വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിമൂന്ന്‌

അവൻ തന്റെ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിച്ചു

അവൻ തന്റെ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിച്ചു

1, 2. (എ) തനിക്കും കപ്പൽക്കാർക്കും എന്ത്‌ ആപത്താണ്‌ യോനാ വരുത്തി​വെ​ച്ചത്‌? (ബി) യോനാ​യു​ടെ കഥ നമുക്ക്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

 ചീറി​യ​ടി​ക്കുന്ന കാറ്റിന്റെ ചെവി തുളയ്‌ക്കുന്ന സീൽക്കാ​രം! കപ്പൽപ്പാ​യകൾ വലിച്ചു​കെ​ട്ടി​യി​രി​ക്കുന്ന കയറു​കൾക്കി​ട​യി​ലൂ​ടെ അത്‌ അലറി​പ്പാ​യു​ക​യാണ്‌! ഭീമാ​കാ​ര​മായ തിരമാ​ലകൾ കപ്പലിന്റെ വശങ്ങളിൽ ആഞ്ഞടി​ക്കു​ന്നു! അതിന്റെ ഇടിമു​ഴക്കം പോലുള്ള ശബ്ദം! കോപിച്ച തിരമാ​ല​ക​ളു​ടെ പ്രഹര​മേറ്റ്‌ ഞെരി​യുന്ന കപ്പൽപ്പ​ല​കകൾ! പക്ഷേ, ഈ ശബ്ദമൊ​ന്നു​മല്ല യോനായ്‌ക്ക്‌ അരോ​ച​ക​മാ​കു​ന്നത്‌. പിന്നെ​യോ, കപ്പൽക്കാ​രു​ടെ ആക്രോ​ശ​ങ്ങ​ളും നിലവി​ളി​ക​ളും ആണ്‌. ഈ ശബ്ദകോ​ലാ​ഹ​ലങ്ങൾ ഒന്നു നിലച്ചി​രു​ന്നെ​ങ്കിൽ! യോനാ ആശിച്ചു​പോ​യി. കപ്പിത്താ​നും നാവി​ക​രും കപ്പലിനെ നേരെ നിറു​ത്താൻ പാടു​പെ​ടു​ക​യാണ്‌. ‘ഈ മനുഷ്യ​രെ​ല്ലാം ഉടനെ മുങ്ങി മരിക്കു​മ​ല്ലോ, താൻ കാരണ​മാ​ണ​ല്ലോ ഇതെല്ലാം,’ യോനാ​യു​ടെ ഉള്ളൊന്നു പിടഞ്ഞു!

2 ഇങ്ങനെ​യൊ​രു ആശയറ്റ സ്ഥിതി​യിൽ യോനാ വന്നു​പെ​ട്ടത്‌ എങ്ങനെ​യാണ്‌? യോനാ അവന്റെ ദൈവ​മായ യഹോ​വ​യോട്‌ ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌തു. എന്താണ്‌ അവൻ ചെയ്‌ത തെറ്റ്‌? അത്‌ പരിഹ​രി​ക്കാ​നാ​കാ​ത്ത​താ​ണോ? നാം അത്‌ കാണാൻ പോകു​ക​യാണ്‌. നമുക്ക്‌ അതിൽനിന്ന്‌ പല പാഠങ്ങ​ളും പഠിക്കാ​നുണ്ട്‌. വിശ്വസ്‌ത​രും ദൈവ​ഭ​ക്ത​രും ആയ ആളുകൾക്കു​പോ​ലും തെറ്റുകൾ സംഭവി​ക്കാ​മെ​ന്നും, ആ തെറ്റുകൾ തിരുത്തി അവർക്ക്‌ നേർവ​ഴി​ക്കു വരാനാ​കു​മെ​ന്നും യോനാ​യു​ടെ ജീവി​ത​ക​ഥ​യിൽനിന്ന്‌ നമ്മൾ പഠിക്കും.

ഗലീല​യിൽനി​ന്നുള്ള ഒരു പ്രവാ​ച​കൻ

3-5. (എ) യോനാ​യെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ആളുക​ളു​ടെ മനസ്സിൽ ആദ്യം വരുന്ന ചിത്ര​മെ​ന്താണ്‌? (ബി) യോനാ​യു​ടെ പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം? (അടിക്കു​റി​പ്പും കാണുക.) (സി) യോനാ​യു​ടെ പ്രവാ​ച​ക​വേല അത്ര സുഖക​ര​മ​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

3 യോനാ​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ പൊതു​വിൽ ആളുക​ളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ വീഴ്‌ചകൾ വരുത്തിയ ഒരാളു​ടെ ചിത്ര​മാണ്‌. അനുസ​ര​ണ​ക്കേ​ടും നിർബ​ന്ധ​ബു​ദ്ധി​യും ഒക്കെ കാണി​ച്ചി​ട്ടുള്ള ഒരു മനുഷ്യ​ന്റെ ചിത്രം! പക്ഷേ, ഈ അളവു​കോൽകൊണ്ട്‌ മാത്രം നമ്മൾ അവനെ അളക്കരുത്‌! ആ മനുഷ്യ​ന്റെ നന്മകളും​കൂ​ടി നാമറി​യണം! തന്റെ പ്രവാ​ച​ക​നാ​യി​രി​ക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്ത​താണ്‌ യോനാ​യെ! അവൻ നീതി​മാ​നും വിശ്വസ്‌ത​നും ആയിരു​ന്നു. അല്ലാത്ത​പക്ഷം ഇത്രയും ഘനമേ​റിയ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കാൻ യഹോവ അവനെ തിര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നോ?

യോനായുടെ വീഴ്‌ച​കളെ കവച്ചു​വെ​ക്കു​ന്ന​താ​യി​രു​ന്നു അവന്റെ നന്മകൾ

4 യോനാ​യു​ടെ പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ കുറച്ചു വിവര​ങ്ങളേ നൽകു​ന്നു​ള്ളൂ. (2 രാജാ​ക്ക​ന്മാർ 14:25 വായി​ക്കുക.) അവൻ ഗത്ത്‌-ഹേഫർക്കാ​ര​നാ​യി​രു​ന്നു. നസറെ​ത്തിൽനി​ന്നും ഏകദേശം നാലു കിലോ​മീ​റ്റർ ദൂരമേ ഉള്ളൂ അവി​ടേക്ക്‌. 800-ഓളം വർഷങ്ങൾക്കു ശേഷം യേശു വളർന്നത്‌ ഈ നസറെത്ത്‌ പട്ടണത്തിൽ ആണ്‌. a പത്തു​ഗോ​ത്ര ഇസ്രാ​യേ​ലിൽ യൊ​രോ​ബെ​യാം രണ്ടാമൻ രാജാവ്‌ ഭരണം നടത്തുന്ന കാലത്താണ്‌ യോനാ പ്രവാ​ച​ക​വേല ചെയ്‌തി​രു​ന്നത്‌. അപ്പോ​ഴേ​ക്കും, ഏലിയാവ്‌ മരിച്ചിട്ട്‌ കാലങ്ങൾ കഴിഞ്ഞി​രു​ന്നു. അവന്റെ പിൻഗാ​മി​യാ​യി​രുന്ന എലീശാ മരിക്കു​ന്നത്‌ യൊ​രോ​ബെ​യാ​മി​ന്റെ അപ്പന്റെ വാഴ്‌ച​ക്കാ​ല​ത്താണ്‌. ബാലാ​രാ​ധ​നയ്‌ക്ക്‌ അറുതി​വ​രു​ത്താൻ യഹോവ ഈ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ പലതും ചെയ്‌തെ​ങ്കി​ലും, തന്നിഷ്ട​ക്കാ​രായ ഇസ്രാ​യേൽ ജനത വീണ്ടും ആ വഴിക്കു​തന്നെ പോയി! “യഹോ​വെക്കു അനിഷ്ട​മാ​യു​ള്ളതു ചെയ്‌തു”കൊണ്ടി​രി​ക്കുന്ന ഒരു രാജാ​വി​ന്റെ കീഴി​ലാണ്‌ ദേശം ഇപ്പോൾ. (2 രാജാ. 14:24) യോനാ​യു​ടെ പ്രവാ​ച​ക​വേല അത്ര സുഖക​ര​മ​ല്ലെന്നു വ്യക്തം. എന്നിട്ടും ആത്മാർഥ​ത​യോ​ടെ അവൻ തന്റെ ചുമത​ലകൾ നിർവ​ഹി​ച്ചു​പോ​ന്നു.

5 ഒരു ദിവസം യഹോവ അവനെ ഒരു ദൗത്യ​മേൽപ്പി​ച്ചു. അവന്റെ ജീവിതം ആകെ മാറ്റി​മ​റി​ക്കു​ന്ന​താ​യി​രു​ന്നു അതെത്തു​ടർന്നു​ണ്ടായ സംഭവങ്ങൾ. യഹോവ ഏൽപ്പിച്ച ദൗത്യം, എടുക്കാൻ പറ്റാത്ത ഒരു ഭാരമാ​യാണ്‌ അവനു തോന്നി​യത്‌. അതിനു​മാ​ത്രം ദുഷ്‌ക​ര​മായ എന്ത്‌ ദൗത്യ​മാണ്‌ യഹോവ അവനു നൽകി​യത്‌?

‘നീ പുറ​പ്പെട്ട്‌ നീനെ​വേ​യി​ലേക്കു ചെല്ലുക’

6. യഹോവ യോനായ്‌ക്ക്‌ ഏതു നിയമനം നൽകി, അത്‌ പേടി​പ്പെ​ടു​ത്തു​ന്ന​താ​യി അവനു തോന്നി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

6 യഹോവ യോനാ​യോ​ടു പറഞ്ഞു: “നീ പുറ​പ്പെട്ടു മഹാന​ഗ​ര​മായ നീനെ​വേ​യി​ലേക്കു ചെന്നു അതിന്നു വിരോ​ധ​മാ​യി പ്രസം​ഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധി​യിൽ എത്തിയി​രി​ക്കു​ന്നു.” (യോനാ 1:2) ഈ നിയമ​ന​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ യോനായ്‌ക്ക്‌ പേടി തോന്നി​യെ​ങ്കിൽ അത്‌ എന്തു​കൊ​ണ്ടെന്ന്‌ അറിയാൻ വിഷമ​മില്ല. ഏതാണ്ട്‌, 800 കിലോ​മീ​റ്റർ കിഴക്കു​മാ​റി​യാണ്‌ നിനെ​വേ​യു​ടെ സ്ഥാനം. കാൽന​ട​യാ​യി യാത്ര ചെയ്‌താൽ ഒരു മാസ​ത്തോ​ള​മെ​ടു​ക്കും അവി​ടെ​യെ​ത്താൻ. യാത്ര​യു​ടെ ബുദ്ധി​മു​ട്ടു​കൾ എങ്ങനെ​യും സഹിക്കാ​മെ​ന്നു​വെ​ക്കാം. നിനെ​വേ​യി​ലെത്തി യഹോ​വ​യിൽനി​ന്നുള്ള ഒരു ന്യായ​വി​ധി​യാണ്‌ അറിയി​ക്കേ​ണ്ടത്‌. അതും ക്രൂര​രും അക്രമ​ത്തിന്‌ കുപ്ര​സി​ദ്ധ​രും മൃഗീ​യ​രും ആയ അശ്ശൂർജ​ന​ത​യോട്‌. ഇവിടെ ദൈവ​ത്തി​ന്റെ സ്വന്തം ജനത്തോട്‌ പ്രസം​ഗി​ച്ചിട്ട്‌ യാതൊ​രു ഫലവും കാണാത്ത സ്ഥിതിക്ക്‌ ആ വിജാ​തീ​യ​രോ​ടു പോയി പറഞ്ഞാൽ എന്തെങ്കി​ലും ഫലമു​ണ്ടാ​കു​മോ? “രക്തപാ​ത​ക​ങ്ങ​ളു​ടെ പട്ടണ”മെന്ന്‌ പിന്നീട്‌ അറിയ​പ്പെട്ട നഗരമാണ്‌ അത്‌. അവിടെ ഒറ്റയ്‌ക്കൊ​രു ദൈവ​ദാ​സൻ എന്തു ചെയ്യാ​നാണ്‌?—നഹൂം 3:1, 7.

7, 8. (എ) യഹോവ നൽകിയ നിയമ​ന​ത്തിൽനിന്ന്‌ ഒളി​ച്ചോ​ടാ​നുള്ള യോനാ​യു​ടെ തീരു​മാ​നം എത്ര ശക്തമാ​യി​രു​ന്നു? (ബി) യോനാ​യെ ഒരു ഭീരു​വെന്ന്‌ കുറ്റ​പ്പെ​ടു​ത്ത​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

7 ഇങ്ങനെ​യൊ​ക്കെ യോനായ്‌ക്ക്‌ തോന്നി​യി​ട്ടു​ണ്ടാ​കു​മോ? നമുക്ക്‌ അറിഞ്ഞു​കൂ​ടാ. നമുക്ക്‌ അറിയാ​വു​ന്നത്‌ ഇതാണ്‌: അവൻ അവി​ടെ​നിന്ന്‌ ഓടി​പ്പോ​കാൻ തീരു​മാ​നി​ച്ചു! ആദ്യം അവൻ യോപ്പ എന്നു പേരുള്ള തുറമു​ഖ​ന​ഗ​ര​ത്തി​ലേക്കു ചെന്നു. അവിടെ തർശീ​ശി​ലേക്കു പോകുന്ന ഒരു കപ്പൽ കിടപ്പു​ണ്ടാ​യി​രു​ന്നു. തർശീശ്‌ സ്‌പെ​യി​നി​ലാ​യി​രു​ന്നെന്ന്‌ ചില പണ്ഡിത​ന്മാർ പറയുന്നു. അങ്ങനെ​യാ​ണെ​ങ്കിൽ യോനാ ഇപ്പോൾ, നിനെ​വേ​യിൽനിന്ന്‌ ഏതാണ്ട്‌ 3,500 കിലോ​മീ​റ്റർ അകലേ​ക്കാണ്‌ പോകു​ന്നത്‌! കിഴ​ക്കോട്ട്‌ പോകാ​നാണ്‌ യഹോവ പറഞ്ഞത്‌. പക്ഷേ, അവൻ പോകു​ന്നത്‌ പടിഞ്ഞാ​റേ​ക്കാണ്‌. എത്ര ദൂരം പോകാ​മോ അത്ര ദൂരം പടിഞ്ഞാ​റേക്ക്‌! മഹാസ​മു​ദ്ര​ത്തി​ന്റെ (മധ്യധ​ര​ണ്യാ​ഴി) അങ്ങേക്ക​ര​വരെ എത്തുന്ന കടൽയാ​ത്രയ്‌ക്ക്‌ ഏകദേശം ഒരു വർഷ​മെ​ടു​ക്കും! ഒരു വർഷം യാത്ര ചെയ്‌താ​ലും വേണ്ടില്ല ഈ നിയമനം ഏറ്റെടു​ക്കാൻ വയ്യെന്ന്‌ നിശ്ചയി​ച്ചു​റ​ച്ച​പോ​ലെ​യാണ്‌ അവന്റെ പോക്ക്‌!യോനാ 1:3 വായി​ക്കുക.

