വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 40

ക്ഷമയെ​ക്കു​റി​ച്ചുള്ള ഒരു പാഠം

ക്ഷമയെ​ക്കു​റി​ച്ചുള്ള ഒരു പാഠം

ലൂക്കോസ്‌ 7:36-50

  • പാപി​നി​യായ ഒരു സ്‌ത്രീ യേശു​വി​ന്റെ പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിക്കു​ന്നു

  • കടം വാങ്ങിയ ഒരാളു​ടെ ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ ക്ഷമയെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​ന്നു

യേശു പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളോട്‌ ആളുകൾ വ്യത്യസ്‌ത​രീ​തി​യി​ലാ​ണു പ്രതി​ക​രി​ക്കു​ന്നത്‌. കാരണം ഓരോ​രു​ത്ത​രു​ടെ​യും ഹൃദയ​നില വ്യത്യസ്‌ത​മാ​ണ​ല്ലോ. ഗലീല​യി​ലെ ഒരു വീട്ടിൽവെച്ച്‌ അതു വ്യക്തമാ​കു​ന്നു. ശിമോൻ എന്നു പേരുള്ള ഒരു പരീശൻ യേശു​വി​നെ ആഹാര​ത്തി​നു ക്ഷണിക്കു​ന്നു. ഇത്ര​യെ​ല്ലാം അത്ഭുതങ്ങൾ ചെയ്യുന്ന ആളെ ഒന്ന്‌ അടുത്ത്‌ കാണാ​മ​ല്ലോ എന്നായി​രി​ക്കാം അയാൾ ചിന്തി​ക്കു​ന്നത്‌. അവിടെ കൂടി​വ​രു​ന്ന​വ​രോ​ടു പ്രസം​ഗി​ക്കാ​മ​ല്ലോ എന്നു യേശു​വും കരുതി​ക്കാ​ണും. മുമ്പും യേശു ഇതു​പോ​ലെ നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂടെ ആഹാരം കഴിക്കാ​നുള്ള ക്ഷണം സ്വീക​രി​ച്ചി​ട്ടുണ്ട്‌.

എന്നാൽ അതിഥി​കൾക്കു സാധാരണ കിട്ടുന്ന ആ സ്വീക​ര​ണ​മൊ​ന്നും യേശു​വി​നു കിട്ടു​ന്നില്ല. പലസ്‌തീ​നി​ലെ പൊടി നിറഞ്ഞ വഴിക​ളി​ലൂ​ടെ വെറും ചെരി​പ്പും ഇട്ട്‌ നടക്കു​മ്പോൾ കാലി​ലെ​ല്ലാം പൊടി​യാ​കും. പാദങ്ങൾ ചുട്ടു​പൊ​ള്ളും. അതു​കൊ​ണ്ടു​തന്നെ തണുത്ത വെള്ളത്തിൽ അതിഥി​യു​ടെ കാൽ കഴുകുന്ന ഒരു പതിവ്‌ അവി​ടെ​യുണ്ട്‌. അത്‌ ആതിഥ്യം കാണി​ക്കു​ന്ന​തി​ന്റെ ഭാഗമാണ്‌. പക്ഷേ യേശു​വി​ന്റെ കാര്യ​ത്തിൽ ആരും അതു ചെയ്യു​ന്നില്ല. ചുംബനം നൽകി അതിഥി​യെ സ്വീക​രി​ക്കുന്ന രീതി​യും അവി​ടെ​യുണ്ട്‌. പക്ഷേ യേശു​വിന്‌ അതും കിട്ടു​ന്നില്ല. ഇനി, ദയയു​ടെ​യും ആതിഥ്യ​ത്തി​ന്റെ​യും ഭാഗമാ​യി അതിഥി​യു​ടെ തലയിൽ അൽപ്പം തൈലം ഒഴിക്കുന്ന ആചാര​വു​മുണ്ട്‌. യേശു​വി​ന്റെ കാര്യ​ത്തിൽ അതുമില്ല. യേശു​വി​നു കിട്ടുന്ന സ്വീക​രണം എങ്ങനെയുള്ളതാണെന്നു കണ്ടോ?

