വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 78

വിശ്വസ്‌ത​നായ കാര്യസ്ഥാ, ഒരുങ്ങി​യി​രി​ക്കുക!

വിശ്വസ്‌ത​നായ കാര്യസ്ഥാ, ഒരുങ്ങി​യി​രി​ക്കുക!

ലൂക്കോസ്‌ 12:35-59

  • വിശ്വസ്‌ത​നായ കാര്യസ്ഥൻ ഒരുങ്ങി​യി​രി​ക്കണം

  • ഭിന്നത വരുത്താൻ യേശു വരുന്നു

ഒരു ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നു’ മാത്രമേ സ്വർഗ​രാ​ജ്യ​ത്തിൽ ഇടം കിട്ടു​ക​യു​ള്ളൂ എന്നു യേശു വിശദീ​ക​രി​ച്ചു. (ലൂക്കോസ്‌ 12:32) പക്ഷേ, മഹത്തായ ആ പ്രതി​ഫലം കിട്ടുക എന്നതു നിസ്സാ​ര​മാ​യി കാണേണ്ട ഒന്നല്ല. സ്വർഗ​രാ​ജ്യ​ത്തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു യേശു തുടർന്ന്‌ പറയുന്നു.

താൻ മടങ്ങി​വ​രുന്ന സമയത്തി​നു​വേണ്ടി ഒരുങ്ങി​യി​രി​ക്കാ​നാ​ണു യേശു ശിഷ്യ​ന്മാ​രെ ഉപദേ​ശി​ക്കു​ന്നത്‌. യേശു പറയുന്നു: “നിങ്ങൾ വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക. നിങ്ങളു​ടെ വിളക്ക്‌ എപ്പോ​ഴും കത്തിനിൽക്കട്ടെ. വിവാ​ഹ​ത്തി​നു പോയിട്ട്‌ മടങ്ങി​വ​രുന്ന യജമാനൻ വാതി​ലിൽ മുട്ടു​മ്പോൾത്തന്നെ വാതിൽ തുറന്നു​കൊ​ടു​ക്കാൻ കാത്തി​രി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാ​യി​രി​ക്കണം നിങ്ങൾ. യജമാനൻ വരു​മ്പോൾ ഉണർന്നി​രി​ക്കു​ന്ന​താ​യി കാണുന്ന ദാസന്മാർക്കു സന്തോ​ഷി​ക്കാം.”​—ലൂക്കോസ്‌ 12:35-37.

ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു വിവരി​ക്കുന്ന ആ മനോ​ഭാ​വം ശിഷ്യ​ന്മാർക്കു പെട്ടെന്നു പിടി​കി​ട്ടു​ന്നു. യേശു പറയുന്ന ദാസന്മാർ, യജമാനൻ വരു​മ്പോൾ സ്വീക​രി​ക്കാൻ തയ്യാറാ​യി കാത്തി​രി​ക്കു​ക​യാണ്‌. “(യജമാനൻ) വരുന്നതു രണ്ടാം യാമത്തി​ലോ (രാത്രി ഏകദേശം ഒൻപതു മണിമു​തൽ അർധരാ​ത്രി​വ​രെ​യുള്ള സമയം.) മൂന്നാം യാമത്തി​ലോ (അർധരാ​ത്രി​മു​തൽ അതിരാ​വി​ലെ ഏകദേശം മൂന്നു മണിവ​രെ​യുള്ള സമയം.) ആയാലും അവർ തയ്യാറാ​യി​നിൽക്കു​ന്നെ​ങ്കിൽ അവർക്കു സന്തോ​ഷി​ക്കാം.”​—ലൂക്കോസ്‌ 12:38.

ദാസന്മാ​രും വീട്ടു​വേ​ല​ക്കാ​രും ആത്മാർഥ​ത​യു​ള്ളവർ ആയിരി​ക്ക​ണ​മെ​ങ്കി​ലും അതെക്കു​റി​ച്ചല്ല യേശു ഇവിടെ പറയു​ന്നത്‌. കാരണം മനുഷ്യപുത്രനെക്കുറിച്ച്‌ പറഞ്ഞു​കൊണ്ട്‌ ആ ദൃഷ്ടാ​ന്ത​ത്തിൽ യേശു തന്നെത്തന്നെ ഉൾപ്പെ​ടു​ത്തു​ന്നുണ്ട്‌. യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “മനുഷ്യ​പു​ത്രൻ വരുന്ന​തും നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കണം.” (ലൂക്കോസ്‌ 12:40) ഭാവി​യിൽ ഒരു സമയത്ത്‌ യേശു വരു​മെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌. ആ സമയത്ത്‌ തന്റെ അനുഗാ​മി​കൾ, പ്രത്യേ​കിച്ച്‌ ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തിൽപ്പെ​ട്ടവർ,’ ഒരുങ്ങി​യി​രി​ക്കാൻ യേശു പ്രതീ​ക്ഷി​ക്കു​ന്നു.

