വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 57

യേശു ഒരു പെൺകു​ട്ടി​യെ​യും ബധിര​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

യേശു ഒരു പെൺകു​ട്ടി​യെ​യും ബധിര​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

മത്തായി 15:21-31; മർക്കോസ്‌ 7:24-37

  • യേശു ഒരു ഫൊയ്‌നി​ക്യ​ക്കാ​രി​യു​ടെ മകളെ സുഖ​പ്പെ​ടു​ത്തു​ന്നു

  • ബധിര​നും ഊമനും ആയ ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​ന്നു

സ്വാർഥ​താത്‌പ​ര്യ​ങ്ങളെ മുൻനി​റു​ത്തി​യുള്ള പരീശ​ന്മാ​രു​ടെ പാരമ്പ​ര്യ​ങ്ങളെ കുറ്റ​പ്പെ​ടു​ത്തി​യ​ശേഷം യേശു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ അവി​ടെ​നിന്ന്‌ പോകു​ന്നു. അങ്ങ്‌ വടക്കു​പ​ടി​ഞ്ഞാ​റുള്ള ഫൊയ്‌നി​ക്യ​യി​ലെ സോർ, സീദോൻ എന്നീ പ്രദേ​ശ​ങ്ങ​ളി​ലേ​ക്കാണ്‌ അവർ പോകു​ന്നത്‌.

താമസി​ക്കാൻ യേശു ഒരു വീടു കണ്ടെത്തു​ന്നു. താൻ അവി​ടെ​യു​ണ്ടെന്ന്‌ ആരും അറിയ​രു​തെ​ന്നാ​ണു യേശു​വി​ന്റെ ആഗ്രഹം. പക്ഷേ, അവി​ടെ​പ്പോ​ലും യേശു​വി​നു രക്ഷയില്ല. ആ പ്രദേ​ശ​ത്തു​നി​ന്നുള്ള ഗ്രീക്കു​കാ​രി​യായ ഒരു സ്‌ത്രീ യേശു​വി​നെ കണ്ട്‌ ഇങ്ങനെ അപേക്ഷി​ക്കു​ന്നു: “കർത്താവേ, ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോ​പ​ദ്രവം ഉണ്ടാകു​ന്നു.”​—മത്തായി 15:22; മർക്കോസ്‌ 7:26.

കുറച്ച്‌ കഴിയു​മ്പോൾ ശിഷ്യ​ന്മാർ യേശു​വി​നോട്‌, “ആ സ്‌ത്രീ അതുതന്നെ പറഞ്ഞു​കൊണ്ട്‌ നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയയ്‌ക്കണേ” എന്ന്‌ അപേക്ഷി​ക്കു​ന്നു. അതിനു മറുപ​ടി​യാ​യി ആ സ്‌ത്രീ​യെ അവഗണി​ക്കു​ന്ന​തി​ന്റെ കാരണം യേശു വിശദീ​ക​രി​ക്കു​ന്നു: “ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടു​ത്തേക്കു മാത്ര​മാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌.” പക്ഷേ, സ്‌ത്രീ വിടാൻ ഭാവമില്ല. അവർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ താണു​വ​ണ​ങ്ങി​ക്കൊണ്ട്‌, “കർത്താവേ, എന്നെ സഹായി​ക്കണേ” എന്നു യാചി​ക്കു​ന്നു.​—മത്തായി 15:23-25.

ഒരുപക്ഷേ, ആ സ്‌ത്രീ​യു​ടെ വിശ്വാ​സം പരി​ശോ​ധി​ക്കാൻവേണ്ടി യേശു പറയുന്നു: “മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കു​ട്ടി​കൾക്ക്‌ ഇട്ടു​കൊ​ടു​ക്കു​ന്നതു ശരിയ​ല്ല​ല്ലോ.” ആ വാക്കു​ക​ളി​ലൂ​ടെ മറ്റു ദേശക്കാ​രോ​ടു ജൂതന്മാർക്കു പൊതു​വേ​യുള്ള മനോ​ഭാ​വം പ്രതി​ഫ​ലി​പ്പി​ക്കു​ക​യാ​ണു യേശു. (മത്തായി 15:26) “നായ്‌ക്കു​ട്ടി​കൾ” അഥവാ പട്ടിക്കു​ട്ടി​കൾ എന്നു പറയു​ന്ന​തി​ലൂ​ടെ ജൂതന്മാ​ര​ല്ലാ​ത്ത​വ​രോ​ടുള്ള യേശു​വി​ന്റെ മൃദു​ല​വി​കാ​ര​ങ്ങ​ളാ​ണു വെളി​പ്പെ​ടു​ന്നത്‌. യേശു​വി​ന്റെ മുഖഭാ​വ​ത്തി​ലും അനുക​മ്പ​യോ​ടെ​യുള്ള സ്വരത്തി​ലും ആ വികാ​രങ്ങൾ നിഴലി​ക്കു​ന്നുണ്ട്‌.

എന്തായാ​ലും യേശു​വി​ന്റെ വാക്കു​ക​ളിൽ നീരസ​പ്പെ​ടു​ന്ന​തി​നു പകരം ജൂതന്മാ​രു​ടെ മുൻവി​ധി​യെ​ക്കു​റിച്ച്‌ യേശു പറഞ്ഞതി​ന്റെ ചുവടു​പി​ടിച്ച്‌ ആ സ്‌ത്രീ പറയുന്നു: “അങ്ങ്‌ പറഞ്ഞതു ശരിയാ​ണു കർത്താവേ. പക്ഷേ നായ്‌ക്കു​ട്ടി​ക​ളും യജമാ​നന്റെ മേശയിൽനിന്ന്‌ വീഴുന്ന അപ്പക്കഷ​ണങ്ങൾ തിന്നാ​റു​ണ്ട​ല്ലോ.” യേശു ആ സ്‌ത്രീ​യു​ടെ നല്ല ആന്തരം മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ പറയുന്നു: “നിന്റെ വിശ്വാ​സം അപാരം! നീ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ നിനക്കു സംഭവി​ക്കട്ടെ.” (മത്തായി 15:27, 28) മകൾ അവിടെ ഇല്ലാഞ്ഞി​ട്ടും യേശു പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ക്കു​ന്നു! ആ സ്‌ത്രീ വീട്ടിൽ ചെല്ലു​മ്പോൾ മകൾ പൂർണ​സു​ഖം പ്രാപിച്ച്‌ കിടക്ക​യിൽ കിടക്കു​ന്ന​താ​ണു കാണു​ന്നത്‌. “ഭൂതം അവളെ വിട്ട്‌ പോയി​രു​ന്നു.”​—മർക്കോസ്‌ 7:30.

ഫൊയ്‌നി​ക്യ പ്രദേ​ശ​ത്തു​നിന്ന്‌ യേശു​വും ശിഷ്യ​ന്മാ​രും നേരെ യോർദാൻ നദി ലക്ഷ്യമാ​ക്കി നീങ്ങുന്നു. അവർ ഗലീല​ക്ക​ട​ലി​ന്റെ വടക്കു​ഭാ​ഗ​ത്തു​വെച്ച്‌ നദി കുറുകെ കടന്ന്‌ ദക്കപ്പൊ​ലി പ്രദേ​ശത്ത്‌ എത്തുന്നു. അവർ ഒരു മലയി​ലേക്കു പോ​യെ​ങ്കി​ലും ജനക്കൂട്ടം അവരെ കണ്ടുപി​ടി​ക്കു​ന്നു. ആളുകൾ അവിടെ യേശു​വി​ന്റെ അടുത്ത്‌ മുടന്തർ, അംഗ​വൈ​ക​ല്യ​മു​ള്ളവർ, അന്ധർ, ഊമർ എന്നിവ​രെ​യെ​ല്ലാം കൊണ്ടു​വ​രു​ന്നു. അവർ ഈ രോഗി​കളെ യേശു​വി​ന്റെ കാൽക്കൽ കിടത്തു​ന്നു, യേശു അവരെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഇതെല്ലാം കണ്ട്‌ അതിശ​യി​ച്ചിട്ട്‌ ആളുകൾ ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു.

സംസാ​ര​വൈ​ക​ല്യ​മുള്ള ബധിര​നായ ഒരാളെ യേശു പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. ഒരു വലിയ ജനക്കൂ​ട്ട​ത്തി​ന്റെ നടുവി​ലാ​യി​രി​ക്കു​മ്പോൾ അയാൾക്ക്‌ എത്ര വിഷമം തോന്നു​മെ​ന്നോ! അയാളു​ടെ പേടി​യും വെപ്രാ​ള​വും കണ്ടിട്ടാ​യി​രി​ക്കാം യേശു അയാളെ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ മാറ്റി​ക്കൊ​ണ്ടു​പോ​കു​ന്നു. അവർ തനിച്ചായിരിക്കുമ്പോൾ താൻ അയാൾക്കു​വേണ്ടി എന്താണു ചെയ്യാൻ പോകു​ന്ന​തെന്നു യേശു സൂചി​പ്പി​ക്കു​ന്നു. യേശു അയാളു​ടെ ചെവി​ക​ളിൽ വിരൽ ഇടുന്നു. പിന്നെ തുപ്പി​യിട്ട്‌ അയാളു​ടെ നാവിൽ തൊടു​ന്നു. എന്നിട്ട്‌ സ്വർഗ​ത്തി​ലേക്കു നോക്കി “എഫഥാ” എന്നു പറയുന്നു. ഈ വാക്കിന്റെ അർഥം “തുറക്കട്ടെ” എന്നാണ്‌. അങ്ങനെ അയാൾക്കു കേൾവി​ശക്തി കിട്ടുന്നു. സാധാ​ര​ണ​പോ​ലെ സംസാ​രി​ക്കാ​നും കഴിയു​ന്നു. ഇതിനു വലിയ പ്രചാരം കൊടു​ക്കാ​നൊ​ന്നും യേശു ആഗ്രഹി​ക്കു​ന്നില്ല. കാരണം ആളുകൾ നേരിട്ട്‌ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ തന്നിൽ വിശ്വ​സി​ക്കു​ന്ന​താ​ണു യേശു​വിന്‌ ഇഷ്ടം.​—മർക്കോസ്‌ 7:32-36.

സുഖ​പ്പെ​ടു​ത്താ​നുള്ള യേശു​വി​ന്റെ ഈ കഴിവ്‌ കണ്ട ആളുക​ളു​ടെ “അതിശയം പറഞ്ഞറി​യി​ക്കാൻ പറ്റാത്ത”ത്രയാണ്‌. അവർ പറയുന്നു: “എത്ര നല്ല കാര്യ​ങ്ങ​ളാ​ണു യേശു ചെയ്യു​ന്നത്‌! യേശു ബധിരർക്കു കേൾവി​ശ​ക്തി​യും ഊമർക്കു സംസാ​ര​ശേ​ഷി​യും കൊടു​ക്കു​ന്നു.”​—മർക്കോസ്‌ 7:37.