വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 45

അനേകം ഭൂതങ്ങ​ളു​ടെ മേൽ അധികാ​രം

അനേകം ഭൂതങ്ങ​ളു​ടെ മേൽ അധികാ​രം

മത്തായി 8:28-34; മർക്കോസ്‌ 5:1-20; ലൂക്കോസ്‌ 8:26-39

  • ഭൂതങ്ങളെ പുറത്താ​ക്കി പന്നിക​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു

കടലിൽവെ​ച്ചു​ണ്ടായ പേടി​പ്പെ​ടു​ത്തുന്ന അനുഭ​വ​ത്തി​നു ശേഷം ശിഷ്യ​ന്മാർ കരയിൽ എത്തിയതേ ഉള്ളൂ. അപ്പോ​ഴതാ മറ്റൊന്ന്‌! കണ്ടാൽ പേടി തോന്നുന്ന തരത്തി​ലുള്ള രണ്ടു പേർ അടുത്തുള്ള കല്ലറയിൽനിന്ന്‌ യേശു​വി​ന്റെ അടു​ത്തേക്ക്‌ പാഞ്ഞു​വ​രു​ന്നു! രണ്ടു പേരി​ലും ഭൂതമുണ്ട്‌. ഒരാളി​ലാ​ണു കൂടുതൽ ശ്രദ്ധ പതിയു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അയാൾ ഏറെ അക്രമാ​സ​ക്ത​നും കൂടുതൽ കാലം ഭൂതങ്ങ​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന​വ​നും ആണ്‌.

ആ പാവം മനുഷ്യൻ ഉടുതു​ണി​പോ​ലും ഇല്ലാ​തെ​യാ​ണു നടക്കു​ന്നത്‌. രാവെ​ന്നോ പകലെ​ന്നോ ഇല്ലാതെ, “അയാൾ കല്ലറക​ളി​ലും മലകളി​ലും അലറി​വി​ളിച്ച്‌ നടന്നു. മാത്രമല്ല, കല്ലു​കൊണ്ട്‌ അയാൾ സ്വന്തം ശരീര​ത്തിൽ മുറി​വേൽപ്പി​ക്കു​ക​യും” ചെയ്യു​ന്നുണ്ട്‌. (മർക്കോസ്‌ 5:5) അയാളു​ടെ അക്രമ​സ്വ​ഭാ​വം കാരണം ആളുകൾക്ക്‌ ആ വഴിയേ നടക്കാൻപോ​ലും പേടി​യാണ്‌. ചിലർ അയാളെ പിടി​ച്ചു​കെ​ട്ടാൻ നോക്കി​യ​താണ്‌. പക്ഷേ അയാൾ ചങ്ങലകൾ വലിച്ചു​പൊ​ട്ടി​ക്കു​ക​യും കാലിലെ വിലങ്ങു​കൾ തകർക്കു​ക​യും ചെയ്‌തു. ആർക്കും അയാളെ കീഴ്‌പെ​ടു​ത്താ​നുള്ള ശക്തിയില്ല.

അയാൾ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ കാൽക്കൽ വീണ​പ്പോൾ അയാളെ നിയ​ന്ത്രി​ച്ചി​രുന്ന ഭൂതങ്ങൾ ഇങ്ങനെ അലറി​വി​ളി​ക്കു​ന്നു: “അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ പുത്ര​നായ യേശുവേ, അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌? എന്നെ ഉപദ്ര​വി​ക്കി​ല്ലെന്നു ദൈവ​ത്തെ​ക്കൊണ്ട്‌ ആണയിട്‌.” എന്നാൽ ഭൂതങ്ങ​ളു​ടെ മേൽപ്പോ​ലും തനിക്ക്‌ അധികാ​ര​മു​ണ്ടെന്നു യേശു കാണി​ക്കു​ന്നു. യേശു കല്‌പി​ക്കു​ന്നു: “അശുദ്ധാ​ത്മാ​വേ, ഈ മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ വരൂ.”​—മർക്കോസ്‌ 5:7, 8.

ശരിക്കും ആ മനുഷ്യ​ന്റെ മേൽ കുറെ ഭൂതങ്ങ​ളുണ്ട്‌. “നിന്റെ പേര്‌ എന്താണ്‌ ” എന്ന്‌ യേശു ചോദി​ക്കു​മ്പോൾ കിട്ടുന്ന മറുപടി, “എന്റെ പേര്‌ ലഗ്യോൻ. കാരണം, ഞങ്ങൾ പലരുണ്ട്‌ ” എന്നാണ്‌. (മർക്കോസ്‌ 5:9) ആയിര​ക്ക​ണ​ക്കി​നു പട്ടാള​ക്കാർ അടങ്ങു​ന്ന​താണ്‌ റോമാ​ക്കാ​രു​ടെ ലഗ്യോൻ. അതു​കൊണ്ട്‌ ഇയാളിൽ കുറെ ഭൂതങ്ങ​ളുണ്ട്‌. ഇയാളു​ടെ ദുരവ​സ്ഥ​യിൽ ഈ ഭൂതങ്ങൾ ആഹ്ലാദി​ക്കു​ക​യാണ്‌. “അഗാധ​ത്തി​ലേക്കു പോകാൻ തങ്ങളോ​ടു കല്‌പി​ക്ക​രു​തെന്ന്‌ ” അവർ യേശു​വി​നോട്‌ അപേക്ഷി​ക്കു​ന്നു. തങ്ങളു​ടെ​യും തങ്ങളുടെ നേതാ​വായ സാത്താ​ന്റെ​യും ഭാവി എന്താ​ണെന്ന്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അവർക്ക്‌ അറിയാം.​—ലൂക്കോസ്‌ 8:31.

