മലയാളം
വാരൻ റെയ്‌നോൾഡ്‌സ്‌: ശരിയായ ജീവിതം തിര​ഞ്ഞെ​ടു​ത്ത​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌
https://cms-imgp.jw-cdn.org/img/p/502400120/univ/art/502400120_univ_sqr_xl.jpg
lfs ലേഖനം 20

വാരൻ റെയ്‌നോൾഡ്‌സ്‌ | ജീവി​ത​കഥ

ശരിയായ ജീവിതം തിര​ഞ്ഞെ​ടു​ത്ത​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌

ശരിയായ ജീവിതം തിര​ഞ്ഞെ​ടു​ത്ത​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌

 വടക്കു​പ​ടി​ഞ്ഞാ​റൻ ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു ഉൾനാ​ടൻപ്ര​ദേശം. സഹോ​ദ​ര​ങ്ങ​ളോട്‌ യഹോവ ഞങ്ങളെ അനു​ഗ്ര​ഹിച്ച കഥക​ളെ​ക്കു​റി​ച്ചൊ​ക്കെ പറഞ്ഞു​കൊണ്ട്‌ ഞങ്ങൾ തീ കാഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതു​പോ​ലെ കഥക​ളൊ​ക്കെ പറഞ്ഞ്‌ പല രാജ്യ​ങ്ങ​ളി​ലും പല ഭാഷക്കാ​രോ​ടൊ​പ്പം ഞാൻ ഇരുന്നി​ട്ടുണ്ട്‌. ഈ തീജ്വാ​ല​കൾക്കി​ട​യി​ലൂ​ടെ നോക്കു​മ്പോൾ എന്റെ പ്രിയ​ഭാ​ര്യ​യു​ടെ പുഞ്ചിരി നിറഞ്ഞ മുഖം എനിക്കു കാണാം. ഞങ്ങൾക്ക്‌ ഒരുമിച്ച്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ഒരുപാ​ടു കാര്യങ്ങൾ ചെയ്യാൻപറ്റി. മനസ്സിൽപ്പോ​ലും വിചാ​രി​ക്കാത്ത സ്ഥലങ്ങളിൽ യഹോ​വയെ സേവി​ക്കാ​നാ​യി പോയി​ട്ടുണ്ട്‌. ചെറു​പ്പ​കാ​ലത്ത്‌ എനിക്കു വേണ​മെ​ങ്കിൽ വേറൊ​രു ജീവിതം തിര​ഞ്ഞെ​ടു​ക്കാ​മാ​യി​രു​ന്നു. ഞാൻ അതെക്കു​റിച്ച്‌ പറയാം.

 ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു ഗ്രാമ​പ്ര​ദേ​ശ​ത്താ​ണു ഞാൻ ജനിച്ചത്‌. എന്റെ മാതാ​പി​താ​ക്കൾക്കും അവരുടെ മാതാ​പി​താ​ക്കൾക്കും 1950-കളിലാണ്‌ സത്യം കിട്ടി​യത്‌. എനിക്ക്‌ ആറു വയസ്സു​ള്ള​പ്പോൾത്തന്നെ ഞാൻ വയൽസേ​വ​ന​ത്തി​നു പോകു​മാ​യി​രു​ന്നു. 13-ാം വയസ്സിൽ സ്‌നാ​ന​പ്പെട്ടു. സ്‌കൂൾ അവധി​സ​മ​യത്ത്‌ ഇടയ്‌ക്കൊ​ക്കെ സഹായ മുൻനി​ര​സേ​വനം ചെയ്യു​മാ​യി​രു​ന്നു. ഞാൻ യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ച്ചു. എന്നും യഹോ​വയെ സേവി​ക്കാ​നാ​യി​രു​ന്നു എന്റെ ആഗ്രഹം.

എന്റെ മാതാ​പി​താ​ക്ക​ളോ​ടും നാല്‌ അനിയ​ന്മാ​രോ​ടും ഒപ്പം

 എനിക്ക്‌ 15 വയസ്സു​ള്ള​പ്പോൾ സ്‌പോർട്‌സി​ലുള്ള എന്റെ കഴിവ്‌ സ്‌കൂ​ളിൽ പരിശീ​ലനം തരുന്നവർ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അറിയ​പ്പെ​ടുന്ന ഒരു റഗ്‌ബി ലീഗ്‌ ടീമിന്റെ പ്രതി​നി​ധി​കൾ എനിക്ക്‌ ഒരു സ്‌പോർട്‌സ്‌ സ്‌കോ​ളർഷിപ്പ്‌ വാഗ്‌ദാ​നം ചെയ്‌തു. ഒരു റഗ്‌ബി താരമാ​കു​ന്നതു നല്ലതാ​ണെന്ന്‌ എനിക്കു തോന്നി. എന്നാൽ ഞാൻ യഹോ​വ​യ്‌ക്കു​വേണ്ടി എന്റെ ജീവിതം സമർപ്പി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ എന്റെ പപ്പ എന്നോടു പറഞ്ഞു, സ്‌പോർട്‌സു​മാ​യി മുന്നോട്ട്‌ പോക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യ്‌ക്കു കൊടുത്ത വാക്കി​നെ​ക്കു​റിച്ച്‌ ചിന്തി​ക്ക​ണ​മെന്ന്‌. ഞാൻ പപ്പ പറഞ്ഞതു​പോ​ലെ​തന്നെ ചെയ്‌തു. അപ്പോൾ എനിക്കു മനസ്സി​ലാ​യി, യഹോ​വയെ സേവി​ക്കു​ന്ന​തും സ്‌പോർട്‌സും കൂടി ഒരുമിച്ച്‌ കൊണ്ടു​പോ​കാൻ പറ്റി​ല്ലെന്ന്‌. അതു​കൊണ്ട്‌ ഞാൻ ആ ഓഫർ വേണ്ടെ​ന്നു​വെച്ചു. മാസങ്ങൾക്കു ശേഷം കാൻബെ​റ​യി​ലെ ഓസ്‌​ട്രേ​ലി​യൻ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ സ്‌പോർട്‌സ്‌ മറ്റൊരു സ്‌കോ​ളർഷിപ്പ്‌ എനിക്കു വാഗ്‌ദാ​നം ചെയ്‌തു. ഒരു മാര​ത്തോൺ ഓട്ടക്കാ​ര​നാ​യി പരിശീ​ലി​ക്കാ​നും കോമൺവെൽത്ത്‌ ഗെയിം​സി​ലോ ഒളിമ്പിക്‌ ഗെയിം​സി​ലോ ഓസ്‌​ട്രേ​ലി​യയെ പ്രതി​നി​ധീ​ക​രി​ച്ചു​കൊണ്ട്‌ പങ്കെടു​ക്കാ​നും ഉള്ള അവസരം അതിലൂ​ടെ എനിക്കു കിട്ടു​മാ​യി​രു​ന്നു. എന്നാൽ ഞാൻ സ്‌നേ​ഹി​ക്കുന്ന എന്റെ ദൈവ​ത്തി​നു കൊടുത്ത വാക്കിനു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നാ​യി​രു​ന്നു അപ്പോ​ഴും എന്റെ തീരു​മാ​നം. അതു​കൊണ്ട്‌ “ഇല്ല” എന്നായി​രു​ന്നു എന്റെ മറുപടി.

