വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 77

ധനത്തെ​ക്കു​റിച്ച്‌ യേശു ഉപദേശം കൊടു​ക്കു​ന്നു

ധനത്തെ​ക്കു​റിച്ച്‌ യേശു ഉപദേശം കൊടു​ക്കു​ന്നു

ലൂക്കോസ്‌ 12:1-34

  • ധനിക​നായ മനുഷ്യ​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

  • കാക്കക​ളെ​ക്കു​റി​ച്ചും ലില്ലി​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ചും യേശു സംസാ​രി​ക്കു​ന്നു

  • ‘ചെറിയ ആട്ടിൻകൂ​ട്ടം’ ദൈവ​രാ​ജ്യ​ത്തിൽ

യഹൂദ്യ​യി​ലുള്ള ആ പരീശന്റെ വീട്ടിൽ യേശു ആഹാരം കഴിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ വീടിനു പുറത്ത്‌ ആയിരങ്ങൾ തടിച്ചു​കൂ​ടു​ന്നു. അവരെ​ല്ലാം യേശു​വി​നു​വേണ്ടി കാത്തി​രി​ക്കു​ക​യാണ്‌. ഗലീല​യിൽവെ​ച്ചും യേശു​വി​നെ കാണാൻ ആളുകൾ ഇതു​പോ​ലെ കൂടി​യി​ട്ടുണ്ട്‌. (മർക്കോസ്‌ 1:33; 2:2; 3:9) യേശു​വി​നെ കാണാ​നും യേശു​വിൽനിന്ന്‌ കേൾക്കാ​നും ആണ്‌ ഇവി​ടെ​യും അവർ വന്നിരി​ക്കു​ന്നത്‌. ആ വീട്ടിൽ വന്നിരി​ക്കുന്ന പരീശ​ന്മാ​രിൽനിന്ന്‌ എത്ര വ്യത്യസ്‌ത​രാണ്‌ ഈ ആളുകൾ!

യേശു പറഞ്ഞു​തു​ട​ങ്ങുന്ന കാര്യങ്ങൾ പ്രത്യേ​കി​ച്ചു ശിഷ്യ​ന്മാർക്കു ഗുണം ചെയ്യു​ന്ന​താണ്‌. “പരീശ​ന്മാ​രു​ടെ കപടഭ​ക്തി​യെന്ന പുളിച്ച മാവി​നെ​ക്കു​റിച്ച്‌ ജാഗ്രത വേണം” എന്നു യേശു പറയുന്നു. ഇതേ മുന്നറി​യിപ്പ്‌ യേശു മുമ്പും കൊടു​ത്തി​ട്ടു​ള്ള​താണ്‌. പക്ഷേ യേശു ഇവിടെ കണ്ട ചില കാര്യങ്ങൾ ഈ ബുദ്ധി​യു​പ​ദേശം ഇപ്പോൾ എത്ര പ്രധാ​ന​മാ​ണെന്നു കാണി​ക്കു​ന്നു. (ലൂക്കോസ്‌ 12:1; മർക്കോസ്‌ 8:15) ഭക്തരാ​ണെന്നു നടിച്ചു​കൊണ്ട്‌ പരീശ​ന്മാർ അവരുടെ ദുഷ്ടത മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. എന്നാൽ അവർ അപകട​കാ​രി​ക​ളാ​ണെന്ന കാര്യം തുറന്നു​കാ​ട്ടേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​ണെന്നു യേശു കണ്ടു. അതു​കൊണ്ട്‌ യേശു പറയുന്നു: “മറച്ചു​വെ​ച്ചി​രി​ക്കു​ന്ന​തൊ​ന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. രഹസ്യ​മാ​യ​തൊ​ന്നും വെളി​ച്ചത്ത്‌ വരാതി​രി​ക്കു​ക​യു​മില്ല.”​—ലൂക്കോസ്‌ 12:2.

യേശു ഗലീല​യിൽ പഠിപ്പി​ച്ച​പ്പോൾ അവിടെ ഇല്ലാതി​രുന്ന യഹൂദ്യ​രാ​യി​രി​ക്കാം ഈ വന്നിരി​ക്കുന്ന മിക്കവ​രും. അതു​കൊണ്ട്‌ നേരത്തേ പഠിപ്പിച്ച ചില പ്രധാ​ന​കാ​ര്യ​ങ്ങൾ യേശു ഇപ്പോൾ എല്ലാവ​രോ​ടു​മാ​യി വീണ്ടും പറയുന്നു: “ശരീരത്തെ കൊല്ലു​ന്ന​വരെ നിങ്ങൾ പേടി​ക്കേണ്ടാ. അവർക്ക്‌ അതു മാത്ര​മല്ലേ ചെയ്യാൻ കഴിയൂ.” (ലൂക്കോസ്‌ 12:4) ദൈവം ശിഷ്യ​ന്മാർക്കു​വേണ്ടി കരുതു​മെ​ന്നും അതു​കൊണ്ട്‌ അവരെ​ല്ലാം ദൈവ​ത്തിൽ ആശ്രയി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നും യേശു വീണ്ടും പറയുന്നു. ദൈവ​പു​ത്രനെ അവർ അംഗീ​ക​രി​ക്കു​ക​യും ദൈവ​ത്തിന്‌ അവരെ സഹായി​ക്കാ​നാ​കു​മെന്ന്‌ വിശ്വ​സി​ക്കു​ക​യും വേണം.​—മത്തായി 10:19, 20, 26-33; 12:31, 32.