8 ഭയന്ന്‌ ഒളി​ച്ചോ​ടുന്ന ഭീരു! അങ്ങനെ​യാ​ണോ യോനാ​യെ​പ്പറ്റി നിങ്ങൾക്ക്‌ തോന്നു​ന്നത്‌? അത്ര പെട്ടെന്ന്‌ അങ്ങനെ​യങ്ങ്‌ എഴുതി​ത്ത​ള്ളാൻ വരട്ടെ. അവന്റെ മനോ​ധൈ​ര്യം നമ്മൾ കാണാൻ പോകു​ന്നതേ ഉള്ളൂ! നമ്മളെ​പ്പോ​ലെ​തന്നെ, ഒട്ടേറെ പോരായ്‌മ​ക​ളും കുറവു​ക​ളും ഉള്ള അപൂർണ​നായ ഒരു മനുഷ്യൻ! അതായി​രു​ന്നു യോനാ! (സങ്കീ. 51:5) ഭയന്ന്‌ മനസ്സമാ​ധാ​നം നഷ്ടപ്പെട്ട സന്ദർഭങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലും ഉണ്ടായി​ട്ടി​ല്ലേ?

9. യഹോ​വ​യിൽനി​ന്നുള്ള നിയമ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഇടയ്‌ക്കൊ​ക്കെ നമുക്ക്‌ എങ്ങനെ തോന്നി​യേ​ക്കാം, ആ സമയങ്ങ​ളിൽ നാം മറന്നു​പോ​ക​രു​താത്ത സത്യം എന്താണ്‌?

9 ദൈവം ആവശ്യ​പ്പെ​ടുന്ന ചില കാര്യങ്ങൾ ചെയ്യാൻ തീരെ ബുദ്ധി​മു​ട്ടാ​ണെ​ന്നോ ഒട്ടും പറ്റി​ല്ലെ​ന്നോ ഒക്കെ തോന്നി​പ്പോ​യേ​ക്കാം. ദൈവ​രാ​ജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ക​യെ​ന്നത്‌ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ചെയ്യേണ്ട കാര്യ​മാണ്‌. പക്ഷേ, അതു​പോ​ലും ചില​പ്പോൾ നമ്മിൽ ഭീതി​യു​ണർത്തി​യേ​ക്കാം. (മത്താ. 24:14) എന്നാൽ, “ദൈവ​ത്തി​നു സകലവും സാധ്യം” എന്ന്‌ ദൈവ​പു​ത്ര​നായ യേശു പറഞ്ഞി​ട്ടുണ്ട്‌. അത്‌ നമ്മൾ അപ്പോൾ ഓർത്തെ​ന്നു​വ​രില്ല. (മർക്കോ. 10:27) ആ സത്യം നമ്മുടെ കണ്മുന്നിൽനിന്ന്‌ മറഞ്ഞു​പോ​കുന്ന സന്ദർഭ​ങ്ങ​ളിൽ യോനാ​യു​ടെ മാനസി​കാ​വ​സ്ഥ​യും ബുദ്ധി​മു​ട്ടു​ക​ളും നമുക്ക്‌ മനസ്സി​ലാ​യേ​ക്കും. അതിരി​ക്കട്ടെ, ഓടി​പ്പോയ യോനാ​യെ കാത്തി​രു​ന്നത്‌ എന്തൊ​ക്കെ​യാണ്‌?

യഹോവ തന്റെ പ്രവാ​ച​കനെ നേർവ​ഴിക്ക്‌ കൊണ്ടു​വ​രു​ന്നു

10, 11. (എ) ചരക്കു​കപ്പൽ തുറമു​ഖം വിട്ട​പ്പോൾ യോനായ്‌ക്ക്‌ എന്ത്‌ ആശ്വാസം തോന്നി​യി​രി​ക്കാം? (ബി) കപ്പലി​നും കപ്പലി​ലു​ള്ള​വർക്കും ഏത്‌ അപകടം നേരിട്ടു?

10 നങ്കൂര​മി​ട്ടി​രുന്ന ആ കപ്പലിൽ യോനാ കയറി​പ്പറ്റി. അതൊരു ഫൊയ്‌നീ​ക്യൻ ചരക്കു​ക​പ്പ​ലാ​ണെന്നു തോന്നു​ന്നു. പുറ​പ്പെ​ടാ​നുള്ള സമയമാ​യി. കപ്പിത്താ​നും നാവി​ക​രും തിരക്കിട്ട്‌ ഒരുക്ക​ത്തി​ലാണ്‌. ഒടുവിൽ, മെല്ലെ ആ കപ്പൽ തുറമു​ഖം വിട്ടു. കരയും തീരവും മെല്ലെ​മെല്ലെ പിന്നാക്കം മറഞ്ഞു. പിന്നെ കാഴ്‌ച​യിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി, ഇനി കടൽമാ​ത്രം! ‘ഹൊ, രക്ഷപ്പെട്ടു, ഭയപ്പെട്ട കാര്യം അങ്ങനെ ഒഴിഞ്ഞു​പോ​യ​ല്ലോ,’ യോനാ വിചാ​രി​ച്ചി​ട്ടു​ണ്ടാ​കും! അങ്ങനെ ചിന്തി​ച്ചി​രി​ക്കെ, അതാ, അന്തരീ​ക്ഷ​ത്തിൽ ഭയങ്കര​മായ മാറ്റങ്ങൾ!