 സ്‌കൂൾപ​ഠ​നം കഴിഞ്ഞ ഉടനെ​തന്നെ ഞാൻ മുൻനി​ര​സേ​വനം ആരംഭി​ച്ചു. എന്റെ വലി​യൊ​രു ലക്ഷ്യമാ​യി​രു​ന്നു അത്‌. എന്നാൽ എന്റെ കുടും​ബം സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ നേരി​ട്ട​പ്പോൾ ഞാൻ മുൻനി​ര​സേ​വനം നിറു​ത്തു​ക​യും ഒരു ഫാമിലെ ഡ്രൈ​വ​റാ​യി മുഴു​സ​മയം ജോലി ചെയ്യു​ക​യും ചെയ്‌തു. അങ്ങനെ കൗമാ​ര​ത്തി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഞാൻ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. പക്ഷേ യഹോ​വയെ ആരാധി​ക്കു​ന്നത്‌ ഒരു കടമ ചെയ്‌തു​തീർക്കു​ന്ന​തു​പോ​ലെ യാന്ത്രി​ക​മാ​യി​ത്തു​ടങ്ങി. ഞാൻ ആത്മീയ​മാ​യി തകർന്നു​പോ​യി. ഒരുപാ​ടു മദ്യപി​ക്കു​ക​യും അധാർമി​ക​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്ന ആളുകളെ ഞാൻ സുഹൃ​ത്തു​ക്ക​ളാ​ക്കി. അത്‌ അവരെ​പ്പോ​ലെ ജീവി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. അങ്ങനെ താത്‌കാ​ലിക സുഖങ്ങൾക്കു​വേണ്ടി ഞാൻ യഹോ​വ​യു​മാ​യുള്ള ബന്ധം അവഗണി​ച്ചു​ക​ളഞ്ഞു.

 എനിക്കു ജീവി​ത​ത്തിൽ ഒരുപാ​ടു മാറ്റങ്ങൾ വരുത്ത​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ മോശം കൂട്ടു​കാ​രിൽനി​ന്നെ​ല്ലാം അകന്ന്‌ ദൂരെ​യുള്ള മറ്റൊരു സ്ഥലത്തേക്കു ഞാൻ താമസം മാറി. ഞാൻ യഹോ​വ​യോ​ടു കൂടുതൽ അടുത്തു. മുൻനി​ര​സേ​വനം വീണ്ടും തുടങ്ങാ​നും ആഗ്രഹി​ച്ചു. പിന്നെ ഒരു നാട്ടിൻപു​റ​ത്തു​കാ​രി​യായ, നാണം കുണു​ങ്ങി​യായ ലീൻ മക്ഷറിയെ ഞാൻ കണ്ടുമു​ട്ടി. അവൾ അപ്പോൾ മുൻനി​ര​സേ​വനം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ നല്ല കൂട്ടു​കാ​രാ​യി. മിഷന​റി​സേ​വ​നം​പോ​ലുള്ള ഞങ്ങളുടെ രണ്ടു​പേ​രു​ടെ​യും ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾ തുറന്നു​സം​സാ​രി​ച്ചു. അങ്ങനെ 1993-ൽ ഞങ്ങൾ കല്യാണം കഴിച്ചു. യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ക്കണം എന്നായി​രു​ന്നു ഞങ്ങളുടെ ആഗ്രഹം.

ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നു

 ആ വർഷം ലീനി​നോ​ടൊ​പ്പം ഞാൻ സാധാരണ മുൻനി​ര​സേ​വനം ചെയ്യാൻ തുടങ്ങി. കടങ്ങ​ളൊ​ന്നു​മി​ല്ലാത്ത ലളിത​മായ ജീവിതം നയിക്കാൻ തീരു​മാ​നി​ച്ച​തു​കൊണ്ട്‌ ഒരു പഴയ കാരവൻ (ട്രെയ്‌ലർ) ഞങ്ങൾ വാങ്ങിച്ചു. ആറു വർഷം യഹോ​വ​യു​ടെ സംഘടന ഞങ്ങളോ​ടു പറഞ്ഞ സ്ഥലങ്ങളി​ലെ​ല്ലാം സേവിച്ചു. അവിടെ ഞങ്ങളുടെ ചെലവു​കൾ നടക്കാൻവേണ്ടി പല ജോലി​ക​ളും ചെയ്‌തു. ക്വീൻസ്‌ലാൻഡി​ന്റെ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള വരണ്ട, വിശാ​ല​മായ സ്ഥലങ്ങളി​ലെ ചെറിയ സഭക​ളോ​ടൊ​പ്പം ഞങ്ങൾ പ്രവർത്തി​ച്ചു. ഞങ്ങൾക്കു മിക്ക​പ്പോ​ഴും ഒറ്റപ്പെട്ട സ്ഥലങ്ങളി​ലാ​യി​രു​ന്നു താമസി​ക്കേ​ണ്ടി​വ​ന്നി​രു​ന്നത്‌. അവിടത്തെ കമ്മ്യൂ​ണി​റ്റി ഹാളിൽവെ​ച്ചോ പുറത്ത്‌ പറമ്പു​ക​ളിൽവെ​ച്ചോ മീറ്റി​ങ്ങു​കൾ നടത്തു​മാ​യി​രു​ന്നു. ഞങ്ങൾ നല്ല സന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. എങ്കിലും യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ എന്തു ചെയ്യാൻ പറ്റു​മെന്നു ഞങ്ങൾ ചിന്തിച്ചു. അതിനുള്ള ഉത്തരം പെട്ടെ​ന്നു​തന്നെ കിട്ടി.

വയൽസേ​വ​ന​ത്തി​നാ​യി ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു ഉൾപ്ര​ദേ​ശത്ത്‌ പോകു​മ്പോൾ അവിടെ ഒരു പറമ്പിൽ ഇരുന്ന്‌ മീറ്റിങ്ങ്‌ കൂടുന്നു

 മറ്റൊരു രാജ്യത്ത്‌ മിഷന​റി​നി​യ​മനം ചെയ്യാൻ സംഘടന ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾക്കു നല്ല പേടി​യും ടെൻഷ​നും ഉണ്ടായി​രു​ന്നു. ഈ നിയമനം ഏറ്റെടു​ക്കാ​നുള്ള യോഗ്യ​ത​യു​ണ്ടോ എന്നു ഞങ്ങൾ ചിന്തിച്ചു. ഗിലെ​യാദ്‌ സ്‌കൂ​ളി​ലെ പരിശീ​ലനം കിട്ടാതെ എങ്ങനെ നല്ല മിഷന​റി​മാ​രാ​കാൻ കഴിയും എന്നതാ​യി​രു​ന്നു സംശയം. ഞങ്ങൾക്കു ശുശ്രൂഷ ഒത്തിരി ഇഷ്ടമാ​യി​രു​ന്നു. ഞങ്ങൾ പ്രവർത്തിച്ച സ്ഥലത്ത്‌ ഒരുപാ​ടു ബൈബിൾപ​ഠ​ന​ങ്ങ​ളൊ​ന്നും കിട്ടാ​ത്ത​തു​കൊണ്ട്‌ ഞങ്ങൾ വിദഗ്‌ധ​രായ അധ്യാ​പ​ക​ര​ല്ലെന്നു തോന്നി.

 ഞങ്ങളുടെ ചിന്തക​ളെ​ക്കു​റി​ച്ചെ​ല്ലാം ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ മാക്‌സ്‌ ലോയ്‌ഡ്‌ സഹോ​ദ​ര​നോ​ടു ഞങ്ങൾ പറഞ്ഞു. a ഇതിനുള്ള യോഗ്യ​ത​യൊ​ന്നു​മി​ല്ലെന്നു തോന്നു​ന്നു​ണ്ടെ​ങ്കി​ലും യഹോവ ഏൽപ്പിച്ച ഈ നിയമനം ചെയ്യാൻ വിട്ടു​കൊ​ടു​ക്കു​ന്നെ​ങ്കിൽ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ അദ്ദേഹം ഉറപ്പു​തന്നു. ഒരു അപ്പൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അദ്ദേഹം ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. അങ്ങനെ ശ്രീല​ങ്ക​യി​ലേക്കു പോകാ​നുള്ള ആ നിയമനം ഞങ്ങൾ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു.

ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം

 1999-ൽ ശ്രീല​ങ്ക​യു​ടെ തലസ്ഥാ​ന​മായ കൊളം​ബോ​യിൽ ഞങ്ങൾ എത്തി. ഓസ്‌​ട്രേ​ലി​യ​യി​ലെ ശാന്തമായ ജീവി​ത​ത്തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു ശ്രീലങ്ക. അവിടെ ഞങ്ങൾ നേരിട്ട ചില പ്രശ്‌ന​ങ്ങ​ളാ​യി​രു​ന്നു ആഭ്യന്ത​ര​യു​ദ്ധം, ദാരി​ദ്ര്യം, ജനത്തി​രക്ക്‌, ഭിക്ഷക്കാർ, ബുദ്ധി​മു​ട്ടേ​റിയ ഭാഷകൾ എന്നിവ​യെ​ല്ലാം. പക്ഷേ വിലപ്പെട്ട പലതും ശ്രീല​ങ്ക​യിൽ ഉണ്ടായി​രു​ന്നു, നമ്മുടെ പ്രിയ​പ്പെട്ട സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും യഹോ​വ​യെ​ക്കു​റിച്ച്‌ ഇതുവരെ അറിഞ്ഞി​ട്ടി​ല്ലാത്ത താഴ്‌മ​യുള്ള അനേകം ആളുക​ളും.

