പാഠം 11
ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
1. നമുക്കു മാർഗനിർദേശം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
സുരക്ഷാനടപടികൾ സ്വീകരിക്കാൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ എങ്ങനെ പ്രേരിപ്പിച്ചേക്കാം?—സങ്കീർത്തനം 36:9.
സ്രഷ്ടാവ് നമ്മളെക്കാൾ ജ്ഞാനിയാണ്. സ്നേഹനിധിയായ ഒരു അപ്പനെപ്പോലെ ദൈവം നമ്മളെക്കുറിച്ച് ചിന്തയുള്ളവനാണ്. നമ്മൾ ദൈവത്തെ മാറ്റിനിറുത്തിയിട്ട് സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. (യിരെമ്യ 10:23) ഒരു കൊച്ചുകുട്ടിക്ക് മാതാപിതാക്കളുടെ മാർഗനിർദേശം ആവശ്യമായിരിക്കുന്നതുപോലെ, നമുക്കെല്ലാം ദൈവത്തിന്റെ വഴിനടത്തിപ്പ് ആവശ്യമാണ്. (യശയ്യ 48:17, 18) നമുക്ക് ആവശ്യമായ മാർഗനിർദേശം ബൈബിൾതത്ത്വങ്ങളിലൂടെ കിട്ടുന്നു. അവയാകട്ടെ, ദൈവത്തിൽനിന്നുള്ള സമ്മാനമാണ്.—2 തിമൊഥെയൊസ് 3:16 വായിക്കുക.
ഇപ്പോൾത്തന്നെ ഏറ്റവും നല്ല ഒരു ജീവിതം എങ്ങനെ നയിക്കാമെന്ന് യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും നമ്മളെ പഠിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ നിലനിൽക്കുന്ന പ്രതിഫലം എങ്ങനെ നേടാനാകുമെന്നും അതു കാണിച്ചുതരുന്നു. ദൈവം നമ്മുടെ സ്രഷ്ടാവായതിനാൽ നമ്മൾ ദൈവത്തിന്റെ മാർഗനിർദേശത്തോടു നന്ദി കാണിക്കേണ്ടതുണ്ട്.—സങ്കീർത്തനം 19:7, 11; വെളിപാട് 4:11 വായിക്കുക.
2. എന്താണ് ബൈബിളിലെ തത്ത്വങ്ങൾ?
ബൈബിൾതത്ത്വങ്ങൾ എന്നു പറയുന്നത് അടിസ്ഥാന സത്യങ്ങളാണ്. നിയമങ്ങളാകട്ടെ, ചില പ്രത്യേകസാഹചര്യങ്ങളെ മനസ്സിൽ കണ്ട് തയ്യാറാക്കുന്നവയായിരിക്കും. (ആവർത്തനം 22:8) ഒരു തത്ത്വം ഒരു പ്രത്യേകസാഹചര്യത്തിൽ എങ്ങനെ ബാധകമാകുന്നെന്നു മനസ്സിലാക്കാൻ നമ്മൾ ചിന്താശേഷി ഉപയോഗിക്കണം. (സുഭാഷിതങ്ങൾ 2:10-12) ഉദാഹരണത്തിന് ജീവൻ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. ആ തത്ത്വത്തിന്, ജോലിസ്ഥലത്തും വീട്ടിലും യാത്രയ്ക്കിടയിലും ഒക്കെ നമുക്കു വഴികാട്ടിയായിരിക്കാൻ കഴിയും. സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കുന്നു.—പ്രവൃത്തികൾ 17:28 വായിക്കുക.
3. ഏറ്റവും മുഖ്യമായ രണ്ടു തത്ത്വങ്ങൾ ഏവയാണ്?
സുപ്രധാനമായ രണ്ടു തത്ത്വങ്ങളെക്കുറിച്ച് യേശു പറഞ്ഞു. ആദ്യത്തേത് മനുഷ്യജീവിതത്തിന്റെ മുഖ്യമായ ഉദ്ദേശ്യത്തെത്തന്നെ വെളിപ്പെടുത്തുന്നതാണ്. ദൈവത്തെ അറിയുക, സ്നേഹിക്കുക, വിശ്വസ്തമായി സേവിക്കുക എന്നതാണ് അത്. ഓരോ തീരുമാനം എടുക്കുമ്പോഴും ആദ്യത്തെ ഈ തത്ത്വം നമ്മൾ പരിഗണിക്കണം. (സുഭാഷിതങ്ങൾ 3:6) ഈ തത്ത്വം അനുസരിച്ച് ജീവിക്കുന്നവർക്കു ദൈവവുമായുള്ള ഒരു സ്നേഹബന്ധവും യഥാർഥസന്തോഷവും നിത്യജീവനും നേടാനാകും.—മത്തായി 22:36-38 വായിക്കുക.
രണ്ടാമത്തെ തത്ത്വം മറ്റുള്ളവരുമായി സമാധാനബന്ധത്തിൽ ആയിരിക്കാൻ നമ്മളെ സഹായിക്കുന്നതാണ്. (1 കൊരിന്ത്യർ 13:4-7) ദൈവം ആളുകളോട് ഇടപെടുന്ന രീതി അനുകരിച്ചുകൊണ്ട് ഈ തത്ത്വം നമുക്കു പ്രാവർത്തികമാക്കാനാകും.—മത്തായി 7:12; 22:39, 40 വായിക്കുക.
4. ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
സ്നേഹം കാണിച്ചുകൊണ്ട് എങ്ങനെ ഐക്യത്തിലായിരിക്കാമെന്നു ബൈബിൾതത്ത്വങ്ങൾ കുടുംബാംഗങ്ങളെ പഠിപ്പിക്കുന്നു. (കൊലോസ്യർ 3:12-14) കുടുംബങ്ങൾക്കു സംരക്ഷണം തരുന്ന മറ്റൊരു തത്ത്വവും ദൈവവചനം പഠിപ്പിക്കുന്നുണ്ട്. വിവാഹം നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കണം എന്നതാണ് അത്.—ഉൽപത്തി 2:24 വായിക്കുക.
ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് വൈകാരികമായും അതുപോലെ നമ്മുടെ അനുദിന ജീവിതകാര്യാദികളിലും പ്രയോജനം ചെയ്യുന്നു. ഉദാഹരണത്തിന് സത്യസന്ധരും ഉത്സാഹത്തോടെ കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. ഈ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരെ ജോലിക്കു നിയമിക്കാനാണു തൊഴിലുടമകൾ സാധാരണഗതിയിൽ ഏറെ ഇഷ്ടപ്പെടുന്നത്. (സുഭാഷിതങ്ങൾ 10:4, 26; എബ്രായർ 13:18) അത്യാവശ്യങ്ങൾ നടന്നുപോകുന്നെങ്കിൽ അതിൽ തൃപ്തരായിരിക്കാനും വസ്തുവകകളെക്കാൾ ദൈവവുമായുള്ള സ്നേഹബന്ധത്തിനു മൂല്യം കല്പിക്കാനും ദൈവവചനം നമ്മളെ പഠിപ്പിക്കുന്നു.—മത്തായി 6:24, 25, 33; 1 തിമൊഥെയൊസ് 6:8-10 വായിക്കുക.
ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നു. (സുഭാഷിതങ്ങൾ 14:30; 22:24, 25) കുടിച്ച് മത്തരാകുന്നതിന് എതിരെയുള്ള ദൈവികനിയമങ്ങൾ അനുസരിക്കുന്നതു മാരകരോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കുന്നു. (സുഭാഷിതങ്ങൾ 23:20) മദ്യം കുടിക്കുന്നതിന് യഹോവ അനുമതി നൽകുന്നുണ്ട്; പക്ഷേ മിതമായ അളവിലായിരിക്കണമെന്നു മാത്രം. (സങ്കീർത്തനം 104:15; 1 കൊരിന്ത്യർ 6:10) നമ്മുടെ പ്രവർത്തനങ്ങളിലും, ചിന്തയുടെ കാര്യത്തിൽപ്പോലും ജാഗ്രതപാലിക്കാൻ നമ്മളെ പഠിപ്പിച്ചുകൊണ്ട് ദൈവികതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നു. (സങ്കീർത്തനം 119:97-100) പക്ഷേ, സ്വന്തം പ്രയോജനത്തിനുവേണ്ടി മാത്രമല്ല യഥാർഥക്രിസ്ത്യാനികൾ ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നത്. യഹോവയ്ക്കു മഹത്ത്വം കരേറ്റുക എന്നതാണ് അവരുടെ മുഖ്യ ലക്ഷ്യം.—മത്തായി 5:14-16 വായിക്കുക.