11 ഭീകര​മായ കൊടു​ങ്കാറ്റ്‌! കടൽ ഇളകി​മ​റി​ഞ്ഞു. കൂറ്റൻ തിരമാ​ലകൾ നാലു​പാ​ടു​നി​ന്നും അലറി​യ​ടു​ത്തു. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. അനന്തവി​ശാ​ല​മായ മഹാസ​മു​ദ്രം. അവിടെ ഒറ്റപ്പെ​ട്ടു​പോയ ഒരു കൊച്ചു​കപ്പൽ! ചുറ്റും ഇരമ്പി​യാർത്ത്‌ ഗോപു​രം​ക​ണക്കെ ഉയരുന്ന കൊല​യാ​ളി​ത്തി​ര​മാ​ലകൾ! അവ തീർത്ത കിടങ്ങിൽ കുടു​ങ്ങി​പ്പോയ കളിപ്പാ​ട്ടം​പോ​ലെ ഒരു കപ്പൽ! ഇക്കാലത്തെ കപ്പലു​കൾപോ​ലും കൂറ്റൻ തിരമാ​ല​കൾക്കു​മു​ന്നിൽ ഒന്നുമല്ല. അപ്പോൾ പിന്നെ ആ കൊച്ചു​ത​ടി​ക്ക​പ്പ​ലി​ന്റെ കാര്യം പറയാ​നു​ണ്ടോ! അതിന്‌ എത്ര നേരം പിടി​ച്ചു​നിൽക്കാ​നാ​കും? എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ യോനായ്‌ക്ക്‌ മനസ്സി​ലാ​യോ? “യഹോ​വ​യോ സമു​ദ്ര​ത്തിൽ ഒരു പെരു​ങ്കാ​റ്റു അടിപ്പി​ച്ചു” എന്ന്‌ യോനാ പിന്നീട്‌ എഴുതു​ക​യു​ണ്ടാ​യി. എന്നാൽ, ആ സമയത്ത്‌ അത്‌ അവന്‌ മനസ്സി​ലാ​യോ എന്ന്‌ നമുക്ക​റി​യില്ല. അവൻ നോക്കു​മ്പോൾ കപ്പലി​ലു​ള്ള​വ​രെ​ല്ലാം അവരവ​രു​ടെ ദേവന്മാ​രോട്‌ നിലവി​ളി​ക്കു​ന്ന​താണ്‌ കാണു​ന്നത്‌. അവർക്ക്‌ ഒരു സഹായ​വും കിട്ടാൻ പോകു​ന്നി​ല്ലെന്ന്‌ അവന്‌ നന്നായി അറിയാം. (ലേവ്യ. 19:4) “കപ്പൽ തകർന്നു​പോ​കു​വാൻ” ഇനി അധിക​സ​മ​യ​മി​ല്ലെന്ന്‌ അവന്‌ തോന്നി. (യോനാ 1:4) തന്റെ ദൈവ​ത്തോട്‌ താൻ ഇനി എങ്ങനെ പ്രാർഥി​ക്കും? ആ ദൈവ​ത്തി​ന്റെ അടുക്കൽനിന്ന്‌ താൻ ഓടി​പ്പോ​ന്നി​രി​ക്കു​ക​യല്ലേ?

12. (എ) ‘കാറ്റും തിരമാ​ല​ക​ളും ആഞ്ഞടി​ക്കു​മ്പോൾ യോനാ പോയി​ക്കി​ടന്ന്‌ ഉറങ്ങി​യ​ല്ലോ’ എന്ന്‌ നാം ചിന്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.) (ബി) കുഴപ്പ​ത്തി​ന്റെ കാരണം യഹോവ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

12 നിലവി​ളി​ക്കുന്ന ആ മനുഷ്യ​രെ സഹായി​ക്കാൻ തനിക്ക്‌ ഒന്നും ചെയ്യാൻ കഴിയി​ല്ല​ല്ലോ എന്ന നിരാ​ശ​യോ​ടെ യോനാ കപ്പലിന്റെ അടിത്ത​ട്ടി​ലേക്ക്‌ പോയി. അവിടെ ഒരു സ്ഥലം കണ്ടെത്തി ഉറങ്ങാൻ കിടന്നു. വൈകാ​തെ, അവൻ ഗാഢനി​ദ്ര​യി​ലാ​യി! b കപ്പിത്താൻ യോനാ​യെ കണ്ടുപി​ടി​ച്ചു. അവനെ വിളി​ച്ചെ​ഴു​ന്നേൽപ്പി​ച്ചിട്ട്‌ “നിന്റെ ദൈവത്തെ വിളി​ച്ച​പേ​ക്ഷിക്ക” എന്ന്‌ യോനാ​യോ​ടു പറഞ്ഞു. കപ്പലി​ലുള്ള സകല മനുഷ്യ​രും അവരവ​രു​ടെ ദേവന്മാ​രോട്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഈ പ്രകൃ​തി​ക്ഷോ​ഭം അസാധാ​ര​ണ​മാ​ണെന്ന്‌ മനസ്സി​ലായ നാവികർ ചീട്ടി​ടാൻ തീരു​മാ​നി​ച്ചു. തങ്ങളിൽ ആരുടെ നിമി​ത്ത​മാണ്‌ ഈ പ്രതി​ഭാ​സ​മെന്ന്‌ അറിയാ​നാ​യി​രു​ന്നു അത്‌. എല്ലാവ​രും ശ്വാസ​മ​ടക്കി നിൽക്കു​ക​യാണ്‌! ഒരുപക്ഷേ യോനാ​യു​ടെ ഹൃദയ​മി​ടിപ്പ്‌ കൂടി​യി​ട്ടു​ണ്ടാ​കും. ഒടുവിൽ, കപ്പലി​ലുള്ള മറ്റെല്ലാ​വ​രെ​യും പിന്തള്ളി ചീട്ട്‌ യോനായ്‌ക്ക്‌ വീണു. അതോടെ സത്യം വെളി​വാ​യി. യഹോ​വ​യാ​യി​രു​ന്നു കൊടു​ങ്കാ​റ്റി​നു പിന്നിൽ! ചീട്ട്‌ യോനായ്‌ക്ക്‌ വീഴാൻ ഇടയാ​ക്കി​യ​തും യഹോ​വ​യാ​യി​രു​ന്നു!യോനാ 1:5-7 വായി​ക്കുക.

13. (എ) യോനാ കപ്പലി​ലു​ള്ള​വ​രോട്‌ കുറ്റസ​മ്മതം നടത്തി​യത്‌ എങ്ങനെ? (ബി) അവൻ അവരോട്‌ ആവശ്യ​പ്പെ​ട്ടത്‌ എന്താണ്‌, എന്തു​കൊണ്ട്‌?