 തേയി​ല​ത്തോ​ട്ട​ങ്ങ​ളാ​ലും മഴക്കാ​ടു​ക​ളാ​ലും ചുറ്റപ്പെട്ട മനോ​ഹ​ര​മായ കാൻഡി എന്ന സ്ഥലത്തേക്കു ഞങ്ങളെ നിയമി​ച്ചു. നിരവധി ബുദ്ധ​ക്ഷേ​ത്ര​ങ്ങൾക്കു പേരു​കേ​ട്ട​താണ്‌ ഈ നഗരം. അവി​ടെ​യുള്ള കുറച്ചു​പേർക്ക്‌ മാത്രമേ തങ്ങളുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നു​ള്ളൂ. സിംഹ​ള​യും തമിഴും സംസാ​രി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു സഭയിൽ. മീറ്റി​ങ്ങു​കൾ രണ്ടു ഭാഷക​ളി​ലും നടന്നു. സിംഹള പഠിക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഞങ്ങളുടെ തെറ്റുകൾ സഭയി​ലു​ള്ള​വ​രെ​യും ബൈബിൾവി​ദ്യാർഥി​ക​ളെ​യും ചിരി​പ്പി​ച്ചെ​ങ്കി​ലും ഭാഷ പഠിക്കാ​നുള്ള ഞങ്ങളുടെ ശ്രമത്തെ അവർ ഒരുപാ​ടു വിലമ​തി​ച്ചു.

സിംഹ​ള​യി​ലും തമിഴി​ലും ഉള്ള പരിഭാ​ഷ​ക​രു​ടെ സഹായ​ത്തോ​ടെ ശ്രീല​ങ്ക​യിൽ ഒരു പ്രസംഗം നടത്തുന്നു

 എന്നാൽ ഞങ്ങൾ നേരിട്ട പ്രശ്‌നം ഭാഷ മാത്ര​മാ​യി​രു​ന്നില്ല. ജീവി​ത​ത്തിൽ ആദ്യമാ​യി ഞങ്ങൾക്കു സത്യത്തി​നു​വേണ്ടി ക്രൂര​മായ എതിർപ്പ്‌ നേരി​ടേ​ണ്ടി​വന്നു. ഒരു സമയത്ത്‌ ദേഷ്യ​ത്തോ​ടെ ഒരു കൂട്ടം ആളുകൾ ഞങ്ങളെ വളഞ്ഞു. ചിലർ തങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കത്തിക്കു​ക​യും മറ്റു ചിലർ എന്നെയും കൂടെ​യുള്ള സഹോ​ദ​ര​നെ​യും അടിക്കു​ക​യും ചവിട്ടു​ക​യും ഒക്കെ ചെയ്‌തു. ആ സമയത്ത്‌ ശാന്തരാ​യി നിൽക്കാൻ സഹായി​ക്കേ​ണമേ എന്നും മരിച്ചു​പോ​യാൽ ഞങ്ങളെ ഓർക്കേ​ണമേ എന്നും യഹോ​വ​യോ​ടു പ്രാർഥി​ച്ചു. പെട്ടെ​ന്നു​തന്നെ അവർ പിരി​ഞ്ഞു​പോ​യി. പേടി​ച്ചു​പോയ ഞങ്ങളും ആ സ്ഥലം വിട്ടു. ഞങ്ങളെ സംരക്ഷി​ച്ച​തിന്‌ യഹോ​വ​യോ​ടു നന്ദിയും പറഞ്ഞു.

 അപ്പോ​ഴേ​ക്കും ശ്രീലങ്ക ഞങ്ങൾക്കു സ്വന്തം വീടായി മാറി. യുദ്ധത്താൽ ആ രാഷ്ട്രം വിഭജി​ക്ക​പ്പെ​ട്ടെ​ങ്കി​ലും സത്യ​ത്തോ​ടു താത്‌പ​ര്യ​മുള്ള ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ യഹോവ തന്റെ ഐക്യ​മുള്ള കുടും​ബ​ത്തി​ലേക്ക്‌ എങ്ങനെ​യാണ്‌ കൂട്ടി​ച്ചേർക്കു​ന്ന​തെന്നു ഞങ്ങൾക്കു കാണാൻ പറ്റി. ആ മനോ​ഹ​ര​മായ ദ്വീപി​ന്റെ ഒരുപാ​ടു നല്ല ഓർമകൾ ഞങ്ങൾക്കുണ്ട്‌. അധികാ​രി​കൾ മതനേ​താ​ക്ക​ന്മാ​രു​ടെ സമ്മർദ​ത്തി​നു വഴങ്ങി​യ​തു​കൊണ്ട്‌ മിക്ക മിഷന​റി​മാർക്കും രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ആ രാജ്യം വിടേ​ണ്ടി​വന്നു.

 എന്തു ചെയ്യണ​മെന്ന്‌ ഒരു എത്തും​പി​ടി​യും ഇല്ലാത്ത ആഴ്‌ച​ക​ളാ​യി​രു​ന്നു മുന്നിൽ. ഇനി എങ്ങോ​ട്ടാ​യി​രി​ക്കും പോ​കേ​ണ്ടി​വ​രു​ന്ന​തെന്നു ഞങ്ങൾ ചിന്തിച്ചു. അങ്ങനെ ഇരിക്കു​മ്പോൾ ഭരണസം​ഘം ഞങ്ങളെ പാപ്പുവ ന്യൂഗി​നി​യി​ലേക്ക്‌ നിയമി​ച്ചു. 2001 സെപ്‌റ്റം​ബ​റിൽ ഞങ്ങൾ അതിന്റെ തലസ്ഥാ​ന​മായ പോർട്ട്‌ മോഴ്‌സ്‌ബി​യിൽ എത്തി.

പാപ്പുവ ന്യൂഗി​നി—വൈവി​ധ്യ​ങ്ങ​ളു​ടെ ഒരു നാട്‌

 പാപ്പുവ ന്യൂഗി​നി ഓസ്‌​ട്രേ​ലി​യ​യു​ടെ അടുത്തുള്ള രാജ്യ​മാ​യി​രു​ന്നെ​ങ്കി​ലും അവിടത്തെ ജീവി​ത​വും സംസ്‌കാ​ര​വും ഒക്കെ വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഞങ്ങൾക്കു വീണ്ടും ഒരുപാ​ടു മാറ്റങ്ങൾ വരുത്ത​ണ​മാ​യി​രു​ന്നു. 800-ലധികം ഭാഷക​ളുള്ള ആ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ സംസാ​രി​ക്കുന്ന ഭാഷയായ ടോക്‌ പീസിൻ ഞങ്ങൾ പഠി​ച്ചെ​ടു​ത്തു.

 പൊ​പ്പോൺഡേറ്റ പട്ടണത്തിൽ മൂന്നു വർഷം സേവി​ച്ച​ശേഷം ഞങ്ങളെ സർക്കിട്ട്‌ വേലയ്‌ക്കു നിയമി​ച്ചു. യഹോവ ഈ വിധത്തിൽ ഉപയോ​ഗി​ക്കു​മെന്നു ഞങ്ങൾ ഒരിക്ക​ലും കരുതി​യില്ല. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ മാർഗ​നിർദേശം, പക്വത, പഠിപ്പി​ക്കൽപ്രാ​പ്‌തി ഇതൊക്കെ ഞാൻ ഒത്തിരി വിലമ​തി​ച്ചി​രു​ന്നു. എങ്കിലും എനിക്ക്‌ ഇതു​പോ​ലെ​യൊ​ന്നും ചെയ്യാ​നുള്ള കഴിവി​ല്ലെന്നു ഞാൻ ചിന്തിച്ചു. എന്റെ ലക്ഷ്യം എപ്പോ​ഴും മിഷന​റി​സേ​വനം ആയിരു​ന്നു. ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​കുക എന്നത്‌ എന്റെ മനസ്സിൽപ്പോ​ലും വരാത്ത കാര്യ​മാണ്‌. യഹോവ ഇങ്ങനെ​യൊ​രു പദവി തന്നതി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഇപ്പോ​ഴും എനിക്ക്‌ അത്ഭുതം തോന്നാ​റുണ്ട്‌.

പാപ്പുവ ന്യൂഗി​നി​യി​ലെ വെസ്റ്റ്‌ സെപിക്‌ പ്രദേ​ശ​ത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രൂപ്പി​നെ സന്ദർശി​ക്കു​ന്നു

പാപ്പുവ ന്യൂഗി​നി​യി​ലെ ഒരു ഒറ്റപ്പെട്ട ഗ്രൂപ്പ്‌ സന്ദർശി​ച്ച​ശേഷം ബ്രാഞ്ചിന്‌ അയയ്‌ക്കേണ്ട റിപ്പോർട്ടു​കൾ തയ്യാറാ​ക്കു​ന്നു

 ടൗണി​ലു​ള്ള സഭകൾ സന്ദർശി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും അവിടെ വൈദ്യു​തി​യും വെള്ളവും ബെഡുള്ള മുറി​യും ഒക്കെ താമസി​ക്കാൻ കിട്ടും. എന്നാൽ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലേക്കു പോകു​മ്പോൾ അത്രയും സൗകര്യ​ങ്ങൾ കിട്ടാ​റില്ല. ഞങ്ങൾ കുടി​ലു​ക​ളി​ലാ​ണു കിടക്കു​ന്നത്‌. പുറത്ത്‌ തീ കത്തിച്ച്‌ പാചകം ചെയ്യും. ഇനി കുളി​യാ​ണെ​ങ്കിൽ, പുഴക​ളി​ലും അരുവി​ക​ളി​ലും. അവിടെ മുതലകൾ ഉണ്ടെങ്കിൽ ഒരു ബക്കറ്റിൽ വെള്ളം എടുത്തു​കൊ​ണ്ടു​വന്ന്‌ കുടി​ലിൽ കൊണ്ടു​പോ​യി കുളി​ക്കും.

 മുമ്പത്തെ നിയമനം വെച്ചു​നോ​ക്കു​മ്പോൾ കൂടുതൽ ശാരീ​രി​കാ​ധ്വാ​നം വേണ്ട ഒരു നിയമ​ന​മാ​യി​രു​ന്നു ഇത്‌. എന്നാൽ ‘ശക്തി സംഭരിച്ച്‌ പുറ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ’ യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​മെന്നു ഞങ്ങൾക്ക്‌ ഉറപ്പാ​യി​രു​ന്നു. (ന്യായാ​ധി​പ​ന്മാർ 6:14) പല സഭകളി​ലും ഗ്രൂപ്പു​ക​ളി​ലും എത്തി​പ്പെ​ടു​ന്നതു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഇടതൂർന്ന മഴക്കാ​ടു​ക​ളും ചതുപ്പു​നി​ല​ങ്ങ​ളും കുണ്ടും​കു​ഴി​ക​ളും നിറഞ്ഞ മലനി​ര​ക​ളും താണ്ടി വേണമാ​യി​രു​ന്നു പോകാൻ. സഹോ​ദ​ര​ങ്ങ​ളു​ടെ അടു​ത്തേക്ക്‌ എത്താൻ ജീപ്പി​ലും ബോട്ടി​ലും പ്ലെയി​നി​ലും യാത്ര ചെയ്യേ​ണ്ടി​വ​രാ​റുണ്ട്‌. മിക്ക​പ്പോ​ഴും നടന്നു​പോ​കേ​ണ്ടി​യും വരുമാ​യി​രു​ന്നു. b

