വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 21

നസറെ​ത്തി​ലെ സിന​ഗോ​ഗിൽ

നസറെ​ത്തി​ലെ സിന​ഗോ​ഗിൽ

ലൂക്കോസ്‌ 4:16-31

  • യശയ്യയു​ടെ ചുരു​ളിൽനിന്ന്‌ യേശു വായി​ക്കു​ന്നു

  • നസറെ​ത്തി​ലെ ആളുകൾ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നു

നസറെ​ത്തിൽ എല്ലാവ​രും വലിയ ആവേശ​ത്തി​ലാണ്‌. യേശു യോഹ​ന്നാ​ന്റെ അടുത്ത്‌ പോയി സ്‌നാ​ന​പ്പെ​ട്ടിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ ഒരു വർഷമേ ആയിട്ടു​ള്ളൂ. അതിനു മുമ്പ്‌ യേശു ഇവിടെ മരപ്പണി ചെയ്യു​ക​യാ​യി​രു​ന്നു. എന്നാൽ യേശു ഇപ്പോൾ അറിയ​പ്പെ​ടു​ന്നത്‌ ഒരു അത്ഭുത​പ്ര​വർത്ത​ക​നാ​യി​ട്ടാണ്‌. ആ അത്ഭുത​ങ്ങ​ളിൽ ചിലത്‌ ഇവി​ടെ​യും ചെയ്‌തു​കാ​ണാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണു യേശു​വി​ന്റെ നാട്ടു​കാർ.

യേശു പതിവു​പോ​ലെ അവിടത്തെ സിന​ഗോ​ഗിൽ ചെല്ലുന്നു. എല്ലാവ​രു​ടെ​യും കണ്ണുകൾ ഇപ്പോൾ യേശു​വി​ലാണ്‌. സിന​ഗോ​ഗി​ലെ ചടങ്ങിൽ പ്രാർഥ​ന​യും മോശ​യു​ടെ പുസ്‌ത​ക​ത്തിൽനി​ന്നുള്ള വായന​യും ഉണ്ട്‌. സാധാ​ര​ണ​ഗ​തി​യിൽ ‘ശബത്തു​ദി​വസം സിന​ഗോ​ഗു​ക​ളിൽ’ അങ്ങനെ ചെയ്യാ​റുണ്ട്‌. (പ്രവൃ​ത്തി​കൾ 15:21) പ്രവാ​ച​ക​ന്മാ​രു​ടെ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നുള്ള ഭാഗങ്ങ​ളും വായി​ക്കാ​റുണ്ട്‌. യേശു വർഷങ്ങ​ളോ​ളം നസറെ​ത്തി​ലെ ആ സിന​ഗോ​ഗിൽ പോയി​രു​ന്ന​താണ്‌. അതു​കൊണ്ട്‌ യേശു വായി​ക്കാൻ എഴു​ന്നേൽക്കു​മ്പോൾ അവിടെ മുമ്പ്‌ കണ്ടിട്ടുള്ള പലരു​ടെ​യും മുഖം തിരി​ച്ച​റി​ഞ്ഞി​രി​ക്കാം. യശയ്യാ​പ്ര​വാ​ച​കന്റെ ചുരുൾ യേശു​വി​നു കൊടു​ക്കു​ന്നു. യഹോ​വ​യു​ടെ ആത്മാവ്‌ അഭി​ഷേകം ചെയ്‌ത​വ​നെ​ക്കു​റിച്ച്‌ പറയുന്ന ഭാഗം യേശു നോക്കി​യെ​ടു​ക്കു​ന്നു. അത്‌, ഇന്ന്‌ യശയ്യ 61-ാം അധ്യായം 1, 2 വാക്യ​ങ്ങ​ളിൽ കാണാം.

മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട ഈ വ്യക്തി, ബന്ധിക​ളു​ടെ വിമോ​ച​ന​ത്തെ​ക്കു​റി​ച്ചും അന്ധന്മാർക്കു കാഴ്‌ച കിട്ടു​ന്ന​തി​നെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ പ്രസാ​ദ​വർഷം വരുന്ന​തി​നെ​ക്കു​റി​ച്ചും പ്രസം​ഗി​ക്കു​മെന്നു യേശു വായി​ക്കു​ന്നു. എന്നിട്ട്‌ ചുരുൾ സേവകന്റെ കൈയിൽ തിരികെ കൊടു​ത്ത​ശേഷം യേശു അവിടെ ഇരിക്കു​ന്നു. എല്ലാ കണ്ണുക​ളും യേശു​വിൽത്ത​ന്നെ​യാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ പിന്നെ യേശു കുറച്ച്‌ ദീർഘ​മാ​യി സംസാ​രി​ക്കു​ന്നു. “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരു​വെ​ഴുത്ത്‌ ഇന്നു നിറ​വേ​റി​യി​രി​ക്കു​ന്നു” എന്ന സുപ്ര​ധാ​ന​കാ​ര്യ​വും യേശു അക്കൂട്ട​ത്തിൽ പറയുന്നു.​—ലൂക്കോസ്‌ 4:21.