13 യോനാ സംഭവ​മെ​ല്ലാം കപ്പലി​ലു​ള്ള​വ​രോട്‌ തുറന്ന്‌ പറഞ്ഞു: യഹോവ എന്നു പേരുള്ള സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ ദാസനാണ്‌ താൻ. ആ ദൈവത്തെ മുഷി​പ്പിച്ച്‌, ഓടി​പ്പോ​ന്നി​രി​ക്കു​ക​യാണ്‌ ഇപ്പോൾ. താനാണ്‌ ഈ ഭീകരാ​വ​സ്ഥയ്‌ക്ക്‌ കാരണം! യോനാ പറഞ്ഞതു കേട്ട്‌ ആ പുരു​ഷ​ന്മാർ നടുങ്ങി​പ്പോ​യി. അവരുടെ കണ്ണുക​ളി​ലെ ഭീതി അവന്‌ വായി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു. ‘ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ, ഈ കപ്പൽ നശിക്കാ​തി​രി​ക്കാൻ, ഞങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌’ എന്ന്‌ അവർ അവനോട്‌ ചോദി​ച്ചു. എന്തായി​രു​ന്നു അവന്റെ മറുപടി? അവന്റെ മനസ്സി​ലൂ​ടെ ചില ചിന്തകൾ പാഞ്ഞു. വന്യമായ ആ സമു​ദ്ര​ത്തി​ലെ തണുത്തി​രുണ്ട ജലത്തിൽ താൻ മുങ്ങി​ത്താ​ഴു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു വേള അവൻ ഓർത്തു​കാ​ണും! അപ്പോൾ അവന്റെ ശരീര​ത്തി​ലൂ​ടെ ഒരു വിറയൽ പാഞ്ഞു​പോ​യി​ട്ടു​ണ്ടാ​വി​ല്ലേ? അങ്ങനെ​യൊ​രു ഭീകര​മായ മരണത്തി​ലേക്ക്‌ ഈ മനുഷ്യ​രെ എങ്ങനെ തള്ളിവി​ടും, അതും അവന്‌ അവരെ രക്ഷിക്കാൻ കഴിയു​മെ​ന്നി​രി​ക്കെ. ഒടുവിൽ അവൻ തന്റെ ഉറച്ച തീരു​മാ​നം അറിയി​ച്ചു: “എന്നെ എടുത്തു സമു​ദ്ര​ത്തിൽ ഇട്ടുക​ള​വിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയി​രി​ക്കു​ന്നു എന്നു ഞാൻ അറിയു​ന്നു.”—യോനാ 1:12.

14, 15. (എ) യോനാ​യു​ടെ വിശ്വാ​സം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ബി) യോനാ പറഞ്ഞതു കേട്ട​പ്പോൾ നാവി​ക​രു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

14 ഭീരു​വായ ഒരു മനുഷ്യന്‌ ഇങ്ങനെ പറയാ​നാ​കു​മോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ആ നിർണാ​യ​ക​നി​മി​ഷ​ത്തിൽ, യോനാ​യു​ടെ ധൈര്യ​വും സ്വയം ബലിയാ​കാ​നുള്ള മനസ്സൊ​രു​ക്ക​വും കണ്ടപ്പോൾ യഹോ​വ​യു​ടെ ഹൃദയം ആർദ്ര​മാ​യി​ട്ടു​ണ്ടാ​കും! യോനാ​യു​ടെ വിശ്വാ​സ​ത്തി​ന്റെ തിളക്ക​മാണ്‌ നമ്മൾ ഇവിടെ കാണു​ന്നത്‌. സ്വന്തം ക്ഷേമ​ത്തെ​ക്കാൾ സഹമനു​ഷ്യ​രു​ടെ ക്ഷേമത്തെ മുന്നിൽവെ​ച്ചു​കൊണ്ട്‌ ഇന്ന്‌ നമുക്ക്‌ അവന്റെ വിശ്വാ​സം അനുക​രി​ക്കാ​നാ​കും. (യോഹ. 13:34, 35) ആളുക​ളു​ടെ ആവശ്യങ്ങൾ പലതാണ്‌. ചിലർക്ക്‌, ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റാൻ ഭൗതി​ക​സ​ഹാ​യ​മാ​യി​രി​ക്കാം വേണ്ടത്‌. ദുഃഖ​ത്തി​ലും വിഷാ​ദ​ത്തി​ലും ഉള്ളവർക്ക്‌ നമ്മുടെ പിന്തു​ണ​യും ബലപ്പെ​ടു​ത്തുന്ന വാക്കു​ക​ളും ആയിരി​ക്കാം ആവശ്യം. ഇനി ആത്മീയ​സ​ഹാ​യ​മാ​യി​രി​ക്കാം വേറെ ചിലർക്ക്‌ വേണ്ടത്‌. ഇങ്ങനെ​യുള്ള ആരെ​യെ​ങ്കി​ലും നമ്മൾ കാണു​ന്ന​പക്ഷം അവർക്കു​വേണ്ടി സ്വയം വിട്ടു​കൊ​ടു​ക്കാൻ നാം മനസ്സു കാണി​ക്കു​മോ? നമ്മൾ അങ്ങനെ ചെയ്‌താൽ യഹോവ സംപ്രീ​ത​നാ​കും!

15 കുറ്റം സ്വയ​മേറ്റ്‌, തങ്ങളെ രക്ഷിക്കാൻ തയ്യാറായ യോനാ​യെ കണ്ട്‌ നാവി​ക​രു​ടെ മനസ്സ്‌ അലിഞ്ഞി​ട്ടു​ണ്ടാ​കും! അതു​കൊണ്ട്‌ അവൻ പറഞ്ഞതു​പോ​ലെ ചെയ്യാൻ ആദ്യം അവർ കൂട്ടാ​ക്കി​യില്ല. കൊടു​ങ്കാ​റ്റി​ലൂ​ടെ കപ്പൽ മുന്നോട്ട്‌ കൊണ്ടു​പോ​കാൻ അവർ ആവും​വി​ധ​മെ​ല്ലാം പയറ്റി​നോ​ക്കി. പക്ഷേ, ഒരു ഗുണവു​മു​ണ്ടാ​യില്ല. സമുദ്രം കോപിച്ച്‌ ഒന്നുകൂ​ടെ പ്രക്ഷു​ബ്ധ​മാ​യി. ഇനി ഒന്നും ചെയ്യാ​നില്ല! തങ്ങളോട്‌ കരുണ കാണി​ക്കേ​ണമേ എന്ന്‌ അവർ യോനാ​യു​ടെ ദൈവ​മായ യഹോ​വ​യോട്‌ വിളി​ച്ച​പേ​ക്ഷി​ച്ചു. എന്നിട്ട്‌ യോനാ​യെ എടുത്ത്‌ ഇളകി​മ​റി​യുന്ന സമു​ദ്ര​ത്തി​ലേക്ക്‌ ഇട്ടു.—യോനാ 1:13-15.

യോനാ ആവശ്യ​പ്പെ​ട്ട​പ്ര​കാ​രം നാവികർ അവനെ എടുത്ത്‌ കടലി​ലേക്ക്‌ എറിഞ്ഞു

യോനായ്‌ക്ക്‌ കരുണ ലഭിക്കു​ന്നു, ഒപ്പം വിടു​ത​ലും!

16, 17. കപ്പലിൽനിന്ന്‌ എടു​ത്തെ​റി​യ​പ്പെട്ട യോനായ്‌ക്ക്‌ എന്തു സംഭവി​ച്ചെന്ന്‌ വിവരി​ക്കുക. (ചിത്ര​ങ്ങ​ളും കൂടെ കാണുക.)

16 ഇളകി​മ​റി​യുന്ന തിരമാ​ല​ക​ളി​ലേ​ക്കാണ്‌ അവൻ വീണത്‌. വെപ്രാ​ള​ത്തോ​ടെ കൈകാ​ലു​ക​ളി​ട്ട​ടിച്ച്‌ പൊങ്ങി​ക്കി​ട​ക്കാൻ ശ്രമി​ച്ചി​ട്ടു​ണ്ടാ​കും അവൻ. അതിനി​ടെ, ചുറ്റും പരന്ന നുരയ്‌ക്കും പതയ്‌ക്കും ഇടയി​ലൂ​ടെ അവൻ ആ കാഴ്‌ച കണ്ടു: അവന്റെ കപ്പൽ അതാ അകന്നു​പോ​കു​ന്നു! നിമി​ഷ​ങ്ങൾക്കു​ള്ളിൽ കൂറ്റൻ തിരമാ​ലകൾ അവനെ പൊതി​ഞ്ഞു. അവ അവനെ വെള്ളത്തി​ലേക്ക്‌ ആഴ്‌ത്തി. അവൻ താണു​താ​ണു പൊയ്‌ക്കൊ​ണ്ടി​രു​ന്നു. സകല പ്രതീ​ക്ഷ​ക​ളും അസ്‌ത​മി​ച്ച​താ​യി അവന്‌ തോന്നി.

