വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 44

യേശു കടലിൽ ഒരു കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കു​ന്നു

യേശു കടലിൽ ഒരു കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കു​ന്നു

മത്തായി 8:18, 23-27; മർക്കോസ്‌ 4:35-41; ലൂക്കോസ്‌ 8:22-25

  • ഗലീല കടലിലെ ഒരു കൊടു​ങ്കാ​റ്റി​നെ യേശു ശാന്തമാ​ക്കു​ന്നു

വളരെ തിരക്കുള്ള, ക്ഷീണി​പ്പി​ക്കുന്ന ഒരു ദിവസ​മാ​യി​രു​ന്നു യേശു​വിന്‌ അത്‌. വൈകു​ന്നേ​ര​മാ​യ​പ്പോൾ യേശു ശിഷ്യ​ന്മാ​രോട്‌ “നമുക്ക്‌ അക്കരയ്‌ക്കു പോകാം” എന്നു പറയുന്നു. അതായത്‌ കഫർന്ന​ഹൂം പ്രദേ​ശ​ത്തു​നിന്ന്‌ അക്കരയ്‌ക്കു പോകാ​മെ​ന്നാ​ണു യേശു പറയു​ന്നത്‌.​—മർക്കോസ്‌ 4:35.

ഗലീല​ക്ക​ട​ലി​ന്റെ കിഴക്കൻ തീരത്താണ്‌ ഗരസേന്യ പ്രദേശം. ഈ പ്രദേ​ശ​ത്തിന്‌ ദക്കപ്പൊ​ലി എന്നും പേരുണ്ട്‌. അവിടെ ധാരാളം ജൂതന്മാർ താമസി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദക്കപ്പൊ​ലി നഗരങ്ങൾ ഗ്രീക്ക്‌ സംസ്‌കാ​ര​ത്തി​ന്റെ കേന്ദ്ര​മാണ്‌.

യേശു കഫർന്ന​ഹൂ​മിൽനിന്ന്‌ പോകു​ന്നതു പലരും ശ്രദ്ധിച്ചു. അക്കരയ്‌ക്കു പോകാൻതു​ട​ങ്ങുന്ന വേറെ​യും വള്ളങ്ങളുണ്ട്‌ അവിടെ. (മർക്കോസ്‌ 4:36) വാസ്‌ത​വ​ത്തിൽ അങ്ങോട്ട്‌ വലിയ ദൂര​മൊ​ന്നും ഇല്ല. ഗലീല കടൽ വലിയ ഒരു ശുദ്ധജല തടാകം​പോ​ലെയേ ഉള്ളൂ. ഏതാണ്ട്‌ 21 കിലോ​മീ​റ്റർ നീളവും കൂടി​യാൽ 12 കിലോ​മീ​റ്റർ വീതി​യും ഉണ്ട്‌ അതിന്‌. പക്ഷേ സാമാ​ന്യം ആഴമുണ്ട്‌.

പൂർണ​മ​നു​ഷ്യ​നാ​ണെ​ങ്കി​ലും ശുശ്രൂ​ഷ​യിൽ വളരെ​യ​ധി​കം ചെയ്‌ത​തു​കൊണ്ട്‌ യേശു​വി​നു നല്ല ക്ഷീണമുണ്ട്‌. അതു​കൊണ്ട്‌ അവർ യാത്ര പുറ​പ്പെ​ട്ട​തോ​ടെ യേശു വള്ളത്തിന്റെ പിൻഭാ​ഗത്ത്‌ ഒരു തലയണ​യിൽ തലവെച്ച്‌ നല്ല ഉറക്കമാണ്‌.

അപ്പോസ്‌ത​ല​ന്മാ​രിൽ പലർക്കും വള്ളം തുഴയു​ന്ന​തിൽ നല്ല പരിച​യ​മുണ്ട്‌. പക്ഷേ അവരുടെ ഈ യാത്ര അത്ര എളുപ്പ​മാ​യി​രി​ക്കില്ല. ചുറ്റും മലകളുള്ള ഗലീല​ക്ക​ട​ലി​ന്റെ ഉപരി​ത​ല​ത്തിൽ മിക്ക​പ്പോ​ഴും നല്ല ചൂടാണ്‌. ചില​പ്പോൾ മലകളിൽനി​ന്നുള്ള തണുത്ത കാറ്റ്‌ താഴേക്ക്‌ ആഞ്ഞുവീ​ശും. അതു ജലോ​പ​രി​ത​ല​ത്തി​ലെ ചൂടു​മാ​യി ചേരു​മ്പോൾ പെട്ടെന്ന്‌ കടലിൽ കൊടു​ങ്കാറ്റ്‌ ഉണ്ടാകാ​റുണ്ട്‌. അതാണ്‌ ഇപ്പോൾ സംഭവി​ക്കു​ന്നത്‌. തിരമാ​ലകൾ വള്ളത്തിന്റെ വശങ്ങളിൽ ആഞ്ഞടി​ക്കു​ന്നു. ‘വള്ളത്തിൽ വെള്ളം കയറി​ത്തു​ടങ്ങി, വള്ളം മുങ്ങു​മെ​ന്നാ​കു​ന്നു.’ (ലൂക്കോസ്‌ 8:23) പക്ഷേ, യേശു ഇതൊ​ന്നും അറിയാ​തെ നല്ല ഉറക്കമാണ്‌!

