വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപ​ത്തി​മൂന്ന്‌

അവൻ ഗുരു​വിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു

അവൻ ഗുരു​വിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു

1. പത്രോ​സി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും ശപിക്ക​പ്പെട്ട നിമിഷം ഏതായി​രു​ന്നി​രി​ക്കാം?

 പത്രോസ്‌ ആ നിമിഷം ഒരിക്ക​ലും മറക്കു​ക​യില്ല, തന്റെയും ഗുരു​വി​ന്റെ​യും കണ്ണുകൾ തമ്മിലി​ടഞ്ഞ നിമിഷം! ഗുരു​വി​ന്റെ കണ്ണുക​ളിൽ എന്തായി​രു​ന്നു? നിരാ​ശ​യാ​ണോ, കുറ്റ​പ്പെ​ടു​ത്ത​ലാ​ണോ? തീർത്ത്‌ പറയാ​നാ​വില്ല. തിരു​വെ​ഴു​ത്തു​രേഖ ഇത്രയേ പറയു​ന്നു​ള്ളൂ: “കർത്താവ്‌ തിരിഞ്ഞ്‌ പത്രോ​സി​നെ നോക്കി.” (ലൂക്കോ. 22:61) പക്ഷേ, ആ ഒറ്റനോ​ട്ട​ത്തിൽ താൻ ചെയ്‌ത തെറ്റിന്റെ ആഴം പത്രോസ്‌ ഒരു ഞെട്ട​ലോ​ടെ തിരി​ച്ച​റി​ഞ്ഞു. ഗുരു പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ച്ചി​രി​ക്കു​ന്നു! അവൻ പ്രിയ ഗുരു​വി​നെ തള്ളിപ്പ​റഞ്ഞു. ഒരിക്ക​ലും അങ്ങനെ ചെയ്യി​ല്ലെന്ന്‌ അവൻ ആണയി​ട്ട​താണ്‌! പക്ഷേ, കൈവി​ട്ടു​പോ​യി! പത്രോസ്‌ അത്‌ വേദന​യോ​ടെ തിരി​ച്ച​റി​ഞ്ഞു. ആ തിരി​ച്ച​റി​വിൽ അവന്റെ ഹൃദയം തകർന്നു​പോ​യി! അത്‌ ജീവി​ത​ത്തി​ലെ ഏറ്റവും ശപിക്ക​പ്പെട്ട ദിവസ​ത്തി​ലെ ഏറ്റവും ശപിക്ക​പ്പെട്ട നിമി​ഷ​മാ​യി പത്രോ​സിന്‌ തോന്നി​യി​രി​ക്കാം!

2. പത്രോസ്‌ ഏതു പാഠമാണ്‌ പഠി​ക്കേ​ണ്ടി​യി​രു​ന്നത്‌, അവന്റെ ജീവി​തകഥ നമുക്ക്‌ ഗുണം ചെയ്യു​ന്നത്‌ എങ്ങനെ?

2 എന്നാൽ എല്ലാ പ്രതീ​ക്ഷ​ക​ളും അസ്‌ത​മി​ച്ചി​ട്ടില്ല. എന്തു​കൊ​ണ്ടാ​ണെ​ന്നല്ലേ? പത്രോസ്‌ ഉറച്ച വിശ്വാ​സ​മുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു എന്നതു​തന്നെ കാരണം. വീഴ്‌ച​യിൽനിന്ന്‌ എഴു​ന്നേൽക്കാ​നും ക്ഷമിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പഠിപ്പിച്ച ആ വലിയ പാഠം പഠിക്കാ​നും അവന്‌ ഇനിയും അവസര​മു​ണ്ടാ​യി​രു​ന്നു! നമ്മളോ​രോ​രു​ത്ത​രും പഠിച്ചി​രി​ക്കേ​ണ്ട​താണ്‌ ആ പാഠം. പത്രോസ്‌ എങ്ങനെ​യാണ്‌ അത്‌ പഠിച്ച​തെന്ന്‌ അറിയാൻ നമുക്ക്‌ അവന്റെ ജീവി​ത​ത്തി​ലൂ​ടെ ഒന്ന്‌ കണ്ണോ​ടി​ക്കാം.

ഒരുപാ​ടു കാര്യങ്ങൾ പഠി​ക്കേ​ണ്ടി​യി​രുന്ന മനുഷ്യൻ!

3, 4. (എ) പത്രോസ്‌ യേശു​വി​നോട്‌ ഏതു ചോദ്യം ചോദി​ച്ചു, പത്രോസ്‌ എന്തായി​രി​ക്കാം കരുതി​യത്‌? (ബി) അന്നു നിലവി​ലി​രുന്ന ദുഃസ്വാ​ധീ​നം പത്രോ​സി​നെ​യും ബാധി​ച്ചെന്ന്‌ യേശു കാണി​ച്ചു​കൊ​ടു​ത്തത്‌ എങ്ങനെ?

3 ഏതാണ്ട്‌ ആറു മാസം മുമ്പ്‌ ജന്മനാ​ടായ കഫർന്ന​ഹൂ​മിൽവെച്ച്‌ പത്രോസ്‌ യേശു​വി​നെ സമീപിച്ച്‌ ഇങ്ങനെ ചോദി​ച്ചു: “കർത്താവേ, എന്റെ സഹോ​ദരൻ എന്നോടു പാപം ചെയ്‌താൽ എത്ര തവണ ഞാൻ അവനോ​ടു ക്ഷമിക്കണം? ഏഴുതവണ മതിയോ?” ഒരുപക്ഷേ, പത്രോസ്‌ കരുതി​യത്‌ താൻ ഉദാര​മാ​യി ക്ഷമിക്കുന്ന ആളാ​ണെ​ന്നാണ്‌. അക്കാലത്തെ മതനേ​താ​ക്ക​ന്മാർ പഠിപ്പി​ച്ചി​രു​ന്നത്‌ മൂന്നു തവണ മാത്രം ക്ഷമിച്ചാൽ മതി​യെ​ന്നാണ്‌. എന്നാൽ യേശു എന്താണ്‌ പറഞ്ഞത്‌? “ഏഴല്ല, എഴുപത്തി ഏഴു തവണ” ക്ഷമിക്ക​ണ​മെന്ന്‌!—മത്താ. 18:21, 22.

4 ഓരോ തവണ ക്ഷമിക്കു​മ്പോ​ഴും ഒരു കണക്കു​പുസ്‌ത​ക​ത്തിൽ അവ ഓരോ​ന്നും കുറി​ച്ചു​വെ​ക്കണം എന്നാണോ യേശു പറഞ്ഞതി​ന്റെ അർഥം? അല്ല. ‘ഏഴ്‌’ എന്നുള്ളത്‌ ‘എഴുപ​ത്തേഴ്‌’ ആക്കിയ​തി​ലൂ​ടെ, സ്‌നേ​ഹ​മു​ള്ളവർ ഉപാധി​ക​ളി​ല്ലാ​തെ​യും പരിധി വെക്കാ​തെ​യും ക്ഷമിക്കു​ന്നു എന്നാണ്‌ യേശു പറഞ്ഞത്‌. (1 കൊരി. 13:4, 5) ക്ഷമിക്കാൻ മനസ്സി​ല്ലാ​ത്ത​വ​രും കഠിന​ഹൃ​ദ​യ​രും ആയ അന്നത്തെ തലമു​റ​യു​ടെ സ്വഭാവം പത്രോ​സി​ലേ​ക്കും പകർന്നി​ട്ടു​ണ്ടെന്ന്‌ യേശു അവനു കാണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒരു കണക്കെ​ഴു​ത്തു​കാ​രന്റെ കണക്കു​പുസ്‌ത​ക​ത്തി​ലേ​തു​പോ​ലെ പിഴവു​ക​ളു​ടെ​യും ക്ഷമിച്ചു​കൊ​ടു​ക്കു​ന്ന​തി​ന്റെ​യും കണക്കു സൂക്ഷി​ക്കു​ന്ന​താ​യി​രു​ന്ന​ല്ലോ അവരുടെ രീതി. എന്നാൽ ദൈവം ക്ഷമിക്കു​ന്ന​തു​പോ​ലെ ക്ഷമിക്കാൻ മനസ്സു​ള്ളവർ എണ്ണവും കണക്കും സൂക്ഷി​ക്കാ​തെ ഉദാര​മാ​യി ക്ഷമിക്കും!1 യോഹ​ന്നാൻ 1:7-9 വായി​ക്കുക.