17 അപ്പോൾ തനിക്ക്‌ അനുഭ​വ​പ്പെ​ട്ടത്‌ എന്താ​ണെന്ന്‌ പിന്നീട്‌ അവൻ എഴുതു​ക​യു​ണ്ടാ​യി. ആ അല്‌പ​നേ​ര​ത്തി​നു​ള്ളിൽ അവന്റെ മനസ്സി​ലൂ​ടെ പലപല ചിന്തകൾ മിന്നാ​യം​പോ​ലെ കടന്നു​പോ​യി. താൻ കടലിന്റെ അടിത്ത​ട്ടി​ലേക്ക്‌, പർവത​ങ്ങ​ളു​ടെ അടിവാ​ര​ങ്ങ​ളി​ലേക്ക്‌, പൊയ്‌ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ അവന്‌ മനസ്സി​ലാ​യി. കടൽപ്പുല്ല്‌ അവനെ പൊതി​ഞ്ഞു. തന്റെ അന്ത്യവി​ശ്രമം ഇവിടെ ഈ കടൽത്ത​ട്ടി​ലാ​യി​രി​ക്കു​മെന്ന്‌ അവൻ ഉറപ്പിച്ചു. യോനാ 2:2-6 വായി​ക്കുക.

18, 19. കടലിന്റെ ആഴങ്ങളിൽ യോനായ്‌ക്ക്‌ എന്തു സംഭവി​ച്ചു, അവന്റെ അടുത്തു വന്ന കടൽജീ​വി​യെ വിവരി​ക്കുക, ഈ സംഭവ​ങ്ങൾക്കു പിന്നിൽ ആരായി​രു​ന്നു? (അടിക്കു​റി​പ്പും കാണുക.)

18 പക്ഷേ, ഒരു നിമിഷം! അവിടെ എന്താണ്‌ അനങ്ങു​ന്നത്‌. കറുത്തി​രുണ്ട ഒരു ഭീമാ​കാ​ര​രൂ​പം! ഏതോ കടൽജീ​വി​യാ​ണെന്നു തോന്നു​ന്നു. പേടി​പ്പെ​ടു​ത്തുന്ന ആ നിഴൽരൂ​പം അടുത്ത​ടുത്ത്‌ വരിക​യാണ്‌. ഇതാ തൊട്ട​ടു​ത്തെത്തി! അവന്റെ നേരെ വന്ന ആ രൂപം ഗുഹ​പോ​ലുള്ള വായ്‌ തുറന്നു. യോനാ അതിന്റെ വായ്‌ക്കു​ള്ളി​ലാ​യി! അടുത്ത നിമിഷം അത്‌ അവനെ വിഴുങ്ങി!

“യോനയെ വിഴു​ങ്ങേ​ണ്ട​തി​ന്നു യഹോവ ഒരു മഹാമ​ത്സ്യ​ത്തെ കല്‌പി​ച്ചാ​ക്കി​യി​രു​ന്നു”

19 എല്ലാം അവസാ​നി​ക്കാൻ പോകു​ക​യാണ്‌, യോനാ വിചാ​രി​ച്ചു​കാ​ണും! പക്ഷേ, മെല്ലെ​മെല്ലെ അവൻ അത്ഭുത​ക​ര​മായ ആ സത്യം തിരി​ച്ച​റി​ഞ്ഞു. താൻ മരിച്ചി​ട്ടില്ല! തനിക്ക്‌ ശ്വസി​ക്കാ​നാ​കു​ന്നുണ്ട്‌! അപ്പോൾ, താൻ ഈ സത്ത്വത്തി​ന്റെ ഭക്ഷണമാ​യി ദഹിച്ചു​കൊ​ണ്ടി​രി​ക്കു​കയല്ല! ശരീര​ത്തിൽ ഒരു ഒടിവോ മുറി​വോ ഇല്ല. ഒട്ടും ശ്വാസം​മു​ട്ടു​ന്നു​പോ​ലു​മില്ല! തന്റെ ശവക്കു​ഴി​യാ​ണെന്ന്‌ ഒരു നിമിഷം വിചാ​രിച്ച സ്ഥലത്ത്‌ താൻ ഇതാ ജീവ​നോ​ടി​രി​ക്കു​ന്നു! പതി​യെ​പ്പ​തി​യെ യോനാ​യു​ടെ മനസ്സിൽ അത്ഭുത​വും അമ്പരപ്പും എന്നുവേണ്ട, സകല വിസ്‌മ​യ​ഭാ​വ​ങ്ങ​ളും നിറഞ്ഞു. യോനായ്‌ക്ക്‌ എല്ലാം മനസ്സി​ലാ​യി. “യോനയെ വിഴു​ങ്ങേ​ണ്ട​തി​ന്നു . . . ഒരു മഹാമ​ത്സ്യ​ത്തെ കല്‌പി​ച്ചാ​ക്കി”യത്‌ അവന്റെ ദൈവ​മായ യഹോവ തന്നെയാ​യി​രു​ന്നു. cയോനാ 1:17.

20. മഹാമ​ത്സ്യ​ത്തി​ന്റെ വയറ്റിൽവെച്ച്‌ യോനാ അർപ്പിച്ച പ്രാർഥ​ന​യിൽനിന്ന്‌ നമുക്ക്‌ അവനെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാം?

20 നിമി​ഷങ്ങൾ കടന്നു​പൊയ്‌ക്കൊ​ണ്ടി​രു​ന്നു. അതു പിന്നെ മണിക്കൂ​റു​ക​ളാ​യി. മഹാസ​മു​ദ്ര​ത്തിൽ, ആ മഹാമ​ത്സ്യ​ത്തി​ന്റെ ഉള്ളിലെ കൂരി​രു​ട്ടിൽ കിടന്ന്‌, യോനാ പലതി​നെ​ക്കു​റി​ച്ചും ചിന്തിച്ചു, യഹോ​വ​യോട്‌ ഹൃദയം തുറന്ന്‌ പ്രാർഥി​ച്ചു. ആ പ്രാർഥന മുഴുവൻ യോനാ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ നമുക്ക്‌ കാണാം. അവന്റെ പല നന്മകളും വെളി​പ്പെ​ടു​ത്തു​ന്ന​താണ്‌ ആ പ്രാർഥന. യോനായ്‌ക്ക്‌ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ വിശാ​ല​മായ അറിവു​ണ്ടാ​യി​രു​ന്നെന്ന്‌ അത്‌ വായി​ച്ചാൽ മനസ്സി​ലാ​കും. കാരണം, സങ്കീർത്ത​ന​ങ്ങ​ളി​ലെ പരാമർശങ്ങൾ അതിൽ കൂടെ​ക്കൂ​ടെ കാണാം. അതിമ​നോ​ഹ​ര​മായ ഒരു ഗുണവും അതിൽ നിറഞ്ഞു​നിൽപ്പുണ്ട്‌. നന്ദി എന്ന ഗുണം! യോനാ​യു​ടെ പ്രാർഥ​നകൾ അവസാ​നി​ക്കു​ന്നത്‌ ഈ വാക്കു​ക​ളോ​ടെ​യാണ്‌: “ഞാനോ സ്‌തോ​ത്ര​നാ​ദ​ത്തോ​ടെ നിനക്കു യാഗം അർപ്പി​ക്കും; നേർന്നി​രി​ക്കു​ന്നതു ഞാൻ കഴിക്കും. രക്ഷ യഹോ​വ​യു​ടെ പക്കൽനി​ന്നു വരുന്നു.”—യോനാ 2:9.

