വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 59

മനുഷ്യ​പു​ത്രൻ ആരാണ്‌?

മനുഷ്യ​പു​ത്രൻ ആരാണ്‌?

മത്തായി 16:13-27; മർക്കോസ്‌ 8:22-38; ലൂക്കോസ്‌ 9:18-26

  • യേശു ഒരു അന്ധനെ സുഖ​പ്പെ​ടു​ത്തു​ന്നു

  • ദൈവ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ പത്രോ​സിന്‌

  • യേശു തന്റെ മരണവും പുനരു​ത്ഥാ​ന​വും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

യേശു​വും ശിഷ്യ​ന്മാ​രും ബേത്ത്‌സ​യി​ദ​യിൽ എത്തു​മ്പോൾ ആളുകൾ ഒരു അന്ധനെ യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു. അയാളെ തൊട്ട്‌ സുഖ​പ്പെ​ടു​ത്താൻ അവർ യേശു​വി​നോട്‌ അപേക്ഷി​ക്കു​ന്നു.

അന്ധന്റെ കൈയിൽ പിടിച്ച്‌ യേശു അയാളെ ഗ്രാമ​ത്തി​നു വെളി​യി​ലേക്കു കൊണ്ടു​പോ​കു​ന്നു. യേശു അയാളു​ടെ കണ്ണുക​ളിൽ തുപ്പി​യിട്ട്‌ “നിനക്ക്‌ എന്തെങ്കി​ലും കാണാൻ പറ്റുന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നു. “എനിക്ക്‌ ആളുകളെ കാണാം. പക്ഷേ കണ്ടിട്ട്‌ മരങ്ങൾ നടക്കു​ന്ന​തു​പോ​ലുണ്ട്‌,” അയാൾ പറയുന്നു. (മർക്കോസ്‌ 8:23, 24) ആ മനുഷ്യ​ന്റെ കണ്ണുക​ളിൽ യേശു കൈകൾ വെക്കു​മ്പോൾ അയാൾക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്നു. എല്ലാം ഇപ്പോൾ വ്യക്തമാ​യി കാണാം. തിരിച്ച്‌ ഗ്രാമ​ത്തി​ലേക്കു പോക​രു​തെന്നു പറഞ്ഞ്‌ യേശു അയാളെ വീട്ടി​ലേക്കു പറഞ്ഞയയ്‌ക്കു​ന്നു.

അടുത്ത​താ​യി യേശു​വും ശിഷ്യ​ന്മാ​രും വടക്കുള്ള കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തേക്കു പോകു​ന്നു. അങ്ങോട്ട്‌ ഏതാണ്ട്‌ 40 കിലോ​മീ​റ്റർ വരും; വലിയ കയറ്റമാണ്‌. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 1,150 അടി ഉയരത്തി​ലാണ്‌ ഈ ഗ്രാമം. വടക്കു​കി​ഴ​ക്കാ​യി മഞ്ഞുമൂ​ടി​ക്കി​ട​ക്കുന്ന ഹെർമോൻ പർവതം തല ഉയർത്തി നിൽക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അങ്ങോ​ട്ടുള്ള യാത്രയ്‌ക്കു കുറച്ച്‌ ദിവസം വേണം.

യാത്രയ്‌ക്ക്‌ ഇടയിൽ ഒരു സമയത്ത്‌ യേശു തനിച്ച്‌ പ്രാർഥി​ക്കാൻവേണ്ടി പോകു​ന്നു. യേശു​വി​ന്റെ മരണത്തിന്‌ ഇനി ഒമ്പതോ പത്തോ മാസമേ ഉള്ളൂ. ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ യേശു​വിന്‌ ഉത്‌കണ്‌ഠ​യുണ്ട്‌. അടുത്ത​യി​ടെ പലരും യേശു​വി​നെ അനുഗ​മി​ക്കു​ന്നതു നിറുത്തി. മറ്റുള്ള​വ​രാ​ണെ​ങ്കിൽ ആശയക്കു​ഴ​പ്പ​ത്തി​ലോ നിരാ​ശ​യി​ലോ ആണ്‌. രാജാ​വാ​ക്കാൻ നോക്കി​യ​പ്പോൾ യേശു അതിനു സമ്മതി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​കു​ന്നില്ല. താൻ ശരിക്കും ആരാ​ണെന്നു തെളി​യി​ക്കാ​നുള്ള അടയാളം യേശു കാണി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടെ​ന്നും അവർ ചിന്തി​ക്കു​ന്നു​ണ്ടാ​കാം.