5. ക്ഷമിച്ചു​കൊ​ടു​ക്കേ​ണ്ടത്‌ എത്ര ആവശ്യ​മാ​ണെന്ന്‌ നമ്മൾ തിരി​ച്ച​റി​യു​ന്നത്‌ ഒരുപക്ഷേ എപ്പോ​ഴാ​യി​രി​ക്കും?

5 പത്രോസ്‌ യേശു​വി​നോട്‌ തർക്കി​ക്കാ​നൊ​ന്നും പോയില്ല. എങ്കിലും യേശു പഠിപ്പിച്ച പാഠം അവന്റെ ഹൃദയ​ത്തി​ലേക്ക്‌ എത്തിയോ? നമ്മൾ ഒരു തെറ്റു ചെയ്യു​ക​യും അത്‌ ക്ഷമിച്ചു​കി​ട്ടി​യി​ല്ലെ​ങ്കിൽ നമ്മൾ തകർന്നു​പോ​കു​ക​യും ചെയ്യുന്ന ഒരു സാഹച​ര്യം മനസ്സിൽ കാണുക! അങ്ങനെ​യൊ​ന്നു​ണ്ടാ​കു​മ്പോ​ഴാണ്‌ ക്ഷമിച്ചു​കൊ​ടു​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഒരുപക്ഷേ, നമ്മൾ തിരി​ച്ച​റി​യുക! യേശു​വി​ന്റെ മരണത്തി​നു തൊട്ടു​മു​മ്പുള്ള ചില സംഭവ​ങ്ങ​ളി​ലേക്കു നമു​ക്കൊ​ന്നു തിരി​ച്ചു​പോ​കാം. ആ നിർണാ​യ​ക​സ​മ​യ​ങ്ങ​ളിൽ പത്രോ​സിന്‌ നിരവധി പിഴവു​കൾ സംഭവി​ക്കു​ക​യു​ണ്ടാ​യി. അവന്‌ ഗുരു​വി​ന്റെ ക്ഷമ ആവശ്യ​മാ​യി​വന്ന സന്ദർഭ​ങ്ങ​ളാ​യി​രു​ന്നു അവയോ​രോ​ന്നും.

പിഴവു​കൾ ഒന്നിനു​പി​റകെ ഒന്നായി. . .

6. യേശു അപ്പൊസ്‌ത​ല​ന്മാ​രെ താഴ്‌മ​യെ​ക്കു​റി​ച്ചു പഠിപ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ പത്രോ​സി​ന്റെ പ്രതി​ക​രണം എങ്ങനെ​യാ​യി​രു​ന്നു, പക്ഷേ, യേശു അവനോട്‌ എങ്ങനെ​യാണ്‌ പെരു​മാ​റി​യത്‌?

6 അവിസ്‌മ​ര​ണീ​യ​മായ ഒരു രാത്രി​യാ​യി​രു​ന്നു അത്‌. യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അവസാ​ന​രാ​ത്രി! യേശു​വിന്‌ അപ്പൊസ്‌ത​ല​ന്മാ​രെ ഇനിയു​മേറെ കാര്യങ്ങൾ പഠിപ്പി​ക്കാ​നു​ണ്ടാ​യി​രു​ന്നു. താഴ്‌മ​യെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു അതി​ലൊന്ന്‌. അവർക്കൊ​രു മാതൃ​ക​യാ​യി യേശു താഴ്‌മ​യോ​ടെ അവരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി. സാധാ​ര​ണ​ഗ​തി​യിൽ പരിചാ​ര​ക​രി​ലെ​തന്നെ ഏറ്റവും താഴ്‌ന്ന കൂട്ടർ ചെയ്യുന്ന ഒരു എളിയ ജോലി​യാ​യി​രു​ന്നു അത്‌. അപ്പോൾ അതിശ​യി​ച്ചു​പോയ പത്രോസ്‌ യേശു​വി​നോട്‌ ‘നീ എന്റെ കാൽ കഴുകാൻ പോകു​ക​യാ​ണോ’ എന്ന്‌ ചോദി​ച്ചു. എന്നിട്ട്‌, ‘നീ എന്റെ കാൽ കഴുകു​ക​യില്ല’ എന്നു പറഞ്ഞ്‌ ആ സേവനം നിരാ​ക​രി​ച്ചു. പക്ഷേ ഉടനെ​തന്നെ, ‘പാദങ്ങൾ മാത്രമല്ല, കൈക​ളും തലയും കൂടി കഴു​കേ​ണമേ’ എന്നു പറഞ്ഞ്‌ പത്രോസ്‌ യേശു​വി​നെ നിർബ​ന്ധി​ച്ചു! ഇപ്പോ​ഴൊ​ന്നും യേശു ക്ഷമ കൈവി​ടു​ന്നില്ല. താൻ ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യ​വും അർഥവും അവൻ ശാന്തത​യോ​ടെ പത്രോ​സിന്‌ വിശദീ​ക​രിച്ച്‌ കൊടു​ത്തു.—യോഹ. 13:1-17.

7, 8. (എ) പത്രോസ്‌ പിന്നെ​യും യേശു​വി​ന്റെ ക്ഷമ പരീക്ഷി​ച്ചത്‌ എങ്ങനെ​യെ​ല്ലാം? (ബി) യേശു വീണ്ടും ദയയും ക്ഷമയും കാണി​ച്ചത്‌ എങ്ങനെ?

7 ഒട്ടും വൈകാ​തെ, പത്രോസ്‌ വീണ്ടും യേശു​വി​ന്റെ ക്ഷമ പരീക്ഷി​ച്ചു. തങ്ങളിൽ ആരാണ്‌ വലിയ​വ​നെന്ന്‌ അപ്പൊസ്‌ത​ല​ന്മാർ തമ്മിൽ തർക്കം തുടങ്ങി. മനുഷ്യ​ന്റെ​യു​ള്ളി​ലെ അഹങ്കാ​ര​മെന്ന ദുർഗു​ണം വെളി​ച്ചത്തു കൊണ്ടു​വന്ന ലജ്ജാക​ര​മായ ആ തർക്കത്തിൽ പത്രോ​സി​നും ഒരു പങ്കുണ്ടാ​യി​രു​ന്നു. എന്നിട്ടും യേശു അവരെ ദയയോ​ടെ തിരു​ത്തു​ക​യാ​ണു​ണ്ടാ​യത്‌. അവർ ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​പ്രതി അവൻ അവരെ അഭിന​ന്ദി​ക്കു​ക​പോ​ലും ചെയ്‌തു! വിശ്വസ്‌ത​മാ​യി ഗുരു​വി​നോട്‌ പറ്റിനി​ന്ന​വ​രാ​യി​രു​ന്നു അവർ. എന്നാൽ താമസി​യാ​തെ, അവരെ​ല്ലാം തന്നെ ഉപേക്ഷി​ച്ചു​പോ​കു​മെന്ന്‌ യേശു വെളി​പ്പെ​ടു​ത്തി. അതു കേട്ടയു​ടനെ, താൻ മരി​ക്കേ​ണ്ടി​വ​ന്നാ​ലും ഗുരു​വി​നെ വിട്ടു​പോ​കു​ക​യി​ല്ലെന്ന്‌ പത്രോസ്‌ തറപ്പിച്ചു പറഞ്ഞു. എന്നാൽ, നേരെ മറിച്ചാണ്‌ സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ യേശു അറിയി​ച്ചു. ആ രാത്രി​യിൽത്തന്നെ കോഴി രണ്ടു​പ്രാ​വ​ശ്യം കൂകു​ന്ന​തി​നു മുമ്പ്‌ പത്രോസ്‌ തന്നെ മൂന്നു​വട്ടം തള്ളിപ്പ​റ​യു​മെന്ന്‌ യേശു പറഞ്ഞു. പത്രോസ്‌ യേശു​വി​ന്റെ വാക്കു​കളെ ഖണ്ഡി​ച്ചെന്നു മാത്രമല്ല, വീമ്പി​ള​ക്കു​ക​യും ചെയ്‌തു. മറ്റെല്ലാ അപ്പൊസ്‌ത​ല​ന്മാ​രും യേശു​വി​നെ വിട്ടു​പോ​യാ​ലും താൻ ഒരിക്ക​ലും അങ്ങനെ ചെയ്യി​ല്ലെന്ന്‌ അവൻ ആണയിട്ടു.—മത്താ. 26:31-35; മർക്കോ. 14:27-31; ലൂക്കോ. 22:24-28; യോഹ. 13:36-38.

8 ഏതൊരു മനുഷ്യ​നും ക്ഷമയുടെ നെല്ലി​പ്പലക കണ്ടു​പോ​കുന്ന സന്ദർഭം! പക്ഷേ, യേശു​വിന്‌ ക്ഷമ നശിച്ചോ? ഇല്ല! മാത്രമല്ല, ആ പ്രയാ​സ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം യേശു തന്റെ അപൂർണ​രായ അപ്പൊസ്‌ത​ല​ന്മാ​രു​ടെ നന്മയാണ്‌ കണ്ടത്‌. പത്രോസ്‌ തന്നെ നിരാ​ശ​പ്പെ​ടു​ത്തു​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും യേശു അവനെ​ക്കു​റി​ച്ചു പറഞ്ഞത്‌ എന്താ​ണെ​ന്നോ? “നിന്റെ വിശ്വാ​സം പൊയ്‌പോ​കാ​തി​രി​ക്കാൻ ഞാൻ നിനക്കു​വേണ്ടി പ്രാർഥി​ച്ചു. നീ തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തണം.” (ലൂക്കോ. 22:32) പത്രോസ്‌ തന്റെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പിച്ച്‌ തിരി​ഞ്ഞു​വ​രു​മെ​ന്നും ദൈവത്തെ തുടർന്നും വിശ്വസ്‌ത​മാ​യി സേവി​ക്കു​മെ​ന്നും യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. പത്രോ​സി​ലുള്ള ആ വിശ്വാ​സ​മാണ്‌ യേശു​വി​ന്റെ വാക്കു​ക​ളിൽ നിഴലി​ക്കു​ന്നത്‌. ക്ഷമയുടെ, ദയയുടെ എത്ര ശ്രേഷ്‌ഠ​മാ​തൃക!

9, 10. (എ) ഗെത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ പത്രോ​സിന്‌ ഏതു തിരു​ത്ത​ലാണ്‌ വേണ്ടി​വ​ന്നത്‌? (ബി) പത്രോ​സി​ന്റെ കാര്യം നമ്മളെ എന്ത്‌ ഓർമി​പ്പി​ക്കു​ന്നു?

9 കുറെ​ക്ക​ഴിഞ്ഞ്‌ അവർ ഗെത്ത്‌ശെമന തോട്ട​ത്തി​ലെത്തി. അവി​ടെ​വെച്ച്‌ പത്രോ​സിന്‌ ഒന്നി​ലേറെ തവണ തിരുത്തൽ വേണ്ടി​വന്നു. താൻ പ്രാർഥി​ക്കാൻ പോകു​ക​യാ​ണെ​ന്നും ഉണർന്നി​രി​ക്ക​ണ​മെ​ന്നും യേശു പത്രോ​സി​നോ​ടും യാക്കോ​ബി​നോ​ടും യോഹ​ന്നാ​നോ​ടും പറഞ്ഞു. അവൻ തീവ്ര​മായ മാനസി​ക​വ്യ​ഥ​യി​ലാ​യി​രു​ന്നു. അവന്‌ പിന്തു​ണ​വേ​ണ്ടിയ ഒരു സമയം! പക്ഷേ, പത്രോ​സും കൂട്ടു​കാ​രും വീണ്ടും​വീ​ണ്ടും ഉറക്കത്തി​ലേക്കു വഴുതി​വീ​ണു. അപ്പൊസ്‌ത​ല​ന്മാർ ഉറങ്ങി​പ്പോ​കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ യേശു മനസ്സി​ലാ​ക്കി. അവരോട്‌ ക്ഷമിച്ചു​കൊണ്ട്‌ അനുക​മ്പ​യോ​ടെ അവൻ പറഞ്ഞു: “ആത്മാവ്‌ ഒരുക്ക​മു​ള്ളത്‌; ജഡമോ ബലഹീ​ന​മ​ത്രേ.”—മർക്കോ. 14:32-41.

10 അല്‌പ​നേ​ര​ത്തി​നു​ള്ളിൽ ഒരു ജനക്കൂട്ടം അവി​ടെ​യെത്തി. പന്തങ്ങളും വാളു​ക​ളും വടിക​ളും ആയാണ്‌ അവർ വന്നത്‌. ജാഗ്ര​ത​യും വിവേ​ച​ന​യും കാണി​ക്കേണ്ട സമയമാ​യി​രു​ന്നു അത്‌. എന്നാൽ പത്രോസ്‌ മുന്നും​പി​ന്നും നോക്കാ​തെ എടുത്തു​ചാ​ടി പ്രവർത്തി​ച്ചു. അവൻ മഹാപു​രോ​ഹി​തന്റെ ദാസനായ മൽക്കൊ​സി​ന്റെ തലയ്‌ക്കു​നേരെ വാൾ വീശി. വാൾ കൊണ്ടത്‌ ചെവി​ക്കാണ്‌. ചെവി അറ്റു​പോ​യി. യേശു അവി​ടെ​യും ശാന്തനാ​യി പത്രോ​സി​നെ തിരുത്തി. എന്നിട്ട്‌ ആ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി. പിന്നെ അക്രമ​ത്തി​ന്റെ മാർഗം വെടി​യു​ക​യെന്ന മഹനീ​യ​മായ ഒരു തത്ത്വം പഠിപ്പി​ച്ചു. ഇന്നോ​ള​മുള്ള ക്രിസ്‌തു​ശി​ഷ്യർക്ക്‌ അത്‌ വഴികാ​ട്ടി​യാ​യി! (മത്താ. 26:47-55; ലൂക്കോ. 22:47-51; യോഹ. 18:10, 11) പത്രോ​സിന്‌ ഗുരു​വി​ന്റെ ക്ഷമ വേണ്ടിവന്ന എത്ര അവസര​ങ്ങ​ളാണ്‌ ഈ ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽത്തന്നെ ഉണ്ടായത്‌! നാമെ​ല്ലാം കൂടെ​ക്കൂ​ടെ തെറ്റി​പ്പോ​കു​ന്നെന്ന്‌ ഇത്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നി​ല്ലേ? (യാക്കോബ്‌ 3:2 വായി​ക്കുക.) ഒരൊറ്റ ദിവസം​തന്നെ, ദൈവ​ത്തി​ന്റെ ക്ഷമ ആവശ്യ​മാ​യി​വ​രുന്ന എത്ര​യെത്ര പിഴവു​ക​ളാണ്‌ നമ്മൾ വരുത്താ​റു​ള്ളത്‌? പത്രോ​സി​ന്റെ കാര്യ​ത്തിൽ ആ രാത്രി പിഴവു​ക​ളു​ടെ ഒരു രാത്രി​യാ​യി​രു​ന്നു. ഏറ്റവും മോശ​മാ​യത്‌ വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.

ഏറ്റവും വലിയ പരാജയം

11, 12. (എ) യേശു​വി​നെ പിടി​കൂ​ടി​യ​ശേഷം പത്രോസ്‌ കുറെ​യൊ​ക്കെ ധൈര്യം കാണി​ച്ചത്‌ എങ്ങനെ? (ബി) താൻ ചെയ്യു​മെന്നു പറഞ്ഞത്‌ ചെയ്യാൻ പത്രോസ്‌ പരാജ​യ​പ്പെ​ട്ടത്‌ എങ്ങനെ?

11 തന്നെയാണ്‌ തേടു​ന്ന​തെ​ങ്കിൽ അപ്പൊസ്‌ത​ല​ന്മാ​രെ വിട്ടയയ്‌ക്കാൻ യേശു ആ ജനക്കൂ​ട്ട​ത്തോട്‌ പറഞ്ഞു. ജനക്കൂട്ടം യേശു​വി​നെ വളയു​ന്നത്‌ പത്രോസ്‌ നിസ്സഹാ​യ​നാ​യി നോക്കി​നി​ന്നു. പിന്നെ പത്രോ​സും, മറ്റ്‌ അപ്പൊസ്‌ത​ല​ന്മാ​രെ​പ്പോ​ലെ യേശു​വി​നെ വിട്ട്‌ ഓടി​പ്പോ​യി.

12 മുൻമ​ഹാ​പു​രോ​ഹി​ത​നാ​യി​രുന്ന ഹന്നാവി​ന്റെ അരമന​യു​ടെ അടു​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രി​ക്കാം, പത്രോ​സും യോഹ​ന്നാ​നും ഒന്നു നിന്നു. യേശു​വി​നെ ചോദ്യം ചെയ്യാ​നാ​യി ആദ്യം കൊണ്ടു​പോ​യത്‌ അങ്ങോ​ട്ടാണ്‌. അവി​ടെ​നിന്ന്‌ യേശു​വി​നെ അടുത്ത സ്ഥലത്തേക്കു കൊണ്ടു​പോ​യ​പ്പോൾ പത്രോ​സും യോഹ​ന്നാ​നും പിന്നാലെ പോയി. പക്ഷേ, “കുറെ അകലെ​യാ​യി”ട്ടാണ്‌ പിന്തു​ടർന്നത്‌. (മത്താ. 26:58; യോഹ. 18:12, 13) പത്രോസ്‌ എന്തായാ​ലും ഒരു ഭീരു​വാ​യി​രു​ന്നില്ല. കാരണം ഇങ്ങനെ പിന്തു​ടർന്നു​പോ​കാൻ കുറെ​യൊ​ക്കെ ധൈര്യം വേണമ​ല്ലോ! ആയുധ​ധാ​രി​ക​ളായ ആൾക്കൂ​ട്ട​മാണ്‌ യേശു​വി​നെ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നത്‌. പത്രോ​സാ​ണെ​ങ്കിൽ അവരിൽ ഒരാളെ വെട്ടി പരി​ക്കേൽപ്പി​ച്ച​തു​മാണ്‌. എങ്കിലും, ഗുരു​വി​നു​വേണ്ടി ജീവൻ കൊടു​ക്കാ​നും തയ്യാറാ​ണെന്നു പറഞ്ഞ പത്രോസ്‌ ആ പറഞ്ഞതു​പോ​ലുള്ള കൂറും സ്‌നേ​ഹ​വും ഒന്നും ഇപ്പോൾ കാണി​ക്കു​ന്നില്ല.—മർക്കോ. 14:31.

13. ക്രിസ്‌തു​വി​നെ അനുഗ​മി​ക്കേണ്ട ശരിയായ, ഒരേ​യൊ​രു വിധം ഏതാണ്‌?

13 പത്രോ​സി​നെ​പ്പോ​ലെ “കുറെ അകലെ​യാ​യി” യേശു​വി​നെ അനുഗ​മി​ക്കാൻ ആഗ്രഹി​ക്കുന്ന ഒട്ടേ​റെ​പ്പേർ ഇന്നുമുണ്ട്‌. മറ്റാരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാ​തെ യേശു​വി​നെ അനുഗ​മി​ക്കാ​നാണ്‌ അവർക്കി​ഷ്ടം. എന്നാൽ യേശു​വി​നെ അനുഗ​മി​ക്കേണ്ട ഒരേ​യൊ​രു വിധം പത്രോ​സു​തന്നെ പിന്നീട്‌ എഴുതി​യി​ട്ടുണ്ട്‌: സകല കാര്യ​ത്തി​ലും യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ എത്ര അടുത്ത്‌ പിന്തു​ട​രാ​മോ അത്രയും അടുത്ത്‌ പിന്തു​ട​രുക, വരും​വ​രായ്‌കകൾ എന്തുത​ന്നെ​യാ​യാ​ലും!1 പത്രോസ്‌ 2:21 വായി​ക്കുക.

14. യേശു​വി​നെ വിചാരണ ചെയ്‌ത രാത്രി, പത്രോസ്‌ സമയം ചെലവ​ഴി​ച്ചത്‌ എങ്ങനെ?

14 പത്രോസ്‌ കരുത​ലോ​ടെ പിന്തു​ട​രു​ക​യാണ്‌. അങ്ങനെ പോയി​പ്പോ​യി അവൻ ചെന്നു നിന്നത്‌ യെരു​ശ​ലേ​മി​ലെ ഗംഭീ​ര​മായ ഒരു മണിമ​ന്ദി​ര​ത്തി​ന്റെ പടിക്ക​ലാണ്‌. അധികാ​ര​വും സമ്പത്തും വേണ്ടു​വോ​ള​മുള്ള, മഹാപു​രോ​ഹി​ത​നായ കയ്യഫാ​വി​ന്റെ വീടാണ്‌ അത്‌! ഒരു നടുമു​റ്റ​ത്തി​നു ചുറ്റു​മാ​യാണ്‌ അങ്ങനെ​യുള്ള അരമനകൾ പണിയാറ്‌. മുൻവ​ശ​ത്താ​യി ഒരു പടിവാ​തി​ലും ഉണ്ടാകും. പത്രോസ്‌ പടിവാ​തിൽക്ക​ലെത്തി. പക്ഷേ, അവനെ അകത്തേക്കു കടത്തി​വി​ട്ടില്ല. മഹാപു​രോ​ഹി​തനെ പരിച​യ​മുള്ള യോഹ​ന്നാൻ അതി​നോ​ട​കം​തന്നെ അകത്ത്‌ പ്രവേ​ശി​ച്ചി​രു​ന്നു. യോഹ​ന്നാൻ പുറത്തു​വന്ന്‌ വാതിൽക്കാ​വൽക്കാ​രി​യെ പറഞ്ഞ്‌ സമ്മതി​പ്പിച്ച്‌ പത്രോ​സി​നെ അകത്ത്‌ കയറ്റി. എന്നാൽ പത്രോസ്‌ യോഹ​ന്നാ​ന്റെ കൂടെ​ത്തന്നെ നിന്നി​ല്ലെന്നു തോന്നു​ന്നു. അരമന​യു​ടെ അകത്തു കയറി ഗുരു​വി​ന്റെ അടുത്ത്‌ നിൽക്കാ​നും ശ്രമി​ച്ചില്ല. അവൻ നടുമു​റ്റ​ത്തു​തന്നെ നിന്നു. കുറെ പരിചാ​ര​ക​രും ദാസീ​ദാ​സ​ന്മാ​രും തണുപ്പ​ക​റ്റാ​നാ​യി അവിടെ തീ കാഞ്ഞു​കൊ​ണ്ടി​രു​ന്നു. അകത്ത്‌ വിചാരണ നടക്കു​ക​യാണ്‌. യേശു​വി​നെ​തി​രെ മൊഴി കൊടു​ക്കു​ന്ന​തി​നാ​യി കള്ളസാ​ക്ഷി​കൾ വിചാരണ നടക്കുന്ന സ്ഥലത്തേക്കു വരുന്ന​തും തിരി​ച്ചു​പോ​കു​ന്ന​തും പത്രോ​സി​നു കാണാ​മാ​യി​രു​ന്നു.—മർക്കോ. 14:54-57; യോഹ. 18:15, 16, 18.

15, 16. പത്രോസ്‌ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യു​മെ​ന്നുള്ള യേശു​വി​ന്റെ പ്രവചനം സത്യമാ​യി​ത്തീർന്നത്‌ എങ്ങനെ, വിശദീ​ക​രി​ക്കുക.

15 പത്രോ​സി​നെ അകത്തു പ്രവേ​ശി​പ്പിച്ച വാതിൽക്കാ​വൽക്കാ​രിക്ക്‌ തീയുടെ വെളി​ച്ച​ത്തിൽ ഇപ്പോൾ അവനെ കുറെ​ക്കൂ​ടി നന്നായി കാണാം. അവൾ അവനെ തിരി​ച്ച​റി​ഞ്ഞു! “ഗലീല​ക്കാ​ര​നായ യേശു​വി​ന്റെ​കൂ​ടെ നീയും ഉണ്ടായി​രു​ന്ന​ല്ലോ” അവൾ പറഞ്ഞു. ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ അതു കേട്ട​പ്പോൾ പത്രോസ്‌ ഞെട്ടി​പ്പോ​യി. അവൻ അത്‌ ഉടനെ നിഷേ​ധി​ച്ചു. അവൾ ആരെക്കു​റി​ച്ചാണ്‌ പറയു​ന്ന​തെ​ന്നു​പോ​ലും തനിക്ക്‌ അറിയി​ല്ലെന്ന്‌ അവൻ പറഞ്ഞു. തന്നെ ആരും ശ്രദ്ധി​ക്കാ​തി​രി​ക്കാൻ അവൻ പടിവാ​തിൽക്ക​ലേക്കു മാറി​നി​ന്നു. എന്നാൽ അപ്പോൾ വേറൊ​രു ദാസി​പ്പെൺകു​ട്ടി അവനെ കണ്ടു. അവളും പറഞ്ഞു: “ഈ മനുഷ്യൻ നസറാ​യ​നായ യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്ന​വ​നാണ്‌.” അപ്പോൾ പത്രോസ്‌ ആണയിട്ട്‌ നിഷേ​ധി​ച്ചു: “ആ മനുഷ്യ​നെ ഞാൻ അറിയു​ക​യില്ല.” (മത്താ. 26:69-72; മർക്കോ. 14:66-68) രണ്ടാം​പ്രാ​വ​ശ്യം ഇങ്ങനെ പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രി​ക്കാം കോഴി കൂകി. പത്രോസ്‌ അത്‌ കേട്ടെ​ങ്കി​ലും മനസ്സ്‌ പതറി​യി​രു​ന്ന​തു​കൊണ്ട്‌ ഏതാനും മണിക്കൂ​റു​കൾക്കു മുമ്പ്‌ യേശു പറഞ്ഞ ആ പ്രവചനം അവൻ ഓർമി​ച്ചതേ ഇല്ല.

16 അല്‌പ​സ​മയം കഴിഞ്ഞു. പത്രോസ്‌ അപ്പോ​ഴും ആളുക​ളു​ടെ ശ്രദ്ധയിൽപ്പെ​ടാ​തി​രി​ക്കാൻ ശ്രമി​ക്കു​ന്നുണ്ട്‌. നടുമു​റ്റത്ത്‌ കൂടി​നി​ന്നി​രുന്ന കുറെ​പ്പേർ അവന്റെ അടു​ത്തേക്കു വന്നു. അവരി​ലൊ​രാൾ പത്രോസ്‌ ചെവി വെട്ടിയ മൽക്കോ​സി​ന്റെ ഒരു ബന്ധുവാ​യി​രു​ന്നു. അവൻ പത്രോ​സി​നോ​ടു പറഞ്ഞു: “ഞാൻ നിന്നെ അവന്റെ​കൂ​ടെ തോട്ട​ത്തിൽവെച്ചു കണ്ടല്ലോ.” അവർക്കു തെറ്റി​യ​താ​ണെന്ന്‌ എങ്ങനെ​യും ബോധ്യ​പ്പെ​ടു​ത്താൻ പത്രോസ്‌ ശ്രമിച്ചു. അതു​കൊണ്ട്‌ അവൻ വീണ്ടും ആണയി​ടാൻ തുടങ്ങി. താൻ പറഞ്ഞത്‌ നുണയാ​ണെ​ങ്കിൽ ശാപം തന്റെമേൽ വരട്ടെ എന്നായി​രി​ക്കാം അവൻ ആണയി​ട്ട​തി​ന്റെ അർഥം. അവൻ മൂന്നാ​മ​തും തന്റെ ഗുരു​വി​നെ തള്ളിപ്പ​റ​ഞ്ഞു​ക​ഴി​ഞ്ഞു! അവൻ അതു പറഞ്ഞതും കോഴി രണ്ടാമത്‌ കൂകി. ആ ശബ്ദം പത്രോസ്‌ വ്യക്തമാ​യി കേട്ടു.—യോഹ. 18:26, 27; മർക്കോ. 14:71, 72.

“അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോ​സി​നെ നോക്കി”

17, 18. (എ) ഗുരു​വി​നെ താൻ എത്രയ​ധി​കം നിരാ​ശ​പ്പെ​ടു​ത്തി​യെന്ന്‌ തിരി​ച്ച​റി​ഞ്ഞ​പ്പോൾ പത്രോ​സി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? (ബി) പത്രോസ്‌ എന്തു ചിന്തി​ച്ചി​രി​ക്കാം?

17 അപ്പോൾ യേശു മട്ടുപ്പാ​വി​ലേക്ക്‌ ഇറങ്ങി​വ​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. അവിടെ നിന്നാൽ നടുമു​റ്റം കാണാം. അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ ഈ നിമി​ഷ​ത്തി​ലാണ്‌ യേശു​വി​ന്റെ​യും പത്രോ​സി​ന്റെ​യും കണ്ണുകൾ തമ്മിലി​ട​ഞ്ഞത്‌. അപ്പോ​ഴാണ്‌ പത്രോ​സിന്‌ ഗുരു​വി​നെ താൻ എത്ര നിരാ​ശ​പ്പെ​ടു​ത്തി​യെന്ന ബോ​ധോ​ദ​യ​മു​ണ്ടാ​യത്‌. കുറ്റ​ബോ​ധം​കൊണ്ട്‌ തകർന്ന്‌ അവൻ നടുമു​റ്റം വിട്ടു. അവൻ നഗരവീ​ഥി​യി​ലൂ​ടെ എങ്ങോ​ട്ടെ​ന്നി​ല്ലാ​തെ നടന്നു. അന്ന്‌ വെളു​ത്ത​വാ​വാ​യി​രു​ന്നു. അസ്‌ത​മ​ന​നി​ലാ​വി​ന്റെ വെളിച്ചം അപ്പോ​ഴും ആ വീഥി​ക​ളിൽ പരന്നി​രു​ന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു​നി​റഞ്ഞ്‌ വന്നു. പിന്നി​ടുന്ന വഴിയി​ലെ കാഴ്‌ചകൾ ഒന്നും അവൻ കാണു​ന്നു​ണ്ടാ​യി​രു​ന്നില്ല. അവന്‌ ദുഃഖം അടക്കാ​നാ​യില്ല. ഒടുവിൽ ഹൃദയം തകർന്ന്‌ അവൻ പൊട്ടി​ക്ക​രഞ്ഞു!—മർക്കോ. 14:72; ലൂക്കോ. 22:61, 62.

18 ഇങ്ങനെ​യൊ​രു പരാജ​യ​ത്തി​നു ശേഷം ഏതൊ​രാ​ളും തന്റെ തെറ്റ്‌ പൊറു​ക്കാ​നാ​കാ​ത്ത​താ​ണെന്ന്‌ ചിന്തി​ച്ചു​പോ​കാൻ സാധ്യ​ത​യുണ്ട്‌. പത്രോ​സും അങ്ങനെ വിചാ​രി​ച്ചി​ട്ടു​ണ്ടാ​കും. മാപ്പ്‌ അർഹി​ക്കാത്ത പാപമാ​യി​രു​ന്നോ പത്രോ​സി​ന്റേത്‌?

പത്രോ​സി​ന്റെ കുറ്റം മാപ്പ്‌ അർഹി​ക്കാ​ത്ത​താ​യി​രു​ന്നോ?

