വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതി​നെട്ട്‌

അവൾ ‘എല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു’

അവൾ ‘എല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു’

1, 2. മറിയ​യു​ടെ യാത്ര വിവരി​ക്കുക, അത്‌ അവൾക്ക്‌ അത്ര സുഖക​ര​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

 ആ കൊച്ചു​ക​ഴു​ത​പ്പു​റത്ത്‌ മറിയ ഒന്നിള​കി​യി​രു​ന്നു. നിറവ​യ​റു​മാ​യി ഇരിക്കാൻ അവൾ പാടു​പെ​ടു​ന്നുണ്ട്‌. മണിക്കൂ​റു​ക​ളാ​യുള്ള യാത്ര​യാ​ണ​ല്ലോ! അല്‌പം മുന്നി​ലാ​യി യോ​സേഫ്‌ കഴുതയെ തെളിച്ച്‌ നടക്കു​ന്നുണ്ട്‌. അങ്ങുദൂ​രെ​യുള്ള ബേത്ത്‌ലെ​ഹെ​മാണ്‌ അവരുടെ ലക്ഷ്യം. ഇനിയും കുറെ ദൂരം പോകാ​നുണ്ട്‌. തന്റെ ഉള്ളിലെ കുരു​ന്നു​ജീ​വൻ തുടി​ക്കു​ന്നത്‌ വീണ്ടും അവൾ അറിഞ്ഞു.

2 മറിയയ്‌ക്ക്‌ ഏതാണ്ട്‌ മാസം തികയാ​റാ​യി. ഈ യാത്ര​യെ​ക്കു​റി​ച്ചുള്ള വിവരണം പറയു​ന്നത്‌ അവൾ ആ സമയത്ത്‌ “പൂർണ​ഗർഭി​ണി​യാ​യി​രു”ന്നെന്നാണ്‌. (ലൂക്കോ. 2:5) വയലേ​ലകൾ കടന്ന്‌ അവർ അങ്ങനെ പോകു​ക​യാണ്‌. വയലു​ക​ളിൽ നിലം ഉഴുക​യും വിത്ത്‌ വിതയ്‌ക്കു​ക​യും ഒക്കെ ചെയ്‌തി​രുന്ന കർഷക​രിൽ ചിലർ തല പൊക്കി, അവരുടെ ആ പോക്ക്‌ കണ്ട്‌ അത്ഭുത​പ്പെട്ടു നിന്നി​ട്ടു​ണ്ടാ​കും! ഈ അവസ്ഥയി​ലുള്ള ഒരു സ്‌ത്രീ എന്തിനാണ്‌ ഇങ്ങനെ​യൊ​രു യാത്ര പോകു​ന്ന​തെ​ന്നാ​യി​രി​ക്കാം അവർ ചിന്തി​ക്കു​ന്നത്‌. നസറെ​ത്തി​ലെ തന്റെ വീട്ടിൽനിന്ന്‌ അവൾ ഇത്ര ദൂരം പോകാ​നുള്ള കാരണം എന്താണ്‌?

3. മറിയയ്‌ക്ക്‌ ലഭിച്ച നിയമനം എന്താണ്‌, നമ്മൾ അവളെ​ക്കു​റിച്ച്‌ എന്താണ്‌ പഠിക്കാൻപോ​കു​ന്നത്‌?

3 ഏതാനും മാസങ്ങൾക്കു മുമ്പാണ്‌ സംഭവ​ങ്ങ​ളു​ടെ തുടക്കം. ഈ യഹൂദ​യു​വ​തിക്ക്‌ ഒരു പ്രത്യേ​ക​നി​യ​മനം ലഭിച്ചു. മനുഷ്യ​ച​രി​ത്ര​ത്തി​ലെ അത്യപൂർവ​മായ ഒരു നിയമനം! മിശി​ഹാ​യാ​യി​ത്തീ​രാ​നുള്ള ശിശു​വിന്‌ അവൾ ജന്മം നൽകണം! ആ ശിശു മറ്റാരു​മല്ല, ദൈവ​ത്തി​ന്റെ പുത്ര​നാണ്‌! (ലൂക്കോ. 1:35) പ്രസവം അടുത്തി​രി​ക്കെ​യാണ്‌ ഇങ്ങനെ​യൊ​രു യാത്ര വേണ്ടി​വ​ന്നത്‌. ഈ യാത്ര​യിൽ മറിയയ്‌ക്ക്‌ അവളുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടുന്ന പല വിഷമ​സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ടാ​യി. വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി നിറു​ത്താൻ അവളെ സഹായി​ച്ചത്‌ എന്താണ്‌? നമുക്ക്‌ നോക്കാം.

ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള യാത്ര

4, 5. (എ) യോ​സേ​ഫും മറിയ​യും എന്തു​കൊ​ണ്ടാണ്‌ ബേത്ത്‌ലെ​ഹെ​മി​ലേക്ക്‌ പോയത്‌? (ബി) കൈസ​രി​ന്റെ കല്‌പന ഏതു പ്രവചനം സത്യമാ​യി ഭവിക്കാൻ ഇടയാക്കി?

4 ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകു​ന്ന​വ​രാ​യി ആ സമയത്ത്‌ യോ​സേ​ഫി​നെ​യും മറിയ​യെ​യും കൂടാതെ മറ്റ്‌ പലരു​മു​ണ്ടാ​യി​രു​ന്നു. ദേശവാ​സി​ക​ളെ​ല്ലാം അവരവ​രു​ടെ ജന്മസ്ഥല​ങ്ങ​ളിൽ പോയി പേരു ചാർത്ത​ണ​മെന്ന്‌ ഔഗുസ്‌തൊസ്‌ കൈസർ ആയിടെ ഒരു കല്‌പന പുറ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇത്‌ അറിഞ്ഞ യോ​സേഫ്‌ എന്തു ചെയ്‌തു? വിവരണം പറയുന്നു: “അങ്ങനെ യോ​സേ​ഫും, ദാവീ​ദി​ന്റെ ഗൃഹത്തി​ലും കുടും​ബ​ത്തി​ലും ഉള്ളവൻ ആയിരു​ന്ന​തു​കൊണ്ട്‌ പേരു​ചാർത്തേ​ണ്ട​തിന്‌ ഗലീല​യി​ലെ നസറെത്ത്‌ എന്ന പട്ടണത്തിൽനിന്ന്‌ യെഹൂ​ദ്യ​യി​ലെ, ദാവീ​ദി​ന്റെ പട്ടണമായ ബേത്ത്‌ലെ​ഹെ​മി​ലേക്കു പോയി.”—ലൂക്കോ. 2:1-5.

5 കൈസർ ഈ സമയത്ത്‌ ഇങ്ങനെ​യൊ​രു കല്‌പന പുറ​പ്പെ​ടു​വി​ച്ചത്‌ വെറും യാദൃ​ച്ഛി​ക​മാ​യി​രു​ന്നില്ല. മിശിഹാ ബേത്ത്‌ലെ​ഹെ​മിൽ ജനിക്കു​മെന്ന്‌ ഏകദേശം 700 വർഷം മുമ്പ്‌ ഒരു പ്രവചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. നസറെ​ത്തിൽനിന്ന്‌ 11 കിലോ​മീ​റ്റർ അകലെ ബേത്ത്‌ലെ​ഹെം എന്നൊരു പട്ടണമു​ണ്ടാ​യി​രു​ന്നു. എന്നാൽ മിശിഹാ ജനിക്കുന്ന പട്ടണം ‘ബേത്ത്‌ലെ​ഹെം എഫ്രാത്ത’ ആയിരി​ക്കു​മെന്ന്‌ പ്രവചനം എടുത്തു​പ​റഞ്ഞു. (മീഖാ 5:2 വായി​ക്കുക.) നസറെ​ത്തിൽനിന്ന്‌ ഈ കൊച്ചു​പ​ട്ട​ണ​ത്തി​ലേ​ക്കാണ്‌ അവർക്ക്‌ പോ​കേ​ണ്ടി​യി​രു​ന്നത്‌. അവിടെ എത്തി​ച്ചേ​രു​ന്ന​തിന്‌ ശമര്യ വഴിയുള്ള മലമ്പാ​ത​യി​ലൂ​ടെ ഏകദേശം 130 കിലോ​മീ​റ്റർ യാത്ര ചെയ്യേ​ണ്ടി​യി​രു​ന്നു. ഈ ബേത്ത്‌ലെ​ഹെ​മി​ലാ​യി​രു​ന്നു ദാവീദ്‌ രാജാ​വി​ന്റെ പിതൃ​ഭ​വനം. യോ​സേ​ഫും ഭാര്യ മറിയ​യും ദാവീ​ദി​ന്റെ കുടും​ബ​ക്കാ​രാ​യ​തു​കൊ​ണ്ടാണ്‌ അവർക്ക്‌ അങ്ങോട്ട്‌ പോ​കേ​ണ്ടി​വ​രു​ന്നത്‌.

6, 7. (എ) ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള യാത്ര മറിയയ്‌ക്ക്‌ ദുഷ്‌ക​ര​മാ​യി​ട്ടു​ണ്ടാ​കും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യോ​സേ​ഫി​ന്റെ ഭാര്യ​യാ​യി​ക്ക​ഴി​ഞ്ഞ​പ്പോൾ തീരു​മാ​ന​മെ​ടു​ക്കുന്ന വിധത്തിൽ മറിയ എന്തു മാറ്റം വരുത്തി? (അടിക്കു​റി​പ്പും കാണുക.)

6 പേരു ചാർത്താൻ പോകാ​നുള്ള യോ​സേ​ഫി​ന്റെ തീരു​മാ​നത്തെ മറിയ പിന്തു​ണയ്‌ക്കു​മോ? എന്തായി​രു​ന്നാ​ലും യാത്ര അവൾക്ക്‌ വിഷമ​മാ​യി​രി​ക്കു​മെന്ന്‌ ഉറപ്പാണ്‌. യാത്ര ശരത്‌കാ​ല​ത്തി​ന്റെ തുടക്ക​ത്തി​ലാ​യി​രി​ക്കാ​നാണ്‌ സാധ്യത. വേനൽ തീർന്നു​വ​രുന്ന സമയമാ​യ​തു​കൊണ്ട്‌ ഇടയ്‌ക്കി​ടെ ചാറ്റൽ മഴയും കാണും. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,500 അടിയി​ലേറെ ഉയരത്തി​ലാണ്‌ ബേത്ത്‌ലെ​ഹെം. മലമ്പാ​ത​ക​ളി​ലൂ​ടെ പല ദിവസങ്ങൾ നീളുന്ന യാത്രയ്‌ക്കൊ​ടു​വിൽ കയറ്റം കയറു​ക​യെ​ന്നത്‌ ക്ഷീണി​പ്പി​ക്കുന്ന കാര്യം​തന്നെ. മറിയ​യു​ടെ അവസ്ഥ ഇങ്ങനെ​യാ​യ​തു​കൊണ്ട്‌ പലയി​ട​ത്തും ഇരുന്നും വിശ്ര​മി​ച്ചും പോ​കേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ യാത്രയ്‌ക്ക്‌ പതിവി​ലേറെ സമയം വേണ്ടി​വ​രും. ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ഏതൊരു യുവതി​യും ആഗ്രഹി​ക്കു​ന്നത്‌, വീട്ടു​കാ​രു​ടെ​യും കൂട്ടു​കാ​രു​ടെ​യും ഒക്കെ കൂടെ സ്വസ്ഥമാ​യി​രി​ക്കാ​നാണ്‌. പ്രസവ​വേദന എപ്പോൾ വേണ​മെ​ങ്കി​ലും തുടങ്ങാം, വീട്ടി​ലാ​ണെ​ങ്കിൽ എല്ലാവ​രും സഹായ​ത്തിന്‌ ഓടി​യെ​ത്തും. അതെല്ലാം മറന്നിട്ട്‌ ഇങ്ങനെ​യൊ​രു യാത്രയ്‌ക്ക്‌ ഇറങ്ങി​ത്തി​രി​ക്ക​ണ​മെ​ങ്കിൽ അസാമാ​ന്യ​ധൈ​ര്യ​മു​ണ്ടെ​ങ്കി​ലല്ലേ കഴിയൂ. അത്രയും ധൈര്യം മറിയയ്‌ക്കു​ണ്ടാ​കു​മോ?

ബേത്ത്‌ലെഹെമിലേക്കുള്ള യാത്ര അത്ര എളുപ്പ​മാ​യി​രു​ന്നില്ല

7 പേരു ചാർത്തേ​ണ്ട​തിന്‌ യോ​സേഫ്‌ പോയ​പ്പോൾ “മറിയ​യും അവനോ​ടൊ​പ്പം ഉണ്ടായി​രു​ന്നു” എന്ന്‌ ലൂക്കോസ്‌ എഴുതു​ന്നു. യോ​സേ​ഫു​മാ​യുള്ള മറിയ​യു​ടെ വിവാഹം കഴിഞ്ഞി​രു​ന്ന​താ​യും വിവര​ണ​ത്തിൽ കാണുന്നു. (ലൂക്കോ. 2:4, 5) യോ​സേ​ഫി​ന്റെ ഭാര്യ​യാ​യി​ക്ക​ഴി​ഞ്ഞ​തോ​ടെ തീരു​മാ​ന​മെ​ടു​ക്കുന്ന കാര്യ​ത്തിൽ മറിയ ചില മാറ്റങ്ങൾ വരുത്തി. യോ​സേഫ്‌ കുടും​ബ​നാ​ഥ​നാ​യ​പ്പോൾ ഇനി കുടും​ബ​ത്തി​നു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌ യോ​സേ​ഫാ​ണെന്ന്‌ അവൾ മനസ്സി​ലാ​ക്കി, ഭർത്താ​വി​ന്റെ സ്ഥാനത്തെ അവൾ ആദരിച്ചു. ഭർത്താ​വി​ന്റെ തീരു​മാ​ന​ങ്ങ​ളിൽ അവനെ പിന്തു​ണ​ച്ചു​കൊണ്ട്‌ ഒരു നല്ല പങ്കാളി​യാ​യി​രി​ക്കുക എന്നതാണ്‌ തന്റെ ദൈവ​ദ​ത്ത​സ്ഥാ​ന​മെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞു. a പൂർണ​ഗർഭി​ണി​യാ​യി​രി​ക്കെ ദീർഘ​യാ​ത്ര​പോ​കു​ന്നത്‌ ഒട്ടും സുഖക​ര​മ​ല്ലാ​തി​രു​ന്നി​ട്ടും അവൾ ഭർത്താ​വി​ന്റെ തീരു​മാ​നത്തെ പിന്താങ്ങി. അവളുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ട ദുഷ്‌ക​ര​മായ ഈ സാഹച​ര്യം അവൾ മറിക​ട​ന്നത്‌ അങ്ങനെ​യാണ്‌. ലളിത​മാ​യി പറഞ്ഞാൽ ഭർത്താ​വി​നെ അനുസ​രി​ച്ചു​കൊണ്ട്‌.

8. (എ) യോ​സേ​ഫി​നൊ​പ്പം ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകാൻ മറിയയെ പ്രേരി​പ്പിച്ച വേറെ എന്തു കാരണ​ങ്ങ​ളു​ണ്ടാ​കാം? (ബി) വിശ്വസ്‌ത​രായ ആളുകൾക്ക്‌ മറിയ​യു​ടെ മാതൃക ഒരു മാർഗ​ദീ​പ​മാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

8 യോ​സേ​ഫി​ന്റെ തീരു​മാ​നം അനുസ​രി​ക്കാൻ മറിയയെ പ്രേരി​പ്പിച്ച വേറെ കാരണം എന്തെങ്കി​ലു​മു​ണ്ടോ? മിശി​ഹാ​യു​ടെ ജന്മസ്ഥലം ബേത്ത്‌ലെ​ഹെം ആയിരി​ക്കു​മെന്ന ബൈബിൾപ്ര​വ​ചനം അവൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? ബൈബിൾ അതെക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല. എന്നാൽ നമുക്ക്‌ അതങ്ങ്‌ തള്ളിക്ക​ള​യാ​നും വയ്യ. കാരണം അന്നത്തെ മതനേ​താ​ക്ക​ന്മാർക്കും പൊതു​ജ​ന​ത്തി​നും പരക്കെ അറിയാ​വുന്ന ഒരു കാര്യ​മാ​യി​രു​ന്നു ഇതെന്നു തോന്നു​ന്നു. (മത്താ. 2:1-7; യോഹ. 7:40-42) മറിയ​യു​ടെ തിരു​വെ​ഴു​ത്തു​പ​രി​ജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ! (ലൂക്കോ. 1:46-55) മറിയ ഈ യാത്രയ്‌ക്ക്‌ ഒരുങ്ങി​യത്‌ ഭർത്താ​വി​നോ​ടുള്ള അനുസ​ര​ണം​കൊ​ണ്ടാ​ണോ? അതോ ഭരണാ​ധി​കാ​രി​യു​ടെ കല്‌പന മാനി​ച്ചി​ട്ടാ​ണോ? ഇനി അതല്ല, മിശി​ഹാ​യു​ടെ ജനനം സംബന്ധിച്ച പ്രവചനം അറിയാ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണോ? അതോ ഇതെല്ലാം​കൂ​ടി ആലോ​ചി​ച്ചി​ട്ടാ​ണോ? എന്തായാ​ലും അവൾ ശ്രദ്ധേ​യ​മായ ഒരു മാതൃ​ക​യാണ്‌. സ്‌ത്രീ​യാ​യാ​ലും പുരു​ഷ​നാ​യാ​ലും ഇതു​പോ​ലുള്ള താഴ്‌മ​യും അനുസ​ര​ണ​വും യഹോവ അതിയാ​യി വിലമ​തി​ക്കു​ന്നു. കീഴ്‌പെടൽ, വിധേ​യ​ത്വം എന്നിങ്ങ​നെ​യുള്ള സദ്‌ശീ​ല​ങ്ങളെ തീരെ തരംതാഴ്‌ത്തി​ക്കാ​ണുന്ന ഇക്കാലത്ത്‌ മറിയ​യു​ടെ മാതൃക എവി​ടെ​യു​മുള്ള ദൈവ​ഭ​ക്ത​രായ ആളുകൾക്ക്‌ ഒരു മാർഗ​ദീ​പ​മാണ്‌!

ക്രിസ്‌തു​വി​ന്റെ ജനനം

9, 10. (എ) ബേത്ത്‌ലെ​ഹെ​മിൽ എത്താറാ​യ​പ്പോൾ മറിയ​യു​ടെ​യും യോ​സേ​ഫി​ന്റെ​യും മനസ്സി​ലൂ​ടെ കടന്നു​പോ​യത്‌ എന്തായി​രി​ക്കാം? (ബി) അവർ എവിടെ അഭയം തേടി, എന്തു​കൊണ്ട്‌?

9 അങ്ങകലെ ബേത്ത്‌ലെ​ഹെം ദൃഷ്ടി​യിൽപ്പെ​ട്ട​പ്പോൾ മറിയയ്‌ക്ക്‌ ആശ്വാ​സ​മാ​യി​ക്കാ​ണും. ഇപ്പോൾ അവർ കയറ്റം കയറു​ക​യാണ്‌. വഴിയു​ടെ ഇരുവ​ശ​ത്തും ഒലിവു​തോ​ട്ടങ്ങൾ. ഏറ്റവും ഒടുവി​ലാണ്‌ ഒലിവു​കായ്‌ക​ളു​ടെ വിള​വെ​ടുപ്പ്‌. ഇപ്പോൾ, ആ കൊച്ചു​ഗ്രാ​മ​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചുള്ള പല കാര്യ​ങ്ങ​ളും യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും മനസ്സിൽ ഓടി​യെ​ത്തു​ന്നു​ണ്ടാ​കും. യഹൂദ​യി​ലെ പട്ടണങ്ങ​ളിൽ പേരെ​ടുത്ത്‌ പറയാൻപോ​ലു​മി​ല്ലാത്ത ഒരു കൊച്ചു​പ​ട്ട​ണ​മാണ്‌ ഇത്‌. പ്രവാ​ച​ക​നായ മീഖാ​യും അതുത​ന്നെ​യാ​ണ​ല്ലോ പറഞ്ഞത്‌. പക്ഷേ, ആയിര​ത്തി​ലേറെ വർഷം മുമ്പ്‌ ബോവ​സും നൊ​വൊ​മി​യും ദാവീ​ദും ജനിച്ചത്‌ ഈ പട്ടണത്തി​ലാണ്‌.

10 അങ്ങനെ അവർ ബേത്ത്‌ലെ​ഹെ​മിൽ എത്തി. എവി​ടെ​യും നല്ല തിരക്ക്‌. പേരു ചാർത്താ​നാ​യി മിക്കവ​രും അവർക്കു​മു​മ്പേ വന്നെത്തി​യി​രു​ന്ന​തു​കൊണ്ട്‌, സത്രം നിറഞ്ഞി​രു​ന്നു. b രാത്രി തങ്ങാൻ എവിടെ പോകും? ഒടുവിൽ ഒരു കാലി​ത്തൊ​ഴു​ത്താണ്‌ അവർക്ക്‌ കിട്ടി​യത്‌. അവിടെ തങ്ങാൻ അവർ തീരു​മാ​നി​ച്ചു. മറിയയ്‌ക്ക്‌ പ്രസവ​വേദന തുടങ്ങി! അന്നോളം അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത കഠിന​വേ​ദ​ന​യാൽ പുളയുന്ന അവളെ കണ്ട്‌ ആശങ്ക​പ്പെട്ടു നിൽക്കുന്ന യോ​സേ​ഫി​നെ ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ! വേദന തീവ്ര​മാ​കു​ക​യാണ്‌. ഒരു കാലി​ത്തൊ​ഴു​ത്തിൽവെ​ച്ചാണ്‌ ഇതു സംഭവി​ക്കു​ന്നത്‌ എന്നോർക്കണം!

11. (എ) എവി​ടെ​യു​മുള്ള സ്‌ത്രീ​കൾക്ക്‌ മറിയ​യു​ടെ അവസ്ഥ മനസ്സി​ലാ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു ഏതെല്ലാം വിധങ്ങ​ളിൽ ‘ആദ്യജാ​തൻ’ ആയിരു​ന്നു?

11 ലോക​ത്തെ​വി​ടെ​യു​മുള്ള സ്‌ത്രീ​കൾക്ക്‌ മറിയ​യു​ടെ അവസ്ഥ നന്നായി മനസ്സി​ലാ​കും. ഏകദേശം 4,000 വർഷം മുമ്പ്‌ യഹോവ ഒരു സംഗതി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. അവകാ​ശ​പ്പെ​ടു​ത്തിയ പാപം നിമിത്തം എല്ലാ സ്‌ത്രീ​കൾക്കും പ്രസവ​ത്തോട്‌ അനുബ​ന്ധിച്ച്‌ കഠിന​വേദന അനുഭ​വി​ക്കേ​ണ്ടി​വ​രും എന്നതാ​യി​രു​ന്നു അത്‌. (ഉല്‌പ. 3:16) മറിയയ്‌ക്ക്‌ ഇതിൽനിന്ന്‌ ഒഴിവു കിട്ടി​യെന്ന്‌ വിശ്വ​സി​ക്കാൻ യാതൊ​രു കാരണ​വു​മില്ല. എന്നാൽ അവളുടെ വേദന​യു​ടെ തീവ്ര​ത​യി​ലേ​ക്കോ അസ്വാ​സ്ഥ്യ​ങ്ങ​ളി​ലേ​ക്കോ കടക്കാതെ ലൂക്കോസ്‌ ആ രംഗം ഈ വാക്കു​ക​ളിൽ ചുരു​ക്കു​ന്നു: “അവൾ തന്റെ ആദ്യജാ​തനെ പ്രസവി​ച്ചു.” (ലൂക്കോ. 2:7) അങ്ങനെ അവളുടെ ‘ആദ്യജാ​തൻ’ പിറന്നു. അവൾക്ക്‌ പിന്നീട്‌ വേറെ​യും മക്കളു​ണ്ടാ​യി, മൊത്തം ഏഴു മക്കളെ​ങ്കി​ലും മറിയയ്‌ക്കു ജനിച്ചു. (മർക്കോ. 6:3) എന്നാൽ ഈ പുത്രൻ എല്ലാവ​രി​ലും വ്യത്യസ്‌ത​നാ​യി​രു​ന്നു. അവൻ മറിയ​യു​ടെ ആദ്യജാ​തൻ മാത്ര​മ​ല്ലാ​യി​രു​ന്നു, യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും ആദ്യജാ​ത​നാ​യി​രു​ന്നു. “സകല സൃഷ്ടി​കൾക്കും ആദ്യജാ​ത​നും” ദൈവ​ത്തി​ന്റെ ഏകജാ​ത​നും ആയവൻ!—കൊലോ. 1:15.

12. മറിയ കുഞ്ഞിനെ കിടത്തി​യത്‌ എവി​ടെ​യാണ്‌, ‘തിരു​പ്പി​റവി’ രംഗങ്ങ​ളിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ യാഥാർഥ്യം എത്ര വ്യത്യസ്‌ത​മാണ്‌?

12 ഇവി​ടെ​വെച്ച്‌ വിവരണം ആ പ്രശസ്‌ത​മായ വിശദാം​ശം നൽകുന്നു: “അവൾ അവനെ ശീലക​ളിൽ പൊതിഞ്ഞ്‌ ഒരു പുൽത്തൊ​ട്ടി​യിൽ കിടത്തി.” (ലൂക്കോ. 2:7) ലോക​മെ​മ്പാ​ടും ‘തിരു​പ്പി​റവി’യുടെ പുനര​വ​ത​ര​ണങ്ങൾ, ഛായാ​ചി​ത്രങ്ങൾ, ചിത്രീ​ക​ര​ണങ്ങൾ എന്നിവ​യിൽ കാലി​ത്തൊ​ഴു​ത്തും പുൽത്തൊ​ട്ടി​യും മറ്റും വളരെ നല്ലൊരു ഇടമായി അവതരി​പ്പി​ക്കാ​റുണ്ട്‌, കാഴ്‌ച​ക്കാർക്ക്‌ ആ രംഗം അതീവ​ഹൃ​ദ്യ​മാ​യി തോന്നും. എന്നാൽ വാസ്‌ത​വ​മോ? വീട്ടു​മൃ​ഗ​ങ്ങൾക്ക്‌ തീറ്റി​യി​ട്ടു​കൊ​ടു​ക്കുന്ന സ്ഥലമാണ്‌ പുൽത്തൊ​ട്ടി. തൊഴു​ത്തു​ക​ളു​ടെ സ്ഥിതി അന്നും ഇന്നും ഏറെക്കു​റെ ഒരു​പോ​ലെ​യാണ്‌. പൊതു​വേ, ശുദ്ധവാ​യു​വും ശുചി​ത്വ​വും തീരെ​ക്കു​റഞ്ഞ ഒരു സ്ഥലം. അവി​ടെ​യാണ്‌ ഈ കുടും​ബം അഭയം തേടി​യി​രി​ക്കു​ന്ന​തെന്ന്‌ ഓർക്കുക. വേറെ എന്തെങ്കി​ലു​മൊ​രു മാർഗ​മു​ണ്ടെ​ങ്കിൽ, തങ്ങളുടെ കുഞ്ഞിന്‌ പിറന്നു​വീ​ഴാൻ ഏതെങ്കി​ലും മാതാ​പി​താ​ക്കൾ ഇങ്ങനെ​യൊ​രു സ്ഥലം തിര​ഞ്ഞെ​ടു​ക്കു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? കുഞ്ഞു​ങ്ങ​ളു​ടെ നന്മ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ മിക്ക അച്ഛനമ്മ​മാ​രും. അങ്ങനെ​യെ​ങ്കിൽ, ദൈവ​ത്തി​ന്റെ പുത്രന്‌ പിറന്നു​വീ​ഴാൻ ഏറ്റവും നല്ലൊരു ചുറ്റു​പാട്‌ യോ​സേ​ഫും മറിയ​യും ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​വി​ല്ലേ?

13. (എ) യോ​സേ​ഫും മറിയ​യും തങ്ങൾ ആയി​പ്പോയ സാഹച​ര്യ​ത്തിൽ ഏറ്റവും നന്നായി പ്രവർത്തി​ച്ചത്‌ എങ്ങനെ? (ബി) ഇക്കാലത്തെ വിവേ​ക​ശാ​ലി​ക​ളായ മാതാ​പി​താ​ക്കൾക്ക്‌ യോ​സേ​ഫി​നെ​യും മറിയ​യെ​യും പോലെ മുൻഗ​ണ​നകൾ വെക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

13 എന്നാൽ അവർ രണ്ടു​പേ​രും ഇല്ലായ്‌മ​ക​ളെ​ച്ചൊ​ല്ലി പരാതി​പ്പെ​ട്ടില്ല. ഉള്ള സാഹച​ര്യ​ത്തിൽ തങ്ങളെ​ക്കൊ​ണ്ടു കഴിയാ​വു​ന്ന​തെ​ല്ലാം അവർ ചെയ്‌തു. ഉദാഹ​രണം പറഞ്ഞാൽ, കുഞ്ഞിന്‌ തണുപ്പു​ത​ട്ടാ​തെ മറിയ​തന്നെ അവനെ തുണി​ശീ​ല​കൾകൊണ്ട്‌ പൊതി​ഞ്ഞു. പിന്നെ അവനെ ഉറക്കി മെല്ലെ പുൽത്തൊ​ട്ടി​യിൽ സുരക്ഷി​ത​മാ​യി കിടത്തി. അവളുടെ അപ്പോ​ഴത്തെ സാഹച​ര്യ​മോർത്ത്‌ അവൾ ഉത്‌കണ്‌ഠ​പ്പെട്ട്‌ ഇരുന്നില്ല. പകരം, മകനു​വേണ്ടി തനിക്ക്‌ അപ്പോൾ ചെയ്യാൻ പറ്റുന്നത്‌ അവൾ ഏറ്റവും നന്നായി ചെയ്‌തു. ഈ കുഞ്ഞി​നു​വേണ്ടി ആത്മീയ​മാ​യി കരുതു​ന്ന​താണ്‌ എല്ലാറ്റി​ലും ഏറ്റവും വലിയ കാര്യം എന്ന്‌ മറിയയ്‌ക്കും യോ​സേ​ഫി​നും നന്നായി അറിയാ​മാ​യി​രു​ന്നു. (ആവർത്ത​ന​പുസ്‌തകം 6:6-8 വായി​ക്കുക.) ഇന്ന്‌, ആത്മീയ​ദാ​രി​ദ്ര്യം പിടിച്ച ഈ ലോക​ത്തിൽ, കുഞ്ഞു​ങ്ങളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന വിവേ​ക​ശാ​ലി​ക​ളായ മാതാ​പി​താ​ക്കൾ യോ​സേ​ഫും മറിയ​യും ചെയ്‌ത​തു​തന്നെ ചെയ്യും.

ആശ്വാ​സ​വും സന്തോ​ഷ​വും ഉറപ്പും പകർന്ന ഒരു സന്ദർശനം

14, 15. (എ) ഇടയന്മാർ ശിശു​വി​നെ കാണാൻ ആകാം​ക്ഷാ​ഭ​രി​ത​രാ​യത്‌ എന്തു​കൊണ്ട്‌? (ബി) കാലി​ത്തൊ​ഴു​ത്തിൽ ശിശു​വി​നെ​യും കുടും​ബ​ത്തെ​യും കണ്ടിറ​ങ്ങിയ ഇടയന്മാർ എന്തു ചെയ്‌തു?

14 ആ ശാന്തതയെ ഭേദി​ച്ചു​കൊണ്ട്‌ എന്തൊ​ക്കെ​യോ ഒച്ചയന​ക്കങ്ങൾ കേൾക്കു​ന്നു. ആരെല്ലാ​മോ വരുന്നുണ്ട്‌. കുറെ ആട്ടിട​യ​ന്മാ​രാണ്‌, അവർ നേരെ ആ തൊഴു​ത്തി​ലേ​ക്കാണ്‌ വരുന്നത്‌. അവർ വരുന്നത്‌ അപ്പോൾ പിറന്ന ആ കുഞ്ഞിനെ കാണാ​നാണ്‌, ഒപ്പം അവന്റെ അച്ഛനമ്മ​മാ​രെ​യും. ആഹ്ലാദ​ത്തി​മിർപ്പി​ലാണ്‌ ആ ഇടയന്മാർ, അവരുടെ മുഖം സന്തോ​ഷം​കൊണ്ട്‌ തിളങ്ങു​ക​യാണ്‌! മലഞ്ചെ​രി​വു​ക​ളിൽനി​ന്നാണ്‌ ആ പുരു​ഷ​ന്മാർ ഇപ്പോൾ തിരക്കിട്ട്‌ വന്നിരി​ക്കു​ന്നത്‌. അവിടെ ആടുക​ളെ​യും കാത്തു കഴിയു​ക​യാ​യി​രു​ന്നു അവർ. c കയറി​വ​രുന്ന അപരി​ചി​ത​രെ​ക്കണ്ട്‌ പകച്ചു​നിൽക്കുന്ന ആ മാതാ​പി​താ​ക്ക​ളോട്‌ ഇടയന്മാർ കുറച്ചു​മുമ്പ്‌ തങ്ങൾക്കു​ണ്ടായ അത്ഭുത​ക​ര​മായ അനുഭ​വങ്ങൾ ആവേശ​ത്തോ​ടെ വിവരി​ക്കാൻ തുടങ്ങി: നേരം പാതിരാ ആയിക്കാ​ണും, ആ മലഞ്ചെ​രി​വിൽ പൊടു​ന്നനെ ഒരു ദൈവ​ദൂ​തൻ അവർക്കു മുമ്പിൽ പ്രത്യ​ക്ഷ​പ്പെട്ടു. അവിട​മെ​ങ്ങും യഹോ​വ​യു​ടെ തേജസ്സ്‌ വിളങ്ങി! ക്രിസ്‌തു അഥവാ മിശിഹാ ബേത്ത്‌ലെ​ഹെ​മിൽ ഇപ്പോൾ പിറന്നി​രി​ക്കു​ന്നു എന്ന വാർത്ത ദൂതൻ അവരെ അറിയി​ച്ചു. ‘അവനെ ശീലക​ളിൽ പൊതിഞ്ഞ്‌ പുൽത്തൊ​ട്ടി​യിൽ കിടത്തി​യി​രി​ക്കു​ന്നത്‌ നിങ്ങൾക്കു കാണാം’ എന്നും ദൂതൻ പറഞ്ഞു. അതിലും വിസ്‌മ​യ​ക​ര​മായ കാര്യ​മാണ്‌ പിന്നീട്‌ സംഭവി​ച്ചത്‌: സ്വർഗീ​യ​സൈ​ന്യ​ത്തി​ന്റെ ഒരു സംഘം അവർക്കു പ്രത്യ​ക്ഷ​പ്പെട്ട്‌ ദൈവത്തെ വാഴ്‌ത്തിസ്‌തു​തി​ച്ചു!—ലൂക്കോ. 2:8-14.

15 ഈ എളിയ മനുഷ്യർ ബേത്ത്‌ലെ​ഹെ​മി​ലേക്ക്‌ ഓടി​യെ​ത്തി​യ​തിൽ അതിശ​യി​ക്കാ​നൊ​ന്നു​മില്ല. ദൂതൻ പറഞ്ഞി​രു​ന്ന​തു​പോ​ലെ നവജാ​ത​ശി​ശു​വി​നെ കണ്ടപ്പോൾ ഇടയന്മാർക്കു​ണ്ടായ ആവേശം ഒന്ന്‌ സങ്കല്‌പി​ച്ചു നോക്കൂ! കുഞ്ഞിനെ കണ്ട ഇടയന്മാർക്ക്‌ ഈ സന്തോ​ഷ​വാർത്ത ഉള്ളില​ട​ക്കി​വെ​ക്കാൻ കഴിഞ്ഞില്ല. “ശിശു​വി​നെ​ക്കു​റി​ച്ചു ദൂതന്മാർ തങ്ങളോ​ടു പറഞ്ഞത്‌” അവർ മറ്റുള്ള​വരെ അറിയി​ച്ചു. “ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവ​രൊ​ക്കെ​യും അതിൽ വിസ്‌മ​യി​ച്ചു.” (ലൂക്കോ. 2:17, 18) അക്കാലത്തെ മതനേ​താ​ക്ക​ന്മാർ ഇടയന്മാ​രെ പുച്ഛ​ത്തോ​ടെ​യാ​യി​രി​ക്കണം കണ്ടിരു​ന്നത്‌. പക്ഷേ, താഴ്‌മ​യും വിശ്വസ്‌ത​ത​യും ഉള്ള ഈ പുരു​ഷ​ന്മാ​രെ വില​യേ​റി​യ​വ​രാ​യാണ്‌ യഹോവ വീക്ഷി​ച്ചത്‌. അതിരി​ക്കട്ടെ, ഇടയന്മാ​രു​ടെ ഈ സന്ദർശനം മറിയയ്‌ക്ക്‌ ആശ്വാ​സ​വും സന്തോ​ഷ​വും ഉറപ്പും പകർന്നത്‌ എങ്ങനെ​യാണ്‌?

എളിയവരും വിശ്വസ്‌ത​രും ആയ ആ ഇടയന്മാർ യഹോ​വയ്‌ക്ക്‌ വില​പ്പെ​ട്ട​വ​രാ​യി​രു​ന്നു

16. ആഴമായി ചിന്തി​ക്കുന്ന ഒരാളാ​യി​രു​ന്നു മറിയ എന്ന്‌ പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌, വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ അവൾക്ക്‌ കഴിഞ്ഞത്‌ എങ്ങനെ?

16 പ്രസവ​ത്തി​ന്റെ ആലസ്യ​വും ക്ഷീണവും ഒക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും മറിയ ഇടയന്മാർ പറഞ്ഞ ഓരോ വാക്കും കാതു​കൂർപ്പിച്ച്‌ കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ അവൾ വെറുതെ കേൾക്കുക മാത്ര​മാ​യി​രു​ന്നില്ല, പിന്നെ​യോ, “എല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹിച്ച്‌ അതേക്കു​റി​ച്ചു ധ്യാനി​ച്ചു​കൊ​ണ്ടി​രു​ന്നു.” (ലൂക്കോ. 2:19) ആഴമായി ചിന്തി​ക്കുന്ന പ്രകൃ​ത​ക്കാ​രി​യാ​യി​രു​ന്നു മറിയ. ദൂതൻ ഇടയന്മാ​രെ അറിയിച്ച വാർത്ത വളരെ പ്രധാ​ന​പ്പെ​ട്ട​താ​ണെന്ന്‌ അവൾക്ക്‌ മനസ്സി​ലാ​യി. അവൾക്കു പിറന്നി​രി​ക്കുന്ന ഈ മകൻ ആരാ​ണെ​ന്നും അവൻ എത്ര ഉന്നതനാ​ണെ​ന്നും അവൾ അറിയ​ണ​മെ​ന്നും ഓർത്തി​രി​ക്ക​ണ​മെ​ന്നും അവളുടെ ദൈവ​മായ യഹോവ ആഗ്രഹി​ച്ചു. അതു​കൊ​ണ്ടാണ്‌ അവൾ വെറുതെ കേട്ടി​രി​ക്കുക മാത്രം ചെയ്യാതെ വരാൻപോ​കുന്ന മാസങ്ങ​ളി​ലും വർഷങ്ങ​ളി​ലും വീണ്ടും​വീ​ണ്ടും ഓർക്കാ​നാ​യി, കേട്ട ഓരോ വാക്കും മനസ്സിൽ സൂക്ഷി​ച്ചു​വെ​ച്ചത്‌. ഈ ശീലമാണ്‌ ജീവി​ത​കാ​ലം മുഴുവൻ ഇളകാത്ത വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കാൻ അവളെ സഹായി​ച്ചത്‌!എബ്രായർ 11:1 വായി​ക്കുക.

ഇടയന്മാർ പറയു​ന്നത്‌ മറിയ ശ്രദ്ധിച്ചു കേട്ടു, ഓരോ വാക്കും ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചു

17. യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ മറിയയെ അനുക​രി​ക്കാം?

17 മറിയ​യു​ടെ മാതൃക നിങ്ങൾ പകർത്തു​മോ? യഹോവ തന്റെ വചനത്തി​ന്റെ താളുകൾ വില​യേ​റിയ സത്യങ്ങൾകൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു. എന്നാൽ നമ്മൾ ശ്രദ്ധ കൊടു​ക്കു​ന്നി​ല്ലെ​ങ്കിൽ ആ സത്യങ്ങൾ നമുക്ക്‌ ഒരു ഗുണവും ചെയ്യില്ല! അതു​കൊണ്ട്‌ ബൈബിൾ പതിവാ​യി വായി​ക്കുക. ഒരു സാഹി​ത്യ​കൃ​തി​യാ​യി​ട്ടല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനമാ​യി​ട്ടാണ്‌ നമ്മൾ അതു വായി​ക്കു​ന്നത്‌. (2 തിമൊ. 3:16) എന്നിട്ട്‌ മറിയ​യെ​പ്പോ​ലെ, തിരു​വെ​ഴു​ത്തു​സ​ത്യ​ങ്ങൾ നമ്മളും ഹൃദയ​ത്തിൽ ശേഖരി​ച്ചു​വെ​ക്കണം. അവയുടെ അർഥം മനസ്സി​രു​ത്തി ചിന്തി​ക്കണം. ബൈബി​ളിൽനി​ന്നു വായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇങ്ങനെ മനസ്സി​രു​ത്തി ചിന്തി​ക്കു​ക​യും ഇപ്പോൾ ചെയ്യു​ന്ന​തി​ലും മെച്ചമാ​യി ആ ബുദ്ധി​യു​പ​ദേ​ശങ്ങൾ നമ്മുടെ ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​മാ​ക്കാ​നുള്ള വഴികൾ കണ്ടുപി​ടി​ക്കു​ക​യും ചെയ്യു​മ്പോൾ എന്തായി​രി​ക്കും ഫലം? നല്ല പോഷണം ആർജിച്ച്‌ നമ്മുടെ വിശ്വാ​സം വളർന്ന്‌ ബലപ്പെ​ടും.

ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കാൻ കൂടുതൽ കാര്യങ്ങൾ

18. (എ) യേശു ജനിച്ച്‌, ദിവസ​ങ്ങൾക്കു​ള്ളിൽ മറിയ​യും യോ​സേ​ഫും ന്യായ​പ്ര​മാ​ണം അനുസ​രി​ച്ചത്‌ എങ്ങനെ? (ബി) യോ​സേ​ഫും മറിയ​യും ആലയത്തിൽ അർപ്പിച്ച വഴിപാ​ടിൽനിന്ന്‌ അവരുടെ സാമ്പത്തി​ക​സ്ഥി​തി​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

18 കുഞ്ഞു ജനിച്ച്‌ എട്ടാം ദിവസം മറിയ​യും യോ​സേ​ഫും അവനെ ന്യായ​പ്ര​മാ​ണം നിഷ്‌കർഷി​ക്കു​ന്ന​പ്ര​കാ​രം പരി​ച്ഛേദന കഴിപ്പി​ച്ചു, ദൂതൻ നിർദേ​ശി​ച്ചി​രു​ന്ന​തു​പോ​ലെ യേശു എന്ന്‌ പേരും ഇട്ടു. (ലൂക്കോ. 1:31) പിന്നെ 40-ാം ദിവസം അവർ അവനെ ബേത്ത്‌ലെ​ഹെ​മിൽനിന്ന്‌ യെരു​ശ​ലേ​മി​ലുള്ള ആലയത്തി​ലേക്ക്‌ കൊണ്ടു​പോ​യി. ഏതാണ്ട്‌ പത്ത്‌ കിലോ​മീ​റ്റർ അകലെ​യാണ്‌ യെരു​ശ​ലേം. മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം പറയു​ന്ന​തു​പോ​ലെ, അവർ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള വഴിപാ​ടു​കൾ അർപ്പിച്ചു. തീരെ ദരി​ദ്ര​രായ ആളുകൾക്ക്‌ അനുവ​ദി​ച്ചി​ട്ടുള്ള ഒരു ജോഡി കുറു​പ്രാ​വു​ക​ളെ​യോ രണ്ടു പ്രാവിൻകു​ഞ്ഞു​ങ്ങ​ളെ​യോ ആണ്‌ അവർ അർപ്പി​ച്ചത്‌. സാമ്പത്തി​ക​ശേ​ഷി​യുള്ള മാതാ​പി​താ​ക്കൾ ഒരു ആട്ടിൻകു​ട്ടി​യെ​യും ഒപ്പം ഒരു കുറു​പ്രാ​വി​നെ​യോ ഒരു പ്രാവിൻകു​ഞ്ഞി​നെ​യോ ഈ അവസര​ങ്ങ​ളിൽ അർപ്പി​ക്കാ​റുണ്ട്‌. ആട്ടിൻകു​ട്ടി​യെ അർപ്പി​ക്കാൻ വകയി​ല്ലാ​ഞ്ഞ​തു​കൊണ്ട്‌ അവർക്ക്‌ നാണ​ക്കേട്‌ തോന്നി​യോ? അങ്ങനെ തോന്നി​യെ​ങ്കിൽത്തന്നെ, അതെല്ലാം മാറ്റി​വെച്ച്‌ തങ്ങളുടെ കഴിവു​പോ​ലെ അവർ ചെയ്‌തു. എന്തായി​രു​ന്നാ​ലും, അവർക്ക്‌ വേണ്ടു​വോ​ളം സന്തോ​ഷ​വും ആശ്വാ​സ​വും ഉറപ്പും കിട്ടിയ ചില സംഭവങ്ങൾ ആലയത്തിൽവെ​ച്ചു​ണ്ടാ​യി!—ലേവ്യ. 12:6-8; ലൂക്കോ. 2:21-24.

19. (എ) മറിയയ്‌ക്ക്‌ ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കാൻ വിലപ്പെട്ട കൂടുതൽ വിവരങ്ങൾ ശിമെ​യോൻ നൽകി​യത്‌ എങ്ങനെ? (ബി) ശിശു​വി​നെ കണ്ട ഹന്നാ എന്തു ചെയ്‌തു?

19 യേശു​വി​നെ​യും​കൊണ്ട്‌ അവർ ആലയത്തി​ലെ​ത്തി​യ​പ്പോൾ ശിമെ​യോൻ എന്നു പേരുള്ള വയോ​ധി​ക​നായ ഒരാൾ അവരുടെ അടു​ത്തെത്തി. മറിയയ്‌ക്ക്‌ ഹൃദയ​ത്തിൽ സൂക്ഷി​ച്ചു​വെ​ക്കാൻ പറ്റിയ വിലപ്പെട്ട ചില വിവരങ്ങൾ അവൻ പറഞ്ഞു. മരിക്കു​ന്ന​തി​നു മുമ്പ്‌ മിശി​ഹാ​യെ കാണു​മെന്ന്‌ ദൈവം അവനോട്‌ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. ഈ യേശു​വാണ്‌ മുൻകൂ​ട്ടി​പ്പറഞ്ഞ രക്ഷകൻ എന്ന്‌ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ശിമെ​യോ​ന്റെ ഉള്ളിൽ തോന്നി​പ്പി​ച്ചു. ഒരിക്കൽ മറിയ അനുഭ​വി​ക്കാ​നി​രി​ക്കുന്ന വേദന​യെ​ക്കു​റി​ച്ചും അവൻ മുന്നറി​യിപ്പ്‌ കൊടു​ത്തു, പ്രാണ​നിൽക്കൂ​ടി ഒരു വാൾ തുളച്ചു​ക​യ​റുന്ന വേദന! (ലൂക്കോ. 2:25-35) 33 വർഷങ്ങൾക്ക്‌ ശേഷമാണ്‌ അത്‌ സംഭവി​ച്ചത്‌. നടുക്കുന്ന വാക്കു​ക​ളാ​യി​രു​ന്നു അവയെ​ങ്കി​ലും ആ സമയം വന്നപ്പോൾ സഹിച്ചു​നിൽക്കാൻ കാലേ​കൂ​ട്ടി​യുള്ള ഈ മുന്നറി​യിപ്പ്‌ അവളെ സഹായി​ച്ചി​ട്ടു​ണ്ടാ​കും. അപ്പോൾ ഹന്നാ എന്നൊരു പ്രവാ​ച​കി​യും ശിശു​വി​നെ കണ്ട്‌ അടുത്തു​വന്നു. യെരു​ശ​ലേ​മി​ന്റെ വിമോ​ച​ന​ത്തി​നാ​യി പ്രത്യാ​ശ​യോ​ടെ കാത്തി​രുന്ന സകല​രോ​ടും അവൾ ശിശു​വി​നെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​തു​ടങ്ങി.ലൂക്കോസ്‌ 2:36-38 വായി​ക്കുക.

