വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 5

യേശു ജനിച്ചത്‌ എവിടെ? എപ്പോൾ?

യേശു ജനിച്ചത്‌ എവിടെ? എപ്പോൾ?

ലൂക്കോസ്‌ 2:1-20

  • യേശു ബേത്ത്‌ലെ​ഹെ​മിൽ ജനിച്ചു

  • ശിശു​വായ യേശു​വി​നെ കാണാൻ ഇടയന്മാർ ചെല്ലുന്നു

റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ചക്രവർത്തി​യായ അഗസ്റ്റസ്‌ സീസർ, എല്ലാവ​രും പേര്‌ രേഖ​പ്പെ​ടു​ത്ത​ണ​മെന്ന്‌ ഒരു കല്‌പന പുറ​പ്പെ​ടു​വി​ച്ചു. അതു​കൊണ്ട്‌ യോ​സേ​ഫും മറിയ​യും ഇപ്പോൾ യോ​സേ​ഫി​ന്റെ ജന്മനാ​ട്ടി​ലേക്കു പോകണം. അത്‌ യരുശ​ലേ​മി​നു തെക്കുള്ള ബേത്ത്‌ലെ​ഹെം നഗരമാണ്‌.

പേര്‌ രേഖ​പ്പെ​ടു​ത്താൻ ബേത്ത്‌ലെ​ഹെ​മിൽ ധാരാളം ആളുകൾ വന്നിട്ടുണ്ട്‌. യോ​സേ​ഫി​നും മറിയ​യ്‌ക്കും താമസി​ക്കാൻ ആകെക്കൂ​ടി കിട്ടി​യത്‌ കഴുത​ക​ളു​ടെ​യും മറ്റു മൃഗങ്ങ​ളു​ടെ​യും ഒരു തൊഴു​ത്താണ്‌. അവി​ടെ​യാണ്‌ യേശു ജനിക്കു​ന്നത്‌. മറിയ തന്റെ കുഞ്ഞിനെ തുണി​ക​ളിൽ പൊതിഞ്ഞ്‌ മൃഗങ്ങൾക്കു തീറ്റ ഇട്ടു​കൊ​ടു​ക്കുന്ന പുൽത്തൊ​ട്ടി​യിൽ കിടത്തു​ന്നു.

അഗസ്റ്റസ്‌ സീസർ പേര്‌ രേഖ​പ്പെ​ടു​ത്താ​നുള്ള ഒരു കല്‌പന പുറ​പ്പെ​ടു​വി​ക്കു​ന്നെന്നു ദൈവം ഉറപ്പു​വ​രു​ത്തി​യി​രി​ക്കണം. എന്തു​കൊണ്ട്‌? കാരണം, യേശു​വി​ന്റെ പൂർവി​ക​നായ ദാവീദ്‌ രാജാ​വി​ന്റെ ജന്മനാ​ടായ ബേത്ത്‌ലെ​ഹെ​മിൽ യേശു ജനിക്കാൻ അത്‌ ഇടയാക്കി. ദൈവം വാഗ്‌ദാ​നം ചെയ്‌ത ഭരണാ​ധി​കാ​രി ജനിക്കു​ന്നത്‌ അവി​ടെ​യാ​യി​രി​ക്കു​മെന്നു വളരെ​ക്കാ​ലം മുമ്പേ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രു​ന്നു.​—മീഖ 5:2.