19. പത്രോ​സിന്‌ അവന്റെ വീഴ്‌ച​യെ​പ്പറ്റി എങ്ങനെ തോന്നി​യി​രി​ക്കാം, എന്നിട്ടും അവൻ നിരാ​ശയ്‌ക്ക്‌ അടി​പ്പെ​ട്ടു​പോ​യി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

19 നേരം പുലർന്നു. തുടർന്നു​ണ്ടായ സംഭവങ്ങൾ പത്രോ​സി​ന്റെ വേദന​യു​ടെ ആഴം കൂട്ടി​ക്കാ​ണു​കയേ ഉള്ളൂ. മണിക്കൂ​റു​കൾ നീണ്ട യാതന​കൾക്കൊ​ടു​വിൽ യേശു മരിച്ചു. അപ്പോൾ പത്രോസ്‌ കുറ്റ​ബോ​ധം​കൊണ്ട്‌ നീറി​ക്കാ​ണണം. ‘എന്റെ ഗുരു ഒരു മനുഷ്യ​നാ​യി ഈ ഭൂമി​യിൽ ജീവിച്ച അവസാ​ന​ദി​വ​സ​മാ​യി​രു​ന്ന​ല്ലോ ഇന്നലെ. ആ അവസാ​ന​ദി​വസം ഗുരു​വിന്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന കഠിന​യാ​ത​ന​ക​ളോട്‌ ഞാനും കൂടി ഒരു വീതം കൂട്ടി​യ​ല്ലോ’ എന്നോർത്ത​പ്പോൾ പത്രോസ്‌ നടുങ്ങി​യി​ട്ടു​ണ്ടാ​കും. ഹൃദയം നുറു​ങ്ങുന്ന വേദന​യാ​യി​രു​ന്നെ​ങ്കി​ലും പത്രോസ്‌ നിരാ​ശയ്‌ക്ക്‌ വഴി​പ്പെ​ട്ടില്ല. നമുക്ക്‌ എങ്ങനെ അറിയാം? ഒട്ടും വൈകാ​തെ, പത്രോസ്‌ മറ്റ്‌ അപ്പൊസ്‌ത​ല​ന്മാ​രു​ടെ കൂടെ ആയിരി​ക്കു​ന്ന​താ​യി ബൈബിൾ വിവരണം പറയു​ന്നുണ്ട്‌. (ലൂക്കോ. 24:33) കഴിഞ്ഞു​പോയ ഭീകര​മായ ആ രാത്രി​യിൽ തങ്ങൾ ഓരോ​രു​ത്ത​രും ഗുരു​വി​നോട്‌ എത്ര നിന്ദ്യ​മാ​യാണ്‌ പെരു​മാ​റി​യ​തെന്ന്‌ ഓർത്ത​പ്പോൾ അപ്പൊസ്‌ത​ല​ന്മാർക്കെ​ല്ലാം നാണ​ക്കേ​ടും സങ്കടവും ഒക്കെ തോന്നി. ഇപ്പോൾ ഒരുമിച്ച്‌ കൂടി​വ​ന്നത്‌ അവർക്ക്‌ പരസ്‌പരം ആശ്വസി​പ്പി​ക്കാ​നുള്ള അവസര​മാ​യി.

20. വീഴ്‌ച​പ​റ്റി​യെ​ങ്കി​ലും പത്രോസ്‌ എടുത്ത നല്ല തീരു​മാ​ന​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌?

20 അപ്പൊസ്‌ത​ല​ന്മാ​രു​ടെ അടു​ത്തേക്ക്‌ പോകാൻ തീരു​മാ​നി​ച്ചത്‌ പത്രോസ്‌ എടുത്ത ഏറ്റവും നല്ല ഒരു തീരു​മാ​ന​മാ​യി​രു​ന്നു. ഒരു ദൈവ​ദാ​സന്‌ വീഴ്‌ച​പ​റ്റു​മ്പോൾ എത്ര ആഴത്തി​ലേ​ക്കാണ്‌ വീണത്‌ എന്നതല്ല കാര്യം. മറിച്ച്‌, ഉറച്ച തീരു​മാ​ന​മെ​ടുത്ത്‌ എഴു​ന്നേറ്റ്‌ കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 24:16 വായി​ക്കുക.) അതീവ​ദുഃ​ഖി​ത​നാ​യി​രു​ന്നെ​ങ്കി​ലും പത്രോസ്‌ സഹോ​ദ​ര​ന്മാ​രു​ടെ ഒപ്പം ആയിരി​ക്കാൻ ആഗ്രഹി​ച്ചു. അവന്‌ യഥാർഥ​വി​ശ്വാ​സ​മു​ണ്ടെ​ന്നാണ്‌ അത്‌ തെളി​യി​ച്ചത്‌. പശ്ചാത്താ​പ​വും സങ്കടവും കൊണ്ട്‌ ഭാര​പ്പെ​ടു​മ്പോൾ ഒറ്റയ്‌ക്കി​രി​ക്കാ​നാ​യി​രി​ക്കും നമുക്കു തോന്നുക, പക്ഷേ അത്‌ അപകട​മാണ്‌! (സദൃ. 18:1) ആ സമയത്ത്‌ നമ്മുടെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ആയിരി​ക്കുക, അങ്ങനെ ദൈവത്തെ സേവി​ക്കാ​നുള്ള കരുത്ത്‌ വീണ്ടെ​ടു​ക്കുക. അതല്ലേ വേണ്ടത്‌?—എബ്രാ. 10:24, 25.

21. ആത്മീയ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒപ്പമാ​യി​രു​ന്ന​തു​കൊണ്ട്‌ പത്രോ​സിന്‌ ഏതു വാർത്ത അറിയാ​നാ​യി?

21 അങ്ങനെ അവർ ഒരുമി​ച്ചി​രി​ക്കു​മ്പോൾ യേശു​വി​ന്റെ ശരീരം കല്ലറയിൽ കാണാ​നി​ല്ലെന്ന ഞെട്ടി​ക്കുന്ന വാർത്ത കേട്ടു. ആത്മീയ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒപ്പമാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഇപ്പോൾ പത്രോ​സിന്‌ അത്‌ അറിയാ​നാ​യത്‌. വാർത്ത​യ​റി​ഞ്ഞ​തും പത്രോ​സും യോഹ​ന്നാ​നും അവി​ടേക്ക്‌ ഓടി. യേശു​വി​നെ സംസ്‌ക​രിച്ച കല്ലറയു​ടെ കവാടം മുദ്ര​വെച്ച്‌ ഭദ്രമാ​ക്കി​യി​രു​ന്ന​താണ്‌. പിന്നെ എന്തുപ​റ്റി​ക്കാ​ണും? ചെറു​പ്പ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം യോഹ​ന്നാ​നാണ്‌ ആദ്യം എത്തിയത്‌. കല്ലറ അതാ തുറന്നു​കി​ട​ക്കു​ന്നു! അവൻ അകത്തേക്കു പോകാൻ മടിച്ചു. പക്ഷേ ഓടി​ക്കി​ത​ച്ചു​വന്ന പത്രോസ്‌ ഒട്ടും മടിച്ചില്ല, നേരേ അകത്തേക്ക്‌ പോയി. കല്ലറ ശൂന്യ​മാ​യി​രു​ന്നു!—യോഹ. 20:3-9.

22. പത്രോ​സി​ന്റെ മനസ്സിലെ സങ്കടവും സംശയ​വും എല്ലാം അലിഞ്ഞി​ല്ലാ​താ​യ​തി​ന്റെ കാരണ​മെന്ത്‌?

