വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 80

നല്ല ഇടയനും ആട്ടിൻതൊ​ഴു​ത്തും

നല്ല ഇടയനും ആട്ടിൻതൊ​ഴു​ത്തും

യോഹ​ന്നാൻ 10:1-21

  • നല്ല ഇടയ​നെ​യും ആട്ടിൻതൊ​ഴു​ത്തി​നെ​യും കുറിച്ച്‌ യേശു പറയുന്നു

യേശു ഇപ്പോ​ഴും യഹൂദ്യ​യിൽത്ത​ന്നെ​യാണ്‌. അവിടെ ആളുകളെ പഠിപ്പി​ക്കു​മ്പോൾ അവർക്കു ഭാവന​യിൽ കാണാ​നാ​കുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ യേശു പറയുന്നു​—ആടും ആട്ടിൻതൊ​ഴു​ത്തും! പക്ഷേ യേശു ഇതു പറയു​ന്നത്‌ ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌. അതു കേട്ട​പ്പോൾ ദാവീ​ദി​ന്റെ വാക്കുകൾ ഒരുപക്ഷേ ആ ജൂതന്മാ​രു​ടെ മനസ്സിൽവ​ന്നി​ട്ടു​ണ്ടാ​കും. “യഹോവ എന്റെ ഇടയൻ. എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല. പച്ചപ്പുൽപ്പു​റ​ങ്ങ​ളിൽ ദൈവം എന്നെ കിടത്തു​ന്നു.” (സങ്കീർത്തനം 23:1, 2) മറ്റൊരു സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “നമുക്ക്‌ ആരാധി​ക്കാം, കുമ്പി​ടാം; നമ്മെ ഉണ്ടാക്കിയ യഹോ​വ​യു​ടെ മുന്നിൽ മുട്ടു​കു​ത്താം. അവനല്ലോ നമ്മുടെ ദൈവം; നമ്മൾ ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റ​ത്തു​ള്ളവർ.” (സങ്കീർത്തനം 95:6, 7) അതെ, ദൈവ​നി​യ​മ​ത്തിൻകീ​ഴി​ലുള്ള ഇസ്രാ​യേ​ല്യ​രെ പണ്ടു മുതലേ ആട്ടിൻപ​റ്റ​ത്തോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌.

ഒരു ‘ആട്ടിൻതൊ​ഴു​ത്തിൽ’ ആയിരു​ന്നു ഈ ‘ആടുകൾ.’ കാരണം അവർ മോശ​യി​ലൂ​ടെ ഇസ്രാ​യേൽ ജനതയു​മാ​യി ചെയ്‌ത ഉടമ്പടി​യിൻകീ​ഴി​ലാ​യി​രു​ന്നു. അവർക്കു കൊടുത്ത ആ നിയമം മറ്റു ജനതക​ളു​ടെ ദുഷി​പ്പി​ക്കുന്ന ആചാര​ങ്ങ​ളിൽനിന്ന്‌ അവരെ സംരക്ഷി​ച്ചു​കൊണ്ട്‌ ഒരു മതിലാ​യി ഉതകി. എന്നാൽ ചില ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റ​ത്തോ​ടു മോശ​മാ​യി പെരു​മാ​റി. യേശു പറയുന്നു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആട്ടിൻതൊ​ഴു​ത്തി​ലേക്കു വാതി​ലി​ലൂ​ടെ​യ​ല്ലാ​തെ വേറെ വഴിക്കു കയറു​ന്ന​യാൾ കള്ളനും കവർച്ച​ക്കാ​ര​നും ആണ്‌. വാതി​ലി​ലൂ​ടെ കടക്കു​ന്ന​യാ​ളാണ്‌ ആടുക​ളു​ടെ ഇടയൻ.”​—യോഹ​ന്നാൻ 10:1, 2.

മിശിഹ അല്ലെങ്കിൽ ക്രിസ്‌തു ആണെന്ന്‌ അവകാ​ശ​പ്പെട്ട ചില ആളുക​ളെ​ക്കു​റിച്ച്‌ ഇവർ ഒരുപക്ഷേ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. അവർ കള്ളന്മാ​രെ​യും കവർച്ച​ക്കാ​രെ​യും പോ​ലെ​യാ​യി​രു​ന്നു. അത്തരം വഞ്ചകരു​ടെ പിന്നാലെ ആളുകൾ പോക​രുത്‌. പകരം അവർ ‘ആടുക​ളു​ടെ ഇടയനെ’ അനുഗ​മി​ക്കണം. ആ ഇടയ​നെ​ക്കു​റിച്ച്‌ യേശു പറയുന്നു:

“വാതിൽക്കാ​വൽക്കാ​രൻ അയാൾക്കു വാതിൽ തുറന്നു​കൊ​ടു​ക്കു​ന്നു. ആടുകൾ അയാളു​ടെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. അയാൾ തന്റെ ആടുകളെ പേരെ​ടുത്ത്‌ വിളിച്ച്‌ പുറ​ത്തേക്കു കൊണ്ടു​പോ​കു​ന്നു. തന്റെ ആടുക​ളെ​യെ​ല്ലാം പുറത്ത്‌ ഇറക്കി​യിട്ട്‌ അയാൾ മുമ്പേ നടക്കുന്നു. അയാളു​ടെ ശബ്ദം പരിച​യ​മു​ള്ള​തു​കൊണ്ട്‌ ആടുകൾ അയാളെ അനുഗ​മി​ക്കു​ന്നു. ഒരു അപരി​ചി​തനെ അവ ഒരിക്ക​ലും അനുഗ​മി​ക്കില്ല. അവ അയാളു​ടെ അടുത്തു​നിന്ന്‌ ഓടി​പ്പോ​കും. കാരണം അപരി​ചി​ത​രു​ടെ ശബ്ദം അവയ്‌ക്കു പരിച​യ​മില്ല.”​—യോഹ​ന്നാൻ 10:3-5.

ഒരു വാതിൽക്കാ​വൽക്കാ​ര​നെ​പ്പോ​ലെ പ്രവർത്തിച്ച സ്‌നാ​പ​ക​യോ​ഹ​ന്നാൻ മുമ്പ്‌ യേശു ആരാ​ണെന്ന്‌ തിരി​ച്ച​റി​യി​ച്ചു. മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൻകീ​ഴി​ലുള്ള ആ ആടുകൾ അനുഗ​മി​ക്കേണ്ട വ്യക്തി​യാ​ണു യേശു എന്നാണു യോഹ​ന്നാൻ പറഞ്ഞത്‌. ഗലീല​യി​ലും ഇപ്പോൾ യഹൂദ്യ​യിൽത്ത​ന്നെ​യു​മുള്ള ചില ആടുകൾ യേശു​വി​ന്റെ ശബ്ദം തിരി​ച്ച​റി​ഞ്ഞു. യേശു അവരെ എങ്ങോ​ട്ടാ​ണു ‘കൊണ്ടു​പോ​കു​ന്നത്‌?’ യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തി​ന്റെ ഫലം എന്താണ്‌? ഇത്തരം സംശയങ്ങൾ യേശു​വി​ന്റെ ഈ ദൃഷ്ടാന്തം കേട്ടു​കൊ​ണ്ടി​രുന്ന ചിലരു​ടെ​യെ​ങ്കി​ലും മനസ്സിൽവ​ന്നി​രി​ക്കാം. കാരണം ‘യേശു പറഞ്ഞതി​ന്റെ അർഥം അവർക്കു മനസ്സി​ലാ​യില്ല.’​—യോഹ​ന്നാൻ 10:6.

യേശു വിശദീ​ക​രി​ക്കു​ന്നു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആടുക​ളു​ടെ വാതിൽ ഞാനാണ്‌. ഞാനാ​ണെന്ന മട്ടിൽ വന്നവ​രൊ​ക്കെ കള്ളന്മാ​രും കവർച്ച​ക്കാ​രും ആണ്‌. ആടുകൾ എന്തായാ​ലും അവർക്കു ശ്രദ്ധ കൊടു​ത്തില്ല. വാതിൽ ഞാനാണ്‌. എന്നിലൂ​ടെ കടക്കുന്ന ഏതൊ​രാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത്‌ കടക്കു​ക​യും പുറത്ത്‌ പോകു​ക​യും മേച്ചിൽപ്പു​റം കണ്ടെത്തു​ക​യും ചെയ്യും.”​—യോഹ​ന്നാൻ 10:7-9.

തികച്ചും പുതിയ ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ യേശു ഇപ്പോൾ പറയു​ന്നത്‌. നൂറ്റാ​ണ്ടു​ക​ളാ​യി നിലവി​ലു​ണ്ടാ​യി​രുന്ന ആ നിയമ ഉടമ്പടി​യു​ടെ വാതിൽ യേശു അല്ലെന്ന്‌ അവിടെ കേട്ടു​കൊ​ണ്ടി​രു​ന്ന​വർക്ക്‌ അറിയാം. അതു​കൊണ്ട്‌ യേശു പറയു​ന്നത്‌, താൻ പുറ​ത്തേക്കു ‘കൊണ്ടു​പോ​കുന്ന’ ഈ ആടുകൾ മറ്റൊരു ആട്ടിൻതൊ​ഴു​ത്തിൽ പ്രവേ​ശി​ക്കണം എന്നായി​രി​ക്കാം. അങ്ങനെ പ്രവേ​ശി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌?

