വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 41

അത്ഭുതങ്ങൾ​—ആരുടെ ശക്തിയാൽ?

അത്ഭുതങ്ങൾ​—ആരുടെ ശക്തിയാൽ?

മത്തായി 12:22-32; മർക്കോസ്‌ 3:19-30; ലൂക്കോസ്‌ 8:1-3

  • യേശു​വി​ന്റെ രണ്ടാം പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ക്കു​ന്നു

  • ഭൂതങ്ങളെ പുറത്താ​ക്കു​ന്നു, ക്ഷമ കിട്ടാത്ത പാപ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌

പരീശ​നായ ശിമോ​ന്റെ വീട്ടിൽവെച്ച്‌ ക്ഷമയെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​ശേഷം ഉടനെ​തന്നെ യേശു ഗലീല​യിൽ മറ്റൊരു പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ക്കു​ന്നു. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ രണ്ടാം വർഷമാണ്‌ ഇത്‌. യേശു ഒറ്റയ്‌ക്കല്ല യാത്ര ചെയ്യു​ന്നത്‌. 12 അപ്പോസ്‌ത​ല​ന്മാർ കൂടെ​യുണ്ട്‌. കൂടാതെ യേശു സുഖ​പ്പെ​ടു​ത്തി​യിട്ട്‌ “ദുഷ്ടാ​ത്മാ​ക്ക​ളിൽനി​ന്നും രോഗ​ങ്ങ​ളിൽനി​ന്നും മുക്തരായ” ചില സ്‌ത്രീ​ക​ളു​മുണ്ട്‌ ഒപ്പം. (ലൂക്കോസ്‌ 8:2) മഗ്‌ദ​ല​ക്കാ​രി മറിയ, സൂസന്ന, ഹെരോദ്‌ അന്തിപ്പാസ്‌ രാജാ​വി​ന്റെ ഒരു ഉദ്യോ​ഗ​സ്ഥന്റെ ഭാര്യ യോഹന്ന എന്നിവ​രാണ്‌ അവരിൽ ചിലർ.

കൂടു​തൽക്കൂ​ടു​തൽ ആളുകൾ യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞു​വ​രു​ക​യാണ്‌. അതനു​സ​രിച്ച്‌ വിവാ​ദ​ങ്ങ​ളും വർധി​ക്കു​ന്നുണ്ട്‌. അതിന്റെ നല്ലൊരു തെളി​വാണ്‌ ഭൂതം ബാധിച്ച ഒരാളെ യേശു സുഖ​പ്പെ​ടു​ത്തു​മ്പോൾ സംഭവി​ക്കു​ന്നത്‌. അയാൾ അന്ധനും ഊമനും ആണ്‌. യേശു അയാളി​ലെ ഭൂതത്തെ പുറത്താ​ക്കു​ന്ന​തോ​ടെ അയാൾക്ക്‌ കാണാ​നും സംസാ​രി​ക്കാ​നും കഴിയു​ന്നു. ഇതു കണ്ട്‌ അതിശ​യി​ക്കുന്ന ആളുകൾ “ഇവൻത​ന്നെ​യാ​യി​രി​ക്കു​മോ ദാവീ​ദു​പു​ത്രൻ” എന്നു പറയുന്നു.​—മത്തായി 12:23.

