വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 34

യേശു പന്ത്രണ്ട്‌ അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

യേശു പന്ത്രണ്ട്‌ അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

മർക്കോസ്‌ 3:13-19; ലൂക്കോസ്‌ 6:12-16

  • 12 അപ്പോസ്‌ത​ല​ന്മാർ

യേശു​വി​നെ ദൈവ​ത്തി​ന്റെ കുഞ്ഞാ​ടാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ പരിച​യ​പ്പെ​ടു​ത്തി​യിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ ഒന്നര വർഷമാ​യി. യേശു പരസ്യ​ശു​ശ്രൂഷ തുടങ്ങിയ സമയത്ത്‌ ആത്മാർഥ​ഹൃ​ദ​യ​രായ പലരും അദ്ദേഹ​ത്തി​ന്റെ ശിഷ്യ​ന്മാ​രാ​യി. അവരിൽ ചിലരാണ്‌ അന്ത്ര​യോസ്‌, ശിമോൻ പത്രോസ്‌, യോഹ​ന്നാൻ, ഒരുപക്ഷേ യാക്കോബ്‌ (യോഹ​ന്നാ​ന്റെ സഹോ​ദരൻ), ഫിലി​പ്പോസ്‌, നഥനയേൽ (ബർത്തൊ​ലൊ​മാ​യി എന്നും വിളി​ക്കു​ന്നു.). പിന്നീട്‌ മറ്റ്‌ അനേക​രും യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി.​—യോഹ​ന്നാൻ 1:45-47.

ഇപ്പോൾ അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സമയമാ​യി. ഇവരാ​യി​രി​ക്കും യേശു​വി​ന്റെ അടുത്ത സഹചാ​രി​കൾ. ഇവർക്കു പ്രത്യേ​ക​പ​രി​ശീ​ല​ന​വും ലഭിക്കും. പക്ഷേ അവരെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ യേശു ഒരു മലയി​ലേക്ക്‌ പോകു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു ഗലീല​ക്ക​ട​ലിന്‌ അടുത്തുള്ള ആ മലയാണ്‌. കഫർന്ന​ഹൂ​മിൽനിന്ന്‌ അങ്ങോട്ട്‌ അധികം ദൂരമില്ല. യേശു അവിടെ ഒരു രാത്രി മുഴുവൻ പ്രാർഥി​ക്കു​ന്നു. ഒരുപക്ഷേ, ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​നും ജ്ഞാനത്തി​നും വേണ്ടി​യാ​യി​രി​ക്കാം പ്രാർഥി​ക്കു​ന്നത്‌. എന്നിട്ട്‌ പിറ്റേന്ന്‌ ശിഷ്യ​ന്മാ​രെ അടുത്ത്‌ വിളിച്ച്‌ അവരിൽനിന്ന്‌ 12 പേരെ അപ്പോസ്‌ത​ല​ന്മാ​രാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നു.

തുടക്ക​ത്തിൽ പറഞ്ഞ ആറു പേരെ​യും നികുതി പിരി​ക്കു​ന്നി​ട​ത്തു​നിന്ന്‌ വിളിച്ച മത്തായി​യെ​യും യേശു തിര​ഞ്ഞെ​ടു​ക്കു​ന്നു. തിര​ഞ്ഞെ​ടുത്ത ബാക്കി അഞ്ചു പേർ യൂദാസ്‌ (തദ്ദായി എന്നും ‘യാക്കോ​ബി​ന്റെ മകൻ’ എന്നും വിളി​ക്കു​ന്നു.), കനാന്യ​നായ ശിമോൻ, തോമസ്‌, അൽഫാ​യി​യു​ടെ മകനായ യാക്കോബ്‌, യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ എന്നിവ​രാണ്‌.​—മത്തായി 10:2-4; ലൂക്കോസ്‌ 6:16.

