വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 46

യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ട്‌ സുഖം പ്രാപി​ക്കു​ന്നു

യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ട്‌ സുഖം പ്രാപി​ക്കു​ന്നു

മത്തായി 9:18-22; മർക്കോസ്‌ 5:21-34; ലൂക്കോസ്‌ 8:40-48

  • യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊടു​മ്പോൾ ഒരു സ്‌ത്രീ​യു​ടെ രോഗം മാറുന്നു

യേശു ദക്കപ്പൊ​ലി​യിൽനിന്ന്‌ മടങ്ങി​യെത്തി എന്ന വാർത്ത ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്ത്‌ താമസി​ക്കുന്ന ജൂതന്മാ​രു​ടെ ഇടയിൽ പരക്കുന്നു. അടുത്ത​യി​ടെ കൊടു​ങ്കാ​റ്റു​ണ്ടാ​യ​പ്പോൾ യേശു കാറ്റി​നെ​യും കടലി​നെ​യും ശാന്തമാ​ക്കിയ കാര്യം സാധ്യ​ത​യ​നു​സ​രിച്ച്‌ പലരും അറിഞ്ഞി​ട്ടു​ണ്ടാ​കണം. അതു​പോ​ലെ ഭൂതബാ​ധി​തരെ സുഖ​പ്പെ​ടു​ത്തിയ വാർത്ത​യും ചിലർക്കെ​ങ്കി​ലും അറിയാം. അതു​കൊണ്ട്‌ യേശു തിരി​ച്ചെ​ത്തി​യ​പ്പോൾ സ്വീക​രി​ക്കാൻ “വലി​യൊ​രു ജനക്കൂട്ടം” കടൽത്തീ​രത്ത്‌ കൂടി​വ​രു​ന്നു. കഫർന്ന​ഹൂം പ്രദേ​ശ​ത്താ​യി​രി​ക്കണം ഇതു നടക്കു​ന്നത്‌. (മർക്കോസ്‌ 5:21) യേശു കരയ്‌ക്കി​റ​ങ്ങു​മ്പോൾ എല്ലാവർക്കും വലിയ പ്രതീ​ക്ഷ​യും ആകാം​ക്ഷ​യും ആണ്‌.

യേശു​വി​നെ കാണാൻ ഒരുപാട്‌ ആഗ്രഹി​ക്കുന്ന ഒരാൾ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​നായ യായീ​റൊ​സാണ്‌. അദ്ദേഹം യേശു​വി​ന്റെ കാൽക്കൽ വീണ്‌ വീണ്ടും​വീ​ണ്ടും അപേക്ഷി​ക്കു​ന്നു: “എന്റെ മോൾക്ക്‌ അസുഖം വളരെ കൂടു​ത​ലാണ്‌. അങ്ങ്‌ വന്ന്‌ അവളുടെ മേൽ കൈകൾ വെക്കണേ. അങ്ങനെ ചെയ്‌താൽ അവൾ സുഖം പ്രാപിച്ച്‌ ജീവി​ക്കും.” (മർക്കോസ്‌ 5:23) യായീ​റൊ​സി​ന്റെ ഒരേ ഒരു മകളെ സുഖ​പ്പെ​ടു​ത്താ​നുള്ള ആ അപേക്ഷ​യോട്‌ യേശു എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? വെറും 12 വയസ്സുള്ള ആ മോൾ യായീ​റൊ​സിന്‌ എല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു.​—ലൂക്കോസ്‌ 8:42.

യേശു യായീ​റൊ​സി​ന്റെ വീട്ടി​ലേക്കു പോകു​മ്പോൾ വികാ​ര​നിർഭ​ര​മായ മറ്റൊരു കാര്യം നടക്കുന്നു. കൂടെ​യു​ള്ള​വ​രെ​ല്ലാം വലിയ ആവേശ​ത്തി​ലാണ്‌. കാരണം യേശു ഇനിയും അത്ഭുതം ചെയ്യു​മോ എന്നു കാണാൻ നോക്കി​യി​രി​ക്കു​ക​യാണ്‌ അവർ. പക്ഷേ, അക്കൂട്ട​ത്തിൽ ഒരു സ്‌ത്രീ​യു​ടെ ശ്രദ്ധ മുഴുവൻ തന്റെ കഠിന​രോ​ഗ​ത്തി​ലാണ്‌.

നീണ്ട 12 വർഷമാ​യി രക്തസ്രാ​വം കാരണം കഷ്ടപ്പെ​ടു​ക​യാണ്‌ ഈ ജൂതസ്‌ത്രീ. അവർ മാറി​മാ​റി പല വൈദ്യ​ന്മാ​രു​ടെ അടുത്ത്‌ പോയി. ഓരോ​രു​ത്ത​രും നിർദേ​ശിച്ച ചികി​ത്സയ്‌ക്കു​വേണ്ടി, ഉള്ള പണമെ​ല്ലാം ചെലവാ​ക്കി. പക്ഷേ ആരോ​ഗ്യ​സ്ഥി​തി “വഷളാ​യ​ത​ല്ലാ​തെ” ഒരു ഗുണവു​മു​ണ്ടാ​യി​ട്ടില്ല.​—മർക്കോസ്‌ 5:26.