22 യേശു ഉയിർത്തെ​ഴു​ന്നേ​റ്റെന്ന്‌ പത്രോസ്‌ വിശ്വ​സി​ച്ചോ? ആദ്യം വിശ്വ​സി​ച്ചില്ല. ദൂതന്മാർ തങ്ങൾക്ക്‌ പ്രത്യ​ക്ഷ​പ്പെട്ട്‌ യേശു പുനരു​ത്ഥാ​നം ചെയ്‌തെന്ന്‌ അറിയി​ച്ച​താ​യി ദൈവ​ഭ​ക്ത​രായ ചില സ്‌ത്രീ​കൾ അവിടെ കൂടി​യി​രു​ന്ന​വ​രോട്‌ പറഞ്ഞി​രു​ന്നു. എന്നിട്ടും അവൻ വിശ്വ​സി​ച്ചില്ല. (ലൂക്കോ. 23:55–24:11) പക്ഷേ അന്ന്‌ വൈകു​ന്നേ​ര​ത്തോ​ടെ, പത്രോ​സി​ന്റെ മനസ്സിലെ എല്ലാ സങ്കടവും സംശയ​വും, അവസാ​നത്തെ കണിക​പോ​ലും, അലിഞ്ഞി​ല്ലാ​താ​യി! യേശു ജീവി​ച്ചി​രി​പ്പുണ്ട്‌! ശക്തനായ ഒരു ആത്മരൂ​പി​യാണ്‌ ഇപ്പോൾ അവൻ! യേശു അപ്പൊസ്‌ത​ല​ന്മാർക്കെ​ല്ലാം പ്രത്യ​ക്ഷ​നാ​യി. എന്നാൽ ആദ്യം അവൻ മറ്റൊരു കാര്യം ചെയ്‌തു. വളരെ സ്വകാ​ര്യ​മാ​യൊ​രു കാര്യം. എന്തായി​രു​ന്നു അത്‌? അന്ന്‌ അപ്പൊസ്‌ത​ല​ന്മാർ പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​കും. “കർത്താവ്‌ നിശ്ചയ​മാ​യും ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; അവൻ ശിമോ​നു പ്രത്യ​ക്ഷ​നാ​യി.” (ലൂക്കോ. 24:34) യേശു പ്രത്യ​ക്ഷ​പ്പെട്ട അവിസ്‌മ​ര​ണീ​യ​മായ ആ ദിവസ​ത്തെ​പ്പറ്റി പൗലോസ്‌ അപ്പൊസ്‌ത​ല​നും ഇതേ​പോ​ലെ എഴുതി​യി​ട്ടുണ്ട്‌: “(അവൻ) കേഫായ്‌ക്കും പിന്നെ പന്തിരു​വർക്കും പ്രത്യ​ക്ഷ​നാ​യി.” (1 കൊരി. 15:5) കേഫാ​യും ശിമോ​നും പത്രോ​സി​ന്റെ മറ്റു ചില പേരു​ക​ളാണ്‌. അതെ, യേശു അന്ന്‌ പത്രോ​സിന്‌ പ്രത്യ​ക്ഷ​പ്പെട്ടു. അപ്പോൾ പത്രോസ്‌ ഒറ്റയ്‌ക്കാ​യി​രു​ന്നെന്നു തോന്നു​ന്നു.

പത്രോസിന്‌ ഗുരു​വി​ന്റെ ക്ഷമ വേണ്ടിവന്ന പല സന്ദർഭ​ങ്ങ​ളു​ണ്ടാ​യി.

23. പാപത്തിൽ വീണു​പോ​കുന്ന ക്രിസ്‌ത്യാ​നി​കൾ പത്രോ​സി​ന്റെ അനുഭവം ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

23 ഹൃദയസ്‌പർശി​യായ ആ പുനഃ​സം​ഗ​മ​ത്തി​ന്റെ വിശദാം​ശങ്ങൾ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്താ​തെ വിട്ടി​രി​ക്കു​ക​യാണ്‌. അത്‌ അവർ തമ്മിലുള്ള ഒരു സ്വകാ​ര്യം. അവന്റെ പ്രിയ​പ്പെട്ട ഗുരു വീണ്ടും ജീവ​നോ​ടെ മുമ്പിൽ വന്നു നിൽക്കു​ക​യാണ്‌. ‘മനസ്സിലെ കുറ്റ​ബോ​ധ​വും സങ്കടവും പശ്ചാത്താ​പ​വും എല്ലാം അറിയി​ക്കാൻ അവസരം കിട്ടി​യ​ല്ലോ.’ പത്രോസ്‌ ഗുരു​വി​ന്റെ മുമ്പിൽ മനസ്സിന്റെ കെട്ടഴി​ക്കു​ന്ന​തും അവന്റെ മുഖഭാ​വ​വും ഒന്നു സങ്കല്‌പി​ച്ചു നോക്കൂ! ഈ ലോക​ത്തിൽ ഇപ്പോൾ അവന്‌ വേണ്ട ഒരേ​യൊ​രു കാര്യം ക്ഷമയാണ്‌! തന്റെ അപരാ​ധങ്ങൾ ക്ഷമിച്ചു​കി​ട്ടണം! ഒന്നും ബാക്കി​വെ​ക്കാ​തെ യേശു എല്ലാം ക്ഷമിച്ചു​കാ​ണി​ല്ലേ? നിങ്ങൾക്ക്‌ എന്തു​തോ​ന്നു​ന്നു? ഇന്നുള്ള ദൈവ​ദാ​സ​ന്മാർ പാപത്തിൽ വീഴാൻ ഇടയാ​യാൽ, പത്രോ​സി​ന്റെ ഈ ജീവി​താ​നു​ഭവം ഓർക്കേ​ണ്ട​താണ്‌. ‘ദൈവം എന്നോടു ക്ഷമിക്കില്ല’ എന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. പിതാ​വി​നെ അതേപടി പകർത്തി​യ​വ​നാണ്‌ യേശു. “ധാരാളം ക്ഷമിക്കു”ന്നവനാ​ണ​ല്ലോ അവന്റെ പിതാവ്‌.—യെശ. 55:7.

ക്ഷമിച്ചു​കി​ട്ടി​യ​തി​ന്റെ കൂടു​ത​ലായ തെളി​വു​കൾ

24, 25. (എ) പത്രോസ്‌ രാത്രി​യിൽ ഗലീല​ക്ക​ട​ലിൽ മീൻപി​ടി​ക്കാൻ പോയത്‌ വർണി​ക്കുക. (ബി) പിറ്റേന്നു രാവിലെ യേശു ചെയ്‌ത അത്ഭുതം കണ്ട പത്രോ​സി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു?

24 യേശു അപ്പൊസ്‌ത​ല​ന്മാ​രോട്‌ ഗലീല​യി​ലേക്ക്‌ പോകാൻ നിർദേ​ശി​ച്ചു. അവി​ടെ​വെച്ച്‌ അവൻ അവരെ കാണും. അങ്ങനെ അവർ അവിടെ എത്തിയ​പ്പോൾ, പത്രോസ്‌ മീൻപി​ടി​ക്കാൻ പോകാൻ തീരു​മാ​നി​ച്ചു. മറ്റുള്ള​വ​രും കൂടെ​ക്കൂ​ടി. ജീവി​ത​ത്തി​ന്റെ ഏറിയ പങ്കും ചെലവ​ഴിച്ച ഗലീല തടാക​ത്തി​ന്റെ തീരത്ത്‌ വീണ്ടും എത്തിയി​രി​ക്കു​ക​യാണ്‌ പത്രോസ്‌. വള്ളപ്പല​കകൾ ഞെരി​യുന്ന ശബ്ദം. വള്ളത്തി​ന്മേൽ വന്നലയ്‌ക്കുന്ന തിരകൾ. കൈയിൽ വലയുടെ പരുപ​രുപ്പ്‌. എല്ലാം സുപരി​ചി​തം, പഴയ തൊഴി​ലി​ന്റെ സുഖം പകരുന്ന അനുഭൂ​തി. പക്ഷേ, ആ രാത്രി അവർക്ക്‌ മീനൊ​ന്നും കിട്ടി​യില്ല.—മത്താ. 26:32; യോഹ. 21:1-3.