ജനക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രുന്ന ഒരാൾ അപ്പോൾ പെട്ടെന്ന്‌ ഇങ്ങനെ പറയുന്നു: “ഗുരുവേ, പിതൃ​സ്വ​ത്തു വീതിച്ച്‌ എന്റെ പങ്കു തരാൻ അങ്ങ്‌ എന്റെ സഹോ​ദ​ര​നോ​ടു പറയണം.” (ലൂക്കോസ്‌ 12:13) മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ മൂത്തമ​കന്‌ അവകാ​ശ​ത്തിൽ രണ്ടു പങ്ക്‌ കിട്ടും. അതു​കൊണ്ട്‌ ഇവിടെ തർക്കത്തിന്‌ ഒരു കാരണ​വു​മില്ല. (ആവർത്തനം 21:17) എന്നാൽ തനിക്കു കിട്ടാ​നു​ള്ള​തു​കൊണ്ട്‌ ഇയാൾ തൃപ്‌ത​ന​ല്ലെന്നു തോന്നു​ന്നു. പക്ഷേ രണ്ടു പേരു​ടെ​യും പക്ഷംപി​ടി​ക്കാൻ യേശു തയ്യാറല്ല. അതു​കൊണ്ട്‌ ബുദ്ധി​പൂർവം ഇങ്ങനെ പറയുന്നു: “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്‌ന​ത്തിൽ എന്നെ ആരെങ്കി​ലും ന്യായാ​ധി​പ​നോ മധ്യസ്ഥ​നോ ആയി നിയമി​ച്ചി​ട്ടു​ണ്ടോ?”​—ലൂക്കോസ്‌ 12:14.

യേശു ഇപ്പോൾ എല്ലാവർക്കു​മാ​യി ഈ താക്കീതു നൽകുന്നു: “സൂക്ഷി​ച്ചു​കൊ​ള്ളുക. എല്ലാ തരം അത്യാ​ഗ്ര​ഹ​ത്തി​നും എതിരെ ജാഗ്രത വേണം. ഒരാൾക്ക്‌ എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌.” (ലൂക്കോസ്‌ 12:15) ഒരാൾക്ക്‌ എത്രമാ​ത്രം സമ്പത്തു​ണ്ടെ​ങ്കി​ലും അയാൾ എപ്പോ​ഴെ​ങ്കി​ലും എല്ലാം പിന്നിൽ വിട്ട്‌ മരിച്ചു​പോ​കി​ല്ലേ? മറക്കാ​നാ​കാത്ത ഒരു ദൃഷ്ടാ​ന്തകഥ ഉപയോ​ഗിച്ച്‌ യേശു ഈ വസ്‌തുത ഊന്നി​പ്പ​റ​യു​ന്നു. ദൈവ​മു​മ്പാ​കെ ഒരു നല്ല പേര്‌ സമ്പാദി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും യേശു ഇതിലൂ​ടെ പഠിപ്പി​ക്കു​ന്നു.

“ധനിക​നായ ഒരാളു​ടെ ഭൂമി നല്ല വിളവ്‌ നൽകി. അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ്‌ ശേഖരി​ച്ചു​വെ​ക്കാൻ എനിക്കു സ്ഥലം പോര​ല്ലോ’ എന്നു ചിന്തിച്ചു. അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും: എന്റെ സംഭര​ണ​ശാ​ലകൾ പൊളിച്ച്‌ കൂടുതൽ വലിയവ പണിയും. എന്റെ ധാന്യ​വും എനിക്കു​ള്ള​തൊ​ക്കെ​യും ഞാൻ അവിടെ സംഭരി​ച്ചു​വെ​ക്കും. എന്നിട്ട്‌ എന്നോ​ടു​തന്നെ ഇങ്ങനെ പറയും: “അനേക​വർഷ​ത്തേക്കു വേണ്ട​തെ​ല്ലാം നീ സ്വരു​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഇനി വിശ്ര​മി​ച്ചു​കൊ​ള്ളുക. തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക.”’ എന്നാൽ ദൈവം അയാ​ളോ​ടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും. പിന്നെ നീ ഈ സമ്പാദി​ച്ചു​വെ​ച്ച​തൊ​ക്കെ ആര്‌ അനുഭ​വി​ക്കാ​നാണ്‌?’ തനിക്കു​വേണ്ടി സമ്പത്തു സ്വരൂ​പി​ക്കു​ക​യും എന്നാൽ ദൈവ​മു​മ്പാ​കെ സമ്പന്നനാ​കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​വന്റെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാ​കും.”​—ലൂക്കോസ്‌ 12:16-21.