ഈ രോഗം അവരെ ആകപ്പാടെ ക്ഷീണി​പ്പി​ച്ചി​രി​ക്കു​ന്നു. അതുണ്ടാ​ക്കുന്ന നാണ​ക്കേ​ടും അസ്വസ്ഥ​ത​യും വേറെ. ഇങ്ങനെ​യൊ​രു അവസ്ഥ​യെ​ക്കു​റിച്ച്‌ ആരും പൊതു​വേ തുറന്നു സംസാ​രി​ക്കു​ക​പോ​ലും ഇല്ല. മാത്രമല്ല, ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ രക്തസ്രാ​വം ഒരു സ്‌ത്രീ​യെ ആചാര​പ​ര​മാ​യി അശുദ്ധ​യാ​ക്കി​യി​രു​ന്നു. ആരെങ്കി​ലും അവരെ​യോ രക്തം പറ്റിയ വസ്‌ത്ര​ത്തി​ലോ തൊട്ടാൽ വസ്‌ത്രം അലക്കി, കുളിച്ച്‌ വൈകു​ന്നേ​രം​വരെ അശുദ്ധ​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.​—ലേവ്യ 15:25-27.

“യേശു ചെയ്‌ത​തി​നെ​ക്കു​റി​ച്ചൊ​ക്കെ കേട്ടറിഞ്ഞ” ഈ സ്‌ത്രീ യേശു​വി​നെ തേടി കണ്ടെത്തു​ന്നു. അശുദ്ധ​യാ​യ​തു​കൊണ്ട്‌ ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാ​തെ​യാണ്‌ അവർ ജനക്കൂ​ട്ട​ത്തി​ന്റെ ഇടയി​ലൂ​ടെ യേശു​വി​ന്റെ അടു​ത്തേക്കു നീങ്ങു​ന്നത്‌. “യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ലൊ​ന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും” എന്ന്‌ ആ സ്‌ത്രീ​യു​ടെ മനസ്സു പറയു​ന്നു​ണ്ടാ​യി​രു​ന്നു. അതാണു സംഭവി​ച്ച​തും! അവർ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊട്ട ഉടനെ രക്തസ്രാ​വം നിലയ്‌ക്കു​ന്നു. അങ്ങനെ, അവരെ “വല്ലാതെ വലച്ചി​രുന്ന ആ രോഗം” മാറുന്നു.​—മർക്കോസ്‌ 5:27-29.

അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദി​ക്കു​ന്നു. അതു കേട്ട​പ്പോൾ ആ സ്‌ത്രീക്ക്‌ എന്തു തോന്നി​ക്കാ​ണും? പത്രോസ്‌ ഉടനെ, “ഗുരുവേ, എത്രയോ ആളുക​ളാണ്‌ അങ്ങയെ തിക്കു​ന്നത്‌” എന്ന്‌ അൽപ്പം ശകാര​സ്വ​ര​ത്തിൽ പറയുന്നു. പക്ഷേ, യേശു എന്തു​കൊ​ണ്ടാണ്‌ “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദി​ക്കു​ന്നത്‌? “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന്‌ ശക്തി പുറ​പ്പെ​ട്ടതു ഞാൻ അറിഞ്ഞു” എന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു. (ലൂക്കോസ്‌ 8:45, 46) അതെ, ആ സ്‌ത്രീ സുഖം പ്രാപി​ച്ച​പ്പോൾ യേശു​വിൽനിന്ന്‌ ശക്തി പുറ​പ്പെ​ട്ടി​രു​ന്നു.

ഇനി രക്ഷയി​ല്ലെന്ന്‌ ആ സ്‌ത്രീ​ക്കു മനസ്സി​ലാ​കു​ന്നു. അവർ പേടി​ച്ചു​വി​റച്ച്‌ യേശു​വി​ന്റെ കാൽക്കൽ വീണ്‌ എല്ലാവ​രു​ടെ​യും മുമ്പാകെ തന്റെ രോഗ​ത്തെ​ക്കു​റി​ച്ചും എന്നാൽ ഇപ്പോൾ സുഖം പ്രാപി​ച്ചെ​ന്നും വിവരി​ക്കു​ന്നു. യേശു ദയയോ​ടെ അവരെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ പറയുന്നു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ. നിന്റെ മാറാ​രോ​ഗം മാറി​ക്കി​ട്ടി​യ​ല്ലോ. ഇനി ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കുക.”​—മർക്കോസ്‌ 5:34.

ഭൂമിയെ ഭരിക്കാൻ ദൈവം തിര​ഞ്ഞെ​ടുത്ത വ്യക്തി സ്‌നേ​ഹ​വും അനുക​മ്പ​യും ഉള്ളവനാണ്‌. അദ്ദേഹ​ത്തിന്‌ ആളുക​ളെ​ക്കു​റിച്ച്‌ കരുത​ലു​ണ്ടെന്നു മാത്രമല്ല അവരെ സഹായി​ക്കാ​നുള്ള ശക്തിയും അധികാ​ര​വും ഉണ്ട്‌.