പത്രോസ്‌ വള്ളത്തിൽനിന്ന്‌ എടുത്തു ചാടി നീന്തി കരയി​ലെ​ത്തി

25 വെളു​പ്പാൻകാ​ല​മാ​യ​പ്പോൾ, കരയിൽനിന്ന്‌ ഒരാൾ അവരോട്‌ വള്ളത്തിന്റെ മറുവ​ശത്ത്‌ വലയി​റ​ക്കാൻ പറഞ്ഞു. അത്‌ കേട്ട്‌ അവർ വലയി​റക്കി. നല്ല കോരു​കി​ട്ടി! 153 വലിയ മത്സ്യങ്ങൾ! പത്രോ​സിന്‌ ആളെ മനസ്സി​ലാ​യി. അവൻ വള്ളത്തിൽനിന്ന്‌ എടുത്തു ചാടി കരയി​ലേക്ക്‌ നീന്തി. കടപ്പു​റത്ത്‌, പ്രിയസ്‌നേ​ഹി​ത​ന്മാർക്ക്‌ പ്രാതൽ ഒരുക്കി യേശു അതാ കാത്തി​രി​ക്കു​ന്നു. എരിയുന്ന കനലിൽ പൊരി​യുന്ന മീൻ! യേശു​വി​ന്റെ ശ്രദ്ധ മുഴുവൻ പത്രോ​സി​ലാണ്‌.—യോഹ. 21:4-14.

26, 27. (എ) യേശു പത്രോ​സിന്‌ മൂന്ന്‌ അവസരങ്ങൾ കൊടു​ത്തത്‌ എന്തിനാ​യി​രു​ന്നു? (ബി) പൂർണ​മാ​യി ക്ഷമി​ച്ചെന്ന്‌ കാണി​ക്കാൻ എന്തു തെളി​വാണ്‌ അവൻ നൽകി​യത്‌?

26 യേശു പത്രോ​സി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​വോ?” വല നിറയെ പിടി​ച്ചു​കൂ​ട്ടിയ മത്സ്യ​ശേ​ഖരം ചൂണ്ടി​യാ​യി​രി​ക്കാം അവൻ ഇതു ചോദി​ച്ചത്‌. മീൻപി​ടി​ത്ത​വും കച്ചവട​വും തുടരാ​നുള്ള ആഗ്രഹ​വും യേശു​വി​നോ​ടുള്ള സ്‌നേ​ഹ​വും തമ്മി​ലൊ​രു വടംവലി പത്രോ​സി​ന്റെ​യു​ള്ളിൽ ഉണ്ടായി​രു​ന്നോ? പത്രോസ്‌ ഗുരു​വി​നെ മൂന്നു​പ്രാ​വ​ശ്യം തള്ളിപ്പ​റ​ഞ്ഞ​ല്ലോ. ഇപ്പോൾ അവന്‌ മറ്റ്‌ അപ്പൊസ്‌ത​ല​ന്മാ​രു​ടെ മുമ്പിൽ തന്നോ​ടുള്ള സ്‌നേഹം മൂന്നു​പ്രാ​വ​ശ്യം ഉറപ്പി​ച്ചു​പ​റ​യാ​നുള്ള അവസരം യേശു കൊടു​ത്തു. പത്രോസ്‌ അങ്ങനെ ചെയ്‌ത ഓരോ തവണയും തന്നോ​ടുള്ള സ്‌നേഹം എങ്ങനെ​യാണ്‌ കാണി​ക്കേ​ണ്ട​തെന്ന്‌ യേശു അവനു പറഞ്ഞു​കൊ​ടു​ത്തു: ക്രിസ്‌തു​വി​ന്റെ ആട്ടിൻകൂ​ട്ടത്തെ പോറ്റുക, ബലപ്പെ​ടു​ത്തുക, മേയ്‌ക്കുക. അങ്ങനെ വിശു​ദ്ധ​ശു​ശ്രൂഷ മറ്റെല്ലാ​റ്റി​നും മീതെ വെക്കാൻ യേശു അവനോട്‌ ആവശ്യ​പ്പെട്ടു.—ലൂക്കോ. 22:32; യോഹ. 21:15-17.

27 തനിക്കും പിതാ​വി​നും പത്രോ​സി​നെ ഇനിയും ആവശ്യ​മു​ണ്ടെന്ന്‌ ഇതിലൂ​ടെ ഉറപ്പി​ക്കു​ക​യാ​യി​രു​ന്നു യേശു. ക്രിസ്‌തു​വി​ന്റെ മേൽവി​ചാ​ര​ണ​യി​ലുള്ള സഭയിൽ പത്രോസ്‌ വിലപ്പെട്ട സേവനം ചെയ്യും എന്നായി​രു​ന്നു അതിനർഥം. ഒന്നും ബാക്കി​വെ​ക്കാ​തെ പത്രോ​സി​നോട്‌ യേശു ക്ഷമി​ച്ചെന്ന്‌ ഇതോടെ വ്യക്തമാ​യി​ല്ലേ? യേശു കാണിച്ച കരുണ പത്രോ​സി​ന്റെ ഉള്ളിൽ തൊട്ടു. അവൻ അത്‌ ഹൃദയ​ത്തി​ലേ​ക്കാണ്‌ സ്വീക​രി​ച്ചത്‌.

28. പത്രോസ്‌ തന്റെ പേര്‌ അർഥപൂർണ​മാ​ക്കി ജീവി​ച്ചത്‌ എങ്ങനെ?

28 ഗുരു കൊടുത്ത നിയോ​ഗം പത്രോസ്‌ വർഷങ്ങ​ളോ​ളം വിശ്വസ്‌ത​ത​യോ​ടെ നിറ​വേറ്റി. മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു കല്‌പി​ച്ച​തു​പോ​ലെ അവൻ തന്റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തി. ക്രിസ്‌തു​വി​ന്റെ ആടുകളെ അനുക​മ്പ​യോ​ടെ​യും ക്ഷമയോ​ടെ​യും അവൻ മേയ്‌ക്കു​ക​യും പോറ്റു​ക​യും ചെയ്‌തു. ശിമോൻ എന്നു പേരുള്ള ഈ മനുഷ്യൻ യേശു അവന്‌ നൽകിയ പത്രോസ്‌ അഥവാ പാറ എന്ന പേര്‌ അർഥപൂർണ​മാ​ക്കി. അവൻ ഉറപ്പും സ്ഥിരത​യും ഉള്ള ആശ്രയ​യോ​ഗ്യ​നായ വ്യക്തി​യാ​യി, സഭയ്‌ക്കൊ​രു മുതൽക്കൂ​ട്ടാ​യി ജീവിച്ചു. പത്രോസ്‌ എഴുതിയ സ്‌നേ​ഹ​വും ഊഷ്‌മ​ള​ത​യും തുളു​മ്പുന്ന രണ്ടു ലേഖനങ്ങൾ ഇതിനു തെളി​വാ​ണെന്നു പറയാം. ആ രണ്ടു കത്തുക​ളും വിലപ്പെട്ട ബൈബിൾരേ​ഖ​യു​ടെ ഭാഗമാ​യി. ക്ഷമിച്ചു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു​വിൽനി​ന്നു പഠിച്ച പാഠം അവൻ ഒരിക്ക​ലും മറന്നി​ല്ലെ​ന്നും ആ ലേഖനങ്ങൾ നമുക്കു കാണി​ച്ചു​ത​രു​ന്നു.1 പത്രോസ്‌ 3:8, 9; 4:8 വായി​ക്കുക.

29. പത്രോ​സി​ന്റെ വിശ്വാ​സ​വും അവന്റെ ഗുരു​വി​ന്റെ കരുണ​യും നമുക്ക്‌ അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

29 ആ പാഠം നമുക്കും പഠിക്കാം. അനവധി​യായ പിഴവു​കൾക്ക്‌ നമ്മൾ ഓരോ ദിവസ​വും ദൈവ​ത്തോട്‌ ക്ഷമ യാചി​ക്കു​ന്നു​ണ്ടോ? അവൻ നൽകുന്ന പാപക്ഷമ സ്വീക​രി​ക്കു​ക​യും നമ്മെ കഴുകി​വെ​ടി​പ്പാ​ക്കാ​നുള്ള ശക്തി അതിനു​ണ്ടെന്ന്‌ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? സഹമനു​ഷ്യ​രോട്‌ അവരുടെ പിഴവു​കൾ ക്ഷമിച്ചു​കൊ​ടു​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ, നമ്മൾ പത്രോ​സി​ന്റെ വിശ്വാ​സം അനുക​രി​ക്കു​ക​യാണ്‌. ഒപ്പം, അവന്റെ ഗുരു​വി​ന്റെ കരുണ​യും!