ന്യായവിധി, സത്യാരാധന, മിശിഹായുടെ വരവും ഭരണവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സന്ദേശങ്ങൾ നൽകാൻ യഹോവ പ്രവാചകന്മാരെ നിയോഗിക്കുന്നു
ഇസ്രായേലിലും യെഹൂദയിലും രാജഭരണം നടന്ന കാലഘട്ടത്തിൽ ജനത്തെ തന്റെ സന്ദേശങ്ങൾ അറിയിക്കാൻ ദൈവം ചിലരെ നിയോഗിച്ചു. അവരെയാണ് പ്രവാചകന്മാർ എന്നു വിളിക്കുന്നത്. ദൈവത്തിൽനിന്ന് അരുളപ്പാടുകൾ സ്വീകരിച്ച് മറ്റുള്ളവരെ അറിയിച്ചിരുന്ന ഈ മനുഷ്യർ അസാധാരണമായ വിശ്വാസവും ധൈര്യവുമാണ് പ്രകടിപ്പിച്ചത്. ദൈവത്തിന്റെ പ്രവാചകർ നൽകിയ സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള നാലു സുപ്രധാന വിഷയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. യെരുശലേമിന്റെ നാശം. യെരുശലേം നശിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ദൈവത്തിന്റെ പ്രവാചകന്മാർ ദീർഘകാലം മുമ്പേ മുന്നറിയിപ്പു നൽകിയിരുന്നു. അവരിൽ രണ്ടുപേരാണ് യെശയ്യാവും യിരെമ്യാവും. നഗരം ദൈവക്രോധത്തിനു പാത്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ വളരെ വ്യക്തമായി പറഞ്ഞിരുന്നു. വ്യാജമതാചാരങ്ങളും അക്രമവും അഴിമതിയും യെരുശലേം നഗരത്തിൽ തേർവാഴ്ചനടത്തി. അങ്ങനെ തങ്ങൾ ദൈവജനമാണെന്ന യെരുശലേം നിവാസികളുടെ അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞു.—2 രാജാക്കന്മാർ 21:10-15; യെശയ്യാവു 3:1-8, 16-26; യിരെമ്യാവു 2:1–3:13.
2. സത്യാരാധനയുടെ പുനസ്ഥാപനം. 70 വർഷത്തെ പ്രവാസത്തിനുശേഷം ദൈവജനം ബാബിലോണിൽനിന്നു വിടുവിക്കപ്പെടുമായിരുന്നു. അവർ ശൂന്യമാക്കപ്പെട്ട സ്വന്തം ദേശത്ത് തിരിച്ചെത്തി യെരുശലേമിൽ യഹോവയുടെ ആലയം പുനർനിർമിക്കുമായിരുന്നു. (യിരെമ്യാവു 46:27; ആമോസ് 9:13-15) ബാബിലോണിനെ നശിപ്പിച്ച് സത്യാരാധന പുനസ്ഥാപിക്കാൻ ദൈവജനത്തെ അനുവദിക്കുന്ന ജേതാവിന്റെ പേര് എന്തായിരിക്കുമെന്ന് ഏതാണ്ട് 200 വർഷം മുമ്പേ യെശയ്യാവ് വെളിപ്പെടുത്തിയിരുന്നു. കോരെശ് എന്നു പേരുള്ള ആ രാജാവ് അവലംബിക്കാനിരുന്ന യുദ്ധതന്ത്രങ്ങളുടെ പ്രത്യേകതളെക്കുറിച്ചുപോലും യെശയ്യാവ് വിശദമായി പ്രവചിച്ചു.—യെശയ്യാവു 44:24–45:3.
3. മിശിഹായുടെ വരവും കഷ്ടാനുഭവവും. മിശിഹായുടെ ജനനം ബേത്ത്ലെഹെം എന്ന പട്ടണത്തിലായിരിക്കുമായിരുന്നു. (മീഖാ 5:2) അവൻ എളിമയോടെ ഒരു കഴുതപ്പുറത്ത് യെരുശലേമിലേക്കു പ്രവേശിച്ചുകൊണ്ട് അവിടത്തെ നിവാസികളുടെ മുമ്പാകെ മിശിഹൈക രാജാവായി തന്നെത്തന്നെ വെളിപ്പെടുത്തുമെന്നും പ്രവചിക്കപ്പെട്ടു. (സെഖര്യാവു 9:9) സൗമ്യനും ദയാശീലനും ആയിരിക്കുമെങ്കിലും അവൻ ജനസമ്മതനായിരിക്കില്ലെന്നും ഭൂരിഭാഗം ആളുകളും അവനെ അംഗീകരിക്കില്ലെന്നും മുൻകൂട്ടിപ്പറയപ്പെട്ടു. (യെശയ്യാവു 42:1-3; 53:1, 3) അവൻ ക്രൂരമായി വധിക്കപ്പെടുമായിരുന്നു. എന്നാൽ മിശിഹായുടെ ജീവിതം അതോടെ അവസാനിക്കുമായിരുന്നോ? ഒരിക്കലുമില്ല. തന്റെ ബലിയുടെ മൂല്യം ദൈവമുമ്പാകെ സമർപ്പിച്ചുകൊണ്ട് അനേകർക്കു പാപമോചനം സാധ്യമാക്കാൻ അവൻ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.—യെശയ്യാവു 53:4, 5, 9-12.
4. ഭൂമിയിൽ മിശിഹായുടെ ഭരണം. സമാധാനപൂർണമായ ഭരണം കാഴ്ചവെക്കാൻ അപൂർണ മനുഷ്യർ അപ്രാപ്തരാണ്. മിശിഹൈക രാജാവിനു മാത്രമേ അതിനു കഴിയൂ. അവൻ “സമാധാനപ്രഭു” എന്നു വിളിക്കപ്പെടുമെന്ന് ബൈബിൾ പറയുന്നു. (യെശയ്യാവു 9:6, 7; യിരെമ്യാവു 10:23) അവന്റെ ഭരണത്തിൻകീഴിൽ മനുഷ്യർ പരസ്പരം സമാധാനത്തിൽ കഴിയും; മറ്റു ജീവജാലങ്ങളുമായും മനുഷ്യൻ സമാധാനത്തിൽ വർത്തിക്കും. (യെശയ്യാവു 11:3-7) രോഗങ്ങൾ അപ്രത്യക്ഷമാകും. (യെശയ്യാവു 33:24) മരണംപോലും എന്നേക്കുമായി നീങ്ങിപ്പോകും. (യെശയ്യാവു 25:8) മരിച്ചുപോയവർ മിശിഹായുടെ ഭരണകാലത്ത് ഈ ഭൂമിയിൽത്തന്നെ, ജീവനിലേക്കു തിരികെവരും.—ദാനീയേൽ 12:13.