ശുശ്രൂ​ഷ​യി​ലു​ള്ള ഏതു പ്രശ്‌ന​ങ്ങ​ളും നേരി​ടാൻ ലീൻ തയ്യാറാ​യി​രു​ന്നു

 ഇൻഡൊ​നീ​ഷ്യൻ അതിർത്തി​യി​ലുള്ള ഒരു സഭ സന്ദർശി​ക്കു​ന്ന​തി​നു​വേണ്ടി 350 കിലോ​മീ​റ്റ​റു​ക​ളോ​ളം യാത്ര ചെയ്യേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതിൽ കൂടു​ത​ലും ടാർ ചെയ്യാത്ത വഴിക​ളാ​യി​രു​ന്നു. ആ വഴിക​ളി​ലൂ​ടെ​യുള്ള യാത്ര​യ്‌ക്കി​ടെ 200-ലധികം തവണ അരുവി​ക​ളും പുഴക​ളും ഒക്കെ കടക്കേ​ണ്ടി​വന്നു. ചില സ്ഥലങ്ങളിൽ മാത്രമേ പാലങ്ങൾ ഉണ്ടായി​രു​ന്നു​ള്ളൂ. കുഴഞ്ഞ, കട്ടിയുള്ള മണ്ണിൽ പൂണ്ടു​പോയ വണ്ടി തള്ളിക്ക​യ​റ്റു​ന്ന​തി​നു ചില​പ്പോ​ഴൊ​ക്കെ മണിക്കൂ​റു​ക​ളോ​ളം ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അങ്ങനെ അവസാനം സ്ഥലത്തെ​ത്തു​മ്പോ​ഴേ​ക്കും ചിരിച്ച മുഖവു​മാ​യി ഞങ്ങൾക്കുള്ള ഭക്ഷണവും​കൊണ്ട്‌ സഹോ​ദ​രങ്ങൾ കാത്തു​നിൽക്കു​ന്നു​ണ്ടാ​കും.

പാപ്പുവ ന്യൂഗി​നി​യി​ലെ റോഡി​ലൂ​ടെ​യുള്ള യാത്ര വളരെ ബുദ്ധി​മു​ട്ടേ​റി​യ​താ​യി​രു​ന്നു

 പലപ്പോ​ഴും ഉയർന്ന മലകളി​ലേക്കു ചെറിയ പ്ലെയി​നു​ക​ളിൽ പോകു​മ്പോൾ പൈല​റ്റി​നു പ്ലെയിൻ ഇറക്കു​ന്ന​തി​നു​വേണ്ടി റൺവേ കണ്ടുപി​ടി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. റൺവേ കണ്ടെത്തി​ക്ക​ഴി​ഞ്ഞാൽ അതിൽ കുട്ടി​ക​ളോ മൃഗങ്ങ​ളോ ഉണ്ടോ എന്ന്‌ അറിയാ​നാ​യി അദ്ദേഹം റൺവേ​യു​ടെ മുകളി​ലൂ​ടെ ഒന്ന്‌ പറത്തി നോക്കും. 2,100 മീറ്ററി​ല​ധി​കം ഉയരമുള്ള ആ മലയുടെ മുകളി​ലെ ചെളി​പി​ടിച്ച, നിരപ്പ​ല്ലാത്ത ആ റൺവേ​യി​ലേ​ക്കാ​യി​രി​ക്കും പ്ലെയിൻ ഇറക്കു​ന്നത്‌. അതു​കൊണ്ട്‌ ഞങ്ങൾ മുറുകെ പിടി​ച്ചി​രി​ക്കും. ഈ ഗ്രാമ​ങ്ങ​ളിൽനിന്ന്‌ പോക​ണ​മെ​ങ്കിൽ മലയുടെ തുഞ്ചത്തുള്ള റൺവേ​യി​ലൂ​ടെ പറന്നു​യ​രു​ക​യ​ല്ലാ​തെ വേറെ വഴിയി​ല്ലാ​യി​രു​ന്നു. c

 ചില​പ്പോ​ഴൊ​ക്കെ ചൂടുള്ള സമയത്ത്‌ കുത്ത​നെ​യുള്ള മലകളി​ലൂ​ടെ​യോ ചതുപ്പു​നി​ല​ങ്ങ​ളി​ലൂ​ടെ​യോ നടന്നു​പോ​കണം. ആ സമയത്ത്‌ ഞങ്ങളുടെ ബാഗിൽ ഒരുപാ​ടു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും മറ്റ്‌ അവശ്യ​സാ​ധ​ന​ങ്ങ​ളും ഉണ്ടായി​രി​ക്കും. വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​മുള്ള ഈ യാത്ര​യിൽ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ഒരുപാ​ടു കാര്യങ്ങൾ സംസാ​രി​ക്കും. തമാശ​ക​ളൊ​ക്കെ പറഞ്ഞ്‌ ഒത്തിരി ചിരി​ക്കും.