തന്റെ പങ്കി​നെ​ക്കു​റിച്ച്‌ യേശു കൂടു​ത​ലാ​യി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഞാൻ വന്നത്‌ അവർക്കു ജീവൻ കിട്ടേ​ണ്ട​തി​നാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേ​ണ്ട​തിന്‌. ഞാനാണു നല്ല ഇടയൻ. നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്നു.” (യോഹ​ന്നാൻ 10:10, 11) മുമ്പ്‌ തന്റെ ശിഷ്യ​ന്മാ​രെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “ചെറിയ ആട്ടിൻകൂ​ട്ടമേ, പേടി​ക്കേണ്ടാ. രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളു​ടെ പിതാവ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.” (ലൂക്കോസ്‌ 12:32) “ചെറിയ ആട്ടിൻകൂട്ട”ത്തെയാണ്‌ യേശു പുതിയ ആട്ടിൻതൊ​ഴു​ത്തി​ലേക്കു കൊണ്ടു​പോ​കു​ന്നത്‌. “അവർക്കു ജീവൻ കിട്ടേ​ണ്ട​തി​നാണ്‌, അതു സമൃദ്ധ​മാ​യി കിട്ടേ​ണ്ട​തിന്‌ ” ആണ്‌ അങ്ങനെ ചെയ്യു​ന്നത്‌. ആ ആട്ടിൻപ​റ്റ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌!

 പക്ഷേ യേശു അവിടം​കൊണ്ട്‌ അവസാ​നി​പ്പി​ക്കു​ന്നില്ല. യേശു ഇങ്ങനെ​യും പറയുന്നു: “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌. അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വ​രേ​ണ്ട​താണ്‌. അവയും എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.” (യോഹ​ന്നാൻ 10:16) “ഈ തൊഴു​ത്തിൽപ്പെ​ടാത്ത”വരാണു ‘വേറെ ആടുകൾ.’ അതു​കൊണ്ട്‌ രാജ്യം അവകാ​ശ​മാ​ക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റേ​ത​ല്ലാത്ത മറ്റൊരു തൊഴു​ത്തിൽപ്പെ​ട്ട​വ​രാ​യി​രി​ക്കണം അവർ. ഈ രണ്ടു തൊഴു​ത്തിൽപ്പെട്ട ആടുകൾ ചെന്നെ​ത്തു​ന്നത്‌ രണ്ടിട​ത്താണ്‌. പക്ഷേ രണ്ടു തൊഴു​ത്തിൽപ്പെട്ട ആടുക​ളും യേശു വഹിക്കുന്ന പങ്കിൽനിന്ന്‌ പ്രയോ​ജനം നേടും. യേശു പറയുന്നു: “ഞാൻ എന്റെ ജീവൻ കൊടു​ക്കു​ന്ന​തു​കൊണ്ട്‌ പിതാവ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നു.”​—യോഹ​ന്നാൻ 10:17.

ജനക്കൂ​ട്ട​ത്തിൽ പലരും ഇങ്ങനെ പറയുന്നു: “ഇവനെ ഭൂതം ബാധി​ച്ചി​രി​ക്കു​ന്നു! ഇവനു ഭ്രാന്താണ്‌!” പക്ഷേ മറ്റുള്ളവർ താത്‌പ​ര്യ​ത്തോ​ടെ ശ്രദ്ധി​ക്കു​ന്നു. നല്ല ഇടയനെ അനുഗ​മി​ക്കാൻ അവർ തയ്യാറാണ്‌. അവർ പറയുന്നു: “ഇതു ഭൂതം ബാധിച്ച ഒരാളു​ടെ വാക്കു​കളല്ല. ഒരു ഭൂതത്തിന്‌ അന്ധന്മാ​രു​ടെ കണ്ണു തുറക്കാൻ പറ്റുമോ?” (യോഹ​ന്നാൻ 10:20, 21) സാധ്യ​ത​യ​നു​സ​രിച്ച്‌, ജന്മനാ അന്ധനായ ഒരാളെ യേശു മുമ്പ്‌ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചാണ്‌ അവർ പറയു​ന്നത്‌.