21. രക്ഷയെ​ക്കു​റിച്ച്‌ യോനാ മനസ്സി​ലാ​ക്കിയ സത്യം എന്ത്‌, നാം എന്ത്‌ ഓർത്തി​രി​ക്കേ​ണ്ട​തുണ്ട്‌?

21 കടലിന്റെ അഗാധ​ത്തിൽ, ആ മഹാമ​ത്സ്യ​ത്തി​ന്റെ​യു​ള്ളിൽ, ആയിരി​ക്കെ യോനായ്‌ക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി: ആരെയും എവി​ടെ​യും ഏതുസ​മ​യ​ത്തും രക്ഷിക്കാൻ യഹോ​വയ്‌ക്ക്‌ കഴിയു​മെ​ന്നുള്ള ആ വലിയ സത്യം! മഹാസ​മു​ദ്ര​ത്തിൽ മുങ്ങി​ത്താ​ണു​കൊ​ണ്ടി​രുന്ന തന്റെ ദാസന്റെ അവസ്ഥ യഹോവ കണ്ടു, അവി​ടെ​നി​ന്നു​പോ​ലും അവനെ രക്ഷിക്കു​ന്നത്‌ യഹോ​വയ്‌ക്ക്‌ ഒരു ബുദ്ധി​മു​ട്ടേ അല്ലായി​രു​ന്നു. (യോനാ 1:17) ഒരു മത്സ്യത്തി​ന്റെ വയറ്റിൽ ഒരു മനുഷ്യ​നെ, യാതൊ​രു ആപത്തു​മി​ല്ലാ​തെ മൂന്നു രാവും മൂന്നു പകലും ജീവ​നോ​ടെ കാക്കാൻ യഹോ​വയ്‌ക്ക​ല്ലാ​തെ മറ്റാർക്കാണ്‌ കഴിയുക! ‘ശ്വാസം കൈവ​ശ​മു​ള്ള​വ​നായ ദൈവ​മാണ്‌’ യഹോവ എന്ന്‌ എപ്പോ​ഴും ഓർക്കു​ന്നത്‌ നല്ലതാണ്‌. (ദാനീ. 5:23) നമ്മുടെ ഓരോ ശ്വാസ​ത്തി​നും നാം അവനോട്‌ കടപ്പെ​ട്ടി​രി​ക്കു​ന്നു. നമുക്ക്‌ അതിന്‌ നന്ദിയു​ണ്ടോ? ഉണ്ടെങ്കിൽ യഹോ​വയെ അനുസ​രി​ക്കാൻ നമുക്ക്‌ ബാധ്യ​ത​യി​ല്ലേ?

22, 23. (എ) ദൈവ​ത്തോ​ടുള്ള യോനാ​യു​ടെ നന്ദി ഉടനെ പരീക്ഷി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) നമ്മുടെ പിഴവു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ യോനാ​യിൽനിന്ന്‌ എന്തു പഠിക്കാ​നുണ്ട്‌?

22 ആകട്ടെ, യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട്‌ അവനോട്‌ നന്ദി കാണി​ക്കാൻ യോനാ പഠിച്ചോ? ഉവ്വ്‌, അവൻ പഠിച്ചു. മൂന്നു പകലും മൂന്നു രാവും കഴിഞ്ഞ​ശേഷം മത്സ്യം “യോനയെ കരെക്കു ഛർദ്ദി​ച്ചു​ക​ളഞ്ഞു.” (യോനാ 2:10) ഓർത്തു​നോ​ക്കൂ, എല്ലാം കഴിഞ്ഞ്‌ യോനായ്‌ക്ക്‌ തീര​ത്തേക്ക്‌ നീന്തി​ക്ക​യ​റേ​ണ്ട​താ​യി​പ്പോ​ലും വന്നില്ല! പക്ഷേ, പോകേണ്ട ദിക്കും വഴിയും അവൻതന്നെ കണ്ടുപി​ടി​ക്ക​ണ​മെന്നു മാത്രം. ഇത്ര​യെ​ല്ലാം സഹായം ചെയ്‌ത ദൈവ​ത്തോട്‌ യോനായ്‌ക്കുള്ള നന്ദിയും കടപ്പാ​ടും ഉടൻതന്നെ പരീക്ഷി​ക്ക​പ്പെ​ടാൻ പോകു​ക​യാ​യി​രു​ന്നു. യോനാ 3:1, 2 ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ അരുള​പ്പാ​ടു രണ്ടാം പ്രാവ​ശ്യം യോ​നെക്കു ഉണ്ടായതു എന്തെന്നാൽ: നീ പുറ​പ്പെട്ടു മഹാന​ഗ​ര​മായ നീനെ​വേ​യി​ലേക്കു ചെന്നു ഞാൻ നിന്നോ​ടു അരുളി​ച്ചെ​യ്യുന്ന പ്രസംഗം അതി​നോ​ടു പ്രസം​ഗിക്ക.” യോനാ ഇപ്പോൾ എന്തു ചെയ്യും?

23 യോനാ ഒട്ടും മടിച്ചു​നി​ന്നില്ല. “അങ്ങനെ യോനാ പുറ​പ്പെട്ടു, യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം നീനെ​വേ​യി​ലേക്കു ചെന്നു” എന്നു നമ്മൾ കാണുന്നു. (യോനാ 3:3) അതെ, അവൻ അനുസ​രി​ച്ചു! തന്റെ തെറ്റു​ക​ളിൽനിന്ന്‌ അവൻ പാഠം പഠിച്ചു! ഇക്കാര്യ​ത്തി​ലും യോനാ​യു​ടെ വിശ്വാ​സം നമ്മൾ അനുക​രി​ക്കണം. നാമെ​ല്ലാം പാപം ചെയ്യു​ന്ന​വ​രാണ്‌, പിഴവു​കൾ വരുത്തു​ന്ന​വ​രാണ്‌. (റോമ. 3:23) എന്നാൽ ചോദ്യ​മി​താണ്‌: നമ്മൾ തെറ്റിൽത്തന്നെ തുടരു​മോ? അതോ, തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിച്ച്‌, അതു തിരുത്തി, പിന്നെ​യും അനുസ​ര​ണ​യോ​ടെ ദൈവത്തെ സേവി​ക്കു​മോ?

