വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 58

യേശു അപ്പം വർധി​പ്പി​ക്കു​ന്നു, പുളിച്ച മാവിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു

യേശു അപ്പം വർധി​പ്പി​ക്കു​ന്നു, പുളിച്ച മാവിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു

മത്തായി 15:32–16:12; മർക്കോസ്‌ 8:1-21

  • യേശു 4,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ക്കു​ന്നു

  • പരീശ​ന്മാ​രു​ടെ പുളിച്ച മാവിന്‌ എതിരെ യേശു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു

ഗലീല​ക്ക​ട​ലി​നു കിഴക്കുള്ള ദക്കപ്പൊ​ലി പ്രദേ​ശ​ത്തു​വെച്ച്‌ വലിയ ജനക്കൂട്ടം യേശു​വി​ന്റെ അടുത്ത്‌ വരുന്നു. യേശു​വിൽനിന്ന്‌ പഠിക്കണം, സുഖം പ്രാപി​ക്കണം; ഇതാണ്‌ അവരുടെ ആഗ്രഹം. വലിയ കുട്ടക​ളിൽ സാധന​ങ്ങ​ളു​മാ​യാണ്‌ അവർ വരുന്നത്‌.

അങ്ങനെ കുറെ സമയം കടന്നു​പോ​കു​ന്നു. അപ്പോൾ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “ഈ ജനക്കൂ​ട്ട​ത്തോട്‌ എനിക്ക്‌ അലിവ്‌ തോന്നു​ന്നു. മൂന്നു ദിവസ​മാ​യി ഇവർ എന്റെകൂ​ടെ​യാ​ണ​ല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല. വിശന്നി​രി​ക്കുന്ന ഇവരെ ഞാൻ ഒന്നും കൊടു​ക്കാ​തെ വീടു​ക​ളി​ലേക്കു പറഞ്ഞയ​ച്ചാൽ ഇവർ വഴിയിൽ കുഴഞ്ഞു​വീ​ണാ​ലോ? ചിലരാ​ണെ​ങ്കിൽ വളരെ ദൂരെ​നി​ന്നു​ള്ള​വ​രാണ്‌.” എന്നാൽ ശിഷ്യ​ന്മാർ യേശു​വി​നോട്‌, “ഇവരു​ടെ​യെ​ല്ലാം വിശപ്പു മാറ്റാൻ വേണ്ട അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത്‌ എവി​ടെ​നിന്ന്‌ കിട്ടാ​നാണ്‌ ” എന്നു ചോദി​ക്കു​ന്നു.​—മർക്കോസ്‌ 8:2-4.

യേശു അവരോട്‌, “നിങ്ങളു​ടെ കൈയിൽ എത്ര അപ്പമുണ്ട്‌ ” എന്നു ചോദി​ക്കു​മ്പോൾ, “ഏഴെണ്ണ​മുണ്ട്‌, കുറച്ച്‌ ചെറു​മീ​നും” എന്നു ശിഷ്യ​ന്മാർ പറയുന്നു. (മത്തായി 15:34) അപ്പോൾ യേശു ജനക്കൂ​ട്ട​ത്തോട്‌ നിലത്ത്‌ ഇരിക്കാൻ ആവശ്യ​പ്പെ​ടു​ന്നു. എന്നിട്ട്‌ അപ്പവും മീനും കൈയിൽ എടുത്ത്‌ ദൈവ​ത്തോ​ടു പ്രാർഥി​ച്ച​ശേഷം അവ വിതരണം ചെയ്യാൻ ശിഷ്യ​ന്മാ​രെ ഏൽപ്പി​ക്കു​ന്നു. എല്ലാവ​രും തിന്ന്‌ തൃപ്‌ത​രാ​കു​ന്നു. എത്ര അതിശയം! ഏതാണ്ട്‌ 4,000 പുരു​ഷ​ന്മാ​രും കൂടാതെ സ്‌ത്രീ​ക​ളും കുട്ടി​ക​ളും മതിയാ​വോ​ളം കഴിച്ചി​ട്ടും ഏഴു വലിയ കൊട്ട നിറയെ അപ്പം ബാക്കി​യു​ണ്ടാ​യി​രു​ന്നു!