ഭക്ഷണസ​മ​യ​മാ​യി. അതിഥി​കൾ മേശയ്‌ക്കൽ ചാരി​ക്കി​ട​ക്കു​ക​യാണ്‌. അവർ ആഹാരം കഴിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, ആരും ക്ഷണിക്കാ​തെ ഒരു സ്‌ത്രീ അവിടെ കയറി​വ​രു​ന്നു. ‘പാപി​നി​യാ​യി​ട്ടാണ്‌ അവർ നഗരത്തിൽ അറിയ​പ്പെ​ട്ടി​രു​ന്നത്‌.’ (ലൂക്കോസ്‌ 7:37) അപൂർണ​മ​നു​ഷ്യ​രെ​ല്ലാം പാപി​ക​ളാണ്‌. പക്ഷേ ഈ സ്‌ത്രീ അസാന്മാർഗി​ക​ജീ​വി​തം നയിക്കു​ന്ന​വ​ളാ​ണെന്നു തോന്നു​ന്നു. ഒരുപക്ഷേ വേശ്യ​യാ​യി​രി​ക്കാം. യേശു പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ‘ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വ​രോട്‌ ഉന്മേഷം കിട്ടാൻ യേശു​വി​ന്റെ അടുത്ത്‌ വരാൻ’ പറഞ്ഞതി​നെ​ക്കു​റി​ച്ചും അവർ കേട്ടി​രി​ക്കാം. (മത്തായി 11:28, 29) യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ആ സ്‌ത്രീ​യു​ടെ ഹൃദയത്തെ സ്‌പർശി​ച്ചി​രി​ക്കണം. അങ്ങനെ യേശു​വി​നെ അന്വേ​ഷിച്ച്‌ വന്നതാണ്‌ അവർ.

അവർ മേശയു​ടെ അടുത്ത്‌ വന്ന്‌ യേശു​വി​ന്റെ പുറകി​ലാ​യി കാൽക്കൽ മുട്ടു​കു​ത്തു​ന്നു. അവരുടെ കണ്ണിൽനിന്ന്‌ കണ്ണീർ ഒഴുകു​ന്നുണ്ട്‌. അതു യേശു​വി​ന്റെ കാലിൽ വീഴു​മ്പോൾ തന്റെ തലമു​ടി​കൊണ്ട്‌ ആ സ്‌ത്രീ അതു തുടയ്‌ക്കു​ന്നു. എന്നിട്ട്‌ യേശു​വി​ന്റെ പാദങ്ങ​ളിൽ ആർദ്ര​മാ​യി ചുംബിച്ച്‌ അവയിൽ താൻ കൊണ്ടു​വന്ന സുഗന്ധ​തൈലം ഒഴിക്കു​ന്നു. ശിമോന്‌ പക്ഷേ ഇതൊ​ന്നും തീരെ ഇഷ്ടമാ​കു​ന്നില്ല. “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെ​ങ്കിൽ തന്നെ തൊടു​ന്നത്‌ ആരാ​ണെ​ന്നും എങ്ങനെ​യു​ള്ള​വ​ളെ​ന്നും മനസ്സി​ലാ​ക്കി​യേനേ. ഇവൾ പാപി​നി​യായ സ്‌ത്രീ​യല്ലേ” എന്ന്‌ അയാൾ മനസ്സിൽ പറയുന്നു.​—ലൂക്കോസ്‌ 7:39.