24, 25. (എ) യോനായ്‌ക്ക്‌ അവന്റെ ജീവി​ത​കാ​ല​ത്തു​തന്നെ എന്തു പ്രതി​ഫലം ലഭിച്ചു? (ബി) ഭാവി​യിൽ അവനെ ഏത്‌ പ്രതി​ഫ​ലങ്ങൾ കാത്തി​രി​ക്കു​ന്നു?

24 തന്നോട്‌ കാണിച്ച അനുസ​ര​ണ​ത്തിന്‌ യഹോവ യോനായ്‌ക്ക്‌ പ്രതി​ഫലം നൽകി​യോ? തീർച്ച​യാ​യും! അന്ന്‌ ആ കപ്പലി​ലു​ണ്ടാ​യി​രുന്ന നാവി​ക​രെ​ല്ലാം രക്ഷപ്പെ​ട്ടെന്ന്‌ പിന്നീട്‌ അവന്‌ അറിവ്‌ കിട്ടി​യെന്നു തോന്നു​ന്നു. അത്‌ അവനെ എത്ര സന്തോ​ഷി​പ്പി​ച്ചു​കാ​ണും! സന്മന​സ്സോ​ടെ സ്വയം വിട്ടു​കൊ​ടുത്ത യോനാ​യെ ആ മനുഷ്യർ എടുത്ത്‌ കടലി​ലി​ട്ട​തും കാറ്റ്‌ ശമിച്ചു. അതു കണ്ട അവർ, “യഹോ​വയെ അത്യന്തം ഭയപ്പെട്ടു.” അവരുടെ വ്യാജ​ദേ​വ​ന്മാർക്ക്‌ യാഗം കഴിക്കാ​തെ യഹോ​വെക്കു യാഗം കഴിച്ചു.—യോനാ 1:15, 16.

25 അതിലും വലിയ പ്രതി​ഫലം പിന്നീട്‌ വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. താൻ ശവക്കു​ഴി​യിൽ അഥവാ ഷീയോ​ളിൽ ആയിരി​ക്കു​ന്ന​തി​നെ ചിത്രീ​ക​രി​ക്കാൻ യേശു ഉപയോ​ഗി​ച്ചത്‌, യോനാ ആ വലിയ മത്സ്യത്തി​ന്റെ വയറ്റിൽ കഴിഞ്ഞ സംഭവ​ത്തെ​യാണ്‌. (മത്തായി 12:38-40 വായി​ക്കുക.) ഭൂമി​യി​ലെ പറുദീ​സ​യിൽ യോനാ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രു​മ്പോൾ ഇക്കാര്യ​മ​റിഞ്ഞ്‌ അവൻ എത്ര സന്തോ​ഷി​ക്കും! (യോഹ. 5:28, 29) യഹോവ നിങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കാൻ ആഗ്രഹി​ക്കു​ന്നു. യോനാ​യെ​പ്പോ​ലെ നിങ്ങളും തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിച്ച്‌, അനുസ​രി​ക്കാ​നും സ്വയം ത്യജി​ക്കാ​നും ഉള്ള മനസ്സൊ​രു​ക്കം കാണി​ക്കു​മോ?

a പ്രവാചകനായ യോനാ ഒരു ഗലീല​ക്കാ​ര​നാ​യി​രു​ന്നെന്ന വസ്‌തുത ശ്രദ്ധേ​യ​മാണ്‌. കാരണം, ഒരിക്കൽ യേശു​വി​നെ വിമർശി​ച്ചു​കൊണ്ട്‌ പരീശ​ന്മാർ, “ഗലീല​യിൽനിന്ന്‌ ഒരു പ്രവാ​ച​ക​നും എഴു​ന്നേൽപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലെന്ന്‌” പറയു​ക​യു​ണ്ടാ​യി. (യോഹ. 7:52) ഗലീല എന്ന എളിയ പട്ടണത്തിൽനിന്ന്‌ ഒരിക്ക​ലും ഒരു പ്രവാ​ചകൻ എഴു​ന്നേ​റ്റി​ട്ടില്ല, ഇനി എഴു​ന്നേൽക്കു​ക​യു​മില്ല എന്ന്‌ അടച്ച്‌ പറയു​ക​യാ​യി​രു​ന്നു പരീശ​ന്മാ​രെന്ന്‌ പല ഗവേഷ​ക​രും പരിഭാ​ഷ​ക​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ പരീശ​ന്മാർ, അങ്ങനെ​യാണ്‌ ഉദ്ദേശി​ച്ച​തെ​ങ്കിൽ ചരി​ത്ര​വും പ്രവച​ന​ങ്ങ​ളും അവർ കണ്ടി​ല്ലെന്നു നടിക്കു​ക​യാ​യി​രു​ന്നു.—യെശ. 9:1, 2.

b യോനാ വെറുതെ ഉറങ്ങു​കയല്ല, കൂർക്കം വലിച്ചു​റ​ങ്ങു​ക​യാ​യി​രു​ന്നു എന്നാണ്‌ സെപ്‌റ്റു​വ​ജിന്റ്‌ പറയു​ന്നത്‌. യോനാ ഉറങ്ങി​യത്‌ നിസ്സം​ഗ​ത​യു​ടെ തെളി​വാ​യി കാണാ​നാ​കില്ല. ചില​പ്പോൾ കടുത്ത മനോ​വി​ഷമം നിമിത്തം ആളുകൾ ഉറങ്ങി​പ്പോ​കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഗെത്ത്‌ശെമന തോട്ട​ത്തിൽ യേശു കടുത്ത മനോ​വേ​ദ​ന​യി​ലാ​യി​രി​ക്കെ, ഒപ്പമു​ണ്ടാ​യി​രുന്ന പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും “സങ്കടം​കൊ​ണ്ടു തളർന്നുറ”ങ്ങിയതാ​യി കാണുന്നു.—ലൂക്കോ. 22:45.

c ‘മത്സ്യം’ എന്നതിന്റെ എബ്രാ​യ​പ​ദത്തെ ഗ്രീക്കി​ലേക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യാൽ, ‘സമു​ദ്ര​സ​ത്ത്വം’ അഥവാ ‘ഭീമൻമ​ത്സ്യം’ എന്നൊ​ക്കെ​യാണ്‌ അർഥം വരുന്നത്‌. യോനാ​യെ വിഴു​ങ്ങി​യത്‌ കൃത്യ​മാ​യും ഏതുതരം സമു​ദ്ര​ജീ​വി​യാ​ണെന്ന്‌ അറിയാൻ വഴിയി​ല്ലെ​ങ്കി​ലും ഒരു മനുഷ്യ​നെ മുഴു​വ​നാ​യി വിഴു​ങ്ങാൻ കഴിയുന്ന സ്രാവു​കൾ മധ്യധ​ര​ണ്യാ​ഴി​യിൽ ഉള്ളതായി കണ്ടിട്ടുണ്ട്‌. മറ്റിട​ങ്ങ​ളിൽ ഇവയെ​ക്കാൾ വലിയ സ്രാവു​ക​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തിമിം​ഗ​ല​സ്രാ​വു​കൾ 45 അടിയോ അതില​ധി​ക​മോ നീളം​വെ​ക്കാ​റുണ്ട്‌.