വിവരങ്ങള്‍ കാണിക്കുക

ചരി​ത്ര​ത്തി​ന്റെ ഏടുക​ളി​ലൂ​ടെ ഒരു സഞ്ചാരം

ചരി​ത്ര​ത്തി​ന്റെ ഏടുക​ളി​ലൂ​ടെ ഒരു സഞ്ചാരം

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ലൂ​ടെ ഒന്നു കണ്ണോ​ടി​ക്കാ​നു​ള്ള അവസരം ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള ഞങ്ങളുടെ ലോകാ​സ്ഥാ​നത്ത്‌ ഒരുക്കി​യി​രി​ക്കു​ന്നു. 2012 ഒക്‌ടോ​ബ​റി​ലാണ്‌ ഈ പ്രദർശ​നം ആരംഭി​ച്ചത്‌. സന്ദർശ​കർക്ക്‌, എല്ലാം തനിയെ ചുറ്റി​ന​ട​ന്നു കാണാ​വു​ന്ന വിധത്തി​ലാ​ണു ഇതു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. * ക്രിസ്‌ത്യാ​നി​ക​ളാ​യ ചിലർക്ക്‌ ഉണ്ടായ പ്രയാ​സ​ങ്ങ​ളും അവർ നേരിട്ട അപകട​ങ്ങ​ളും നേടിയ വിജയ​ങ്ങ​ളും ഒക്കെയാണ്‌ ഈ പ്രദർശ​ന​ത്തി​ന്റെ മുഖ്യ​വി​ഷ​യം.

എ.ഡി. 33-ലെ ക്രിസ്‌തീ​യ യുഗം​മു​തൽ ഇക്കാലം​വ​രെ​യു​ള്ള സംഭവ​ങ്ങ​ളി​ലൂ​ടെ ഒന്നു കണ്ണോ​ടി​ക്കാൻ പ്രദർശ​നം അവസര​മൊ​രു​ക്കു​ന്നു. ഇതു നാലു വിഭാ​ഗ​ങ്ങ​ളാ​യി തിരി​ച്ചി​ട്ടുണ്ട്‌. ഓരോ​ന്നും നടന്നത്‌ ഏതു കാലഘ​ട്ട​ത്തി​ലാ​ണെ​ന്നു വ്യക്തമാ​യി അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഓരോ വിഭാ​ഗ​ത്തി​നും ബൈബിൾവാ​ക്യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ഒരു പേരുണ്ട്‌. ഇംഗ്ലീ​ഷി​ലു​ള്ള ഒരു ചെറിയ വീഡി​യോ​യോ​ടെ​യാണ്‌ ഓരോ​ന്നും തുടങ്ങു​ന്നത്‌. ഇറ്റാലി​യൻ, കൊറി​യൻ, ജാപ്പനീസ്‌, പോർച്ചു​ഗീസ്‌, ഫ്രഞ്ച്‌, സ്‌പാ​നിഷ്‌ എന്നീ ആറു ഭാഷയിൽ അതിന്റെ സബ്‌​ടൈ​റ്റി​ലു​കൾ ലഭ്യമാണ്‌.

നാലു വിഭാ​ഗ​ങ്ങൾ

ആദ്യ വിഭാ​ഗ​ത്തി​ന്റെ പേര്‌ “മനുഷ്യർ ഇരുട്ടി​നെ സ്‌നേ​ഹി​ച്ചു” എന്നാണ്‌; യോഹ​ന്നാൻ 3:19-ലെ യേശു​വി​ന്റെ വാക്കു​ക​ളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ അത്‌. ‘ഉപദേ​ശ​ങ്ങ​ളെ വളച്ചൊ​ടി​ക്കു​ന്ന പുരു​ഷ​ന്മാർ എഴു​ന്നേൽക്കും’ എന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:30) അത്തരം ദുഷ്ടമ​നു​ഷ്യർ ജീവി​ച്ചി​രു​ന്ന കാലവും അവർ ചെയ്‌തു​കൂ​ട്ടി​യ കാര്യ​ങ്ങ​ളു​ടെ വിവര​ണ​ങ്ങ​ളും ഈ വിഭാ​ഗ​ത്തിൽ രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടുണ്ട്‌.

രണ്ടാം വിഭാ​ഗ​ത്തി​ന്റെ പേര്‌ “വെളിച്ചം പ്രകാ​ശി​ക്ക​ട്ടെ” എന്നാണ്‌. 2 കൊരി​ന്ത്യർ 4:6-ൽനിന്നുള്ള പദപ്ര​യോ​ഗ​മാ​ണത്‌. 1800-കളുടെ അവസാ​നം​മു​തൽ 1900-ങ്ങളുടെ ആരംഭം​വ​രെ​യു​ള്ള ചരി​ത്ര​മാണ്‌ ഈ വിഭാ​ഗ​ത്തിന്‌ ആധാരം. തുറന്ന മനസ്സോ​ടെ ബൈബിൾ പഠിക്കാൻ ആത്മാർഥ​ശ്ര​മം ചെയ്‌ത ചിലരു​ടെ അനുഭ​വ​മാണ്‌ ആദ്യം. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പ്‌ അവരുടെ അറിവും അംഗബ​ല​വും വർധി​ച്ചത്‌ എങ്ങനെ​യെ​ന്നും അതു കാണി​ക്കു​ന്നു.

പ്രസി​ദ്ധ​മാ​യ “സൃഷ്ടി​പ്പിൻ ഫോട്ടോ-നാടക”മാണു രണ്ടാം വിഭാ​ഗ​ത്തി​ന്റെ മറ്റൊരു സവി​ശേ​ഷത. നിശ്ചല​ചി​ത്ര​ങ്ങ​ളും ചലിക്കുന്ന ചിത്ര​ങ്ങ​ളും റെക്കോർഡു ചെയ്‌ത ശബ്ദവും കോർത്തി​ണ​ക്കി​യാണ്‌ ഇതു തയ്യാറാ​ക്കി​യി​രു​ന്നത്‌. 1914-ൽ ബൈബിൾ വിദ്യാർഥി​കൾ (യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.) ഇതു പ്രദർശി​പ്പി​ച്ചു​തു​ടങ്ങി. തുടർന്നു​ള്ള വർഷങ്ങ​ളിൽ ഇതു കാണാ​നാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ കൂടി​വ​ന്നു. ഈ ഫോട്ടോ-നാടകം തയ്യാറാ​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ച്ച ചില ചിത്ര​ങ്ങ​ളും, അതിന്റെ ആമുഖ​മാ​യി ആളുകളെ കാണി​ച്ചി​രു​ന്ന വീഡി​യോ​യു​ടെ ഒരു ചെറിയ ഭാഗവും, 500-ലേറെ ബഹുവർണ സ്ലൈഡു​ക​ളും പ്രദർശ​ന​ത്തി​ന്റെ ഈ വിഭാ​ഗ​ത്തി​ലുണ്ട്‌.

മൂന്നാം വിഭാ​ഗ​ത്തി​ന്റെ പേര്‌ “മഹാസർപ്പം ക്രുദ്ധി​ച്ചു” എന്നാണ്‌. വെളി​പാട്‌ 12:17-ൽനിന്ന്‌ എടുത്തി​രി​ക്കു​ന്ന​താണ്‌ ഇത്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന ഉപദ്ര​വ​ങ്ങ​ളു​ടെ​യും യുദ്ധകാ​ലത്ത്‌ നിഷ്‌പ​ക്ഷ​മാ​യി നിന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രചോ​ദ​ന​മേ​കു​ന്ന ജീവി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും രേഖ അവിടെ കാണാം. റെമീ​ഷോ കുമി​നെ​റ്റി എന്ന സാക്ഷി​യു​ടെ കഥ പറയു​ന്ന​താണ്‌ ഒരു വീഡി​യോ. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഇറ്റലി​യു​ടെ പട്ടാള​യൂ​ണി​ഫാ​റം അണിയാ​നോ യുദ്ധത്തിൽ പങ്കെടു​ക്കാ​നോ തയ്യാറാ​കാ​ഞ്ഞ ആളാണ്‌ റെമീ​ഷോ. മറ്റൊന്ന്‌, ഓസ്‌ട്രി​യ​ക്കാ​ര​നാ​യ അലോ​യീസ്‌ മോസ​റി​നെ​ക്കു​റി​ച്ചു​ള്ള​താണ്‌. “ഹെയ്‌ൽ ഹിറ്റ്‌ലർ” എന്നു പറയാൻ വിസമ്മ​തി​ച്ച​തി​നാൽ അദ്ദേഹ​ത്തി​നു ജോലി നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം ഡാക്കൗ തടങ്കൽപ്പാ​ള​യ​ത്തി​ലു​മാ​യി.

