വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 50

പീഡനം ഉണ്ടാകു​മ്പോ​ഴും പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക

പീഡനം ഉണ്ടാകു​മ്പോ​ഴും പ്രസം​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക

മത്തായി 10:16–11:1; മർക്കോസ്‌ 6:12, 13; ലൂക്കോസ്‌ 9:6

  • യേശു അപ്പോസ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പിച്ച്‌ അയയ്‌ക്കു​ന്നു

അപ്പോസ്‌ത​ല​ന്മാർ ഈരണ്ടാ​യി പോകു​മ്പോൾ എങ്ങനെ പ്രസം​ഗ​പ്ര​വർത്തനം നടത്താം എന്നതി​നെ​ക്കു​റിച്ച്‌ വളരെ നല്ല നിർദേ​ശങ്ങൾ യേശു കൊടു​ക്കു​ന്നു. ഒപ്പം, എതിരാ​ളി​ക​ളെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പും യേശു നൽകുന്നു. “ഇതാ, ഞാൻ നിങ്ങളെ അയയ്‌ക്കു​ന്നു; ചെന്നായ്‌ക്കൾക്കി​ട​യിൽ ചെമ്മരി​യാ​ടു​ക​ളെ​പ്പോ​ലെ​യാ​ണു നിങ്ങൾ. . . . മനുഷ്യരെ സൂക്ഷി​ച്ചു​കൊ​ള്ളുക; അവർ നിങ്ങളെ കോട​തി​യിൽ ഹാജരാ​ക്കു​ക​യും അവരുടെ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ നിങ്ങളെ ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും ചെയ്യും. എന്നെ​പ്രതി നിങ്ങളെ ഗവർണർമാ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കും.”​—മത്തായി 10:16-18.

അതെ, യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ കടുത്ത പീഡനം നേരി​ട്ടേ​ക്കാം. പക്ഷേ യേശു അവർക്ക്‌ ഈ ഉറപ്പു കൊടു​ക്കു​ന്നു: “എന്നാൽ അവർ നിങ്ങളെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​മ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച്‌ ഉത്‌കണ്‌ഠ​പ്പെ​ടേണ്ടാ. പറയാ​നു​ള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടി​യി​രി​ക്കും; കാരണം സംസാ​രി​ക്കു​ന്നതു നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളു​ടെ പിതാ​വി​ന്റെ ആത്മാവാ​യി​രി​ക്കും നിങ്ങളി​ലൂ​ടെ സംസാ​രി​ക്കുക.” യേശു ഇങ്ങനെ​യും പറയുന്നു: “സഹോ​ദരൻ സഹോ​ദ​ര​നെ​യും അപ്പൻ മകനെ​യും കൊല്ലാൻ ഏൽപ്പി​ച്ചു​കൊ​ടു​ക്കും. മക്കൾ മാതാ​പി​താ​ക്കൾക്കെ​തി​രെ തിരിഞ്ഞ്‌ അവരെ കൊല്ലി​ക്കും. എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും. എന്നാൽ അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.”​—മത്തായി 10:19-22.

പ്രസം​ഗ​പ്ര​വർത്തനം വളരെ പ്രധാ​ന​പ്പെ​ട്ട​താ​യ​തു​കൊണ്ട്‌ തന്റെ അനുഗാ​മി​കൾ വിവേ​ക​ത്തോ​ടെ കാര്യങ്ങൾ ചെയ്യണ​മെന്നു യേശു എടുത്തു​പ​റ​യു​ന്നു. കാരണം എങ്കിൽ മാത്രമേ അവർക്കു സ്വാത​ന്ത്ര്യ​ത്തോ​ടെ ഈ പ്രവർത്തനം തുടരാൻ കഴിയൂ. “ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്ര​വി​ക്കു​മ്പോൾ മറ്റൊ​ന്നി​ലേക്ക്‌ ഓടി​പ്പോ​കുക. കാരണം, മനുഷ്യ​പു​ത്രൻ വരുന്ന​തി​നു മുമ്പ്‌ നിങ്ങൾ ഇസ്രാ​യേൽപ​ട്ട​ണങ്ങൾ മുഴു​വ​നും ഒരു കാരണ​വ​ശാ​ലും സഞ്ചരി​ച്ചു​തീർക്കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 10:23.

എത്ര നല്ല നിർദേ​ശ​ങ്ങ​ളും മുന്നറി​യി​പ്പും പ്രോ​ത്സാ​ഹ​ന​വും ആണ്‌ യേശു ആ 12 അപ്പോസ്‌ത​ല​ന്മാർക്കു കൊടു​ക്കു​ന്നത്‌ എന്നു കണ്ടോ! യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​വർക്കു വേണ്ടി​യും കൂടെ​യാണ്‌ യേശു അതു പറയു​ന്നത്‌. അപ്പോസ്‌ത​ല​ന്മാർ ആരോടു പ്രസം​ഗി​ച്ചു​വോ അവർ മാത്രമല്ല, “എല്ലാവ​രും നിങ്ങളെ വെറു​ക്കും” എന്നു യേശു പറഞ്ഞതിൽനിന്ന്‌ അതു വ്യക്തമാണ്‌. മാത്രമല്ല ഗലീല​യി​ലെ ചുരു​ങ്ങിയ കാലത്തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ട​യിൽ അപ്പോസ്‌ത​ല​ന്മാ​രെ ഗവർണർമാ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും മുന്നിൽ ഹാജരാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ കുടും​ബാം​ഗങ്ങൾ അവരെ കൊല്ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ നമ്മൾ വായി​ക്കു​ന്നു​മില്ല.

അതു​കൊണ്ട്‌ യേശു അപ്പോസ്‌ത​ല​ന്മാ​രോട്‌ ഇതു പറയു​മ്പോൾ ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്ന​താ​ണു യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്നു വ്യക്തമാണ്‌. “മനുഷ്യ​പു​ത്രൻ വരുന്ന​തി​നു മുമ്പ്‌ ” തന്റെ ശിഷ്യ​ന്മാർ പ്രസം​ഗ​പ​ര്യ​ടനം പൂർത്തി​യാ​ക്കില്ല എന്നും യേശു പറഞ്ഞു. മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രിസ്‌തു എന്ന രാജാവ്‌ ദൈവ​ത്തി​ന്റെ ന്യായാ​ധി​പ​നാ​യി വരുന്ന​തി​നു മുമ്പ്‌ ശിഷ്യ​ന്മാർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ എല്ലാവ​രോ​ടും പ്രസം​ഗി​ച്ചു തീരില്ല എന്നാണു യേശു സൂചി​പ്പി​ക്കു​ന്നത്‌.

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ എതിർപ്പു​കൾ ഉണ്ടായാൽ അപ്പോസ്‌ത​ല​ന്മാർ അതിശ​യി​ക്കേ​ണ്ട​തില്ല.  കാരണം യേശു പറയുന്നു: “ശിഷ്യൻ ഗുരു​വി​നെ​ക്കാൾ വലിയ​വനല്ല; അടിമ യജമാ​ന​നെ​ക്കാൾ വലിയ​വ​നു​മല്ല.” യേശു പറഞ്ഞ ആശയം വളരെ വ്യക്തമാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്ന​തി​ന്റെ പേരിൽ യേശു​വിന്‌ ആളുക​ളിൽനിന്ന്‌ മോശ​മായ പെരു​മാ​റ്റ​വും പീഡന​വും സഹി​ക്കേ​ണ്ടി​വ​രു​ന്നുണ്ട്‌. അതു​കൊണ്ട്‌ അവർക്കും അതുണ്ടാ​കും. എങ്കിലും യേശു പറയുന്നു: “ദേഹിയെ കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ. പകരം, ദേഹി​യെ​യും ശരീര​ത്തെ​യും ഗീഹെ​ന്ന​യിൽ നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.”​—മത്തായി 10:24, 28.