ഇതി​നോ​ട​കം ഈ 12 പേരും യേശു​വി​നോ​ടൊ​പ്പം യാത്ര ചെയ്‌തി​ട്ടുണ്ട്‌. യേശു​വിന്‌ അവരെ നന്നായി അറിയാം. അവരിൽ ചിലർ യേശു​വി​ന്റെ ബന്ധുക്ക​ളാണ്‌. ചേട്ടാ​നി​യ​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​ന്റെ അടുത്ത ബന്ധുക്ക​ളാ​യി​രി​ക്കണം. അൽഫായി യേശു​വി​ന്റെ വളർത്ത​ച്ഛ​നായ യോ​സേ​ഫി​ന്റെ സഹോ​ദ​ര​നാ​ണെ​ന്നാ​ണു ചിലർ കരുതു​ന്നത്‌. അങ്ങനെ​യാ​ണെ​ങ്കിൽ അൽഫാ​യി​യു​ടെ മകനായ അപ്പോസ്‌ത​ല​നായ യാക്കോ​ബും യേശു​വി​ന്റെ അടുത്ത ബന്ധുവാണ്‌.

അപ്പോസ്‌ത​ല​ന്മാ​രു​ടെ പേരുകൾ ഓർക്കാൻ യേശു​വിന്‌ ഒരു ബുദ്ധി​മു​ട്ടു​മില്ല. പക്ഷേ നിങ്ങൾക്കോ? ആ പേരുകൾ ഓർത്തി​രി​ക്കാ​നുള്ള ഒരു എളുപ്പ​വഴി ഇതാണ്‌: രണ്ട്‌ ശിമോ​നും രണ്ട്‌ യാക്കോ​ബും രണ്ട്‌ യൂദാ​സും ഉണ്ട്‌. ശിമോ​ന്റെ (പത്രോസ്‌) സഹോ​ദ​ര​നാണ്‌ അന്ത്ര​യോസ്‌. യാക്കോ​ബി​ന്റെ (സെബെ​ദി​യു​ടെ മകൻ) സഹോ​ദ​ര​നാ​ണു യോഹ​ന്നാൻ. അങ്ങനെ എട്ട്‌ അപ്പോസ്‌ത​ല​ന്മാ​രു​ടെ പേരുകൾ ഓർക്കാം. ബാക്കി നാലു പേരാണ്‌ നികു​തി​പി​രി​വു​കാ​ര​നായ മത്തായി, പിന്നീട്‌ സംശയി​ക്കുന്ന തോമസ്‌, മരത്തിന്റെ ചുവട്ടിൽനിന്ന്‌ യേശു വിളിച്ച നഥനയേൽ, നഥന​യേ​ലി​ന്റെ കൂട്ടു​കാ​രൻ ഫിലി​പ്പോസ്‌ എന്നിവർ.

യേശു​വി​ന്റെ നാടായ ഗലീല​യിൽനി​ന്നു​ള്ള​വ​രാ​ണു പതി​നൊ​ന്നു പേർ. നഥനയേൽ കാനാ​യിൽനി​ന്നാണ്‌. ഫിലി​പ്പോസ്‌, പത്രോസ്‌, അന്ത്ര​യോസ്‌ എന്നിവർ ശരിക്കും ബേത്ത്‌സ​യി​ദ​ക്കാ​രാണ്‌. പിന്നീട്‌ പത്രോ​സും അന്ത്ര​യോ​സും കഫർന്ന​ഹൂ​മി​ലേക്കു മാറി താമസി​ക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ മത്തായി താമസി​ക്കു​ന്ന​തും അവി​ടെ​യാണ്‌. യാക്കോ​ബും യോഹ​ന്നാ​നും താമസി​ക്കു​ന്ന​തും കഫർന്ന​ഹൂ​മി​ലോ അതിന്‌ അടുത്തോ ആണ്‌. അതിന്‌ അടുത്തു​തന്നെ മീൻപി​ടു​ത്ത​മാ​യി​രു​ന്നു അവരുടെ ജോലി. യേശു​വി​നെ പിന്നീട്‌ ഒറ്റി​ക്കൊ​ടു​ക്കുന്ന യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ മാത്ര​മാണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യഹൂദ്യ​യിൽനി​ന്നുള്ള അപ്പോസ്‌തലൻ.