വലിയ ജനക്കൂട്ടം യേശു താമസി​ക്കുന്ന വീടിനു ചുറ്റും കൂടുന്നു. യേശു​വി​നും ശിഷ്യ​ന്മാർക്കും ആഹാരം കഴിക്കാൻപോ​ലും പറ്റുന്നില്ല. പക്ഷേ, വാഗ്‌ദാ​നം ചെയ്‌തി​രുന്ന “ദാവീ​ദു​പു​ത്രൻ” യേശു​വാ​ണെന്ന്‌ എല്ലാവ​രും കരുതു​ന്നില്ല. അങ്ങ്‌ യരുശ​ലേ​മിൽനിന്ന്‌ ചില ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും എത്തിയി​ട്ടുണ്ട്‌. യേശു​വിൽനിന്ന്‌ പഠിക്കാ​നോ യേശു​വി​നെ പിന്തു​ണയ്‌ക്കാ​നോ അല്ല അവർ വന്നിരി​ക്കു​ന്നത്‌. അവർ ആളുക​ളോ​ടു പറയുന്നു: “ഇവനിൽ ബയെത്‌സെ​ബൂബ്‌ കയറി​യി​ട്ടുണ്ട്‌.” അതുകൊണ്ട്‌ “ഭൂതങ്ങ​ളു​ടെ അധിപ​നെ​ക്കൊ​ണ്ടാണ്‌ ” ഇവൻ പ്രവർത്തി​ക്കു​ന്നത്‌. (മർക്കോസ്‌ 3:22) യേശു​വി​ന്റെ ബന്ധുക്കൾ ഈ ബഹളങ്ങ​ളെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ യേശു​വി​നെ പിടി​ച്ചു​കൊണ്ട്‌ പോകാൻ വരുന്നു. അത്‌ എന്തിനാണ്‌?

ആ സമയത്ത്‌, യേശു ദൈവ​പു​ത്ര​നാ​ണെ​ന്നുള്ള കാര്യം സ്വന്തം അനിയ​ന്മാർപോ​ലും വിശ്വ​സി​ക്കു​ന്നില്ല. (യോഹ​ന്നാൻ 7:5) അവരുടെ നോട്ട​ത്തിൽ യേശു വലിയ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാണ്‌. ചെറു​പ്പ​കാ​ലത്ത്‌ നസറെ​ത്തിൽവെച്ച്‌ അവർ കണ്ട യേശുവേ അല്ല ഇത്‌. അതു​കൊണ്ട്‌ യേശു​വി​നു മാനസി​ക​മാ​യി എന്തെങ്കി​ലും കുഴപ്പം കാണു​മെന്ന്‌ അവർ കരുതു​ന്നു. “അവനു ഭ്രാന്താണ്‌ ” എന്നാണ്‌ അവർ പറയു​ന്നത്‌.​—മർക്കോസ്‌ 3:21.

 പക്ഷേ, തെളി​വു​കൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ഭൂതം ബാധിച്ച ഒരു മനുഷ്യ​നെ യേശു സുഖ​പ്പെ​ടു​ത്തി​യതേ ഉള്ളൂ. അയാൾക്ക്‌ ഇപ്പോൾ കാണാ​നും സംസാ​രി​ക്കാ​നും കഴിയും. അത്‌ ആർക്കും നിഷേ​ധി​ക്കാൻ പറ്റില്ല. അതു​കൊണ്ട്‌ തെറ്റായ മറ്റൊരു ആരോ​പ​ണ​ത്തി​ലൂ​ടെ യേശു​വി​ന്റെ പേര്‌ ചീത്തയാ​ക്കാൻ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ശ്രമി​ക്കു​ന്നു. അവർ പറയുന്നു: “ഭൂതങ്ങ​ളു​ടെ അധിപ​നായ ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌.”​—മത്തായി 12:24.

ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും ഉള്ളിലി​രുപ്പ്‌ യേശു​വിന്‌ അറിയാം. അതു​കൊണ്ട്‌ യേശു പറയുന്നു: “ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചു​പോ​കും. ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന നഗരവും വീടും നിലനിൽക്കില്ല. അതു​പോ​ലെ​തന്നെ സാത്താൻ സാത്താനെ പുറത്താ​ക്കു​ന്നെ​ങ്കിൽ അവൻ തന്നോ​ടു​തന്നെ പോര​ടി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ അവന്റെ രാജ്യം നിലനിൽക്കു​ന്നത്‌ എങ്ങനെ​യാണ്‌?”​—മത്തായി 12:25, 26.

