വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 62

താഴ്‌മ​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം

താഴ്‌മ​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം

മത്തായി 17:22–18:5; മർക്കോസ്‌ 9:30-37; ലൂക്കോസ്‌ 9:43-48

  • യേശു തന്റെ മരണ​ത്തെ​ക്കു​റിച്ച്‌ വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

  • മീനിന്റെ വായിൽനിന്ന്‌ കിട്ടിയ നാണയം യേശു നികു​തി​യാ​യി കൊടു​ക്കു​ന്നു

  • ദൈവ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ ആരായി​രി​ക്കും?

രൂപാ​ന്ത​ര​പ്പെ​ടു​ക​യും കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തു​വെച്ച്‌ ഭൂതം ബാധിച്ച കുട്ടിയെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌ത​തി​നു ശേഷം യേശു കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു. ജനം അത്‌ അറിയു​ന്നില്ല. യേശു​വി​ന്റെ​കൂ​ടെ ശിഷ്യ​ന്മാർ മാത്രമേ ഉള്ളൂ. (മർക്കോസ്‌ 9:30) അതു​കൊണ്ട്‌ തന്റെ മരണത്തി​നും അതിനു ശേഷം അവർ ചെയ്യാൻപോ​കുന്ന പ്രവർത്ത​ന​ത്തി​നും വേണ്ടി അവരെ ഒരുക്കാൻ യേശു​വി​നു കൂടു​ത​ലായ അവസരം കിട്ടുന്നു. “മനുഷ്യ​പു​ത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴു​ന്നേൽക്കും.”​—മത്തായി 17:22, 23.

ആദ്യമാ​യി​ട്ടല്ല ശിഷ്യ​ന്മാർ ഇതു കേൾക്കു​ന്നത്‌. താൻ കൊല്ല​പ്പെ​ടു​മെന്നു യേശു മുമ്പും പറഞ്ഞി​ട്ടുണ്ട്‌. അങ്ങനെ സംഭവി​ക്കു​മെന്നു വിശ്വ​സി​ക്കാൻ പത്രോസ്‌ കൂട്ടാ​ക്കി​യി​ല്ലെ​ന്നു​ള്ളതു ശരിയാണ്‌. (മത്തായി 16:21, 22) മാത്രമല്ല മൂന്ന്‌ അപ്പോസ്‌ത​ല​ന്മാർ യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നതു കണ്ടു; യേശു​വി​ന്റെ “വേർപാ​ടി​നെ​ക്കു​റി”ച്ചുള്ള ചർച്ച കേൾക്കു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 9:31) യേശു പറയു​ന്ന​തി​ന്റെ അർഥം പൂർണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കി​ലും ശിഷ്യ​ന്മാർക്ക്‌ ഇപ്പോൾ “വലിയ സങ്കടമാ”കുന്നു. (മത്തായി 17:23) പക്ഷേ അതെക്കു​റിച്ച്‌ കൂടു​ത​ലാ​യി എന്തെങ്കി​ലും ചോദി​ക്കാൻ അവർക്കു പേടി​യാണ്‌.

പിന്നെ അവർ കഫർന്ന​ഹൂ​മിൽ എത്തുന്നു. അവിടം കേന്ദ്രീ​ക​രി​ച്ചാ​ണു യേശു പ്രവർത്തി​ക്കു​ന്നത്‌. അപ്പോസ്‌ത​ല​ന്മാ​രിൽ പലരും ആ പ്രദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണു​താ​നും. അവി​ടെ​വെച്ച്‌, ആലയനി​കു​തി പിരി​ക്കു​ന്നവർ പത്രോ​സി​ന്റെ അടുത്ത്‌ വരുന്നു. യേശു നികുതി അടയ്‌ക്കു​ന്നി​ല്ലെന്നു വരുത്തി​ത്തീർക്കാ​നുള്ള ശ്രമത്തി​ലാണ്‌ അവർ. അവർ പത്രോ​സി​നോട്‌, “നിങ്ങളു​ടെ ഗുരു രണ്ടു-ദ്രഹ്‌മ നികുതി കൊടു​ക്കാ​റി​ല്ലേ” എന്നു ചോദി​ക്കു​ന്നു.​—മത്തായി 17:24.