യേശു ജനക്കൂ​ട്ടത്തെ പറഞ്ഞയ​ച്ച​ശേഷം യേശു​വും ശിഷ്യ​ന്മാ​രും വള്ളത്തിൽ കയറി അക്കരെ, ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റേ തീരത്തുള്ള മഗദയി​ലേക്കു പോകു​ന്നു. അവിടെ പരീശ​ന്മാ​രും സദൂക്യ​രു​ടെ ഒരു വിഭാ​ഗ​വും കൂടെ യേശു​വി​നെ പരീക്ഷി​ക്കാൻ വരുന്നു. അവർക്ക്‌ ആകാശ​ത്തു​നിന്ന്‌ ഒരു അടയാളം കാണി​ച്ചു​കൊ​ടു​ക്ക​ണ​മ​ത്രേ.

അവരുടെ ആന്തരം മനസ്സി​ലാ​ക്കി​യിട്ട്‌ യേശു പറയുന്നു: “സന്ധ്യാ​സ​മ​യത്ത്‌, ‘ആകാശം ചുവന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇന്നു കാലാവസ്ഥ നല്ലതാ​യി​രി​ക്കും’ എന്നു നിങ്ങൾ പറയുന്നു. എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കു​ന്ന​തു​കൊണ്ട്‌ ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാ​റു​ണ്ട​ല്ലോ. ആകാശ​ത്തി​ന്റെ ഭാവമാ​റ്റങ്ങൾ നിങ്ങൾ വിവേ​ചി​ച്ച​റി​യു​ന്നു. എന്നാൽ കാലത്തി​ന്റെ അടയാ​ളങ്ങൾ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്നില്ല.” (മത്തായി 16:2, 3) എന്നിട്ട്‌ യേശു ആ പരീശ​ന്മാ​രോ​ടും സദൂക്യ​രോ​ടും യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല എന്നു പറയുന്നു.

പിന്നെ, യേശു​വും ശിഷ്യ​ന്മാ​രും കൂടെ ഒരു വള്ളത്തിൽ കയറി കടലിന്റെ വടക്കു​കി​ഴക്കേ തീരത്തുള്ള ബേത്ത്‌സ​യി​ദ​യി​ലേക്കു പോകു​ന്നു. പോകുന്ന വഴിക്കാണ്‌ ആവശ്യ​ത്തിന്‌ അപ്പം എടുത്തി​ല്ല​ല്ലോ എന്ന കാര്യം ശിഷ്യ​ന്മാർ ഓർക്കു​ന്നത്‌. അവരുടെ കൈയിൽ ആകെ ഒരു അപ്പമേ ഉള്ളൂ. തൊട്ടു മുമ്പ്‌ പരീശ​ന്മാ​രു​മാ​യും ഹെരോ​ദി​ന്റെ പക്ഷക്കാ​രായ സദൂക്യ​രു​മാ​യും നടന്ന സംസാ​ര​ത്തെ​ക്കു​റിച്ച്‌ ഓർത്തു​കൊണ്ട്‌ യേശു അവരോട്‌, “സൂക്ഷി​ച്ചു​കൊ​ള്ളുക! പരീശ​ന്മാ​രു​ടെ​യും ഹെരോ​ദി​ന്റെ​യും പുളിച്ച മാവി​നെ​ക്കു​റിച്ച്‌ ജാഗ്രത വേണം” എന്നു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. പുളിച്ച മാവി​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞ​പ്പോൾ അപ്പം എടുക്കാൻ മറന്ന കാര്യ​മാ​യി​രി​ക്കും യേശു ഉദ്ദേശി​ക്കു​ന്ന​തെന്ന്‌ അവർ തെറ്റി​ദ്ധ​രി​ക്കു​ന്നു. അതു മനസ്സി​ലാ​ക്കി​യിട്ട്‌ യേശു അവരോട്‌, “അപ്പമി​ല്ലാ​ത്ത​തി​നെ​ച്ചൊ​ല്ലി നിങ്ങൾ എന്തിനാ​ണു വഴക്കി​ടു​ന്നത്‌ ” എന്നു ചോദി​ക്കു​ന്നു.​—മർക്കോസ്‌ 8:15-17.