പാപ്പുവ ന്യൂഗി​നി​യി​ലെ കേരം പുഴയി​ലൂ​ടെ വയൽസേ​വ​ന​ത്തി​നു പോകു​ന്നു

 1 തെസ്സ​ലോ​നി​ക്യർ 2:8-ലെ പൗലോ​സി​ന്റെ വികാരം ഞങ്ങൾക്കു മനസ്സി​ലാ​യി. അവിടെ പൗലോസ്‌ പറയുന്നു: “നിങ്ങ​ളോ​ടുള്ള വാത്സല്യം കാരണം . . . ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോ​ലും ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക്‌ അത്രയ്‌ക്കു പ്രിയ​പ്പെ​ട്ട​വ​രാ​യി മാറി​യി​രു​ന്നു.” ആ സഹോ​ദ​രങ്ങൾ ഞങ്ങൾക്കു​വേണ്ടി ചെയ്‌ത​തും ഇതുത​ന്നെ​യാ​യി​രു​ന്നു. ആയുധ​ധാ​രി​ക​ളായ, ക്രൂര​രായ ആളുക​ളിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻപോ​ലും അവർ തയ്യാറാ​യി​രു​ന്നു. ഒരിക്കൽ കത്തിയു​മാ​യി ഒരാൾ വന്ന്‌ ലീനിനെ ഭീഷണി​പ്പെ​ടു​ത്തി. ഞാൻ ഗ്രാമ​ത്തി​ന്റെ മറ്റൊരു ഭാഗത്താ​യി​രു​ന്ന​തു​കൊണ്ട്‌ എനി​ക്കൊ​ന്നും ചെയ്യാൻ പറ്റിയില്ല. അപ്പോൾ ഒരു സഹോ​ദരൻ വന്ന്‌ ആ പ്രശ്‌ന​മു​ണ്ടാ​ക്കിയ ആളു​ടെ​യും ലീനി​ന്റെ​യും ഇടയിൽ കയറി​നി​ന്നു. ആ സമയത്ത്‌ മറ്റുള്ളവർ ഓടി​വന്ന്‌ അയാളെ തടയാൻ ശ്രമി​ച്ച​തു​കൊണ്ട്‌ സഹോ​ദ​രനു ചെറിയ മുറി​വു​ക​ളോ​ടെ​യാ​ണെ​ങ്കി​ലും രക്ഷപ്പെ​ടാൻ സാധിച്ചു. പ്രശ്‌നങ്ങൾ കൂടി​ക്കൊ​ണ്ടി​രുന്ന ആ സ്ഥലത്ത്‌ ഓരോ ദിവസ​വും യഹോവ ഞങ്ങളെ സഹായി​ച്ചു. അതു​കൊണ്ട്‌ ഞങ്ങൾക്ക്‌ അവിടു​ത്തെ സഹോ​ദ​ര​ങ്ങളെ തുടർന്നും ശക്തി​പ്പെ​ടു​ത്താ​നാ​യി.

 പാപ്പുവ ന്യൂഗി​നി​യിൽ ചികിത്സാ സൗകര്യ​ങ്ങൾ കുറവാ​യി​രു​ന്ന​തു​കൊ​ണ്ടു​തന്നെ ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. 2010-ൽ ലീനിന്‌ ജീവനു ഭീഷണി​യാ​കുന്ന ഒരു ബാക്‌റ്റീ​രി​യൽ ഇൻഫെക്ഷൻ പിടി​പെട്ടു. അതു​കൊണ്ട്‌ പെട്ടെ​ന്നു​തന്നെ ഞങ്ങൾ ചികി​ത്സ​യ്‌ക്കാ​യി ഓസ്‌​ട്രേ​ലി​യ​യി​ലേക്കു പോയി. ഞങ്ങൾ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ശാന്തരാ​യി നിന്നു. അവസാനം ഡോക്ടർമാർ ലീനിന്‌ പറ്റിയ ഒരു ചികിത്സ കണ്ടെത്തി, അതു ഫലിച്ചു. ഡോക്ടർമാ​രിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ദൈവ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​ന്ന​വ​രാണ്‌. ഇപ്പോൾ ദൈവം നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കു​ക​യാണ്‌.” മാസങ്ങൾക്കു ശേഷം ഞങ്ങൾ നിയമ​ന​ത്തി​ലേക്കു തിരി​ച്ചു​പോ​യി.

ഓസ്‌​ട്രേ​ലി​യ​യി​ലും ഒരുപാ​ടു ചെയ്യാ​നു​ണ്ടാ​യി​രു​ന്നു

 ചികി​ത്സ​യ്‌ക്കു​വേണ്ടി ഓരോ വർഷവും ഞങ്ങൾ ഓസ്‌​ട്രേ​ലി​യ​യി​ലേക്ക്‌ പോക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവി​ടെ​ത്തന്നെ തുടരാൻ 2012-ൽ സംഘടന ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. ഇവി​ടെ​നിന്ന്‌ മാറി​യിട്ട്‌ കുറച്ച്‌ വർഷങ്ങൾ ആയതു​കൊ​ണ്ടു​തന്നെ ശാരീ​രി​ക​മാ​യി ആരോ​ഗ്യം മെച്ച​പ്പെ​ടു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നു മാനസി​ക​മാ​യി ഓസ്‌​ട്രേ​ലി​യ​യു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ. നിയമനം ഉപേക്ഷി​ക്കാ​നും സ്‌നേ​ഹ​മുള്ള ആ ആത്മീയ​കു​ടും​ബത്തെ വിട്ടി​ട്ടു​പോ​രാ​നും ഞങ്ങൾക്കു വിഷമ​മാ​യി​രു​ന്നു. ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യ​ത്തിൽ പരാജ​യ​പ്പെ​ട്ടു​പോ​യെ​ന്നും യഹോ​വ​യ്‌ക്ക്‌ ഞങ്ങളെ​ക്കൊണ്ട്‌ ഇനി വലിയ ഉപയോ​ഗ​മൊ​ന്നും ഇല്ലെന്നും ഞങ്ങൾക്കു തോന്നി. ഒരുപാട്‌ നാളുകൾ ഇവി​ടെ​നിന്ന്‌ മാറി​നി​ന്ന​തു​കൊ​ണ്ടു​തന്നെ ഓസ്‌​ട്രേ​ലി​യയെ സ്വന്തം വീടു​പോ​ലെ കാണാൻ ഞങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി. ആ സമയത്ത്‌ സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം ശരിക്കും ആവശ്യ​മാ​യി​രു​ന്നു.