“ഉണ്ട്‌ ” എന്നു പത്രോസ്‌ പറയുന്നു. ഇക്കാര്യ​ങ്ങ​ളൊ​ന്നും പത്രോസ്‌ യേശു​വി​നോ​ടു പറഞ്ഞി​ല്ലെ​ങ്കി​ലും നടന്ന കാര്യം യേശു​വിന്‌ അറിയാം. അതു​കൊണ്ട്‌ വീട്ടിൽ എത്തു​മ്പോൾ യേശു ചോദി​ക്കു​ന്നു: “ശിമോ​നേ, നിനക്ക്‌ എന്തു തോന്നു​ന്നു, ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ ചുങ്കമോ തലക്കര​മോ വാങ്ങു​ന്നത്‌ ആരിൽനി​ന്നാണ്‌? മക്കളിൽനി​ന്നോ അതോ മറ്റുള്ള​വ​രിൽനി​ന്നോ?” “മറ്റുള്ള​വ​രിൽനിന്ന്‌ ” എന്നു പത്രോസ്‌ പറഞ്ഞ​പ്പോൾ യേശു പറയുന്നു: “അങ്ങനെ​യെ​ങ്കിൽ മക്കൾ നികു​തി​യിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​ണ​ല്ലോ.”​—മത്തായി 17:25, 26.

യേശു​വി​ന്റെ പിതാവ്‌ ഈ പ്രപഞ്ച​ത്തി​ന്റെ രാജാ​വാണ്‌. ആ പിതാ​വി​നെ​യാണ്‌ ആലയത്തിൽ ആരാധി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നിയമ​പ​ര​മാ​യി ദൈവ​പു​ത്രൻ ആലയനി​കു​തി അടയ്‌ക്കേണ്ട ആവശ്യ​മില്ല. പക്ഷേ യേശു പറയുന്നു: “എന്നാൽ നമുക്ക്‌ അവരെ മുഷി​പ്പി​ക്കേണ്ടാ. അതു​കൊണ്ട്‌ നീ കടലിൽ ചെന്ന്‌ ചൂണ്ടയിട്ട്‌ ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ്‌ തുറക്കു​മ്പോൾ നീ ഒരു വെള്ളി​നാ​ണയം (ചതുർദ്രഹ്മ) കാണും. അത്‌ എടുത്ത്‌ എനിക്കും നിനക്കും വേണ്ടി കൊടു​ക്കുക.”​—മത്തായി 17:27.

താമസി​യാ​തെ ശിഷ്യ​ന്മാ​രെ​ല്ലാം അവിടെ എത്തുന്നു. അപ്പോൾ ദൈവ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ ആരായി​രി​ക്കും എന്ന്‌ യേശു​വി​നോ​ടു ചോദി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. ഈയിടെ യേശു​വി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കാൻ പേടി​ച്ചി​രുന്ന ആളുക​ളാണ്‌ ഇവർ എന്ന്‌ ഓർക്കണം. പക്ഷേ ഇപ്പോൾ സ്വന്തം ഭാവിയെക്കുറിച്ചായപ്പോൾ അവർക്ക്‌ ഒരു പേടി​യും ഇല്ല. അവരുടെ മനസ്സിൽക്കൂ​ടി പോകു​ന്നത്‌ എന്താ​ണെന്നു യേശു​വിന്‌ അറിയാം. കഫർന്ന​ഹൂ​മി​ലേക്കു നടക്കു​മ്പോൾ വഴിയിൽവെച്ച്‌ അവർ യേശു കേൾക്കാ​തെ ഇതേ കാര്യ​ത്തെ​ക്കു​റി​ച്ചാ​ണു തർക്കി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. അതു​കൊണ്ട്‌ യേശു ചോദി​ക്കു​ന്നു: “വഴിയിൽവെച്ച്‌ നിങ്ങൾ എന്തി​നെ​ക്കു​റി​ച്ചാ​ണു തർക്കി​ച്ചു​കൊ​ണ്ടി​രു​ന്നത്‌?” (മർക്കോസ്‌ 9:33) നാണ​ക്കേടു തോന്നി​യിട്ട്‌ ആരും ഒന്നും മിണ്ടു​ന്നില്ല. കാരണം, തങ്ങളിൽ ആരാണു വലിയവൻ എന്നതി​നെ​ക്കു​റി​ച്ചാ​ണ​ല്ലോ അവർ തർക്കി​ച്ചത്‌. എന്തായാ​ലും ഒടുവിൽ അവർ ആ ചോദ്യം യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “ശരിക്കും ആരാണു സ്വർഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ?”​—മത്തായി 18:1.