അങ്ങനെ യേശു ഒരു മാതൃക വെക്കുന്നു. സകലത്തി​ന്റെ​യും അധികാ​രി​യായ യഹോ​വ​യോ​ടുള്ള വിശ്വസ്‌ത​ത​യിൽ വിട്ടു​വീഴ്‌ച കാണി​ക്കു​ന്ന​തി​നു പകരം യേശു പേടി കൂടാതെ മരണം വരിച്ചു. സർവശക്തനായ ദൈവ​ത്തി​നു മാത്രമേ ഒരാളു​ടെ “ദേഹിയെ” (അയാൾക്കു ഭാവി​യിൽ ജീവി​ക്കാ​നുള്ള പ്രതീക്ഷ) ഇല്ലാതാ​ക്കാ​നോ നിത്യ​ജീ​വൻ നേടാ​നാ​യി അയാളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നോ കഴിയൂ. ഇത്‌ അപ്പോസ്‌ത​ല​ന്മാ​രെ എത്ര ബലപ്പെ​ടു​ത്തി​യി​രി​ക്കണം!

തന്റെ അനുഗാ​മി​കൾക്കു​വേണ്ടി ദൈവം സ്‌നേ​ഹ​ത്തോ​ടെ കരുതും എന്നു വ്യക്തമാ​ക്കാൻ യേശു പറയുന്നു: “നിസ്സാ​ര​വി​ല​യുള്ള ഒരു നാണയ​ത്തു​ട്ടി​നല്ലേ രണ്ടു കുരു​വി​കളെ വിൽക്കു​ന്നത്‌? എങ്കിലും അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവ്‌ അറിയാ​തെ നിലത്ത്‌ വീഴില്ല. . . . അതു​കൊണ്ട്‌ പേടി​ക്കേണ്ടാ. അനേകം കുരു​വി​ക​ളെ​ക്കാൾ എത്രയോ വിലയു​ള്ള​വ​രാ​ണു നിങ്ങൾ!”​—മത്തായി 10:29, 31.

യേശു​വി​ന്റെ ശിഷ്യ​ന്മാർ അറിയി​ക്കുന്ന സന്ദേശം ഒരു കുടും​ബ​ത്തി​ലെ ചിലർ സ്വീക​രി​ക്കു​ക​യും മറ്റു ചിലർ സ്വീക​രി​ക്കാ​തെ​യും വരു​മ്പോൾ അവർക്കി​ട​യിൽ ഭിന്നത​യു​ണ്ടാ​കും. “ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ,” യേശു പറയുന്നു. അതെ, ബൈബിൾസ​ത്യം സ്വീക​രി​ക്കാൻ ഒരാൾക്ക്‌ നല്ല ധൈര്യം വേണം. “എന്നെക്കാൾ അധികം അപ്പനെ​യോ അമ്മയെ​യോ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല. എന്നെക്കാൾ അധികം മകനെ​യോ മകളെ​യോ സ്‌നേ​ഹി​ക്കു​ന്ന​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല” എന്നും യേശു പറയുന്നു.​—മത്തായി 10:34, 37.

എങ്കിലും ചിലർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ സ്വീക​രി​ക്കും. യേശു പറയുന്നു: “ഈ ചെറി​യ​വ​രിൽ ഒരാൾക്ക്‌, അയാൾ എന്റെ ഒരു ശിഷ്യ​നാ​ണെന്ന കാരണ​ത്താൽ അൽപ്പം വെള്ള​മെ​ങ്കി​ലും കുടി​ക്കാൻ കൊടു​ക്കു​ന്ന​വനു പ്രതി​ഫലം കിട്ടാ​തെ​പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 10:42.

അതെ, യേശു​വിൽനിന്ന്‌ അപ്പോസ്‌ത​ല​ന്മാർക്ക്‌ വളരെ​യ​ധി​കം നിർദേ​ശ​ങ്ങ​ളും മുന്നറി​യി​പ്പു​ക​ളും പ്രോ​ത്സാ​ഹ​ന​വും കിട്ടുന്നു. അങ്ങനെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തയ്യാറായ അവർ “ഗ്രാമ​ങ്ങൾതോ​റും സഞ്ചരിച്ച്‌ എല്ലായി​ട​ത്തും സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും” ചെയ്യുന്നു.​—ലൂക്കോസ്‌ 9:6.