വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 7

ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു

ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു

മത്തായി 2:1-12

  • ഒരു ‘നക്ഷത്രത്തെ’ പിന്തു​ടർന്ന്‌ ജ്യോ​ത്സ്യ​ന്മാർ ആദ്യം യരുശ​ലേ​മി​ലേ​ക്കും പിന്നെ യേശു​വി​ന്റെ അടു​ത്തേ​ക്കും പോകു​ന്നു

കിഴക്കു​നിന്ന്‌ ചില പുരു​ഷ​ന്മാർ വരുന്നു. അവർ ജ്യോ​ത്സ്യ​ന്മാ​രാണ്‌. നക്ഷത്ര​ങ്ങ​ളു​ടെ സ്ഥാനം നോക്കി ആളുക​ളു​ടെ ജീവി​ത​ത്തിൽ നടക്കുന്ന സംഭവ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കാ​നാ​കും എന്നാണ്‌ അവരുടെ വാദം. (യശയ്യ 47:13) കിഴക്ക്‌ വീട്ടി​ലാ​യി​രി​ക്കു​മ്പോൾ അവർ ഒരു ‘നക്ഷത്രം’ കണ്ടു. അതിനെ പിന്തു​ടർന്ന്‌ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ യാത്ര ചെയ്‌ത്‌ അവർ യരുശ​ലേ​മിൽ എത്തുന്നു. ബേത്ത്‌ലെ​ഹെ​മി​ലേക്കല്ല അവർ പോയത്‌ എന്നോർക്കുക.

യരുശ​ലേ​മിൽ എത്തിയ ജ്യോ​ത്സ്യ​ന്മാർ ചോദി​ക്കു​ന്നു: “ജൂതന്മാ​രു​ടെ രാജാ​വാ​യി പിറന്നവൻ എവി​ടെ​യാണ്‌? കിഴക്കാ​യി​രു​ന്ന​പ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട്‌ ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്‌.”​—മത്തായി 2:1, 2.

യരുശ​ലേ​മി​ലെ ഹെരോദ്‌ രാജാവ്‌ ഇതെക്കു​റിച്ച്‌ കേൾക്കു​മ്പോൾ ആകെ അസ്വസ്ഥ​നാ​കു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം മുഖ്യ​പു​രോ​ഹി​ത​ന്മാ​രെ​യും മറ്റ്‌ ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യും വിളിച്ച്‌ ക്രിസ്‌തു ജനിക്കു​ന്നത്‌ എവി​ടെ​യാ​യി​രി​ക്കും എന്ന്‌ അന്വേ​ഷി​ക്കു​ന്നു. തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി അവർ പറയുന്നു: “ബേത്ത്‌ലെ​ഹെ​മിൽ.” (മത്തായി 2:5; മീഖ 5:2) ഇതു കേൾക്കു​മ്പോൾ ഹെരോദ്‌ ജ്യോ​ത്സ്യ​ന്മാ​രെ രഹസ്യ​മാ​യി വിളി​പ്പിച്ച്‌ അവരോ​ടു പറയുന്നു: “ചെന്ന്‌ കുട്ടിയെ കണ്ടുപി​ടി​ക്കാൻ നല്ലൊരു അന്വേ​ഷണം നടത്തുക. കണ്ടെത്തി​യാൽ ഉടൻ വന്ന്‌ എന്നെ അറിയി​ക്കണം. എനിക്കും ചെന്ന്‌ അവനെ വണങ്ങാ​മ​ല്ലോ.” (മത്തായി 2:8) എന്നാൽ കുഞ്ഞിനെ കൊല്ലു​ക​യാണ്‌ ഹെരോ​ദി​ന്റെ ലക്ഷ്യം!

ജ്യോ​ത്സ്യ​ന്മാർ അവി​ടെ​നിന്ന്‌ ഇറങ്ങു​മ്പോൾ അതിശ​യ​ക​ര​മായ ഒരു കാര്യം നടക്കുന്നു. കിഴക്കു​വെച്ച്‌ അവർ കണ്ട ആ ‘നക്ഷത്രം’ അവർക്കു മുമ്പേ നീങ്ങുന്നു. അത്‌ ഒരു സാധാരണ നക്ഷത്ര​മ​ല്ലെന്ന്‌ ഉറപ്പാണ്‌; അവരെ വഴിന​യി​ക്കാൻവേണ്ടി മാത്രം ഒരുക്കിയ ഒന്നാണ്‌ അത്‌. ജ്യോ​ത്സ്യ​ന്മാർ അതിനെ പിന്തു​ടർന്ന്‌ യാത്ര തുടരു​ന്നു. ഒടുവിൽ അത്‌ യോ​സേ​ഫും മറിയ​യും കുട്ടി​യും ഇപ്പോൾ താമസി​ക്കുന്ന വീടിനു മുകളിൽ ചെന്ന്‌ നിൽക്കു​ന്നു.

ജ്യോ​ത്സ്യ​ന്മാർ വീടിന്‌ അകത്ത്‌ ചെല്ലു​മ്പോൾ മറിയ​യെ​യും ഒപ്പം കുട്ടി​യെ​യും കാണുന്നു. യേശു​വി​നെ കണ്ടിട്ട്‌ അവർ കുമ്പി​ടു​ന്നു. സ്വർണ​വും കുന്തി​രി​ക്ക​വും മീറയും സമ്മാന​മാ​യി കൊടു​ക്കു​ക​യും ചെയ്യുന്നു. അതുക​ഴിഞ്ഞ്‌ അവർ ഹെരോ​ദി​ന്റെ അടു​ത്തേക്കു പോകാൻ തുടങ്ങു​മ്പോൾ അങ്ങനെ ചെയ്യരു​തെന്ന്‌ ദൈവം സ്വപ്‌ന​ത്തിൽ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. അതു​കൊണ്ട്‌ അവർ മറ്റൊരു വഴിയേ സ്വന്തം ദേശ​ത്തേക്കു മടങ്ങുന്നു.

ജ്യോ​ത്സ്യ​ന്മാർക്കു വഴി കാണി​ക്കാൻ ആ ‘നക്ഷത്രം’ ഒരുക്കി​യത്‌ ആരായി​രി​ക്കും? അത്‌ അവരെ ബേത്ത്‌ലെ​ഹെ​മി​ലുള്ള യേശു​വി​ന്റെ അടു​ത്തേക്ക്‌ നേരിട്ട്‌ നയിച്ചി​ല്ലെന്ന്‌ ഓർക്കുക. അത്‌ അവരെ യരുശ​ലേ​മി​ലേ​ക്കാ​ണു കൊണ്ടു​പോ​യത്‌. അവിടെ അവർ യേശു​വി​നെ കൊല്ലാൻ ആഗ്രഹിച്ച ഹെരോദ്‌ രാജാ​വി​നെ കാണാൻ ഇടയായി. ദൈവം ഇടപെട്ട്‌, യേശു എവി​ടെ​യാ​ണെന്ന കാര്യം ഹെരോ​ദി​നോ​ടു പറയരു​തെന്നു മുന്നറി​യി​പ്പു കൊടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അദ്ദേഹം യേശു​വി​നെ കൊല്ലു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ ശത്രു​വായ സാത്താ​നാ​ണു വാസ്‌ത​വ​ത്തിൽ യേശു​വി​നെ കൊല്ലി​ക്കാൻ നോക്കി​യത്‌. അതിനു​വേണ്ടി സാത്താൻ കണ്ടെത്തിയ മാർഗ​മാ​യി​രു​ന്നു ഇത്‌.