യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേല്യർ കനാൻദേശം പിടിച്ചടക്കുന്നു. തന്റെ ജനത്തെ ശത്രുക്കളിൽനിന്നു വിടുവിക്കാൻ യഹോവ ന്യായാധിപന്മാരെ സജ്ജരാക്കുന്നു
ഇസ്രായേല്യർ കനാനിലേക്കു പ്രവേശിക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ആ ദേശം അബ്രാഹാമിന്റെ സന്തതികൾക്കു നൽകുമെന്ന് യഹോവ വാഗ്ദാനംചെയ്തിരുന്നു. ഇപ്പോൾ, യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേല്യർ വാഗ്ദത്തദേശം അവകാശമാക്കാൻ ഒരുങ്ങുകയാണ്.
കനാന്യർ നാശയോഗ്യരാണെന്ന് ദൈവം വിധിച്ചുകഴിഞ്ഞിരുന്നു. മ്ലേച്ഛമായ രതിക്രീഡകളും രക്തച്ചൊരിച്ചിലുംകൊണ്ട് അവർ ദേശത്തെ അശുദ്ധമാക്കിയിരുന്നു. അതുകൊണ്ട് തങ്ങൾ പിടിച്ചടക്കുന്ന കനാന്യ നഗരങ്ങളെ ഇസ്രായേല്യർ പൂർണമായി നശിപ്പിച്ചുകളയേണ്ടിയിരുന്നു.
ദേശത്തേക്കു പ്രവേശിക്കുന്നതിനുമുമ്പ് യോശുവ രണ്ടുചാരന്മാരെ അവിടേക്ക് അയയ്ക്കുന്നു. അവർ യെരീഹോ പട്ടണത്തിലെ രാഹാബ് എന്ന ഒരു സ്ത്രീയുടെ വീട്ടിൽ ചെല്ലുന്നു. ആ പുരുഷന്മാർ ഇസ്രായേല്യരാണെന്ന് അറിയാമായിരുന്നിട്ടും അവൾ അവരെ സ്വീകരിച്ച് അവർക്ക് അഭയംനൽകുന്നു. യഹോവ തന്റെ ജനത്തെ രക്ഷിക്കാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവൾ കേട്ടിരുന്നു. അതുകൊണ്ട് രാഹാബിന് ഇസ്രായേല്യരുടെ ദൈവത്തിൽ വലിയ വിശ്വാസമായിരുന്നു. തന്നെയും കുടുംബത്തെയും നശിപ്പിക്കുകയില്ലെന്ന് അവൾ ആ ചാരന്മാരെക്കൊണ്ട് സത്യംചെയ്യിക്കുന്നു.
ഇസ്രായേല്യർ കനാനിലെ യെരീഹോയ്ക്കുനേരെ വന്നപ്പോൾ അത്ഭുതകരമായി പട്ടണമതിൽ ഇടിഞ്ഞുവീഴാൻ യഹോവ ഇടയാക്കി. യോശുവയുടെ സൈന്യം പട്ടണത്തിലേക്ക് ഇരച്ചുകയറി അതിനെ നശിപ്പിച്ചു. എന്നാൽ രാഹാബിനെയും കുടുംബത്തെയും അവർ ഒന്നും ചെയ്തില്ല. തുടർന്നുവന്ന ആറുവർഷംകൊണ്ട് വാഗ്ദത്തദേശത്തിന്റെ വലിയൊരു ഭാഗം യോശുവയും സൈന്യവും പിടിച്ചെടുത്തു. പിന്നീട് ദേശം ഇസ്രായേൽ ഗോത്രങ്ങൾക്ക് വിഭജിച്ചുകൊടുത്തു.
തന്റെ ദീർഘകാലത്തെ സേവനത്തിനൊടുവിൽ ഒരുനാൾ യോശുവ ജനത്തെ വിളിച്ചുകൂട്ടി. അവരുടെ പിതാക്കന്മാർക്കുവേണ്ടി യഹോവ ചെയ്ത കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട്, യഹോവയെ സേവിക്കാൻ യോശുവ അവരോട് ആഹ്വാനംചെയ്തു. യോശുവയുടെയും അവനോടൊപ്പം അടുത്തുപ്രവർത്തിച്ചിരുന്നവരുടെയും മരണശേഷം ഇസ്രായേല്യർ യഹോവയെ ഉപേക്ഷിച്ച് വ്യാജ ദൈവങ്ങളെ സേവിക്കാൻതുടങ്ങി. പലപ്പോഴും അവർ യഹോവയോട് അനുസരണക്കേടു കാട്ടി. ഇങ്ങനെ 300-ഓളം വർഷം കടന്നുപോയി. ആ കാലങ്ങളിൽ അവരെ ഞെരുക്കാൻ ഫെലിസ്ത്യരെപ്പോലുള്ള ശത്രുക്കളെ യഹോവ അനുവദിച്ചു. എന്നാൽ സഹായത്തിനായി ഇസ്രായേല്യർ യഹോവയോടു നിലവിളിച്ചപ്പോൾ അവരെ രക്ഷിക്കാൻ അവൻ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു. അങ്ങനെ മൊത്തം 12 പേർ ഇസ്രായേലിൽ ന്യായപാലനംനടത്തി.
ന്യായാധിപന്മാരുടെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ആദ്യത്തെ ന്യായാധിപൻ ഒത്നീയേലും അവസാനത്തെ ന്യായാധിപൻ ശിംശോനുമാണ്. ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും ശക്തനായ മനുഷ്യനായിരുന്നു ശിംശോൻ. ന്യായാധിപന്മാരുടെ പുസ്തകം ആവർത്തിച്ചു വിളിച്ചോതുന്ന ഒരു അടിസ്ഥാന സത്യമുണ്ട്: യഹോവയെ അനുസരിക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും; എന്നാൽ അനുസരണക്കേട് നാശത്തിൽ കലാശിക്കും.