അടുത്തു​ത​ന്നെ ഒരു പന്നിക്കൂ​ട്ടം മേയു​ന്നുണ്ട്‌, ഏതാണ്ട്‌ 2,000 പന്നികൾ! ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ പന്നികൾ ശുദ്ധി​യി​ല്ലാത്ത ജീവി​ക​ളാണ്‌. ജൂതന്മാർ അവയെ വളർത്തു​ക​പോ​ലും ചെയ്യരുത്‌. ഭൂതങ്ങൾ പറയുന്നു: “ഞങ്ങളെ ആ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയയ്‌ക്കണേ; ഞങ്ങൾ അവയിൽ പ്രവേ​ശി​ച്ചു​കൊ​ള്ളാം.” (മർക്കോസ്‌ 5:12) യേശു അവയോ​ടു പോകാൻ പറയുന്നു. അവ പന്നിക​ളിൽ പ്രവേ​ശി​ക്കു​ന്നു. വിരണ്ട്‌ ഓടിയ ആ 2,000 പന്നിക​ളും ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ നേരെ കടലി​ലേക്കു ചാടുന്നു.

പന്നികളെ മേയ്‌ക്കു​ന്നവർ ഇതു കാണു​മ്പോൾ ഓടി​ച്ചെന്ന്‌  നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ക്കു​ന്നു. അതോടെ, എന്താണു സംഭവി​ച്ചത്‌ എന്ന്‌ അറിയാൻ ആളുകൾ വരുക​യാ​യി. അവർ വരു​മ്പോൾ, ഭൂതം ബാധി​ച്ചി​രുന്ന ആ മനുഷ്യൻ സുബോ​ധ​ത്തോ​ടെ ഇരിക്കു​ന്നതു കാണുന്നു. അയാൾ വസ്‌ത്രം ധരിച്ച്‌ യേശു​വി​ന്റെ കാൽക്കൽ ഇരിക്കു​ക​യാണ്‌!

ഇതെക്കു​റിച്ച്‌ കേൾക്കു​ക​യോ ആ മനുഷ്യ​നെ കാണു​ക​യോ ചെയ്യു​ന്ന​വർക്കെ​ല്ലാം പേടി​യാ​കു​ന്നു. അടുത്ത​താ​യി യേശു എന്തായി​രി​ക്കും ചെയ്യാൻപോ​കു​ന്നത്‌ എന്നാണ്‌ അവരുടെ ചിന്ത. അതു​കൊണ്ട്‌ ആ പ്രദേശം വിട്ട്‌ പോകാൻ അവർ യേശു​വി​നെ നിർബ​ന്ധി​ക്കു​ന്നു. യേശു അവി​ടെ​നിന്ന്‌ പോകാൻ വള്ളത്തിൽ കയറു​മ്പോൾ, മുമ്പ്‌ ഭൂതം ബാധി​ച്ചി​രുന്ന ആ മനുഷ്യൻ യേശു​വി​നോട്‌ താനും വരട്ടേ എന്നു ചോദി​ക്കു​ന്നു. പക്ഷേ യേശു പറയുന്നു: “നീ നിന്റെ വീട്ടു​കാ​രു​ടെ അടു​ത്തേക്കു പോയി യഹോവ നിനക്കു ചെയ്‌തു​തന്ന കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും നിന്നോ​ടു കാണിച്ച കരുണ​യെ​ക്കു​റി​ച്ചും പറയുക.”​—മർക്കോസ്‌ 5:19.

സാധാ​ര​ണ​ഗ​തി​യിൽ ആരെ​യെ​ങ്കി​ലും സുഖ​പ്പെ​ടു​ത്തു​മ്പോൾ, അതെക്കു​റിച്ച്‌ ആരോ​ടും പറയരുത്‌ എന്നാണു യേശു പറയാറ്‌. കാരണം ഇത്തരം വാർത്ത​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആളുകൾ തന്നെക്കു​റിച്ച്‌ ഓരോ​രോ നിഗമ​ന​ങ്ങ​ളിൽ എത്താൻ യേശു ആഗ്രഹി​ക്കു​ന്നില്ല. പക്ഷേ ഈ മനുഷ്യ​ന്റെ കാര്യ​ത്തിൽ, യേശു​വി​ന്റെ അധികാ​ര​ത്തി​ന്റെ ജീവി​ക്കുന്ന തെളി​വാണ്‌ അയാൾ. ഒരുപക്ഷേ യേശു​വി​നു നേരിട്ട്‌ കാണാ​നും സംസാ​രി​ക്കാ​നും പറ്റാത്ത​വ​രോ​ടു​പോ​ലും സാക്ഷി പറയാൻ അയാൾക്കു കഴിയും. മാത്രമല്ല പന്നികളെ നഷ്ടപ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ മോശ​മായ വാർത്ത പ്രചരി​ക്കു​ന്ന​തിന്‌ തടയി​ടാ​നും ഒരുപക്ഷേ അയാളു​ടെ വാക്കു​കൾക്കാ​കും. അതു​കൊണ്ട്‌ അയാൾ ദക്കപ്പൊ​ലി​യി​ലെ​ങ്ങും പോയി യേശു തനിക്കു​വേണ്ടി ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ എല്ലാവ​രോ​ടും പറയുന്നു.