അവർ യേശു​വി​ന്റെ​കൂ​ടെ നടക്കാൻ തുടങ്ങി​യിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ മൂന്നു വർഷമാ​യി. യേശു ചെയ്യു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തെ​ല്ലാം അവർ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​താണ്‌. എന്നിട്ടും ഇങ്ങനെ ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ അവർ തർക്കി​ക്കു​ന്നത്‌ എന്നോർക്കണം! പക്ഷേ അവർ അപൂർണ​രാണ്‌. മാത്രമല്ല സ്ഥാനമാ​ന​ങ്ങൾക്കു വലിയ പ്രാധാ​ന്യം കൊടു​ക്കുന്ന ഒരു മതപശ്ചാ​ത്ത​ല​ത്തി​ലാണ്‌ അവർ വളർന്നു​വ​ന്നത്‌. ഇനി, അടുത്ത​യി​ടെ​യാ​ണു യേശു പത്രോ​സി​നോ​ടു ദൈവ​രാ​ജ്യ​ത്തി​ന്റെ ചില “താക്കോ​ലു​കൾ” കൊടു​ക്കു​മെന്നു പറഞ്ഞത്‌. അതു​കൊണ്ട്‌ താൻ വലിയ ആളാ​ണെന്നു പത്രോസ്‌ ചിന്തി​ക്കു​ന്നു​ണ്ടാ​കു​മോ? ഇനി, യാക്കോ​ബും യോഹ​ന്നാ​നും  ആണെങ്കിൽ, യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നതു നേരിട്ടു കണ്ടവരാണ്‌. അതു​കൊണ്ട്‌ അവർക്കും അങ്ങനെ ഒരു തോന്ന​ലു​ണ്ടാ​യി​രി​ക്കു​മോ?

എന്തായാ​ലും അവരുടെ മനോ​ഭാ​വം തിരു​ത്തി​ക്കൊ​ടു​ക്കാൻ യേശു ഒരു കാര്യം ചെയ്യുന്നു. ഒരു കുട്ടിയെ വിളിച്ച്‌ അവരുടെ നടുവിൽ നിറു​ത്തു​ന്നു. എന്നിട്ട്‌ ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “നിങ്ങൾ മാറ്റം വരുത്തി കുട്ടി​ക​ളെ​പ്പോ​ലെ​യാ​കു​ന്നി​ല്ലെ​ങ്കിൽ ഒരുത​ര​ത്തി​ലും നിങ്ങൾ സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. അതു​കൊണ്ട്‌ ഈ കുട്ടി​യെ​പ്പോ​ലെ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കും സ്വർഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ. ഇങ്ങനെ​യുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു.”​—മത്തായി 18:3-5.

എത്ര നല്ല പഠിപ്പി​ക്കൽ രീതി! യേശു അവരോ​ടു ദേഷ്യ​പ്പെ​ടു​ന്നില്ല. അവരെ അത്യാ​ഗ്ര​ഹി​ക​ളെ​ന്നോ അധികാ​ര​മോ​ഹി​ക​ളെ​ന്നോ വിളി​ക്കു​ന്നില്ല. പകരം ഒരു കുട്ടിയെ കാണി​ച്ചു​കൊണ്ട്‌ യേശു അവരെ പഠിപ്പി​ക്കു​ന്നു. കുട്ടി​കൾക്ക്‌ വലിയ പദവി​യോ സ്ഥാനമോ ഒന്നും കിട്ടാ​റില്ല. ശിഷ്യ​ന്മാ​രും തങ്ങളെ​ക്കു​റിച്ച്‌ അങ്ങനെ ഒരു വീക്ഷണം വളർത്തി​യെ​ടു​ക്ക​ണ​മെ​ന്നാ​ണു യേശു പറയു​ന്നത്‌. അവസാ​ന​മാ​യി യേശു ഇങ്ങനെ പറയുന്നു: “നിങ്ങളിൽ തന്നെത്തന്നെ ചെറി​യ​വ​നാ​യി കരുതു​ന്ന​വ​നാ​ണു വലിയവൻ.”​—ലൂക്കോസ്‌ 9:48.