വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 75

സന്തോ​ഷ​ത്തി​ന്റെ ഉറവിടം യേശു വെളി​പ്പെ​ടു​ത്തു​ന്നു

സന്തോ​ഷ​ത്തി​ന്റെ ഉറവിടം യേശു വെളി​പ്പെ​ടു​ത്തു​ന്നു

ലൂക്കോസ്‌ 11:14-36

  • ‘ദൈവ​ത്തി​ന്റെ വിരൽകൊണ്ട്‌ ’ ഭൂതങ്ങളെ പുറത്താ​ക്കു​ന്നു

  • യഥാർഥ​സ​ന്തോ​ഷ​ത്തി​ന്റെ ഉറവിടം

പ്രാർഥ​ന​യെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ യേശു അങ്ങനെ ആവർത്തി​ച്ചു. പക്ഷേ ശുശ്രൂ​ഷയ്‌ക്കി​ട​യിൽ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ മാത്രമല്ല യേശു ഒന്നില​ധി​കം പ്രാവ​ശ്യം സംസാ​രി​ച്ചി​ട്ടു​ള്ളത്‌. ഗലീല​യിൽ അത്ഭുതങ്ങൾ ചെയ്‌ത സമയത്ത്‌ യേശു അതെല്ലാം ചെയ്‌തത്‌ ഭൂതങ്ങ​ളു​ടെ അധിപന്റെ ശക്തി​കൊ​ണ്ടാ​ണെ​ന്നുള്ള ആരോ​പ​ണ​മു​ണ്ടാ​യി. ഇപ്പോൾ യഹൂദ്യ​യി​ലും അതേ ആരോ​പ​ണ​മു​ണ്ടാ​കു​ന്നു.

ഭൂതം ബാധി​ച്ചിട്ട്‌ സംസാ​രി​ക്കാൻ കഴിയാ​തി​രുന്ന ഒരാളിൽനിന്ന്‌ യേശു ഭൂതത്തെ പുറത്താ​ക്കി​യ​പ്പോൾ ആളുകൾ അതിശ​യി​ക്കു​ന്നു. പക്ഷേ എതിരാ​ളി​കൾ അത്‌ അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല. അവർ മുമ്പത്തെ അതേ വ്യാജാ​രോ​പണം വീണ്ടും ഉന്നയി​ക്കു​ന്നു: “ഭൂതങ്ങ​ളു​ടെ അധിപ​നായ ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌.” (ലൂക്കോസ്‌ 11:15) മറ്റുള്ള​വ​രാ​ണെ​ങ്കിൽ യേശു ആരാ​ണെ​ന്നു​ള്ള​തി​ന്റെ കൂടു​ത​ലായ തെളി​വു​കൾ ആവശ്യ​പ്പെ​ടു​ന്നു. അവർക്കു സ്വർഗ​ത്തിൽനിന്ന്‌ ഒരു അടയാളം വേണം!

എതിരാ​ളി​കൾ തന്നെ പരീക്ഷി​ക്കാൻ നോക്കു​ക​യാ​ണെന്നു മനസ്സി​ലാ​ക്കിയ യേശു ഗലീല​യി​ലെ എതിരാ​ളി​ക​ളോ​ടു പറഞ്ഞ അതേ മറുപടി ഇവരോ​ടും പറയുന്നു. ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചു​പോ​കും. “അതു​പോ​ലെ​തന്നെ സാത്താൻ തന്നോ​ടു​തന്നെ പോരാ​ടു​ന്നെ​ങ്കിൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും” എന്ന്‌ യേശു ചോദി​ക്കു​ന്നു. എന്നിട്ട്‌ യേശു അവരോ​ടു പറയുന്നു: “എന്നാൽ ദൈവ​ത്തി​ന്റെ വിരലി​നാ​ലാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ ഉറപ്പാ​യും ദൈവ​രാ​ജ്യം നിങ്ങളെ കടന്നു​പോ​യി​രി​ക്കു​ന്നു.”​—ലൂക്കോസ്‌ 11:18-20, അടിക്കു​റിപ്പ്‌.

