വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

2021-ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം—നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായം എത്തിച്ചു​കൊ​ടു​ക്കു​ന്നു

2021-ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം—നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായം എത്തിച്ചു​കൊ​ടു​ക്കു​ന്നു

2022 ജനുവരി 1

 2021 സേവന​വർഷം, * ലോകം കോവിഡ്‌-19 മഹാമാ​രി​യു​ടെ പിടി​യിൽത്തന്നെ ആയിരു​ന്നു. “ആഗോ​ള​മ​ഹാ​മാ​രി​യു​ടെ കാലത്ത്‌ ആഗോ​ള​സ​ഹാ​യം” എന്ന ലേഖന​ത്തിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ നമ്മൾ ഈ മഹാമാ​രി​യോ​ടു ബന്ധപ്പെട്ട ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി കോടി​ക്ക​ണ​ക്കിന്‌ രൂപ ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. മാത്രമല്ല, 950-ലധികം ദുരി​താ​ശ്വാ​സ കമ്മിറ്റി​ക​ളും രൂപീ​ക​രി​ച്ചി​രി​ക്കു​ന്നു.

 മഹാമാ​രി മാത്രമല്ല, പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും മനുഷ്യ​രാ​യിട്ട്‌ വരുത്തി​വെച്ച ദുരന്ത​ങ്ങ​ളും ലോക​മെ​ങ്ങു​മുള്ള നമ്മുടെ സഹോ​ദ​ര​ങ്ങളെ ബാധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അത്തരം 200-ലധികം ദുരന്ത​ങ്ങൾക്കുള്ള ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ഭരണസം​ഘ​ത്തി​ലെ കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റി 60 കോടി​യോ​ളം രൂപ ചെലവ​ഴി​ക്കാൻ അനുമതി നൽകി. കോവിഡ്‌-19-നോടു ബന്ധപ്പെട്ട ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കു പുറ​മേ​യാണ്‌ ഇത്‌. നിങ്ങൾ നൽകിയ സംഭാ​വ​നകൾ, അടുത്ത​കാ​ലത്ത്‌ നടന്ന രണ്ട്‌ ദുരന്ത​ങ്ങൾക്ക്‌ ഇരകളാ​യ​വർക്കു​വേണ്ടി എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നു നോക്കാം.

നിരാ​ഗോം​ഗോ അഗ്നിപർവ്വ​ത​സ്‌ഫോ​ടനം

 2021 മെയ്‌ 22-ാം തീയതി, കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കിൽ ഒരു അഗ്നിപർവ്വ​ത​സ്‌ഫോ​ടനം ഉണ്ടായി. നിരാ​ഗോം​ഗോ എന്ന അഗ്നിപർവ്വതം പൊട്ടി​ത്തെ​റി​ച്ച​പ്പോൾ അതിൽനിന്ന്‌ ഒഴുകിയ ലാവ കാരണം അവി​ടെ​യുള്ള വീടു​ക​ളും സ്‌കൂ​ളു​ക​ളും ഒരു ജലസം​ഭ​ര​ണി​യും നശിച്ചു. എന്നാൽ ലാവ മാത്രമല്ല അപകട​മു​ണ്ടാ​ക്കി​യത്‌. അഗ്നിപർവ്വ​ത​സ്‌ഫോ​ട​നത്തെ തുടർന്ന്‌ ദിവസ​ങ്ങ​ളോ​ളം വിഷലി​പ്‌ത​മായ പൊടി​പ​ടലം ഗോമ നഗരത്തി​ലെ​ങ്ങും തങ്ങിനി​ന്നു. കൂടാതെ നിരവധി ചെറിയ ഭൂചല​ന​ങ്ങ​ളും അവി​ടെ​യു​ണ്ടാ​യി. ആ നഗരത്തി​ലെ പകുതി​യി​ല​ധി​കം ആളുക​ളോട്‌ ആ സ്ഥലത്തു​നിന്ന്‌ മാറി​ത്താ​മ​സി​ക്കാൻ ആവശ്യ​പ്പെട്ടു. ലക്ഷങ്ങൾ അവി​ടെ​നിന്ന്‌ പലായനം ചെയ്‌തു. ചിലർക്ക്‌ അതിർത്തി കടന്ന്‌ റുവാ​ണ്ട​യി​ലേക്കു പോ​കേ​ണ്ടി​വന്നു.