അടുത്ത​യി​ടെ​യാ​ണു യേശു ആയിര​ങ്ങൾക്ക്‌ അപ്പം കൊടു​ത്തത്‌. അതു​കൊണ്ട്‌ അപ്പത്തെ​ക്കു​റിച്ച്‌ യേശു ഉത്‌കണ്‌ഠ​പ്പെ​ടി​ല്ലെന്നു ശിഷ്യ​ന്മാർ ഓർക്കേ​ണ്ട​താണ്‌. “ഞാൻ അഞ്ച്‌ അപ്പം 5,000 പുരു​ഷ​ന്മാർക്കു നുറു​ക്കി​ക്കൊ​ടു​ത്ത​പ്പോൾ ബാക്കിവന്ന കഷണങ്ങൾ നിങ്ങൾ എത്ര കൊട്ട നിറ​ച്ചെ​ടു​ത്തെന്ന്‌ ഓർക്കു​ന്നി​ല്ലേ,” യേശു ചോദി​ക്കു​ന്നു. “പന്ത്രണ്ട്‌ ” എന്ന്‌ അവർ പറയുന്നു. “ഞാൻ ഏഴ്‌ അപ്പം 4,000 പുരു​ഷ​ന്മാർക്കു നുറു​ക്കി​ക്കൊ​ടു​ത്ത​പ്പോൾ  ബാക്കിവന്ന കഷണങ്ങൾ എത്ര കൊട്ട നിറ​ച്ചെ​ടു​ത്തു?” “ഏഴ്‌ ” എന്ന്‌ അവർ പറയുന്നു.​—മർക്കോസ്‌ 8:18-20.

യേശു ചോദി​ക്കു​ന്നു: “ഞാൻ പറഞ്ഞത്‌ അപ്പത്തിന്റെ കാര്യ​മ​ല്ലെന്നു നിങ്ങൾ തിരി​ച്ച​റി​യാ​ത്തത്‌ എന്താണ്‌?” എന്നിട്ട്‌, “പരീശ​ന്മാ​രു​ടെ​യും സദൂക്യ​രു​ടെ​യും പുളിച്ച മാവിന്‌ എതിരെ ജാഗ്രത പാലിക്കാ”ൻ യേശു അവരോ​ടു പറയുന്നു.​—മത്തായി 16:11.

അവസാനം ശിഷ്യ​ന്മാർക്കു കാര്യം പിടി​കി​ട്ടു​ന്നു. മാവ്‌ പുളി​പ്പി​ക്കാ​നും അങ്ങനെ അപ്പം പൊങ്ങി​വ​രാ​നും വേണ്ടി​യാ​ണു സാധാ​ര​ണ​ഗ​തി​യിൽ പുളിച്ച മാവ്‌ ചേർക്കു​ന്നത്‌. പക്ഷേ യേശു ഇവിടെ ദുഷി​പ്പി​ന്റെ ഒരു അടയാ​ള​മാ​യി​ട്ടാണ്‌ പുളിച്ച മാവി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌. “പരീശ​ന്മാ​രും സദൂക്യ​രും പഠിപ്പി​ക്കുന്ന” ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​മുള്ള “കാര്യ​ങ്ങൾക്കെ​തി​രെ” ജാഗ്രത പാലി​ക്കാ​നാണ്‌ യേശു അവർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നത്‌.​—മത്തായി 16:12.