യെരുശലേമിലെ യഹോ​വ​യു​ടെ ആലയത്തിൽ മറിയ​യു​ടെ​യും യോ​സേ​ഫി​ന്റെ​യും വിശ്വാ​സം വളരെ​യേറെ ബലപ്പെ​ടു​ത്തുന്ന ചില സംഭവ​ങ്ങ​ളു​ണ്ടാ​യി

20. യേശു​വി​നെ​യും​കൊണ്ട്‌ ആലയത്തിൽ വന്നത്‌ നല്ല ഒരു തീരു​മാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

20 യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തി​ലേക്ക്‌ തങ്ങളുടെ കുഞ്ഞി​നെ​യും​കൊണ്ട്‌ വരാൻ യോ​സേ​ഫും മറിയ​യും തീരു​മാ​നി​ച്ചത്‌ എത്ര നന്നായി! തങ്ങളുടെ മകന്‌, യഹോ​വ​യു​ടെ ആലയം വിട്ടു​പി​രി​യാ​തെ​യുള്ള ഒരു ജീവി​ത​ച​ര്യക്ക്‌ തുടക്ക​മി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ആ മാതാ​പി​താ​ക്കൾ. ആലയത്തിൽ, അവർ അവരുടെ പ്രാപ്‌തി​ക്ക​നു​സ​രിച്ച്‌ യഹോ​വയ്‌ക്ക്‌ കൊടു​ത്തു. അവർക്ക്‌ ആവശ്യ​മായ നിർദേ​ശ​ങ്ങ​ളും ആശ്വാ​സ​വും സന്തോ​ഷ​വും ഉറപ്പും യഹോ​വ​യിൽനിന്ന്‌ ലഭിക്കു​ക​യും ചെയ്‌തു. വിശ്വാ​സം ഏറെ ബലപ്പെ​ട്ടാണ്‌ മറിയ ആലയത്തിൽനിന്ന്‌ മടങ്ങി​യത്‌. അവൾക്ക്‌ ധ്യാനി​ക്കാ​നും മറ്റുള്ള​വരെ അറിയി​ക്കാ​നും ആയി ഹൃദയം നിറയെ സുപ്ര​ധാ​ന​മായ ചില സത്യങ്ങ​ളും ഉണ്ടായി​രു​ന്നു.

21. നമ്മുടെ വിശ്വാ​സ​വും വളർന്ന്‌ ബലപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ ഉറപ്പാ​ക്കാൻ മറിയ​യെ​പ്പോ​ലെ നമുക്ക്‌ എന്തു ചെയ്യാം?

21 ഇന്നത്തെ മാതാ​പി​താ​ക്കൾ ഇവരുടെ മാതൃക പകർത്തു​ന്നതു കാണു​ന്നത്‌ മനോ​ഹ​ര​മായ ഒരു കാഴ്‌ച​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളായ മാതാ​പി​താ​ക്കൾ തങ്ങളുടെ കുഞ്ഞു​മ​ക്കളെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക്‌ പതിവാ​യി കൊണ്ടു​വ​രാ​റുണ്ട്‌. യോഗ​ങ്ങ​ളിൽ അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊ​ണ്ടും സഹവി​ശ്വാ​സി​ക​ളോട്‌ ഹൃദ്യ​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടും ഈ മാതാ​പി​താ​ക്കൾ തങ്ങൾക്ക്‌ ‘കൊടു​ക്കാൻ കഴിയു​ന്നത്‌ കൊടു​ക്കു​ന്നു.’ വിശ്വാ​സ​ത്തിൽ ഏറെ ബലപ്പെ​ട്ട​വ​രും ഏറെ സന്തുഷ്ട​രും ആയി, മറ്റുള്ള​വർക്കു കൊടു​ക്കാൻ ഹൃദയ​ത്തിൽ ഏറെ നന്മകളു​മാ​യി​ട്ടാണ്‌ ഇവർ യോഗ​സ്ഥ​ല​ത്തു​നി​ന്നും മടങ്ങു​ന്നത്‌. അത്തരം മാതാ​പി​താ​ക്കളെ കാണു​ന്ന​തും സംസാ​രി​ക്കു​ന്ന​തും എന്തൊരു സന്തോ​ഷ​മാണ്‌! നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ, മറിയ​യു​ടേ​തു​പോ​ലെ നമ്മുടെ വിശ്വാ​സ​വും ഒന്നി​നൊന്ന്‌ വളരു​ക​യും ബലപ്പെ​ടു​ക​യും ചെയ്യും!

a ഈ വിവര​ണ​വും മറിയ​യു​ടെ മറ്റൊരു യാത്ര​യെ​ക്കു​റി​ച്ചുള്ള വിവര​ണ​വും തമ്മിലുള്ള വ്യത്യാ​സം ശ്രദ്ധി​ക്കുക. അവൾ എലിസ​ബെ​ത്തി​നെ കാണാൻ പോയ​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “മറിയ . . . തിടു​ക്ക​ത്തിൽ യാത്ര​പു​റ​പ്പെട്ടു.” (ലൂക്കോ. 1:39) അന്ന്‌ അവരുടെ വിവാ​ഹ​നി​ശ്ചയം മാത്രമേ കഴിഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഈ യാത്ര​യു​ടെ കാര്യ​ത്തിൽ അവൾ യോ​സേ​ഫു​മാ​യി സംസാ​രി​ക്കാ​തെ സ്വന്തമാ​യി തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. എന്നാൽ വിവാ​ഹ​ത്തി​നു ശേഷമുള്ള അവരുടെ യാത്ര തീരു​മാ​നി​ച്ചത്‌ യോ​സേ​ഫാണ്‌, മറിയയല്ല!

b സഞ്ചാരികൾക്കും യാത്രാ​സം​ഘ​ങ്ങൾക്കും രാപാർക്കാൻ അക്കാലത്ത്‌ ഓരോ പട്ടണത്തി​ലും സത്രമു​ണ്ടാ​യി​രു​ന്നു.

c ആട്ടിടയന്മാർ ആടുക​ളു​മാ​യി വെളി​മ്പ്ര​ദേ​ശ​ത്താ​യി​രു​ന്നെന്ന വസ്‌തുത ശ്രദ്ധി​ക്കുക. ഇത്‌ യേശു​വി​ന്റെ ജനന​ത്തോ​ടു ബന്ധപ്പെട്ട്‌ ബൈബിൾ നൽകുന്ന സൂചന​ക​ളോ​ടു യോജി​ക്കു​ന്നു: ആട്ടിൻകൂ​ട്ട​ങ്ങളെ വെളി​യി​ലി​റ​ക്കാ​തെ തൊഴു​ത്തിൽത്തന്നെ സൂക്ഷി​ച്ചി​രുന്ന ഡിസംബർ മാസത്തി​ലല്ല ക്രിസ്‌തു ജനിച്ചത്‌, ഒക്‌ടോ​ബർ മാസത്തി​ന്റെ ആരംഭ​ത്തി​ലാ​യി​രി​ക്കണം.