മുമ്പ്‌ കൊടു​ങ്കാ​റ്റു​ക​ളു​ണ്ടാ​യ​പ്പോൾ ചെയ്‌തി​ട്ടു​ള്ള​തു​പോ​ലെ ഇപ്പോ​ഴും വള്ളം തുഴയാൻ അവർ കിണഞ്ഞു ശ്രമി​ക്കു​ന്നുണ്ട്‌. പക്ഷേ ഒന്നും വിജയി​ക്കു​ന്നില്ല. തങ്ങളുടെ ജീവൻതന്നെ അപകട​ത്തി​ലാ​ണെന്നു തോന്നി​യ​പ്പോൾ അവർ യേശു​വി​നെ വിളി​ച്ചു​ണർത്തി ഇങ്ങനെ പറയുന്നു: “കർത്താവേ, രക്ഷി​ക്കേ​ണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും.” (മത്തായി 8:25) തങ്ങൾ മുങ്ങി​ച്ചാ​കു​മെ​ന്നു​തന്നെ ആ ശിഷ്യ​ന്മാർ പേടി​ക്കു​ന്നു!

ഉറക്കത്തിൽനിന്ന്‌ എഴുന്നേറ്റ യേശു അപ്പോസ്‌ത​ല​ന്മാ​രോ​ടു ചോദി​ക്കു​ന്നു: “നിങ്ങൾക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? എന്തിനാണ്‌ ഇങ്ങനെ പേടി​ക്കു​ന്നത്‌?” (മത്തായി 8:26) എന്നിട്ട്‌ കാറ്റി​നോ​ടും കടലി​നോ​ടും യേശു ഇങ്ങനെ കല്‌പി​ക്കു​ന്നു: “അടങ്ങൂ! ശാന്തമാ​കൂ!” (മർക്കോസ്‌ 4:39) ഉഗ്രമായ കാറ്റ്‌ ശമിക്കു​ന്നു. കടൽ ശാന്തമാ​കു​ന്നു. (ശ്രദ്ധേ​യ​മായ ഈ സംഭവ​ത്തെ​ക്കു​റി​ച്ചുള്ള മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും വിവര​ണ​ത്തിൽ യേശു അത്ഭുത​ക​ര​മാ​യി കാറ്റിനെ ശാന്തമാ​ക്കിയ കാര്യം പറഞ്ഞി​ട്ടാണ്‌ ശിഷ്യ​ന്മാ​രു​ടെ വിശ്വാ​സ​മി​ല്ലായ്‌മ​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌.)

ഈ സംഭവം കണ്ടപ്പോൾ ശിഷ്യ​ന്മാർക്ക്‌ എന്തു തോന്നി​യി​രി​ക്കു​മെന്ന്‌ ഒന്ന്‌ ഓർത്തു നോക്കി​യേ! ഉഗ്രമായ കാറ്റ്‌ ആഞ്ഞുവീ​ശി​യി​രുന്ന കടലാണ്‌ ഒറ്റ നിമി​ഷം​കൊണ്ട്‌ ശാന്തമാ​യത്‌! ഒരു വല്ലാത്ത പേടി അവരെ പിടി​കൂ​ടു​ന്നു. അവർ തമ്മിൽത്ത​മ്മിൽ പറയുന്നു: “ശരിക്കും ഇത്‌ ആരാണ്‌? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസ​രി​ക്കു​ന്ന​ല്ലോ.” അങ്ങനെ അവർ സുരക്ഷി​ത​മാ​യി കടലിന്റെ മറുക​ര​യിൽ എത്തുന്നു. (മർക്കോസ്‌ 4:41–5:1) ഒരുപക്ഷേ കടലിൽ ഇറക്കിയ മറ്റു വള്ളങ്ങൾക്ക്‌ സുരക്ഷി​ത​മാ​യി പടിഞ്ഞാ​റെ തീരത്ത്‌ മടങ്ങി​ച്ചെ​ല്ലാ​നും കഴിയു​ന്നു.

ദൈവ​പു​ത്ര​നു കാലാ​വ​സ്ഥ​യു​ടെ മേൽപ്പോ​ലും അധികാ​ര​മുണ്ട്‌ എന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌! യേശു രാജാ​വാ​യി ഭരിക്കുന്ന സമയത്ത്‌ മുഴുവൻ ശ്രദ്ധയും ഭൂമി​യു​ടെ മേൽ കേന്ദ്രീ​ക​രി​ക്കു​മ്പോൾ എല്ലാവ​രും സുരക്ഷി​ത​രാ​യി കഴിയും. പേടി​പ്പെ​ടു​ത്തുന്ന പ്രകൃ​തി​വി​പ​ത്തു​ക​ളൊ​ന്നും അന്ന്‌ ഉണ്ടായി​രി​ക്കില്ല!