്‌ ദൈവ​പ്രീ​തി​യി​ലേക്കു വന്ന ദരി​ദ്ര​രായ ആളുകൾ പറയു​ന്നതു കേൾക്കാൻ അവർക്കു മനസ്സു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ മതനേ​താ​ക്ക​ന്മാ​രെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നും ആശ്വസി​പ്പി​ക്കു​ന്ന​തി​നും വേണ്ടി യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു ചില വിട്ടു​വീഴ്‌ചകൾ ചെയ്യാ​നോ സത്യത്തിൽ വെള്ളം ചേർക്കാ​നോ പറ്റില്ല. ഈ സത്യാവസ്ഥ വ്യക്തമാ​ക്കു​ന്ന​താണ്‌ യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽ ‘അബ്രാ​ഹാം പിതാവ്‌ ’ ധനിക​നോ​ടു പറഞ്ഞ വാക്കുകൾ:

“മകനേ, ഓർക്കുക. നിന്റെ ആയുഷ്‌കാ​ലത്ത്‌ നീ സകല സുഖങ്ങ​ളും അനുഭ​വി​ച്ചു; ലാസറി​നാ​കട്ടെ എന്നും കഷ്ടപ്പാ​ടാ​യി​രു​ന്നു. ഇപ്പോ​ഴോ ലാസർ ഇവിടെ ആശ്വസി​ക്കു​ന്നു; നീ യാതന അനുഭ​വി​ക്കു​ന്നു. അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ വലി​യൊ​രു ഗർത്തവു​മുണ്ട്‌. അതു​കൊണ്ട്‌ ഇവി​ടെ​നിന്ന്‌ ആരെങ്കി​ലും നിങ്ങളു​ടെ അടു​ത്തേക്കു വരാ​മെ​ന്നു​വെ​ച്ചാൽ അതിനു കഴിയില്ല. അവി​ടെ​നി​ന്നു​ള്ള​വർക്കു ഞങ്ങളുടെ അടു​ത്തേ​ക്കും വരാൻ പറ്റില്ല.”​—ലൂക്കോസ്‌ 16:25, 26.

നാടകീ​യ​മാ​യ ഇത്ര വലി​യൊ​രു മാറ്റം എത്ര ന്യായ​വും ഉചിത​വും ആയിരു​ന്നു! അഹങ്കാ​രി​ക​ളായ മതനേ​താ​ക്ക​ന്മാ​രു​ടെ​യും യേശു​വി​ന്റെ നുകം ഏറ്റെടുത്ത താഴ്‌മ​യു​ള്ള​വ​രു​ടെ​യും സ്ഥാനങ്ങൾ മാറി​മ​റി​ഞ്ഞി​രി​ക്കു​ന്നു. യേശുവിന്റെ നുകം ഏറ്റെടു​ത്തി​രി​ക്കു​ന്നവർ ആത്മീയ​മാ​യി നവോ​ന്മേ​ഷി​ത​രും പോഷി​പ്പി​ക്ക​പ്പെ​ട്ട​വ​രും ആയിത്തീർന്നു. (മത്തായി 11:28-30) ഈ വലിയ മാറ്റം ഏതാനും മാസങ്ങൾക്കു​ള്ളിൽ കൂടുതൽ വ്യക്തമാ​കു​മാ​യി​രു​ന്നു, നിയമ ഉടമ്പടി മാറി പുതിയ ഉടമ്പടി വരു​മ്പോൾ. (യിരെമ്യ 31:31-33; കൊ​ലോ​സ്യർ 2:14; എബ്രായർ 8:7-13) ദൈവ​ത്തി​ന്റെ അംഗീ​കാ​രം പരീശ​ന്മാർക്കും അവരുടെ കൂട്ടാ​ളി​കൾക്കും അല്ല, യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു​ത​ന്നെ​യാ​ണെന്ന്‌ എ.ഡി. 33 പെന്തി​ക്കോസ്‌ത്‌ ദിവസ​ത്തിൽ വ്യക്തമാ​കു​മാ​യി​രു​ന്നു. കാരണം അന്ന്‌ ദൈവം യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു.