ഇസ്രായേൽ വിഭജിക്കപ്പെടുന്നു. പല രാജാക്കന്മാരും ഇസ്രായേൽജനതയെ ഭരിക്കുന്നു. അവരിൽ മിക്കവരും ദൈവത്തോട് അവിശ്വസ്തത കാണിക്കുന്നു. ഒടുവിൽ ബാബിലോണിയർ യെരുശലേമിനെ നശിപ്പിക്കുന്നു
ശലോമോൻ സത്യാരാധനയിൽനിന്ന് വ്യതിചലിച്ചതിനെത്തുടർന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെ സംഭവിച്ചു: ഇസ്രായേൽ വിഭജിക്കപ്പെട്ടു. ഇതിലേക്കു നയിച്ചത് എന്താണെന്നു നോക്കാം. ശലോമോന്റെ പിൻഗാമിയായിവന്ന അവന്റെ മകൻ രെഹബെയാം നിർദയനായ ഭരണാധികാരിയായിരുന്നു. അതുകൊണ്ട് ഇസ്രായേൽഗോത്രങ്ങളിൽ പത്തെണ്ണം രാജാവിനോടു മത്സരിച്ച് വേറിട്ട ഒരു രാജ്യത്തിന്, വടക്കെ രാജ്യമായ ഇസ്രായേലിന്, രൂപംനൽകി. എന്നാൽ ബാക്കി രണ്ടുഗോത്രങ്ങൾ കലഹത്തിലുൾപ്പെടാതെ യെരുശലേമിലെ ദാവീദിന്റെ സിംഹാസനത്തിലിരുന്നു ഭരിക്കുന്ന രാജാവിനോടു കൂറുപുലർത്തി. അവരുടെ ദേശം തെക്കേ രാജ്യമായ യെഹൂദ എന്ന് അറിയപ്പെട്ടു.
രണ്ടുരാജ്യങ്ങളുടെയും ചരിത്രം പ്രക്ഷുബ്ധമായിരുന്നു. രാജാക്കന്മാരുടെ വിശ്വാസരാഹിത്യവും അനുസരണക്കേടും ആയിരുന്നു പ്രധാന കാരണം. ഇസ്രായേലിന്റെ സ്ഥിതി യെഹൂദയെക്കാൾ മോശമായിരുന്നു. തുടക്കംമുതൽ അവിടത്തെ രാജാക്കന്മാർ ദേശത്ത് വ്യാജാരാധന ഊട്ടിവളർത്തി. അക്കാലത്ത് ഇസ്രായേലിലുണ്ടായിരുന്ന രണ്ട് പ്രവാചകന്മാരായിരുന്നു ഏലിയാവും എലീശയും. അവർ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള പ്രവാചകന്മാരുടെ അത്ഭുതപ്രവൃത്തികൾ കണ്ടിട്ടും ഇസ്രായേല്യർ വീണ്ടുംവീണ്ടും തെറ്റിലേക്കു വീണു. ഒടുവിൽ വടക്കെ രാജ്യത്തെ നശിപ്പിക്കാൻ ദൈവം അസീറിയക്കാരെ അനുവദിച്ചു.
ഇസ്രായേൽ നശിപ്പിക്കപ്പെട്ടുകഴിഞ്ഞും ഒരു നൂറ്റാണ്ടിലേറെ കാലം യെഹൂദ നിലനിന്നു. എന്നാൽ പിന്നീട് അതും ദിവ്യശിക്ഷാവിധി ഏറ്റുവാങ്ങി. ദൈവത്തിന്റെ പ്രവാചകന്മാരുടെ മുന്നറിയിപ്പിനു ചെവികൊടുക്കാനും ജനത്തെ യഹോവയിലേക്കു തിരിച്ചുകൊണ്ടുവരാനും യെഹൂദയിലെ ചില രാജാക്കന്മാർ മാത്രമേ ശ്രമിച്ചുള്ളൂ. അവരിൽ ഒരുവനാണ് യോശീയാരാജാവ്. അവൻ യെഹൂദയിൽനിന്ന് വ്യാജാരാധന തുടച്ചുനീക്കി യഹോവയുടെ ആലയം പുനരുദ്ധരിച്ചു. ആലയത്തിന്റെ അറ്റകുറ്റപ്പണിക്കിടെ മോശെയിലൂടെ നൽകപ്പെട്ട ന്യായപ്രമാണത്തിന്റെ മൂലപ്രതി കണ്ടെത്തിയത് യോശീയാവിനെ ആവേശഭരിതനാക്കി. തന്റെ പരിഷ്ക്കാരങ്ങൾ അവൻ ഊർജിതമാക്കി.
എന്നാൽ യോശീയാവിന്റെ പിൻമുറക്കാർ നല്ലവരായിരുന്നില്ല. അതുകൊണ്ട് യെഹൂദയെ കീഴടക്കാനും തലസ്ഥാനമായ യെരുശലേമിനെയും അവിടത്തെ ദേവാലയത്തെയും നശിപ്പിക്കാനും യഹോവ ബാബിലോണിയരെ അനുവദിച്ചു. കൊല്ലപ്പെടാതെ ശേഷിച്ചവരെ ബാബിലോണിയർ പ്രവാസികളായി കൊണ്ടുപോയി. 70 വർഷം ഇസ്രായേല്യർക്കു പ്രവാസികളായി ജീവിക്കേണ്ടിവരുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞു. അക്കാലമത്രയും യെഹൂദ ശൂന്യമായിക്കിടന്നു. ഒടുവിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ അവർ സ്വന്തം മണ്ണിൽ തിരിച്ചെത്തി.
എന്നാൽ വാഗ്ദത്ത വിമോചകനായ മിശിഹാ ഭരണമേറ്റെടുക്കുന്നതുവരെ, ദാവീദിന്റെ ഗോത്രത്തിലെ ആരും മേലാൽ രാജാക്കന്മാരായി വാഴുകയില്ലായിരുന്നു. യെരുശലേമിൽ ദാവീദിന്റെ സിംഹാസനത്തിലിരുന്നു വാഴ്ചനടത്തിയ രാജാക്കന്മാരിൽ മിക്കവരും, അപൂർണ മനുഷ്യർക്ക് നല്ല ഭരണം കാഴ്ചവെക്കാൻ കഴിയില്ലെന്ന് തെളിയിച്ചവരായിരുന്നു. അതുകൊണ്ട് അവരിൽ അവസാനത്തെ രാജാവിനോട് യഹോവ ഇപ്രകാരം പറഞ്ഞു: “ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും. . . . അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.” (യെഹെസ്കേൽ 21:26, 27) അതെ, ഭരണംനടത്താൻ യോഗ്യനായവൻ മിശിഹാ മാത്രമായിരിക്കും.
ഒരു നിയമനം സ്വീകരിക്കേണ്ടിവന്നപ്പോൾ യോനായ്ക്കുണ്ടായ ഭയം നിങ്ങൾക്കു മനസ്സിലാക്കാനാകുന്നുണ്ടോ? അവന്റെ ജീവിതകഥ യഹോവയുടെ ക്ഷമയെയും കരുണയെയും കുറിച്ച് നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നു.