യേശു​വി​ന്റെ “വായിൽനിന്ന്‌ വന്ന ഹൃദ്യ​മായ വാക്കുകൾ കേട്ട”പ്പോൾ അതിശ​യ​ത്തോ​ടെ, “ഇത്‌ ആ യോ​സേ​ഫി​ന്റെ മകനല്ലേ” എന്ന്‌ ആളുകൾ തമ്മിൽത്ത​മ്മിൽ പറയുന്നു. എന്നാൽ യേശു മറ്റു സ്ഥലങ്ങളിൽ ചെയ്‌ത​തു​പോ​ലുള്ള അത്ഭുത​പ്ര​വൃ​ത്തി​കൾ ഇവി​ടെ​യും ചെയ്യാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ യേശു തുടരു​ന്നു: “‘വൈദ്യാ, ആദ്യം സ്വന്തം അസുഖം മാറ്റുക’ എന്ന പഴഞ്ചൊ​ല്ലു പറഞ്ഞു​കൊണ്ട്‌ നിങ്ങൾ എന്റെ അടുത്ത്‌ വരും. ‘കഫർന്ന​ഹൂ​മിൽ നീ കുറെ കാര്യങ്ങൾ ചെയ്‌തെന്നു ഞങ്ങൾ കേട്ടു. അതൊക്കെ നിന്റെ ഈ സ്വന്തനാ​ട്ടി​ലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു പറയു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.” (ലൂക്കോസ്‌ 4:22, 23) സൗഖ്യ​മാ​ക്കൽ ആദ്യം സ്വന്തം ആളുകൾക്കു​വേണ്ടി സ്വന്തം നാട്ടി​ലാ​ണു ചെയ്യേ​ണ്ടത്‌ എന്നാണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ പണ്ടത്തെ അയൽക്കാർ വിചാ​രി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ യേശു തങ്ങളെ അവഗണി​ച്ച​താ​യി അവർക്കു തോന്നു​ന്നു​ണ്ടാ​കും.

അവരുടെ മനസ്സി​ലി​രി​പ്പു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ യേശു ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തിൽനി​ന്നുള്ള ചില സംഭവങ്ങൾ പറയുന്നു. ഏലിയ​യു​ടെ കാലത്ത്‌ ഇസ്രാ​യേ​ലിൽ ധാരാളം വിധവ​മാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏലിയയെ അവരുടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​തി​നു പകരം സീദോന്‌ അടുത്തുള്ള സാരെ​ഫാത്ത്‌ എന്ന പട്ടണത്തി​ലെ ഇസ്രാ​യേ​ല്യ​യ​ല്ലാത്ത ഒരു വിധവ​യു​ടെ അടു​ത്തേ​ക്കാണ്‌ അയച്ച​തെ​ന്നും അവി​ടെ​വെ​ച്ചാണ്‌ ഏലിയ അത്ഭുതം ചെയ്‌ത്‌ അവരുടെ ജീവൻ രക്ഷിച്ച​തെ​ന്നും യേശു പറയുന്നു. (1 രാജാ​ക്ക​ന്മാർ 17:8-16) എലീശ​യു​ടെ നാളിൽ ഇസ്രാ​യേ​ലിൽ ധാരാളം കുഷ്‌ഠ​രോ​ഗി​കൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും സിറി​യ​ക്കാ​ര​നായ നയമാനെ മാത്രമേ പ്രവാ​ചകൻ ശുദ്ധീ​ക​രി​ച്ചു​ള്ളൂ എന്നും യേശു പറഞ്ഞു.​—2 രാജാ​ക്ക​ന്മാർ 5:1, 8-14.

യേശു നടത്തിയ ആ താരത​മ്യ​ങ്ങൾ ആ നാട്ടു​കാർക്കു തീരെ പിടി​ച്ചി​ട്ടു​ണ്ടാ​കില്ല. തങ്ങളുടെ സ്വാർഥ​ത​യും വിശ്വാ​സ​മി​ല്ലായ്‌മ​യും തുറന്നു​കാ​ട്ടു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ യേശു അതു പറഞ്ഞ​തെന്ന്‌ അവർക്കു തോന്നി​യി​രി​ക്കണം. അതു​കൊണ്ട്‌ അവർ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? സിന​ഗോ​ഗി​ലു​ള്ള​വർക്ക്‌ ദേഷ്യം വന്നിട്ട്‌ അവർ ചാടി​യെ​ഴു​ന്നേറ്റ്‌, യേശു​വി​നെ നഗരത്തി​നു പുറ​ത്തേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു. നസറെത്ത്‌ സ്ഥിതി​ചെയ്‌തി​രു​ന്നത്‌ ഒരു മലമു​ക​ളി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ മലയുടെ വക്കിൽനിന്ന്‌ യേശു​വി​നെ തള്ളിയി​ടാൻ അവർ നോക്കു​ന്നു. പക്ഷേ യേശു അവരുടെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടു​ന്നു, ആപത്തൊ​ന്നും സംഭവി​ക്കു​ന്നില്ല. യേശു ഇപ്പോൾ ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റെ തീരത്തുള്ള കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു.