ദാനീയേൽ ദൈവരാജ്യത്തെയും മിശിഹായുടെ വരവിനെയും കുറിച്ച് പ്രവചിക്കുന്നു. ബാബിലോൺ നഗരം വീഴുന്നു
യെരുശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പുതന്നെ ചില യഹൂദന്മാരെ ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയിരുന്നു. അവരിലൊരാളായിരുന്നു ദാനീയേൽ എന്ന ദൈവഭക്തനായ യുവാവ്. ദാനീയേലിനും പ്രവാസികളായിരുന്ന മറ്റുചില യഹൂദന്മാർക്കും ബാബിലോണിൽ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ബാബിലോണിലെ നീണ്ട പ്രവാസ ജീവിതത്തിൽ ദൈവത്തിൽനിന്ന് അനേകം അനുഗ്രഹങ്ങൾ ദാനീയേലിനു ലഭിച്ചു: ഭാവിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ച് അവന് ദർശനങ്ങൾ ലഭിച്ചു. ഒരിക്കൽ സിംഹക്കുഴിയിൽനിന്ന് ദൈവം അവനെ ജീവനോടെ രക്ഷിച്ചു. ദാനീയേലിന്റെ പ്രവചനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ മിശിഹായെയും അവന്റെ ഭരണത്തെയും കുറിച്ചുള്ളതാണ്.
മിശിഹാ പ്രത്യക്ഷപ്പെടുന്നത് എപ്പോഴെന്ന് ദാനീയേൽ മനസ്സിലാക്കുന്നു. ദൈവജനം മിശിഹായുടെ ആഗമനം പ്രതീക്ഷിക്കേണ്ടത് എപ്പോഴാണെന്ന് ദാനീയേലിനെ ദൈവം അറിയിച്ചു: യെരുശലേമിന്റെ മതിൽ പുതുക്കിപ്പണിയാനുള്ള കൽപ്പന പുറപ്പെട്ട് 69 ആഴ്ചവട്ടം തികയുമ്പോൾ. ഇവ ഏഴുദിവസം അടങ്ങുന്ന ആഴ്ചകളല്ല, മറിച്ച് വർഷങ്ങളുടെ ആഴ്ചകളാണ്. ഓരോ ആഴ്ചയും ഏഴു വർഷത്തെ കുറിക്കുന്നു എന്നർഥം. മതിൽ പുതുക്കിപ്പണിയാനുള്ള കൽപ്പന പുറപ്പെട്ടത് ദാനീയേൽ മരിച്ച് വർഷങ്ങൾ കഴിഞ്ഞാണ്; അതായത്, ബി.സി. 455-ൽ. അന്നുതുടങ്ങി 69 “ആഴ്ചവട്ടം” അഥവാ 483 വർഷം എണ്ണിയാൽ അതു നമ്മെ എ.ഡി. 29-ൽ കൊണ്ടെത്തിക്കുന്നു. ആ വർഷം എന്തു സംഭവിച്ചുവെന്ന് ഈ പത്രികയുടെ അടുത്ത അധ്യായത്തിൽ കാണാം. മനുഷ്യരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി മിശിഹാ “ഛേദിക്കപ്പെടു”മെന്നും ദാനീയേലിനു മുന്നറിവു ലഭിച്ചു.—ദാനീയേൽ 9:24-26.
മിശിഹാ സ്വർഗത്തിൽ രാജാവാകും. ഒരിക്കൽ ദാനീയേലിന് തികച്ചും അസാധാരണമായ ഒരു ദർശനം ലഭിച്ചു. ആ സ്വർഗീയ ദർശനത്തിൽ, “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” അതായത് മിശിഹാ, യഹോവയുടെ സിംഹാസനത്തെ സമീപിക്കുന്നത് ദാനീയേൽ കണ്ടു. യഹോവ അവന് “ആധിപത്യവും മഹത്വവും രാജത്വവും” നൽകി. ആ രാജത്വം എന്നേക്കും നിലനിൽക്കും. മിശിഹൈക രാജ്യത്തെക്കുറിച്ച് ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ദാനീയേൽ മനസ്സിലാക്കി: ഈ രാജാവിനോടൊപ്പം “അത്യുന്നതന്റെ വിശുദ്ധ”ന്മാരെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളും ഭരണത്തിൽ പങ്കാളികളാകും.—ദാനീയേൽ 7:13, 14, 27.
