വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 25

അനുക​മ്പ​യോ​ടെ യേശു ഒരു കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

അനുക​മ്പ​യോ​ടെ യേശു ഒരു കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

മത്തായി 8:1-4; മർക്കോസ്‌ 1:40-45; ലൂക്കോസ്‌ 5:12-16

  • യേശു ഒരു കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

യേശു​വും നാലു ശിഷ്യ​ന്മാ​രും കൂടെ “ഗലീല​യി​ലെ​ല്ലാ​യി​ട​ത്തു​മുള്ള സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ പ്രസം​ഗി​ക്കുക”യാണ്‌. അതിനിടെ യേശു ചെയ്യുന്ന അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത എല്ലായി​ട​ത്തും പരക്കുന്നു. (മർക്കോസ്‌ 1:39) യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത എത്തുന്ന ഒരു നഗരത്തിൽ ഒരു കുഷ്‌ഠ​രോ​ഗി​യുണ്ട്‌. “ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച” മനുഷ്യൻ എന്നാണു വൈദ്യ​നായ ലൂക്കോസ്‌ അയാ​ളെ​ക്കു​റിച്ച്‌ പറയു​ന്നത്‌. (ലൂക്കോസ്‌ 5:12) ഭയങ്കര​മായ ഈ രോഗം മൂർച്ഛി​ച്ചാൽ അതു പല ശരീര​ഭാ​ഗ​ങ്ങ​ളെ​യും ക്രമേണ വിരൂ​പ​മാ​ക്കും.

അതു​കൊണ്ട്‌ വളരെ ദയനീ​യ​മാണ്‌ ഇയാളു​ടെ അവസ്ഥ. നിയമ​മ​നു​സ​രിച്ച്‌ അയാൾ മറ്റുള്ള​വ​രിൽനിന്ന്‌ അകന്ന്‌ കഴിയണം. മാത്രമല്ല, ആളുകൾ അടുത്തു​ള്ള​പ്പോൾ “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളി​ച്ചു​പ​റ​യു​ക​യും വേണം. ആരെങ്കി​ലും അടുത്ത്‌ വന്നിട്ട്‌ അവർക്കും​കൂ​ടി രോഗം പകരാ​തി​രി​ക്കാ​നാണ്‌ അത്‌. (ലേവ്യ 13:45, 46) എന്നാൽ ഇപ്പോൾ അയാൾ എന്തു ചെയ്യുന്നു? യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌ കാൽക്കൽ വീണിട്ട്‌, “കർത്താവേ, ഒന്നു മനസ്സു​വെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം” എന്നു പറയുന്നു.​—മത്തായി 8:2.

എത്ര വലിയ വിശ്വാ​സം! ഈ രോഗം അയാളു​ടെ രൂപം​തന്നെ മാറ്റി​യി​ട്ടു​ണ്ടാ​കണം. എത്ര ദയനീയം, അല്ലേ? യേശു ഇപ്പോൾ എന്തു ചെയ്യും? നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? എന്നാൽ യേശു ചെയ്യു​ന്നത്‌ എന്താ​ണെന്നു കണ്ടോ? കൈ നീട്ടി അയാളെ തൊടു​ന്നു! എന്നിട്ട്‌ “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്ന്‌ അനുക​മ്പ​യോ​ടെ അയാ​ളോ​ടു പറയുന്നു. (മത്തായി 8:3) പെട്ടെ​ന്നു​തന്നെ അയാളു​ടെ കുഷ്‌ഠ​രോ​ഗം മാറുന്നു. പലർക്കും തങ്ങളുടെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​കു​ന്നില്ല!

യേശു​വി​നെ​പ്പോ​ലെ ഇത്ര അനുക​മ്പ​യും പ്രാപ്‌തി​യും ഉള്ള ഒരു രാജാ​വു​ണ്ടാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കി​ല്ലേ? കുഷ്‌ഠ​രോ​ഗി​യോ​ടു യേശു പെരു​മാ​റുന്ന വിധത്തിൽനിന്ന്‌ നമുക്ക്‌ ഒരുകാ​ര്യം ഉറപ്പി​ക്കാം: യേശു രാജാ​വാ​യി മുഴു​ഭൂ​മി​യെ​യും ഭരിക്കു​മ്പോൾ “എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; പാവ​പ്പെ​ട്ട​വന്റെ ജീവനെ അവൻ രക്ഷിക്കും” എന്ന ബൈബിൾപ്ര​വ​ചനം തീർച്ച​യാ​യും നിറ​വേ​റും. (സങ്കീർത്തനം 72:13) അങ്ങനെ യേശു ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ, ദുരി​തങ്ങൾ അനുഭ​വി​ക്കുന്ന എല്ലാവരെയും യേശു അന്നു സഹായി​ക്കും.

ഈ കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്ന​തി​നു മുമ്പു​തന്നെ യേശു​വി​ന്റെ ശുശ്രൂഷ ആളുകളെ വളരെ ആവേശ​ഭ​രി​ത​രാ​ക്കി​യെന്ന കാര്യം ഓർക്കു​ന്നു​ണ്ട​ല്ലോ. ഇപ്പോൾ, യേശു ചെയ്‌ത ഈ അത്ഭുത​ത്തെ​ക്കു​റിച്ച്‌ ആളുകൾ അറിയും. പക്ഷേ, വെറും കേട്ടു​കേൾവി​വെച്ച്‌ ആളുകൾ തന്നിൽ വിശ്വ​സി​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നില്ല. “തെരു​വീ​ഥി​ക​ളിൽ അവൻ തന്റെ സ്വരം കേൾപ്പി​ക്കില്ല” എന്ന പ്രവചനം യേശു​വിന്‌ അറിയാം. യേശു പേരി​നും പ്രശസ്‌തി​ക്കും വേണ്ടി ശ്രമി​ക്കി​ല്ലെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. (യശയ്യ 42:1, 2) അതു​കൊ​ണ്ടു​തന്നെ ആ കുഷ്‌ഠ​രോ​ഗി​യോട്‌ യേശു ഇങ്ങനെ കല്‌പി​ക്കു​ന്നു: “ഇത്‌ ആരോ​ടും പറയരുത്‌. എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌ മോശ കല്‌പിച്ച കാഴ്‌ച അർപ്പി​ക്കണം.”​—മത്തായി 8:4.

പക്ഷേ അയാൾക്ക്‌ അതു പറ്റുന്നില്ല. തന്റെ രോഗം ഭേദമാ​യ​തു​കൊണ്ട്‌ അയാൾ വലിയ സന്തോ​ഷ​ത്തി​ലാണ്‌. അതു​കൊണ്ട്‌ അയാൾ പോയി കാണു​ന്ന​വ​രോ​ടൊ​ക്കെ ഇതെക്കു​റിച്ച്‌ പറയുന്നു. അതോടെ എല്ലാവ​രു​ടെ​യും താത്‌പ​ര്യ​വും ആകാം​ക്ഷ​യും വർധി​ക്കു​ന്നു. യേശു​വി​നു നഗരത്തി​ലേക്കു ചെല്ലാൻ പറ്റാത്ത അവസ്ഥയാ​യി. അതു​കൊണ്ട്‌ കുറച്ച്‌ നാള​ത്തേക്കു യേശു ആരും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോയി താമസി​ക്കു​ന്നു. എങ്കിലും എല്ലായി​ട​ത്തു​നി​ന്നു​മുള്ള ആളുകൾ കേട്ടു പഠിക്കാ​നും സുഖ​പ്പെ​ടാ​നും ആയി യേശു​വി​ന്റെ അടുക്കൽ വരുന്നു.