 ലീനിന്റെ ആരോ​ഗ്യം മെച്ച​പ്പെ​ട്ട​പ്പോൾ ഞങ്ങൾ ന്യൂസൗത്ത്‌ വെയ്‌ൽസി​ലെ സിഡ്‌നി​യ്‌ക്ക്‌ തെക്കുള്ള വോ​ല്ലോ​ങ്കോ​ങ്ങിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി സേവിച്ചു. ഒരു വർഷം കഴിഞ്ഞ​പ്പോൾ ക്രിസ്‌തീയ ദമ്പതി​കൾക്കുള്ള ബൈബിൾസ്‌കൂ​ളി​ലേക്കു ക്ഷണം കിട്ടി (ഇപ്പോ​ഴത്തെ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ). അതിനു ശേഷം ഓസ്‌​ട്രേ​ലേഷ്യ ബ്രാഞ്ച്‌ ഞങ്ങളെ സർക്കിട്ട്‌ വേലയി​ലേക്കു നിയമി​ച്ചു. കുറെ വർഷങ്ങൾ ഞങ്ങൾ തിരക്കുള്ള നഗരങ്ങ​ളി​ലും മത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ താമസി​ക്കുന്ന ഗ്രാമ​ങ്ങ​ളി​ലും മരുഭൂ​മി​യി​ലെ ഒറ്റപ്പെട്ട പട്ടണങ്ങ​ളി​ലും ഒക്കെയുള്ള ഗ്രൂപ്പു​ക​ളും സഭകളും സന്ദർശി​ച്ചു. ഇപ്പോ​ഴത്തെ ഞങ്ങളുടെ നിയമ​ന​ത്തിൽ ഓസ്‌​ട്രേ​ലി​യ​യി​ലെ വടക്കു​പ​ടി​ഞ്ഞാ​റുള്ള മരുഭൂ​മി​പോ​ലുള്ള സ്ഥലങ്ങളും ടിമോർ ലെസ്‌തെ​യും ഉൾപ്പെ​ടു​ന്നു.

ടിമോർ ലെസ്‌തെ​യിൽ സാക്ഷീ​ക​രി​ക്കു​ന്നു

 എന്നെ ഒരുപാ​ടു പിന്തു​ണ​യ്‌ക്കുന്ന, നല്ല ആത്മീയ​ല​ക്ഷ്യ​ങ്ങ​ളുള്ള ഒരു ഭാര്യ​യോ​ടൊ​പ്പ​മാ​ണു ഞാൻ പ്രവർത്തി​ക്കു​ന്നത്‌. യഹോ​വ​യിൽനി​ന്നുള്ള ഏറ്റവും വിലപ്പെട്ട ഒരു സമ്മാന​മാണ്‌ അവൾ. എത്ര ബുദ്ധി​മു​ട്ടു​ള്ള​താ​ണെ​ങ്കി​ലും അസൗക​ര്യ​ങ്ങ​ളു​ള്ള​താ​ണെ​ങ്കി​ലും ഏതൊരു നിയമ​ന​വും ഏറ്റെടു​ക്കാൻ അവൾ തയ്യാറാ​യി​രു​ന്നു. പ്രശ്‌ന​ങ്ങ​ളി​ലൊ​ക്കെ എങ്ങനെ​യാ​ണു പിടി​ച്ചു​നിൽക്കു​ന്ന​തെന്ന്‌ അവളോ​ടു ചോദി​ച്ചാൽ അവൾ ഇങ്ങനെ പറയും: “ഞാൻ എല്ലാം യഹോ​വ​യോ​ടു പറയും.” ഇനി, അവൾ ദൈവ​വ​ചനം വായി​ക്കു​ക​യും എങ്ങനെ ചിന്തി​ക്കണം, എങ്ങനെ പ്രവർത്തി​ക്കണം എന്നൊക്കെ മനസ്സി​ലാ​ക്കാൻ യഹോ​വ​യി​ലേക്കു നോക്കു​ക​യും ചെയ്യും.

 ഈ ലോക​ത്തി​ലെ ഒരു കായി​ക​താ​ര​മാ​കു​ന്ന​തി​നു പകരം എന്റെ ജീവി​തത്തെ നയിക്കാൻ ഞാൻ യഹോ​വയെ അനുവ​ദി​ച്ച​തിൽ എനിക്ക്‌ ഒരിക്ക​ലും വിഷമി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. ഒരു നിയമനം ലഭിക്കു​മ്പോൾ മനസ്സോ​ടെ സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ അത്‌ ഏറ്റവും നന്നായി ചെയ്‌തു​തീർക്കാൻ യഹോവ പരിശീ​ലി​പ്പി​ക്കു​മെന്ന്‌ എനിക്ക്‌ എന്റെ ജീവി​ത​ത്തി​ലൂ​ടെ മനസ്സി​ലാ​യി. പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴോ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മ്പോ​ഴോ ജ്ഞാനത്തി​നും പരിശു​ദ്ധാ​ത്മാ​വി​നും ആയി ആദ്യം​തന്നെ യഹോ​വ​യോ​ടു പ്രാർഥി​ക്ക​ണ​മെന്നു ഞാൻ പഠിച്ചു. സ്‌നേ​ഹ​വാ​നായ പിതാ​വായ യഹോവ ഇതുവ​രെ​യുള്ള ഞങ്ങളുടെ ജീവിതം ഏറ്റവും സന്തോ​ഷ​മു​ള്ള​തും മനോ​ഹ​ര​വും ആക്കിത്തീർത്തു. ‘മൺപാ​ത്ര​ങ്ങ​ളായ’ ഞങ്ങളെ ഇനിയും യഹോവ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ അറിയാൻ ഞങ്ങൾ കാത്തി​രി​ക്കു​ക​യാണ്‌.—2 കൊരി​ന്ത്യർ 4:7.

a മാക്‌സ്‌ ലോയ്‌ഡ്‌ സഹോ​ദ​രന്റെ ജീവി​തകഥ 2012 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 17-21 പേജു​ക​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

b ഞങ്ങൾ ബോട്ടിൽ പോയി സർക്കിട്ട്‌ വേല ചെയ്‌ത ഒരു അനുഭ​വ​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​ന്ന​തി​നു​വേണ്ടി 2011 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം (ഇംഗ്ലീഷ്‌) പേജ്‌ 129-134 കാണുക.

c 2010 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 16, 17 പേജു​ക​ളി​ലെ “മേഘങ്ങൾക്കി​ട​യി​ലെ ഒരു പവിഴ​പ്പാറ” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.