രാജ്യഹാൾ ഇരിക്കുന്ന സ്ഥലത്തു​വെച്ച്‌ പ്രാ​ദേ​ശിക ദുരി​താ​ശ്വാ​സ കമ്മിറ്റി ഓട്ട്‌സ്‌ കുറു​ക്കി​യത്‌ ചൂടോ​ടെ വിതരണം ചെയ്യുന്നു

 അങ്ങനെ വീടു​വിട്ട്‌ ഇറങ്ങേ​ണ്ടി​വ​ന്ന​വ​രിൽ ഏകദേശം 5,000 യഹോ​വ​യു​ടെ സാക്ഷി​ക​ളും ഉണ്ടായി​രു​ന്നു. ദുരന്തം കഴിഞ്ഞ്‌ ചെന്ന​പ്പോൾ പലർക്കും പലതും നഷ്ടപ്പെ​ട്ടി​രു​ന്നു. ചിലർക്ക്‌ ആ സ്‌ഫോ​ട​ന​ത്തിൽ അവരുടെ വീടുകൾ പൂർണ​മാ​യി നഷ്ടമായി. മറ്റു ചിലരു​ടെ വീടുകൾ കൊള്ള​യ​ടി​ക്ക​പ്പെട്ടു. റുവാ​ണ്ട​യി​ലെ​യും കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലെ​യും ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ ഈ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ നേതൃ​ത്വ​മെ​ടു​ത്തു. ഒരു ദുരി​താ​ശ്വാ​സ കമ്മിറ്റി​യെ​ക്കു​റിച്ച്‌ കോം​ഗോ (കിൻഷാസ) ബ്രാഞ്ച്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു: “നഗരത്തി​ലെ സാഹച​ര്യം വളരെ മോശ​മാ​യി​രു​ന്നെ​ങ്കി​ലും മാറി​ത്താ​മ​സി​ക്കാ​നുള്ള നിർദേശം അധികാ​രി​കൾ നൽകു​ന്ന​തിന്‌ മുമ്പു​തന്നെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ട ഭക്ഷണവും വെള്ളവും കിടക്കാ​നുള്ള സൗകര്യ​വും വസ്‌ത്ര​ങ്ങ​ളും എല്ലാം കമ്മിറ്റി കൊടുത്ത്‌ തുടങ്ങി​യി​രു​ന്നു.” ഒരു ടൗണിൽ 2,000-ത്തിലധി​കം സഹോ​ദ​രങ്ങൾ ഒരുമി​ച്ചു​കൂ​ടി​യി​രു​ന്നു. ദുരി​താ​ശ്വാ​സ കമ്മിറ്റി അവർക്കു​വേണ്ട ടെന്റുകൾ ഉണ്ടാക്കി, മാസ്‌ക്കു​കൾ എത്തിച്ചു​കൊ​ടു​ത്തു. ഇനി കോവിഡ്‌-19-ഉം കോള​റ​യും ഒന്നും വരാതി​രി​ക്കാൻ എന്തൊക്കെ ശ്രദ്ധി​ക്ക​ണ​മെ​ന്നും പറഞ്ഞു​കൊ​ടു​ത്തു.

മാറി​ത്താ​മ​സി​ക്കേ​ണ്ടി​വന്ന സഹോ​ദ​ര​ങ്ങൾക്ക്‌ അയച്ചു​കൊ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ഭക്ഷണസാ​ധ​നങ്ങൾ തൂക്കി​നോ​ക്കു​ന്നു

 ദുരന്ത​മു​ണ്ടാ​യി മൂന്ന്‌ മാസത്തി​നു​ള്ളിൽത്തന്നെ ആറ്‌ ടണ്ണി​ലേറെ അരിയും ആറ്‌ ടൺ ചോള​പ്പൊ​ടി​യും മൂന്ന്‌ ടൺ വീതം പാചക​ത്തി​നുള്ള എണ്ണയും വെള്ളവും സഹോ​ദ​രങ്ങൾ വിതരണം ചെയ്‌തു. ഭക്ഷണം വലിയ വില കൊടുത്ത്‌ വിദേ​ശ​ത്തു​നിന്ന്‌ കൊണ്ടു​വ​രു​ന്ന​തി​നു പകരം, പ്രാ​ദേ​ശി​ക​മാ​യി കിട്ടുന്ന ഭക്ഷണസാ​ധ​നങ്ങൾ കൂടുതൽ അളവിൽ വാങ്ങാൻ ബ്രാഞ്ച്‌ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു.

