വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 56

ഒരാളെ ശരിക്കും അശുദ്ധ​നാ​ക്കു​ന്നത്‌ എന്താണ്‌?

ഒരാളെ ശരിക്കും അശുദ്ധ​നാ​ക്കു​ന്നത്‌ എന്താണ്‌?

മത്തായി 15:1-20; മർക്കോസ്‌ 7:1-23; യോഹ​ന്നാൻ 7:1

  • യേശു മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ തനിനി​റം വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്നു

എ.ഡി. 32-ലെ പെസഹ അടുത്തു​വ​രു​മ്പോൾ യേശു ഗലീല​യിൽ പഠിപ്പി​ക്കു​ന്ന​തി​ന്റെ തിരക്കി​ലാണ്‌. എന്നിട്ട്‌ പെസഹ ആഘോ​ഷി​ക്കാൻവേണ്ടി സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലേക്കു പോകു​ന്നു. ദൈവ​നി​യമം ആവശ്യ​പ്പെ​ടുന്ന ഒരു കാര്യ​മാണ്‌ അത്‌. യേശു പക്ഷേ, വളരെ സൂക്ഷി​ച്ചാ​ണു പോകു​ന്നത്‌. കാരണം ജൂതന്മാർ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നുണ്ട്‌. (യോഹ​ന്നാൻ 7:1) പെസഹയ്‌ക്കു ശേഷം യേശു ഗലീല​യി​ലേക്കു മടങ്ങി​വ​രു​ന്നു.

യരുശ​ലേ​മിൽനി​ന്നുള്ള പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​ന്റെ അടുത്ത്‌ വരു​മ്പോൾ യേശു സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂ​മി​ലാണ്‌. അവർ എന്തിനാ​ണു വരുന്നത്‌? മതപര​മായ ഒരു കുറ്റം യേശു​വിൽ കണ്ടെത്താൻ വഴി തേടു​ക​യാണ്‌ അവർ. “നിന്റെ ശിഷ്യ​ന്മാർ പൂർവി​ക​രു​ടെ പാരമ്പ​ര്യം മറിക​ട​ക്കു​ന്നത്‌ എന്താണ്‌? ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണം കഴിക്കു​ന്ന​തി​നു മുമ്പ്‌ അവർ കൈ കഴുകു​ന്നില്ല,” അവർ പറയുന്നു. (മത്തായി 15:2) ‘കൈകൾ മുട്ടു​വരെ കഴുകുന്ന’ ഒരു ആചാരം അനുസ​രി​ക്കാൻ ദൈവം ഒരിക്ക​ലും തന്റെ ജനത്തോട്‌ ആവശ്യ​പ്പെ​ട്ടി​ട്ടില്ല. (മർക്കോസ്‌ 7:3) പക്ഷേ, അങ്ങനെ ചെയ്യാ​തി​രി​ക്കു​ന്നത്‌ വളരെ ഗൗരവ​മുള്ള തെറ്റാ​യി​ട്ടാണ്‌ പരീശ​ന്മാർ കാണു​ന്നത്‌.

അവരുടെ കുറ്റാ​രോ​പ​ണ​ത്തി​നു നേരിട്ട്‌ ഉത്തരം കൊടു​ക്കു​ന്ന​തി​നു പകരം അവർ മനഃപൂർവം ദൈവ​നി​യമം ലംഘി​ക്കു​ന്നത്‌ എങ്ങനെ​യെന്നു യേശു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. “നിങ്ങൾ എന്തിനാ​ണു പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ ദൈവ​കല്‌പന മറിക​ട​ക്കു​ന്നത്‌,” യേശു ചോദി​ക്കു​ന്നു. “ഉദാഹ​ര​ണ​ത്തിന്‌, ‘നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം’ എന്നും ‘അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാ​രി​ക്കു​ന്ന​വനെ കൊന്നു​ക​ള​യണം’ എന്നും ദൈവം പറഞ്ഞല്ലോ. എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കി​ലും അപ്പനോ​ടോ അമ്മയോ​ടോ, “നിങ്ങൾക്ക്‌ ഉപകാ​ര​പ്പെ​ടു​ന്ന​താ​യി എന്റെ കൈയി​ലു​ള്ള​തെ​ല്ലാം ഞാൻ ദൈവ​ത്തി​നു നേർന്നി​രി​ക്കു​ന്നു” എന്നു പറഞ്ഞാൽ, പിന്നെ അയാൾ അപ്പനെ ബഹുമാ​നി​ക്കേ​ണ്ടതേ ഇല്ല.’”​—മത്തായി 15:3-6; പുറപ്പാട്‌ 20:12; 21:17.

പണമോ വസ്‌തു​വ​ക​ക​ളോ മറ്റെ​ന്തെ​ങ്കി​ലു​മോ ഒരിക്കൽ ദൈവ​ത്തി​നു സമർപ്പി​ച്ചാൽ അത്‌ ആലയത്തിന്‌ അവകാ​ശ​പ്പെ​ട്ട​താണ്‌, അതു​കൊണ്ട്‌ അതു മറ്റു കാര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ പറ്റില്ല എന്നാണു പരീശ​ന്മാർ പറയു​ന്നത്‌. വാസ്‌ത​വ​ത്തിൽ അതെല്ലാം അപ്പോ​ഴും ആ വ്യക്തി​യു​ടെ കൈവ​ശം​ത​ന്നെ​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തന്റെ പണമോ വസ്‌തു​വ​ക​യോ “കൊർബാ​നാണ്‌,” അതായത്‌ ദൈവ​ത്തി​നോ ആലയത്തി​നോ നേർന്ന​താണ്‌, എന്ന്‌ ഒരു മകൻ പറയു​ന്നെ​ന്നി​രി​ക്കട്ടെ. അതിന്റെ മേലുള്ള അധികാ​രം ആലയത്തി​നാ​ണ​ത്രേ. വാസ്‌ത​വ​ത്തിൽ ആ പണം അല്ലെങ്കിൽ വസ്‌തു​വക മകന്‌ അപ്പോ​ഴും ഉപയോ​ഗി​ക്കാം. എന്നിട്ടും വൃദ്ധരോ സഹായം ആവശ്യ​മു​ള്ള​വ​രോ ആയ മാതാ​പി​താ​ക്കൾക്കു​വേണ്ടി അത്‌ ഉപയോ​ഗി​ക്കാൻ പറ്റി​ല്ലെ​ന്നാണ്‌ അയാളു​ടെ വാദം. അങ്ങനെ അവരെ നോക്കാ​നുള്ള ഉത്തരവാ​ദി​ത്വം അയാൾ അവഗണി​ക്കു​ന്നു.​—മർക്കോസ്‌ 7:11.

ദൈവ​നി​യ​മ​ത്തെ ഇത്തരത്തിൽ വളച്ചൊ​ടി​ക്കു​ന്നതു കണ്ട്‌ യേശു​വി​നു നല്ല ദേഷ്യം വരുന്നു. യേശു പറയുന്നു: “പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവ​വ​ച​ന​ത്തി​നു വില കല്‌പി​ക്കാ​തി​രി​ക്കു​ന്നു. കപടഭ​ക്തരേ, നിങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ ഇങ്ങനെ പ്രവചി​ച്ചത്‌ എത്ര ശരിയാണ്‌: ‘ഈ ജനം വായ്‌കൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെ​യാണ്‌. അവർ എന്നെ ആരാധി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.’” യേശു ഇത്ര ശക്തമായ ഭാഷയിൽ കുറ്റ​പ്പെ​ടു​ത്തി​യി​ട്ടും പരീശ​ന്മാർക്ക്‌ ഒരു കുലു​ക്ക​വു​മില്ല. അതു​കൊണ്ട്‌ യേശു ജനക്കൂ​ട്ടത്തെ തന്റെ അടു​ത്തേക്കു വിളിച്ച്‌ അവരോ​ടു പറയുന്നു: “നിങ്ങൾ കേട്ട്‌ ഇതിന്റെ സാരം മനസ്സി​ലാ​ക്കൂ: ഒരു വ്യക്തി​യു​ടെ വായി​ലേക്കു പോകു​ന്നതല്ല, വായിൽനിന്ന്‌ വരുന്ന​താണ്‌ അയാളെ അശുദ്ധ​നാ​ക്കു​ന്നത്‌.”​—മത്തായി 15:6-11; യശയ്യ 29:13.