ദൈവരാജ്യം ഈ ലോകത്തിലെ ഭരണകൂടങ്ങളെ തകർത്തുകളയും. ബാബിലോണിലെ രാജാവായ നെബൂഖദ്നേസർ ഒരിക്കൽ ഒരു സ്വപ്നം കണ്ടു: ലോഹങ്ങളാൽ നിർമിക്കപ്പെട്ട ഒരു പടുകൂറ്റൻ ബിംബം. അതിന്റെ തല സ്വർണംകൊണ്ടുള്ളതും നെഞ്ചും കൈകളും വെള്ളികൊണ്ടുള്ളതും വയറും തുടകളും താമ്രംകൊണ്ടുള്ളതും കാലുകൾ ഇരുമ്പുകൊണ്ടുള്ളതും പാദങ്ങൾ പാതി ഇരുമ്പും പാതി കളിമണ്ണുകൊണ്ടുള്ളതും ആയിരുന്നു. ഒരു പർവതത്തിൽനിന്ന് ഒരു വലിയ കല്ലുവന്ന് ബിംബത്തിന്റെ ദുർബലമായ പാദങ്ങളെ ഇടിച്ച് ബിംബത്തെതന്നെ തകർത്തുകളഞ്ഞു. ആ സ്വപ്നം നെബൂഖദ്നേസറിനെ വല്ലാതെ കുഴക്കി. സ്വപ്നം വ്യാഖ്യാനിക്കാൻ ദാനീയേലിനെ ദൈവം സഹായിച്ചു. ബിംബത്തിന്റെ വിവിധ ഭാഗങ്ങൾ അന്ന് നിലവിലിരുന്നതും വരാനിരുന്നതുമായ ലോകശക്തികളെ പ്രതീകപ്പെടുത്തുന്നതായി ദാനീയേൽ വിശദീകരിച്ചു. സ്വർണംകൊണ്ടുള്ള തല പ്രതീകപ്പെടുത്തിയത് അന്നത്തെ ലോകശക്തിയായ ബാബിലോണിനെത്തന്നെയായിരുന്നു. ഈ ദുഷ്ട ലോകത്തിൽ ഭരണസാരഥ്യം വഹിക്കുന്ന അവസാനത്തെ രാഷ്ട്രീയ ശക്തികളുടെ വാഴ്ചക്കാലത്ത് ദൈവരാജ്യം ഒരു നിർണായക നടപടി കൈക്കൊള്ളും: ലോകത്തിലെ ഭരണകൂടങ്ങളെയെല്ലാം അതു തകർത്തെറിയും. അതിനുശേഷം അത് എന്നേക്കും ഭരണംനടത്തും.—ദാനീയേൽ 2-ാം അധ്യായം.
ദാനീയേൽ പ്രായമേറെ ആയിട്ടാണ് മരിച്ചത്. മരണത്തിനുമുമ്പ് ബാബിലോണിന്റെ പതനം അവൻ കണ്ടു. പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ കോരെശ് രാജാവ് ബാബിലോൺ നഗരം കീഴടക്കി. അധികം വൈകാതെ, അതായത് മുൻകൂട്ടിപ്പറയപ്പെട്ട 70 വർഷക്കാലം തികഞ്ഞപ്പോൾ, യഹൂദന്മാർ പ്രവാസത്തിൽനിന്നു മോചിതരായി. വിശ്വസ്തരായ ദേശാധിപതിമാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും നേതൃത്വത്തിൽ യഹൂദന്മാർ യെരുശലേം നഗരവും യഹോവയുടെ ആലയവും പുനർനിർമിച്ചു. ഇനി, മേൽപ്പറഞ്ഞ 483 വർഷം പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കുമായിരുന്നു എന്നു നോക്കാം.