 ഈ ദുരന്ത​ത്തിൽ ഒരു സഹോ​ദ​രിക്ക്‌ അവരുടെ പുതിയ വീട്‌ നഷ്ടപ്പെട്ടു. “ഞങ്ങൾക്ക്‌ ഒരുപാട്‌ വേദന​യും നിരാ​ശ​യും ഒക്കെ തോന്നി” എന്നാണ്‌ സഹോ​ദരി പറഞ്ഞത്‌. പക്ഷേ ആ കുടും​ബ​ത്തിന്‌ പ്രാ​യോ​ഗി​ക​സ​ഹാ​യ​വും വിശ്വ​സ്‌ത​രാ​യി തുടരാ​നുള്ള ആത്മീയ​സ​ഹാ​യ​വും കിട്ടി. സഹോ​ദ​രി​യു​ടെ വാക്കുകൾ ഇങ്ങനെ​യാണ്‌: “യഹോ​വ​യു​ടെ സഹായ​ത്താൽ ഞങ്ങൾക്കു വേണ്ട​തെ​ല്ലാം ഇപ്പോ​ഴും ഉണ്ട്‌. യഹോവ നമ്മു​ടെ​യെ​ല്ലാം ഭാരങ്ങൾ ചുമക്കും. മുന്നോ​ട്ടു​പോ​കു​ന്നത്‌ എളുപ്പ​മാ​ക്കി തരും. ഇത്‌ ഞങ്ങൾക്ക്‌ നേരിട്ട്‌ കാണാ​നാ​യി.”

വെന​സ്വേ​ല​യി​ലെ സാമ്പത്തിക തകർച്ച

 വർഷങ്ങ​ളാ​യി വെന​സ്വേല സാമ്പത്തിക ഞെരു​ക്ക​ത്തി​ന്റെ പിടി​യി​ലാണ്‌. അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ജീവി​ത​സാ​ഹ​ച​ര്യം വളരെ മോശ​മാണ്‌. ഭക്ഷ്യക്ഷാ​മം ഉണ്ട്‌, അതോ​ടൊ​പ്പം കുറ്റകൃ​ത്യ​ങ്ങ​ളും വർധി​ച്ചു​വ​രു​ന്നു. പക്ഷേ യഹോ​വ​യു​ടെ സംഘടന അവരെ ഉപേക്ഷി​ച്ചി​ട്ടില്ല.

വെന​സ്വേ​ല​യു​ടെ പല ഭാഗങ്ങ​ളി​ലേക്ക്‌ എത്തിക്കു​ന്ന​തി​നു​വേണ്ടി അരിച്ചാ​ക്കു​കൾ കയറ്റുന്നു

 കഴിഞ്ഞ സേവന​വർഷം, സഹോ​ദ​ര​ങ്ങൾക്കു കഴിക്കാൻ വേണ്ട ഭക്ഷണസാ​ധ​നങ്ങൾ, ശുചീ​ക​ര​ണ​ത്തി​നു​വേണ്ട സോപ്പ്‌ എന്നിവ വാങ്ങി​ക്കു​ന്ന​തി​നും എത്തിച്ചു​കൊ​ടു​ക്കു​ന്ന​തി​നും 11 കോടി​യി​ലേറെ രൂപയാണ്‌ ചെലവ​ഴി​ച്ചത്‌. വെന​സ്വേല ബ്രാഞ്ച്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യുന്നു: “ഓരോ മാസവും 130 ടൺ ഭക്ഷണസാ​ധ​നങ്ങൾ രാജ്യ​ത്തി​ന്റെ നാലു കോണി​ലേ​ക്കും കൊണ്ടു​പോ​ക​ണ​മാ​യി​രു​ന്നു. അത്‌ പിന്നീട്‌ ആവശ്യ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളു​ടെ കൈക​ളിൽ എത്തിക്കണം. അത്‌ ഒട്ടും എളുപ്പമല്ല.” ഭക്ഷണം ഉപയോ​ഗ​ശൂ​ന്യ​മാ​കാ​തി​രി​ക്കാൻ കൂടുതൽ കാലം കേടാ​കാ​തി​രി​ക്കുന്ന ഭക്ഷണസാ​ധ​ന​ങ്ങ​ളാണ്‌ മിക്ക​പ്പോ​ഴും അയച്ചു​കൊ​ടു​ക്കു​ന്നത്‌. ബ്രാഞ്ച്‌ തുടർന്ന്‌ പറയുന്നു: “സാധനങ്ങൾ വാങ്ങു​മ്പോൾ വലിയ അളവിൽ വാങ്ങാൻ നോക്കും, ഓരോ സീസണിൽ കിട്ടു​ന്ന​തും വാങ്ങാൻ ശ്രമി​ക്കും. അങ്ങനെ​യാ​കു​മ്പോൾ വിലക്കു​റ​വിൽ മേടി​ക്കാ​നാ​കും. എന്നിട്ട്‌ ഏറ്റവും ചെലവ്‌ കുറഞ്ഞ മാർഗം ഉപയോ​ഗിച്ച്‌ അത്‌ അയച്ചു​കൊ​ടു​ക്കും. ”

