വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാനോൻ (ബൈബിൾ കാനോൻ)

കാനോൻ (ബൈബിൾ കാനോൻ)

ദൈവപ്രചോദിതമായ തിരുവെഴുത്തുകൾ എന്ന്‌ ആധികാരികമായി അംഗീകരിച്ചിട്ടുള്ള പുസ്‌തകങ്ങളുടെ കൂട്ടത്തെയാണ്‌ “ബൈബിൾകാനോൻ” എന്ന പദപ്രയോഗം കുറിക്കുന്നത്‌.

കാനെഹ്‌ (മുഴക്കോൽ) എന്ന എബ്രായപദത്തിൽനിന്നാണ്‌ “കാനോൻ” എന്ന പദം വന്നിരിക്കുന്നത്‌. ഒരു അളവുകോലായി, അഥവാ അളക്കാനുള്ള ഉപകരണമായി ആണ്‌ മുഴക്കോൽ ഉപയോഗിച്ചിരുന്നത്‌. (യഹ 41:8) ബൈബിൾകാനോന്‌ അഥവാ ദൈവപ്രചോദിതമായ പുസ്‌തകങ്ങളുടെ സമാഹാരത്തിന്‌ അത്‌ എന്തുകൊണ്ടും ചേരും. കാരണം ആ ദൈവപ്രചോദിതരേഖ വിശ്വാസവും ഉപദേശങ്ങളും പെരുമാറ്റവും “അളക്കാൻ” വായനക്കാരനെ സഹായിക്കുന്നു.

എബ്രായതിരുവെഴുത്തുകളുടെ കാനോൻ ആധികാരികമായി നിശ്ചയിച്ചത്‌ ബി.സി. 5-ാം നൂറ്റാണ്ടിന്റെ അവസാനത്തോട്‌ അടുത്താണ്‌. വിദഗ്‌ധശാസ്‌ത്രിയും ദൈവപ്രചോദിതനായ ബൈബിളെഴുത്തുകാരനും ആയ എസ്ര ആ ഉദ്യമത്തിനു തുടക്കമിട്ടെന്നും നെഹമ്യ അതു പൂർത്തീകരിച്ചെന്നും ജൂതപാരമ്പര്യം പറയുന്നു. (എസ്ര 7:6, അടിക്കുറിപ്പ്‌) ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തു പൂർത്തിയായതു ക്രിസ്‌തുവിന്റെ അനുഗാമികൾക്കു ദൈവാത്മാവ്‌ ചില പ്രത്യേകകഴിവുകൾ നൽകിയിരുന്ന സമയത്താണ്‌. (യോഹ 14:26; വെളി 1:1) ചില ക്രിസ്‌ത്യാനികൾക്ക്‌ “അരുളപ്പാടുകൾ വിവേചിച്ചറിയാനുള്ള പ്രാപ്‌തി” ഉണ്ടായിരുന്നു. (1കൊ 12:10) അതുകൊണ്ടുതന്നെ ക്രിസ്‌തീയസഭയ്‌ക്കു ലഭിച്ച കത്തുകളിൽ ഏതെല്ലാമാണു ദൈവപ്രചോദിതം എന്നു മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞു. അതിനായി ഏതെങ്കിലും സൂനഹദോസിന്റെയോ വൈദികസമിതിയുടെയോ അഭിപ്രായം അവർക്ക്‌ ആരായേണ്ടതില്ലായിരുന്നു. ദൈവപ്രചോദിതമായ സന്ദേശങ്ങൾ അറിയിച്ചവരുടെ നിരയിലെ ഒടുവിലത്തെ കണ്ണി, അപ്പോസ്‌തലന്മാരിൽ അവസാനം മരിച്ച യോഹന്നാനായിരുന്നു. അതുകൊണ്ട്‌ വെളിപാട്‌ പുസ്‌തകം, യോഹന്നാന്റെ സുവിശേഷം, യോഹന്നാന്റെ മൂന്നു കത്തുകൾ എന്നിവയ്‌ക്കു ശേഷം എഴുതിയതൊന്നും ബൈബിൾകാനോന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ദൈവാത്മാവിന്റെ വഴിനടത്തിപ്പോടെയും അംഗീകാരത്തോടെയും തയ്യാറാക്കപ്പെട്ട ബൈബിൾകാനോൻ ആധികാരികമാണെന്ന വസ്‌തുതയോടു ദൈവപ്രചോദിതരല്ലാത്ത എഴുത്തുകാരും പിൽക്കാലങ്ങളിൽ യോജിച്ചിട്ടുണ്ട്‌.