‘ദൈവ​ത്തി​ന്റെ വിരലി​നെ​ക്കു​റിച്ച്‌ ’ യേശു പറഞ്ഞ​പ്പോൾ ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ന്റെ ആദ്യകാ​ലത്ത്‌ നടന്ന ചില സംഭവങ്ങൾ കേൾവി​ക്കാ​രു​ടെ മനസ്സി​ലേക്കു വന്നിരി​ക്കണം. ഫറവോ​ന്റെ കൊട്ടാ​ര​ത്തിൽ മോശ അത്ഭുതം ചെയ്യു​ന്നതു കണ്ട്‌ അവി​ടെ​യു​ള്ളവർ “ഇതു ദൈവ​ത്തി​ന്റെ വിരലാണ്‌!” എന്നു പറഞ്ഞു. പത്തു കല്‌പ​നകൾ രണ്ടു കൽപ്പല​ക​ക​ളിൽ എഴുതി​യ​തും “ദൈവ​ത്തി​ന്റെ വിരൽ”കൊണ്ടു​ത​ന്നെ​യാണ്‌. (പുറപ്പാട്‌ 8:19; 31:18) അതേ​പോ​ലെ “ദൈവ​ത്തി​ന്റെ വിരൽ,” ആണ്‌ ഭൂതങ്ങളെ പുറത്താ​ക്കാ​നും രോഗി​കളെ സുഖ​പ്പെ​ടു​ത്താ​നും യേശു​വി​നെ സഹായി​ക്കു​ന്നത്‌. പരിശു​ദ്ധാ​ത്മാ​വി​നെ അഥവാ ചലനാ​ത്മ​ക​ശ​ക്തി​യെ ആണ്‌ “ദൈവ​ത്തി​ന്റെ വിരൽ” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. അങ്ങനെ ദൈവ​രാ​ജ്യ​ത്തി​ന്റെ നിയു​ക്ത​രാ​ജാ​വായ യേശു ഈ അത്ഭുത​ങ്ങ​ളൊ​ക്കെ ചെയ്‌തു​കൊണ്ട്‌ അവരുടെ ഇടയിൽത്തന്നെ ഉള്ളതി​നാൽ ദൈവ​രാ​ജ്യം ഈ എതിരാ​ളി​കളെ കടന്നു​പോ​യി​രി​ക്കു​ന്നു.

ഭൂതങ്ങളെ പുറത്താ​ക്കാ​നുള്ള യേശു​വി​ന്റെ കഴിവ്‌ സാത്താന്റെ മേലുള്ള യേശു​വി​ന്റെ ശക്തിയു​ടെ​യും അധികാ​ര​ത്തി​ന്റെ​യും തെളി​വാണ്‌. ആയുധം ധരിച്ച്‌ കൊട്ടാ​ര​ത്തി​നു കാവൽനിൽക്കുന്ന ആളെ ശക്തനായ ഒരാൾ വന്ന്‌ കീഴ്‌പെ​ടു​ത്തു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. ഒരു മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ പോകുന്ന അശുദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​വും യേശു ആവർത്തി​ക്കു​ന്നു. അശുദ്ധാ​ത്മാവ്‌ പോയ​പ്പോ​ഴു​ണ്ടായ ആ ഒഴിവ്‌ നല്ല കാര്യ​ങ്ങൾകൊണ്ട്‌ നിറയ്‌ക്കു​ന്നി​ല്ലെ​ങ്കിൽ അതു വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടി​ക്കൊണ്ട്‌ അവി​ടേക്കു മടങ്ങി വരും. അങ്ങനെ ആ മനുഷ്യ​ന്റെ അവസ്ഥ മുമ്പ​ത്തെ​ക്കാൾ ഏറെ വഷളാ​യി​ത്തീ​രു​ന്നു. (മത്തായി 12:22, 25-29, 43-45) ഇസ്രാ​യേൽ ജനതയു​ടെ സ്ഥിതി​യും അതുത​ന്നെ​യാണ്‌.

യേശു പറയു​ന്ന​തെ​ല്ലാം കേട്ടു​കൊ​ണ്ടി​രുന്ന ഒരു സ്‌ത്രീ പെട്ടെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: “അങ്ങയെ ചുമന്ന വയറും അങ്ങ്‌ കുടിച്ച മുലക​ളും അനുഗൃ​ഹീ​തം!” ജൂതസ്‌ത്രീ​കൾ ഒരു പ്രവാ​ച​കന്റെ അമ്മയാ​യി​രി​ക്കു​ന്നതു സ്വപ്‌നം കണ്ടിരു​ന്നു, പ്രത്യേ​കിച്ച്‌ മിശി​ഹ​യു​ടെ. അതു​കൊണ്ട്‌ ഇത്തരത്തി​ലുള്ള ഒരു അധ്യാ​പ​കന്റെ അമ്മയായ മറിയ​യ്‌ക്ക്‌ എത്രമാ​ത്രം സന്തോ​ഷി​ക്കാ​മെന്ന്‌ ഈ സ്‌ത്രീ ഒരുപക്ഷേ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ യേശു ആ സ്‌ത്രീ​യെ തിരു​ത്തു​ന്നു. യേശു പറയുന്നു: “അല്ല, ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ സന്തുഷ്ടർ.” അങ്ങനെ യഥാർഥ​സ​ന്തോ​ഷ​ത്തി​ന്റെ ഉറവിടം ഏതാ​ണെന്ന്‌ യേശു വ്യക്തമാ​ക്കു​ന്നു. (ലൂക്കോസ്‌ 11:27, 28, അടിക്കു​റിപ്പ്‌) മറിയ​യ്‌ക്ക്‌ പ്രത്യേ​ക​ബ​ഹു​മതി കൊടു​ക്കാൻ യേശു ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. രക്തബന്ധ​ങ്ങ​ളോ ഏതെങ്കി​ലും നേട്ടങ്ങ​ളോ അല്ല, ദൈവ​ത്തി​ന്റെ വിശ്വസ്‌ത​ദാ​സ​രിൽ ഒരാളാ​യി​രി​ക്കു​ന്ന​താണ്‌ ഒരു സ്‌ത്രീ​ക്കോ പുരു​ഷ​നോ യഥാർഥ​സ​ന്തോ​ഷം കൈവ​രു​ത്തു​ന്നത്‌.

സ്വർഗ​ത്തിൽനിന്ന്‌ അടയാളം ചോദി​ച്ച​തിന്‌, യേശു ഗലീല​യിൽ ചെയ്‌ത​തു​പോ​ലെ​തന്നെ ഇവി​ടെ​യും ആളുകളെ ശകാരി​ക്കു​ന്നു. “യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ” മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കി​ല്ലെന്നു യേശു പറയുന്നു. യോന മൂന്നു ദിവസം മത്സ്യത്തി​ന്റെ വയറ്റി​ലാ​യി​രു​ന്ന​തും നിനെ​വെ​ക്കാർ മാനസാ​ന്ത​ര​പ്പെ​ടു​ന്ന​തി​നു​വേണ്ടി ധൈര്യ​ത്തോ​ടെ പ്രസംഗിച്ചതും ഒരു അടയാ​ള​മാ​യി​രു​ന്നു. യേശു പറയുന്നു: “എന്നാൽ ഇവിടെ ഇതാ, യോന​യെ​ക്കാൾ വലിയവൻ!” (ലൂക്കോസ്‌ 11:29-32) യേശു ശലോ​മോ​നെ​ക്കാ​ളും വലിയ​വ​നാണ്‌. ശലോ​മോ​ന്റെ ജ്ഞാനം കേൾക്കാ​നാ​ണ​ല്ലോ ശേബയി​ലെ രാജ്ഞി വന്നത്‌.

“വിളക്കു കത്തിച്ച്‌ ആരും ഒളിച്ചു​വെ​ക്കാ​റില്ല, കൊട്ട​കൊണ്ട്‌  മൂടി​വെ​ക്കാ​റു​മില്ല. പകരം, . . . വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക” എന്ന്‌ യേശു പറയുന്നു. (ലൂക്കോസ്‌ 11:33) ഈ ആളുക​ളു​ടെ മുന്നിൽ അത്ഭുതം ചെയ്യു​ന്ന​തും പഠിപ്പി​ക്കു​ന്ന​തും ഒരു വിളക്കു കത്തിച്ച്‌ ഒളിച്ചു​വെ​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അവരുടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കാ​ത്ത​തു​കൊണ്ട്‌ യേശു ചെയ്യു​ന്ന​തി​ന്റെ അർഥം അവർക്കു മനസ്സി​ലാ​കു​ന്നില്ല.

യേശു ഒരാളിൽനിന്ന്‌ ഒരു ഭൂതത്തെ പുറത്താ​ക്കി​യതേ ഉള്ളൂ. സംസാ​രി​ക്കാൻ കഴിയാ​തി​രുന്ന അയാൾക്ക്‌ സംസാ​ര​പ്രാപ്‌തി തിരിച്ച്‌ കിട്ടി. ഇതു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താ​നും യഹോവ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാ​നും ആളുകളെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌. അതു​കൊണ്ട്‌ യേശു തന്റെ എതിരാ​ളി​കൾക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക. നിങ്ങളു​ടെ ശരീര​ത്തിൽ ഇരുട്ട്‌ ഒട്ടുമി​ല്ലാ​തെ അതു മുഴു​വ​നാ​യി പ്രകാ​ശി​ക്കു​ന്നെ​ങ്കിൽ, പ്രകാശം ചൊരി​യുന്ന ഒരു വിളക്കു​പോ​ലെ​യാ​യി​രി​ക്കും അത്‌.”​—ലൂക്കോസ്‌ 11:35, 36.