പിന്നീട്‌ അവർ ഒരു വീട്ടി​ലാ​യി​രി​ക്കു​മ്പോൾ ശിഷ്യ​ന്മാർ യേശു​വി​നോട്‌, “അങ്ങ്‌ പറഞ്ഞതു കേട്ട്‌ പരീശ​ന്മാർക്കു ദേഷ്യം വന്നെന്നു തോന്നു​ന്നു” എന്നു പറയുന്നു. അപ്പോൾ യേശു അവരോ​ടു പറയുന്നു: “സ്വർഗ​സ്ഥ​നായ എന്റെ പിതാവ്‌ നടാത്ത എല്ലാ ചെടി​യും വേരോ​ടെ പറിച്ചു​ക​ള​യുന്ന സമയം വരും. അവരെ നോ​ക്കേണ്ടാ. അവർ അന്ധരായ വഴികാ​ട്ടി​ക​ളാണ്‌. അന്ധൻ അന്ധനെ വഴി കാട്ടി​യാൽ രണ്ടു പേരും കുഴി​യിൽ വീഴും.”​—മത്തായി 15:12-14.

ഒരാളെ അശുദ്ധ​നാ​ക്കു​ന്നത്‌ എന്താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ പത്രോസ്‌ ചോദി​ക്കു​മ്പോൾ യേശു​വിന്‌ അതിശയം തോന്നു​ന്നു. വാസ്‌ത​വ​ത്തിൽ എല്ലാ ശിഷ്യ​ന്മാർക്കും​വേ​ണ്ടി​യാണ്‌ പത്രോസ്‌ ആ ചോദ്യം ചോദി​ക്കു​ന്നത്‌. യേശു പറയുന്നു: “വായി​ലേക്കു പോകു​ന്ന​തെ​ന്തും വയറ്റിൽ ചെന്നിട്ട്‌ പുറ​ത്തേക്കു പോകു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? എന്നാൽ വായിൽനിന്ന്‌ വരുന്ന​തെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌. അതാണ്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ദുഷ്ടചി​ന്തകൾ, കൊല​പാ​തകം, വ്യഭി​ചാ​രം, ലൈം​ഗിക അധാർമി​കത, മോഷണം, കള്ളസാ​ക്ഷ്യം, ദൈവ​നിന്ദ എന്നിവ​യെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു  വരുന്നത്‌. ഇവയാണ്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നത്‌. അല്ലാതെ കഴുകാത്ത കൈ​കൊണ്ട്‌ ഭക്ഷണം കഴിക്കു​ന്നതല്ല.”​—മത്തായി 15:17-20.

നമ്മൾ സാധാരണ പാലി​ക്കേണ്ട ശുചി​ത്വ​ശീ​ലങ്ങൾ പാലി​ക്കേണ്ടാ എന്നോ ആഹാരം ഉണ്ടാക്കു​ന്ന​തി​നോ കഴിക്കു​ന്ന​തി​നോ മുമ്പ്‌ കൈ കഴു​കേണ്ടാ എന്നോ അല്ല യേശു ഉദ്ദേശി​ക്കു​ന്നത്‌. മറിച്ച്‌ മതനേതാക്കന്മാരുടെ കാപട്യത്തെ തുറന്നു​കാ​ട്ടു​ക​യാ​ണു യേശു. കാരണം മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങൾക്കു കൂടുതൽ പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ എങ്ങനെ​യും ദൈവ​ത്തി​ന്റെ നീതി​യുള്ള നിയമങ്ങൾ അവഗണി​ക്കാ​നുള്ള വഴി തേടു​ക​യാണ്‌ അവർ. വാസ്‌ത​വ​ത്തിൽ, ഹൃദയ​ത്തിൽനിന്ന്‌ വരുന്ന ദുഷ്‌പ്ര​വൃ​ത്തി​ക​ളാണ്‌ ഒരാളെ അശുദ്ധ​നാ​ക്കു​ന്നത്‌.