പത്രോ​സി​നു യേശു പറഞ്ഞതി​ന്റെ അർഥം കുറച്ചു​കൂ​ടി വ്യക്തമാ​യി മനസ്സി​ലാ​ക്ക​ണ​മെ​ന്നുണ്ട്‌. അതു​കൊണ്ട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “കർത്താവേ, അങ്ങ്‌ ഈ ദൃഷ്ടാന്തം പറയു​ന്നതു ഞങ്ങൾക്കു​വേണ്ടി മാത്ര​മോ? അതോ എല്ലാവർക്കും​വേ​ണ്ടി​യോ?” പത്രോ​സി​ന്റെ ചോദ്യ​ത്തി​നു നേരിട്ട്‌ ഉത്തരം കൊടു​ക്കു​ന്ന​തി​നു പകരം അതി​നോ​ടു സാമ്യ​മുള്ള മറ്റൊരു ദൃഷ്ടാന്തം യേശു പറയുന്നു: “തന്റെ പരിചാ​ര​ക​ഗ​ണ​ത്തി​നു തക്കസമ​യത്ത്‌ മുടങ്ങാ​തെ ആഹാര​വി​ഹി​തം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമി​ക്കുന്ന വിശ്വസ്‌ത​നും വിവേ​കി​യും ആയ കാര്യസ്ഥൻ ആരാണ്‌? ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യു​ന്ന​താ​യി, യജമാനൻ വരു​മ്പോൾ കാണു​ന്നെ​ങ്കിൽ ആ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാം. യജമാനൻ തന്റെ എല്ലാ സ്വത്തു​ക്ക​ളു​ടെ​യും ചുമതല അയാളെ ഏൽപ്പി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—ലൂക്കോസ്‌ 12:41-44.

നേരത്തേ പറഞ്ഞ ദൃഷ്ടാ​ന്ത​ത്തി​ലെ “യജമാനൻ” മനുഷ്യ​പു​ത്ര​നായ യേശു​വാ​ണെന്ന കാര്യ​ത്തിൽ സംശയ​മില്ല. അതു​കൊണ്ട്‌ യേശു രാജ്യം കൊടു​ക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിൽപ്പെ​ട്ട​വ​രിൽ ചിലരാ​യി​രി​ക്കണം ‘വിശ്വസ്‌ത​നായ കാര്യസ്ഥൻ.’ (ലൂക്കോസ്‌ 12:32) മനുഷ്യ​പു​ത്രൻ വരു​മ്പോൾ ഈ കൂട്ടത്തിൽപ്പെട്ട ചിലർ “പരിചാ​ര​ക​ഗ​ണ​ത്തി​നു” ‘മുടങ്ങാ​തെ തക്കസമ​യത്തെ ആഹാര​വി​ഹി​തം’ കൊടു​ത്തു​കൊണ്ട്‌ അവരെ പരി​പോ​ഷി​പ്പി​ക്കും എന്നാണ്‌ യേശു പറഞ്ഞത്‌. ഇപ്പോൾ പത്രോ​സി​നെ​യും മറ്റു ശിഷ്യ​ന്മാ​രെ​യും പഠിപ്പി​ക്കാ​നും ആത്മീയ​മാ​യി പോഷി​പ്പി​ക്കാ​നും യേശു കൂടെ​യുണ്ട്‌. അതു​കൊണ്ട്‌ ദൈവ​പു​ത്രൻ ഭാവി​യിൽ ഒരു സമയത്ത്‌ വരു​മെ​ന്നും യേശു​വി​ന്റെ അനുഗാ​മി​ക​ളായ, യജമാ​നന്റെ “പരിചാ​ര​കഗണ”ത്തെ ആത്മീയ​മാ​യി പരി​പോ​ഷി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു ക്രമീ​ക​രണം ആ കാലഘ​ട്ട​ത്തിൽ ഉണ്ടായി​രി​ക്കു​മെ​ന്നും അവർക്കു നിഗമനം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു.