ശിമോ​ന്റെ ഉള്ളിലി​രുപ്പ്‌ മനസ്സി​ലാ​ക്കി​യിട്ട്‌ യേശു പറയുന്നു: “ശിമോ​നേ, എനിക്ക്‌ ഒരു കാര്യം പറയാ​നുണ്ട്‌.” അപ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാ​ലും” എന്നു പറയുന്നു. യേശു തുടരു​ന്നു: “പണം കടം കൊടു​ക്കുന്ന ഒരാളിൽനിന്ന്‌ രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാ​റെ​യും മറ്റേയാൾ 50-ഉം ആണ്‌ വാങ്ങി​യത്‌. അതു തിരി​ച്ചു​കൊ​ടു​ക്കാൻ അവർക്ക്‌ ഒരു നിവൃ​ത്തി​യു​മി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ അയാൾ രണ്ടു പേരോ​ടും നിരു​പാ​ധി​കം ക്ഷമിച്ചു. അവരിൽ ആരായി​രി​ക്കും അയാളെ കൂടുതൽ സ്‌നേ​ഹി​ക്കുക?” ഒരുപക്ഷേ അത്ര വലിയ താത്‌പ​ര്യ​മൊ​ന്നും ഇല്ലാത്ത മട്ടിൽ ശിമോൻ പറയുന്നു: “കൂടുതൽ ക്ഷമിച്ചത്‌ ആരോ​ടാ​ണോ അയാളാ​യി​രി​ക്കു​മെന്നു തോന്നു​ന്നു.”​—ലൂക്കോസ്‌ 7:40-43.

യേശു അതി​നോ​ടു യോജി​ക്കു​ന്നു. എന്നിട്ട്‌ ആ സ്‌ത്രീ​യെ നോക്കി​ക്കൊണ്ട്‌ ശിമോ​നോ​ടു പറയുന്നു: “നീ ഈ സ്‌ത്രീ​യെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരു​കൊണ്ട്‌ എന്റെ കാലുകൾ നനച്ച്‌ തലമു​ടി​കൊണ്ട്‌ തുടച്ചു. നീ എന്നെ ചുംബി​ച്ചില്ല. ഇവളോ, ഞാൻ അകത്ത്‌ വന്നപ്പോൾമു​തൽ എന്റെ പാദങ്ങ​ളിൽ ചുംബി​ക്കു​ന്നു. നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിച്ചു.” അസാന്മാർഗി​ക​ജീ​വി​തം നയിച്ചി​രുന്ന ഈ സ്‌ത്രീ മാനസാ​ന്ത​ര​ത്തി​ന്റെ തെളിവ്‌ നൽകു​ന്നത്‌ യേശു​വി​നു കാണാൻ കഴിഞ്ഞു. അതുകൊണ്ട്‌, യേശു പറയുന്നു: “അവളുടെ പാപങ്ങൾ വളരെ​യ​ധി​ക​മാ​ണെ​ങ്കി​ലും അതെല്ലാം ക്ഷമിച്ചി​രി​ക്കു​ന്നു. അതിനാൽ അവൾ കൂടുതൽ സ്‌നേഹം കാണി​ക്കു​ന്നു. എന്നാൽ കുറച്ച്‌ ക്ഷമിച്ചു​കി​ട്ടി​യവൻ കുറച്ച്‌ സ്‌നേ​ഹി​ക്കു​ന്നു.”​—ലൂക്കോസ്‌ 7:44-47.

യേശു അധാർമി​ക​ത​യു​ടെ നേരെ കണ്ണടയ്‌ക്കു​കയല്ല. പകരം വലിയ​വ​ലിയ പാപങ്ങൾ ചെയ്‌തി​രു​ന്നവർ പശ്ചാത്ത​പിച്ച്‌ ആശ്വാ​സ​ത്തി​നാ​യി ക്രിസ്‌തു​വി​ലേക്കു നോക്കു​മ്പോൾ യേശു അവരോട്‌ അനുകമ്പ കാണി​ക്കു​ക​യാണ്‌. അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കി പ്രവർത്തി​ക്കു​ക​യാണ്‌. “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു . . . നിന്റെ വിശ്വാ​സം നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ” എന്നു കേട്ട​പ്പോൾ ആ സ്‌ത്രീക്ക്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും!​—ലൂക്കോസ്‌ 7:48, 50.