യേശു​വി​ന്റെ ശിഷ്യ​ന്മാ​രും അവിടെ വന്നിരി​ക്കുന്ന മറ്റുള്ള​വ​രും സമ്പത്ത്‌ തേടി​പ്പോ​കു​ക​യോ സമ്പത്ത്‌ വാരി​ക്കൂ​ട്ടു​ക​യോ ചെയ്യുന്ന കെണി​യിൽ വീഴാ​നുള്ള സാധ്യ​ത​യുണ്ട്‌. അതു​പോ​ലെ ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠകൾ യഹോ​വ​യു​ടെ സേവന​ത്തിൽനിന്ന്‌ അവരുടെ ശ്രദ്ധ പതറി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ഏതാണ്ട്‌ ഒന്നര വർഷം മുമ്പ്‌ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ നൽകിയ ആ നല്ല ബുദ്ധി​യു​പ​ദേശം യേശു ഇവിടെ ആവർത്തി​ക്കു​ന്നു:

“എന്തു തിന്നും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ജീവ​നെ​ക്കു​റി​ച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീര​ത്തെ​ക്കു​റി​ച്ചും ഇനി ഉത്‌കണ്‌ഠ​പ്പെ​ട​രുത്‌. . . . കാക്കയു​ടെ കാര്യം​തന്നെ എടുക്കുക: അതു വിതയ്‌ക്കു​ന്നില്ല,  കൊയ്യു​ന്നില്ല, അതിനു പത്തായ​പ്പു​ര​യോ സംഭര​ണ​ശാ​ല​യോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റു​ന്നു. പക്ഷിക​ളെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ? . . . ലില്ലി​ച്ചെ​ടി​കൾ എങ്ങനെ വളരു​ന്നെന്നു നോക്കുക. അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോ​മോൻ പ്രതാ​പ​ത്തി​ലി​രു​ന്ന​പ്പോൾപ്പോ​ലും അവയി​ലൊ​ന്നി​നോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല. . . . അതു​കൊണ്ട്‌ എന്തു കഴിക്കും, എന്തു കുടി​ക്കും എന്ന്‌ അന്വേ​ഷി​ക്കു​ന്നതു മതിയാ​ക്കുക. ഉത്‌കണ്‌ഠ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കുക. . . . ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാ​ണെന്നു നിങ്ങളു​ടെ പിതാ​വിന്‌ അറിയാ​മ​ല്ലോ. അതു​കൊണ്ട്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക. അപ്പോൾ ഇപ്പറഞ്ഞ​തെ​ല്ലാം നിങ്ങൾക്കു കിട്ടും.”​—ലൂക്കോസ്‌ 12:22-31; മത്തായി 6:25-33.

ആരാണു ദൈവ​രാ​ജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക? ‘ചെറിയ ആട്ടിൻകൂ​ട്ടം,’ അതായത്‌ വിശ്വസ്‌ത​രായ കുറച്ച്‌ പേർ, അങ്ങനെ ചെയ്യു​മെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നു. അവരുടെ എണ്ണം വെറും 1,44,000 ആയിരി​ക്കു​മെന്നു പിന്നീടു വെളി​പ്പെട്ടു. എന്താണ്‌ അവരെ കാത്തി​രി​ക്കു​ന്നത്‌? യേശു അവർക്ക്‌ ഇങ്ങനെ ഉറപ്പു കൊടു​ക്കു​ന്നു: “രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളു​ടെ പിതാവ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.” കള്ളന്മാർ മോഷ്ടി​ക്കാൻ സാധ്യ​ത​യുള്ള ഈ ഭൂമി​യിൽ അവർ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്ന​തിൽ മനസ്സു​വെ​ക്കില്ല. “ഒരിക്ക​ലും തീർന്നു​പോ​കാത്ത നിക്ഷേപം സ്വർഗ​ത്തിൽ സ്വരൂ​പി​ക്കു”ന്നതിലാ​യി​രി​ക്കും അവരുടെ ശ്രദ്ധ മുഴുവൻ. അവിടെ അവർ യേശു​വി​ന്റെ​കൂ​ടെ ഭരിക്കും.​—ലൂക്കോസ്‌ 12:32-34.