എത്ര സുപ്ര​ധാ​ന​മായ ഒരു രാത്രി! വയലി​ലാ​യി​രുന്ന ഒരു കൂട്ടം ഇടയന്മാർ തങ്ങൾക്കു ചുറ്റും ഉജ്ജ്വല​മായ ഒരു പ്രകാശം കാണുന്നു. അത്‌ യഹോ​വ​യു​ടെ തേജസ്സാണ്‌! ദൈവ​ദൂ​ത​ന്മാ​രിൽ ഒരാൾ ഇടയന്മാ​രോ​ടു പറയുന്നു: “പേടി​ക്കേണ്ടാ! ഒരു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌. എല്ലാ മനുഷ്യർക്കും ലഭിക്കാൻപോ​കുന്ന ഒരു മഹാസ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത! നിങ്ങളു​ടെ രക്ഷകൻ ഇന്നു ദാവീ​ദി​ന്റെ നഗരത്തിൽ ജനിച്ചി​രി​ക്കു​ന്നു. കർത്താ​വായ ക്രിസ്‌തു​വാണ്‌ അത്‌. നിങ്ങൾക്കുള്ള അടയാളം ഇതാണ്‌: തുണി​ക​ളിൽ പൊതിഞ്ഞ്‌ പുൽത്തൊ​ട്ടി​യിൽ കിടത്തി​യി​രി​ക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ കാണും.” പെട്ടെന്നു കുറെ​യ​ധി​കം ദൈവ​ദൂ​ത​ന്മാർ പ്രത്യ​ക്ഷ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം. ഭൂമി​യിൽ ദൈവ​പ്ര​സാ​ദ​മുള്ള മനുഷ്യർക്കു സമാധാ​നം.”​—ലൂക്കോസ്‌ 2:10-14.

ദൈവ​ദൂ​ത​ന്മാർ പോയ​പ്പോൾ ഇടയന്മാർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: “നമുക്ക്‌ എന്തായാ​ലും ബേത്ത്‌ലെ​ഹെം വരെ പോകാം. യഹോവ നമ്മളെ അറിയിച്ച ഈ സംഭവം എന്താ​ണെന്നു നോക്കി​യിട്ട്‌ വരാം.” (ലൂക്കോസ്‌ 2:15) അവർ പെട്ടെ​ന്നു​തന്നെ പുറ​പ്പെ​ടു​ന്നു. അവിടെ ചെല്ലു​മ്പോൾ ദൈവ​ദൂ​തൻ പറഞ്ഞതു​പോ​ലെ​തന്നെ നവജാ​ത​ശി​ശു​വായ യേശു​വി​നെ കാണുന്നു. ദൈവ​ദൂ​തൻ തങ്ങളോ​ടു പറഞ്ഞതി​നെ​ക്കു​റിച്ച്‌ ഇടയന്മാർ വിവരി​ച്ച​പ്പോൾ കേട്ടവർക്കെ​ല്ലാം അതിശ​യ​മാ​യി. മറിയ അതെല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹിച്ച്‌ അതെക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നു.

യേശു ജനിച്ചതു ഡിസംബർ 25-നാണെന്ന്‌ ഇന്നു പലരും വിശ്വ​സി​ക്കു​ന്നു. പക്ഷേ ബേത്ത്‌ലെ​ഹെ​മി​നും ചുറ്റു​വ​ട്ട​ത്തും ഡിസംബർ മാസത്തിൽ നല്ല മഴയും തണുപ്പും ആണ്‌. ചില​പ്പോൾ മഞ്ഞു വീഴു​ക​പോ​ലും ചെയ്യാ​റുണ്ട്‌. ആ സമയത്ത്‌ ആടുക​ളെ​യും​കൊണ്ട്‌ ഇടയന്മാർ രാത്രി​കാ​ലത്ത്‌ വെളി​യിൽ തങ്ങാൻ ഒരു സാധ്യ​ത​യു​മില്ല. മാത്രമല്ല, റോമാ ചക്രവർത്തി ഈ സമയത്ത്‌ പേര്‌ രേഖ​പ്പെ​ടു​ത്താൻ ജനങ്ങ​ളോട്‌ ആവശ്യ​പ്പെ​ടാ​നും തീരെ വഴിയില്ല. കാരണം ജനങ്ങൾ അപ്പോൾത്തന്നെ ചക്രവർത്തി​യോട്‌ അത്ര രസത്തി​ല​ല്ലാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഇത്ര തണുപ്പുള്ള സമയത്ത്‌ ദിവസ​ങ്ങ​ളോ​ളം യാത്ര ചെയ്‌ത്‌ അവിടെ വരാൻ ചക്രവർത്തി ആവശ്യ​പ്പെ​ടു​മോ? ഒരു സാധ്യ​ത​യു​മില്ല. അതു​കൊണ്ട്‌ തെളി​വ​നു​സ​രിച്ച്‌ യേശു ജനിച്ചത്‌ ഒക്‌ടോ​ബർ മാസത്തിൽ എപ്പോ​ഴെ​ങ്കി​ലും ആയിരി​ക്കണം.