ശിഷ്യ​ന്മാർ ഉണർവോ​ടി​രുന്ന്‌ അവരുടെ മനോ​ഭാ​വ​ത്തി​നു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു മറ്റൊരു വിധത്തിൽ ഊന്നി​പ്പ​റ​യു​ന്നു. കാരണം അവർ അലസരാ​കാ​നോ കൂടെ​യു​ള്ള​വരെ എതിർക്കാൻപോ​ലു​മോ സാധ്യ​ത​യുണ്ട്‌. “ആ അടിമ എന്നെങ്കി​ലും, ‘എന്റെ യജമാനൻ വരാൻ വൈകു​ന്നു’ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌ ദാസന്മാ​രെ​യും ദാസി​മാ​രെ​യും അടിക്കാ​നും തിന്നു​കു​ടിച്ച്‌ മത്തനാ​കാ​നും തുടങ്ങു​ന്നെ​ങ്കിൽ അയാൾ പ്രതീ​ക്ഷി​ക്കാത്ത ദിവസം, അയാൾക്ക്‌ അറിയി​ല്ലാത്ത സമയത്ത്‌ യജമാനൻ വന്ന്‌ അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌ വിശ്വസ്‌ത​ര​ല്ലാ​ത്ത​വ​രു​ടെ കൂട്ടത്തി​ലേക്കു തള്ളും.”​—ലൂക്കോസ്‌ 12:45, 46.

“ഭൂമി​യിൽ ഒരു തീ കൊളു​ത്താ​നാ​ണു ഞാൻ വന്നത്‌ ” എന്നു യേശു പറയുന്നു. അതുത​ന്നെ​യാ​ണു യേശു ചെയ്‌ത​തും. കോളി​ളക്കം സൃഷ്ടി​ക്കുന്ന ചൂടു​പി​ടിച്ച വിഷയങ്ങൾ യേശു അവതരി​പ്പി​ച്ചു. വ്യാജ​മായ പഠിപ്പി​ക്ക​ലു​ക​ളും പാരമ്പ​ര്യ​ങ്ങ​ളും തുറന്നു​കാ​ട്ടി. അതിന്റെ ഫലമായി ഒത്തൊ​രു​മ​യോ​ടെ കഴി​യേ​ണ്ട​വർക്കി​ട​യിൽപ്പോ​ലും ഭിന്നത  ഉണ്ടാകു​ന്നു. അങ്ങനെ “അപ്പൻ മകനോ​ടും മകൻ അപ്പനോ​ടും, അമ്മ മകളോ​ടും മകൾ അമ്മയോ​ടും, അമ്മായി​യമ്മ മരുമ​ക​ളോ​ടും മരുമകൾ അമ്മായി​യ​മ്മ​യോ​ടും” ഭിന്നി​ച്ചി​രി​ക്കു​ന്നു.​—ലൂക്കോസ്‌ 12:49, 53.

യേശു ഈ കാര്യ​ങ്ങ​ളെ​ല്ലാം പ്രത്യേ​കിച്ച്‌ ശിഷ്യ​ന്മാ​രെ മനസ്സിൽക്കണ്ട്‌ പറഞ്ഞതാ​യി​രു​ന്നു. ഇപ്പോൾ യേശു ജനക്കൂ​ട്ട​ത്തി​നു നേരെ തിരിഞ്ഞ്‌ സംസാ​രി​ക്കു​ന്നു. താൻ മിശി​ഹ​യാ​ണെ​ന്ന​തി​ന്റെ തെളി​വു​കൾക്കു നേരെ അവർ മനഃപൂർവം കണ്ണടയ്‌ക്കു​ന്ന​തു​കൊണ്ട്‌ യേശു അവരോ​ടു പറയുന്നു: “പടിഞ്ഞാ​റു​നിന്ന്‌ ഒരു മേഘം ഉയരു​ന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവി​ക്കു​ക​യും ചെയ്യും. ഒരു തെക്കൻ കാറ്റു വീശു​ന്നതു കാണു​മ്പോൾ ‘കടുത്ത ചൂടു​ണ്ടാ​കും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവി​ക്കു​ന്നു. കപടഭ​ക്തരേ, ഭൂമി​യു​ടെ​യും ആകാശ​ത്തി​ന്റെ​യും ഭാവമാ​റ്റങ്ങൾ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്നുണ്ട്‌. എന്നാൽ ഈ കാലത്തെ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയാ​ത്തത്‌ എന്താണ്‌?” (ലൂക്കോസ്‌ 12:54-56) അവർ മിശി​ഹയെ അംഗീ​ക​രി​ക്കാൻ തയ്യാറല്ല! അതെ, അവർ ഒരുങ്ങി​യി​ട്ടില്ല.