ഉഗ്രൻ ന്യായ​വാ​ദം! ജൂതന്മാ​രിൽ ചിലർ ഭൂതങ്ങളെ പുറത്താ​ക്കുന്ന കാര്യം ഈ പരീശ​ന്മാർക്ക്‌ അറിയാം. (പ്രവൃ​ത്തി​കൾ 19:13) അതു​കൊണ്ട്‌ യേശു ചോദി​ക്കു​ന്നു: “ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ നിങ്ങളു​ടെ പുത്ര​ന്മാർ ആരെ​ക്കൊ​ണ്ടാണ്‌ അവയെ പുറത്താ​ക്കു​ന്നത്‌?” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ അവരുടെ ആരോ​പണം ഇക്കൂട്ടർക്കും ബാധക​മാണ്‌. എന്നിട്ട്‌ യേശു ഇങ്ങനെ​യും​കൂ​ടി പറയുന്നു: “ദൈവാ​ത്മാ​വി​നാ​ലാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ ഉറപ്പാ​യും ദൈവ​രാ​ജ്യം നിങ്ങളെ കടന്നു​പോ​യി​രി​ക്കു​ന്നു.”​—മത്തായി 12:27, 28.

ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു സാത്താന്റെ മേൽ തനിക്കുള്ള അധികാ​ര​ത്തി​ന്റെ തെളി​വാ​ണെന്നു കാണി​ക്കാൻ യേശു പറയുന്നു: “ശക്തനായ ഒരാളു​ടെ വീട്ടിൽ കടന്ന്‌ സാധനങ്ങൾ കൊള്ള​യ​ടി​ക്ക​ണ​മെ​ങ്കിൽ ആദ്യം അയാളെ പിടി​ച്ചു​കെ​ട്ടേണ്ടേ? അയാളെ പിടി​ച്ചു​കെ​ട്ടി​യാ​ലേ അതിനു കഴിയൂ. എന്റെ പക്ഷത്ത്‌ നിൽക്കാ​ത്ത​വ​നെ​ല്ലാം എനിക്ക്‌ എതിരാണ്‌. എന്റെകൂ​ടെ നിന്ന്‌ ശേഖരി​ക്കാ​ത്തവൻ വാസ്‌ത​വ​ത്തിൽ ചിതറി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.” (മത്തായി 12:29, 30) ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​വിന്‌ എതിരാണ്‌. അങ്ങനെ അവർ സാത്താന്റെ ഏജന്റു​മാ​രാ​ണെന്ന്‌ തെളി​യി​ക്കു​ന്നു. അവർ ആളുകളെ ദൈവ​പു​ത്ര​നിൽനിന്ന്‌ ചിതറി​ച്ചു​ക​ള​യു​ന്നു. യേശു വാസ്‌ത​വ​ത്തിൽ പ്രവർത്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ പിന്തു​ണ​യോ​ടെ​യാണ്‌.

സാത്താന്റെ പക്ഷം ചേർന്നി​രി​ക്കുന്ന ഈ എതിരാ​ളി​ക​ളോ​ടു യേശു പറയുന്നു: “മനുഷ്യ​രു​ടെ ഏതൊരു പാപവും വിശു​ദ്ധ​കാ​ര്യ​ങ്ങ​ളോ​ടുള്ള നിന്ദയും അവരോ​ടു ക്ഷമിക്കും. പക്ഷേ ആരെങ്കി​ലും പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ച്ചാൽ അത്‌ ഒരിക്ക​ലും ക്ഷമിക്കില്ല. ആ പാപം അവന്‌ എന്നേക്കു​മാ​യി കണക്കി​ടും.” (മർക്കോസ്‌ 3:28, 29) വ്യക്തമാ​യും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ നടക്കുന്ന ഒരു കാര്യം സാത്താ​നാ​ലാണ്‌ എന്നു പറയു​ന്ന​വ​രു​ടെ കാര്യ​ത്തിൽ യേശു​വി​ന്റെ വാക്കുകൾ എന്ത്‌ അർഥമാ​ക്കു​ന്നെന്നു നോക്കുക!