വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 60

രൂപാ​ന്തരം​—ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തി​ന്റെ ഒരു നേർക്കാഴ്‌ച

രൂപാ​ന്തരം​—ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തി​ന്റെ ഒരു നേർക്കാഴ്‌ച

മത്തായി 16:28–17:13; മർക്കോസ്‌ 9:1-13; ലൂക്കോസ്‌ 9:27-36

  • രൂപാ​ന്ത​ര​ത്തി​ന്റെ ദർശനം

  • അപ്പോസ്‌ത​ല​ന്മാർ ദൈവ​ത്തി​ന്റെ ശബ്ദം കേൾക്കു​ന്നു

ഹെർമോൻ പർവത​ത്തിൽനിന്ന്‌ ഏതാണ്ട്‌ 25 കിലോ​മീ​റ്റർ അകലെ​യുള്ള കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശത്ത്‌ യേശു ആളുകളെ പഠിപ്പി​ക്കു​ക​യാണ്‌. ആ സമയത്ത്‌ യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടു ഞെട്ടി​ക്കുന്ന ഒരു കാര്യം പറയുന്നു: “ഇവിടെ നിൽക്കു​ന്ന​വ​രിൽ ചിലർ, മരിക്കു​ന്ന​തി​നു മുമ്പ്‌ മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 16:28.

യേശു എന്താണ്‌ ഈ പറയു​ന്ന​തെന്നു ശിഷ്യ​ന്മാർക്കു പിടി​കി​ട്ടു​ന്നില്ല. ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞ്‌ പത്രോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നീ മൂന്ന്‌ അപ്പോസ്‌ത​ല​ന്മാ​രെ കൂട്ടി​ക്കൊണ്ട്‌ യേശു ഉയരമുള്ള ഒരു മലയി​ലേക്കു പോകു​ന്നു. ഇതു മിക്കവാ​റും രാത്രി​യി​ലാ​യി​രി​ക്കണം. കാരണം മൂന്നു പേരും പാതി മയക്കത്തി​ലാണ്‌. പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന യേശു അവരുടെ മുന്നിൽ രൂപാ​ന്ത​ര​പ്പെ​ടു​ന്നു. യേശു​വി​ന്റെ മുഖം സൂര്യ​നെ​പ്പോ​ലെ വെട്ടി​ത്തി​ള​ങ്ങു​ന്ന​തും വസ്‌ത്രങ്ങൾ വെളി​ച്ചം​പോ​ലെ പ്രകാ​ശി​ക്കു​ന്ന​തും അപ്പോസ്‌ത​ല​ന്മാർ കാണുന്നു.

അപ്പോൾ രണ്ടു രൂപങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, ‘മോശ​യെ​യും ഏലിയ​യെ​യും’ പോലുണ്ട്‌ അവർ. “യരുശ​ലേ​മിൽവെച്ച്‌ സംഭവി​ക്കാ​നി​രുന്ന യേശു​വി​ന്റെ വേർപാ​ടി​നെ​ക്കു​റി”ച്ച്‌ അവർ യേശു​വി​നോ​ടു സംസാ​രി​ക്കാൻതു​ട​ങ്ങു​ന്നു. (ലൂക്കോസ്‌ 9:30, 31) വേർപാട്‌ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ യേശു​വി​ന്റെ മരണവും തുടർന്നുള്ള പുനരു​ത്ഥാ​ന​വും ആണ്‌. അടുത്ത​കാ​ലത്ത്‌ യേശു അതെക്കു​റിച്ച്‌ പറഞ്ഞതു​മാണ്‌. (മത്തായി 16:21) യേശു​വി​ന്റെ നിന്ദാ​ക​ര​മായ മരണം ഒഴിവാ​ക്കാൻ പറ്റുന്ന ഒന്നല്ലെന്ന്‌ ഈ സംഭാ​ഷണം കാണി​ക്കു​ന്നു. പത്രോസ്‌ ആഗ്രഹി​ച്ച​തിൽനിന്ന്‌ എത്രയോ വ്യത്യസ്‌തം!

ഉറക്കം വിട്ട്‌ ഉണർന്ന അപ്പോസ്‌ത​ല​ന്മാർ മൂന്നു പേരും​അ​ത്ഭു​ത​ത്തോ​ടെ എല്ലാം നോക്കു​ക​യും ശ്രദ്ധി​ക്കു​ക​യും ചെയ്യുന്നു. ഇതൊരു ദർശന​മാണ്‌. പക്ഷേ ഇത്‌ അത്ര യഥാർഥ​മാ​യി തോന്നു​ന്ന​തു​കൊണ്ട്‌ പത്രോസ്‌ അതിൽ പാടേ മുഴു​കി​യി​രി​ക്കു​ക​യാണ്‌. പത്രോസ്‌ പറയുന്നു: “റബ്ബീ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശയ്‌ക്കും പിന്നെ ഒന്ന്‌ ഏലിയയ്‌ക്കും.” (മർക്കോസ്‌ 9:5) ഈ ദർശനം കുറച്ച്‌ നേരം​കൂ​ടി തുടരണം എന്നുള്ള​തു​കൊ​ണ്ടാ​ണോ പത്രോസ്‌ മൂന്നു കൂടാ​രങ്ങൾ ഉണ്ടാക്കാൻ ആഗ്രഹി​ക്കു​ന്നത്‌?