കടുത്ത ഇന്ധനക്ഷാ​മം ഉള്ളതു​കൊ​ണ്ടും ആവശ്യ​ത്തിന്‌ വാഹനങ്ങൾ ഇല്ലാത്ത​തു​കൊ​ണ്ടും ചെറു​പ്പ​ക്കാ​രായ സഹോ​ദ​രങ്ങൾ, സഭയി​ലു​ള്ള​വർക്ക്‌ ഭക്ഷണം എത്തിക്കാ​നാ​യി മൊത്തം 18 കിലോ​മീ​റ്റർ സൈക്കി​ളിൽ യാത്ര ചെയ്യുന്നു

 വെന​സ്വേ​ല​യി​ലെ ഒരു ദുരി​താ​ശ്വാ​സ കമ്മിറ്റി​യിൽ പ്രവർത്തി​ക്കുന്ന സഹോ​ദ​ര​നാണ്‌ ലെയോ​ണൽ. സഹോ​ദരൻ പറയുന്നു: “ഈ നിയമനം എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. കോവിഡ്‌-19 ബാധിച്ച്‌ എന്റെ ഭാര്യ മരിച്ച​തി​നെ തുടർന്ന്‌ പിടി​ച്ചു​നിൽക്കാൻ എനിക്ക്‌ ശക്തി പകരു​ന്നത്‌ ഈ നിയമ​ന​മാണ്‌. തിര​ക്കോ​ടെ​യി​രി​ക്കാൻ എനിക്കാ​കു​ന്നുണ്ട്‌. സഹായം ആവശ്യ​മുള്ള സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യാ​നാ​കു​ന്ന​തും എനിക്ക്‌ സന്തോഷം തരുന്നു. തന്റെ ദാസരെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന വാക്ക്‌ യഹോവ പാലി​ക്കു​ന്നത്‌ ഞാൻ നേരിട്ട്‌ കണ്ടു.”

 ഇത്തരത്തിൽ സഹായം ലഭിച്ച ഒരു സഹോ​ദരൻ മുമ്പ്‌ ദുരി​താ​ശ്വാ​സ കമ്മിറ്റി​യിൽ പ്രവർത്തിച്ച ഒരാളാണ്‌. സഹോ​ദ​രന്റെ വാക്കുകൾ ഇങ്ങനെ​യാണ്‌: “ഇപ്പോൾ എനിക്കാണ്‌ സഹായം വേണ്ടത്‌. സഹോ​ദ​രങ്ങൾ സാധനങ്ങൾ എത്തിച്ചു​ത​രുക മാത്രമല്ല ചെയ്‌തത്‌. ഭാര്യ​യു​ടെ​യും എന്റെയും ടെൻഷൻ കുറയ്‌ക്കാ​നും അവർ സഹായി​ച്ചു. അവർ ഞങ്ങൾക്ക്‌ വേണ്ട​തെ​ല്ലാം ചെയ്‌തു​തന്നു, ഞങ്ങളെ ആശ്വസി​പ്പി​ച്ചു, ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.”

 ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ ദുരന്തങ്ങൾ സംഭവി​ക്കു​മ്പോൾപ്പോ​ലും യഹോ​വ​യു​ടെ സംഘട​ന​യ്‌ക്ക്‌ പെട്ടെ​ന്നു​തന്നെ ആവശ്യ​മായ സാധനങ്ങൾ ഒരുക്കാ​നും എത്തിച്ചു​കൊ​ടു​ക്കാ​നും മിക്ക​പ്പോ​ഴും കഴിയു​ന്നു. ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേണ്ടി നിങ്ങൾ സംഭാ​വ​നകൾ തരുന്ന​തു​കൊ​ണ്ടാണ്‌ ഇതു സാധി​ക്കു​ന്നത്‌. സംഭാവന നൽകാ​നുള്ള ചില വഴികൾ donate.jw.org-ൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. നിങ്ങളു​ടെ ഉദാര​മായ സംഭാ​വ​ന​കൾക്ക്‌ വളരെ നന്ദി.

^ 2021 സേവന​വർഷം എന്നു പറയു​ന്നത്‌, 2020 സെപ്‌റ്റം​ബർ 1 മുതൽ 2021 ആഗസ്റ്റ്‌ 31 വരെയാണ്‌.