യേശു പ്രാർഥി​ക്കു​ന്നി​ടത്ത്‌ ശിഷ്യ​ന്മാർ ചെല്ലു​മ്പോൾ യേശു അവരോട്‌, “മനുഷ്യ​പു​ത്രൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌ ” എന്നു ചോദി​ക്കു​ന്നു. അവർ പറയുന്നു: “ചിലർ സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ യിരെ​മ്യ​യോ ഏതോ ഒരു പ്രവാ​ച​ക​നോ എന്നും പറയുന്നു.” മരിച്ചു​പോയ അവർ ആരെങ്കി​ലും ഉയിർത്തെ​ഴു​ന്നേറ്റു വന്നതാണ്‌ ഈ യേശു എന്നാണ്‌ ആളുകൾ കരുതു​ന്നത്‌. എന്നാൽ ശിഷ്യ​ന്മാർ എന്താണു തന്നെക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തെന്ന്‌ അറിയാൻ യേശു ചോദി​ക്കു​ന്നു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” ഉടനെ ശിമോൻ പത്രോസ്‌ പറയുന്നു: “അങ്ങ്‌ ജീവനുള്ള ദൈവ​ത്തി​ന്റെ മകനായ ക്രിസ്‌തു​വാണ്‌.”​—മത്തായി 16:13-16.

ദൈവം ഇതു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തു​കൊണ്ട്‌ പത്രോ​സി​നു സന്തോ​ഷി​ക്കാ​മെന്നു യേശു പറയുന്നു. “ഞാൻ നിന്നോ​ടു പറയുന്നു: നീ പത്രോ​സാണ്‌; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും. ശവക്കു​ഴി​യു​ടെ കവാടങ്ങൾ അതിനെ ജയിച്ച​ട​ക്കില്ല.” യേശു ഉദ്ദേശി​ക്കു​ന്നതു താൻതന്നെ ഒരു സഭ പണിയു​മെ​ന്നാണ്‌. അതിലെ അംഗങ്ങൾ ഭൂമി​യിൽ വിശ്വസ്‌ത​മാ​യി ജീവി​ച്ചാൽ ശവക്കു​ഴി​ക്കു​പോ​ലും അവരെ പിടി​ച്ചു​വെ​ക്കാ​നാ​കില്ല. കൂടാതെ, “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ ഞാൻ നിനക്കു തരും” എന്നു യേശു പത്രോ​സിന്‌ ഉറപ്പു​കൊ​ടു​ക്കു​ന്നു.​—മത്തായി 16:18, 19.

യേശു പത്രോ​സി​നു മറ്റെല്ലാ അപ്പോസ്‌ത​ല​ന്മാ​രെ​ക്കാ​ളും മുന്തിയ ഒരു സ്ഥാനം കൊടു​ക്കു​ന്നില്ല. പത്രോസ്‌ സഭയുടെ അടിസ്ഥാ​ന​മാ​ണെ​ന്നും യേശു പറയു​ന്നില്ല. യേശു​വാണ്‌ പാറ. ആ പാറ​മേ​ലാ​ണു സഭ പണിയാ​നി​രി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 3:11; എഫെസ്യർ 2:20) പത്രോ​സി​നു പക്ഷേ മൂന്നു താക്കോ​ലു​കൾ കിട്ടും. സ്വർഗ​രാ​ജ്യ​ത്തിൽ കടക്കാൻ പല കൂട്ടങ്ങൾക്ക്‌ അവസര​ത്തി​ന്റെ വാതിൽ തുറന്നു​കൊ​ടു​ക്കാ​നുള്ള പദവി​യാ​ണു പത്രോ​സി​നു കിട്ടു​ന്നത്‌.