പത്രോസ്‌ സംസാ​രി​ക്കു​മ്പോൾ പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വരുന്നു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം” എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടാകു​ന്നു. ഇതു കേട്ട്‌ വല്ലാതെ പേടി​ച്ചു​പോയ അപ്പോസ്‌ത​ല​ന്മാർ നിലത്ത്‌ കമിഴ്‌ന്നു​വീ​ഴു​ന്നു. അപ്പോൾ യേശു അവരോട്‌, “പേടി​ക്കേണ്ടാ, എഴു​ന്നേൽക്കൂ” എന്നു പറയുന്നു. (മത്തായി 17:5-7) അവർ എഴു​ന്നേറ്റ്‌ നോക്കു​മ്പോൾ യേശു​വി​നെ​യ​ല്ലാ​തെ ആരെയും കാണു​ന്നില്ല. ദർശനം അവസാ​നി​ച്ചി​രു​ന്നു. നേരം വെളുത്ത്‌ അവർ മലയിൽനിന്ന്‌ ഇറങ്ങി​വ​രു​മ്പോൾ യേശു പറയുന്നു: “മനുഷ്യ​പു​ത്രൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കു​ന്ന​തു​വരെ ഈ ദർശന​ത്തെ​ക്കു​റിച്ച്‌ ആരോ​ടും പറയരുത്‌.”​—മത്തായി 17:9.

ദർശന​ത്തിൽ ഏലിയയെ കണ്ടത്‌ ഒരു ചോദ്യം ഉയർത്തു​ന്നു. അപ്പോസ്‌ത​ല​ന്മാർ ചോദി​ക്കു​ന്നു: “എന്താണ്‌ ആദ്യം ഏലിയ വരു​മെന്നു ശാസ്‌ത്രി​മാർ പറയു​ന്നത്‌?” യേശു പറയുന്നു: “ഏലിയ വന്നുക​ഴി​ഞ്ഞു. അവരോ ഏലിയയെ തിരി​ച്ച​റി​ഞ്ഞില്ല.” (മത്തായി 17:10-12) സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റി​ച്ചാ​ണു യേശു ഇതു പറയു​ന്നത്‌. ഏലിയ ചെയ്‌ത​തു​പോ​ലുള്ള ഒരു പ്രവർത്ത​ന​മാ​ണു യോഹ​ന്നാ​നും ചെയ്‌തത്‌. ഏലിയ, എലീശയ്‌ക്കു വഴി ഒരുക്കി; യോഹ​ന്നാൻ ക്രിസ്‌തു​വി​നും.

യേശു​വി​നെ​യും അപ്പോസ്‌ത​ല​ന്മാ​രെ​യും ഈ ദർശനം എത്ര ബലപ്പെ​ടു​ത്തി​യി​രി​ക്കണം! ക്രിസ്‌തു രാജാ​വാ​യി വരു​മ്പോ​ഴുള്ള മഹത്ത്വ​ത്തി​ന്റെ ഒരു പൂർവ​ദർശ​ന​മാണ്‌ ഇത്‌. അങ്ങനെ യേശു പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ, “മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നത്‌ ” ശിഷ്യ​ന്മാർ കണ്ടു. (മത്തായി 16:28) മലയി​ലാ​യി​രു​ന്ന​പ്പോൾ അവർ “യേശു​വി​ന്റെ മഹത്ത്വ​ത്തി​നു ദൃക്‌സാ​ക്ഷി​കളാ”യി. ദൈവം തിര​ഞ്ഞെ​ടുത്ത രാജാവ്‌ യേശു​വാ​ണെ​ന്നു​ള്ള​തിന്‌ ഒരു അടയാളം പരീശ​ന്മാർ ആഗ്രഹി​ച്ചെ​ങ്കി​ലും അതു കാണി​ക്കാൻ യേശു തയ്യാറാ​യില്ല. പക്ഷേ പ്രിയ ശിഷ്യ​ന്മാ​രെ തന്റെ രൂപാ​ന്ത​രണം കാണാൻ അനുവ​ദി​ച്ചു. ഈ രൂപാ​ന്ത​രണം രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളു​ടെ ഒരു ഉറപ്പാണ്‌. അതു​കൊണ്ട്‌ പത്രോ​സി​നു പിന്നീട്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “പ്രവച​ന​ത്തെ​ക്കു​റിച്ച്‌ നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു.”​—2 പത്രോസ്‌ 1:16-19.