 എ.ഡി. 33-ലെ പെന്തി​ക്കോസ്‌തി​ലാ​യി​രി​ക്കും പത്രോസ്‌ ആദ്യത്തെ താക്കോൽ ഉപയോ​ഗി​ക്കു​ന്നത്‌. മാനസാ​ന്ത​ര​പ്പെ​ടുന്ന ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും രക്ഷ നേടാൻ എന്തു ചെയ്യണ​മെന്നു പത്രോസ്‌ അപ്പോൾ കാണി​ച്ചു​കൊ​ടു​ക്കും. വിശ്വ​സി​ക്കുന്ന ശമര്യ​ക്കാർക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നുള്ള ഒരു അവസരം തുറന്നു​കൊ​ടു​ക്കാൻ പത്രോസ്‌ രണ്ടാമത്തെ താക്കോൽ ഉപയോ​ഗി​ക്കും. പിന്നീട്‌ എ. ഡി. 36-ൽ മറ്റു ജനതയിൽപ്പെട്ട പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വർക്ക്‌, കൊർന്നേ​ല്യൊ​സി​നും മറ്റുള്ള​വർക്കും, ആ അവസരം നീട്ടി​ക്കൊ​ടു​ക്കാൻ പത്രോസ്‌ മൂന്നാ​മത്തെ താക്കോ​ലും ഉപയോ​ഗി​ക്കും.​—പ്രവൃ​ത്തി​കൾ 2:37, 38; 8:14-17; 10:44-48.

ഈ ചർച്ചയിൽ, യരുശ​ലേ​മിൽ തനിക്കു കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും താൻ മരിക്കു​മെ​ന്നും യേശു പറയുന്നു. അതു കേട്ട്‌ അപ്പോസ്‌ത​ല​ന്മാർ ആകെ അസ്വസ്ഥ​രാണ്‌. യേശു സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെന്ന കാര്യം മനസ്സി​ലാ​ക്കാ​തെ പത്രോസ്‌ യേശു​വി​നെ മാറ്റി നിറുത്തി ശകാരി​ക്കു​ന്നു. പത്രോസ്‌ പറയുന്നു: “കർത്താവേ, അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്ക​ലും അങ്ങനെ​യൊ​ന്നും സംഭവി​ക്കില്ല.” അപ്പോൾ യേശു പുറം​തി​രിഞ്ഞ്‌ പത്രോ​സി​നോ​ടു പറയുന്നു: “സാത്താനേ, എന്റെ മുന്നിൽനിന്ന്‌ മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്‌. നിന്റെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തകളല്ല, മനുഷ്യ​രു​ടേ​താണ്‌.”​—മത്തായി 16:22, 23.

യേശു ഇപ്പോൾ അപ്പോസ്‌ത​ല​ന്മാ​രെ​യും മറ്റു ജനങ്ങ​ളെ​യും അടുത്ത്‌ വിളിച്ച്‌ തന്റെ അനുഗാ​മി​യാ​യി​രി​ക്കു​ന്നത്‌ എളുപ്പ​മാ​യി​രി​ക്കില്ല എന്നു വ്യക്തമാ​ക്കു​ന്നു. യേശു പറയുന്നു: “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നെ അനുഗ​മി​ക്കട്ടെ. ആരെങ്കി​ലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കു​വേ​ണ്ടി​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്തയ്‌ക്കു​വേ​ണ്ടി​യും ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അതിനെ രക്ഷിക്കും.”​—മർക്കോസ്‌ 8:34, 35.

യേശു​വി​ന്റെ അംഗീ​കാ​രം കിട്ടാൻ അനുഗാ​മി​കൾ ധൈര്യ​ശാ​ലി​ക​ളും ആത്മത്യാ​ഗം ചെയ്യു​ന്ന​വ​രും ആയിരി​ക്കണം. യേശു പറയുന്നു: “വ്യഭി​ചാ​രി​ക​ളു​ടെ​യും പാപി​ക​ളു​ടെ​യും ഈ തലമു​റ​യിൽ ആർക്കെ​ങ്കി​ലും എന്നെയും എന്റെ വാക്കു​ക​ളെ​യും കുറിച്ച്‌ ലജ്ജ തോന്നി​യാൽ, തന്റെ പിതാ​വി​ന്റെ മഹത്ത്വ​ത്തിൽ വിശു​ദ്ധ​ദൂ​ത​ന്മാ​രോ​ടൊ​പ്പം വരു​മ്പോൾ മനുഷ്യ​പു​ത്ര​നും അയാ​ളെ​ക്കു​റിച്ച്‌ ലജ്ജ തോന്നും.” (മർക്കോസ്‌ 8:38) അതെ, യേശു അങ്ങനെ വരു​മ്പോൾ “ഓരോ​രു​ത്ത​നും അവനവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പ്രതി​ഫലം കൊടു​ക്കും.”​—മത്തായി 16:27.