അരണ്ട വെളിച്ചം മാത്ര​മു​ള്ള ഒരു ജയിൽ മുറി​യു​ടെ മാതൃ​ക​യും ഈ വിഭാ​ഗ​ത്തി​ലുണ്ട്‌. തങ്ങളുടെ മതവി​ശ്വാ​സ​ത്തി​ന്റെ പേരിൽ ഗ്രീസ്‌, ജപ്പാൻ, പോളണ്ട്‌, സെർബിയ പോലുള്ള രാജ്യ​ങ്ങ​ളിൽ ജയിലിൽ കഴി​യേ​ണ്ടി​വന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചിത്ര​ങ്ങ​ളാണ്‌ ആ മുറി​യിൽ.

അവസാന വിഭാ​ഗ​ത്തി​ന്റെ പേര്‌ “സകല ജനതകൾക്കും​വേ​ണ്ടി​യുള്ള സുവി​ശേ​ഷം” എന്നാണ്‌. മത്തായി 24:14-നെ അധിക​രി​ച്ചു​ള്ള ഈ വിഭാ​ഗ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ 1950 മുതൽ ഇക്കാലം വരെ ചെയ്‌ത പ്രവർത്ത​ന​ങ്ങ​ളു​ടെ ഒരു ലഘുവി​വ​ര​ണ​മാണ്‌ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതി​വേ​ഗ​ത്തി​ലു​ള്ള വളർച്ച, ഉത്സാഹം ചോർന്നു​പോ​കാ​തെ​യുള്ള പ്രസം​ഗ​പ്ര​വർത്ത​നം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഖമു​ദ്ര​യാ​യ സഹോ​ദ​ര​സ്‌നേ​ഹം എന്നിവ​യു​ടെ കഥ പറയുന്ന ഒരു കൂട്ടം ചിത്ര​ങ്ങ​ളും അവിടെ കാണാം.

പ്രദർശ​ന​ത്തി​ന്റെ ഏറ്റവും അവസാ​ന​ഭാ​ഗത്ത്‌ ഒരു ടച്ച്‌-സ്‌ക്രീൻ സംവി​ധാ​നം ഒരുക്കി​യി​ട്ടുണ്ട്‌. 100-ലേറെ വർഷം മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ച്ചി​രു​ന്ന ബൈബിൾ ഹൗസ്‌, ബ്രൂക്‌ലിൻ ടാബർനാ​ക്കിൾ എന്നീ കെട്ടി​ട​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ഇതു സന്ദർശ​ക​രെ സഹായി​ക്കു​ന്നു.

എന്തിനാണ്‌ ഇങ്ങനെ​യൊ​രു പ്രദർശ​നം ഒരുക്കി​യത്‌?

ഇതിന്റെ ഒരുക്ക​ങ്ങൾക്കു​ത​ന്നെ ഒരു വർഷം വേണ്ടി​വ​ന്നു. പ്രദർശ​നം ഈ വിധത്തിൽ ക്രമീ​ക​രി​ക്കാ​നും മാസങ്ങൾ എടുത്തു. ലോക​ത്തി​ന്റെ പല ഭാഗത്തു​നി​ന്നു​ള്ള സാക്ഷികൾ അവർ പൈതൃ​ക​സ്വ​ത്തു​പോ​ലെ കാത്തു​സൂ​ക്ഷി​ച്ചി​രു​ന്ന പലതും ഇതിനാ​യി സംഭാവന ചെയ്‌തു.

എന്തിനാണ്‌ ഇതെല്ലാം ചെയ്‌തത്‌? ഈ പ്രദർശ​നം കാണു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്താണു പ്രയോ​ജ​ന​മെ​ന്നു ചോദി​ച്ച​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ ഒരംഗം മറുപ​ടി​യാ​യി ഇംഗ്ലീ​ഷി​ലെ പ്രശസ്‌ത​മാ​യ ഒരു പഴമൊ​ഴി പറഞ്ഞു: “മുന്നോ​ട്ടു പോക​ണ​മെ​ങ്കിൽ പിന്നിട്ട വഴികൾ അറിയണം.”

^ ഖ. 2 ന്യൂയോർക്കിലെ ബ്രൂക്‌ലി​നി​ലു​ള്ള ‘25 കൊളം​ബി​യ ഹൈറ്റ്‌സ്‌’ എന്ന കെട്ടി​ട​ത്തി​ലാണ്‌ ഈ പ്രദർശ​നം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസ​ങ്ങ​ളിൽ രാവിലെ എട്ടുമു​തൽ വൈകു​ന്നേ​രം അഞ്ചുവ​രെ​യാണ്‌ സമയം. പ്രവേ​ശ​നം സൗജന്യം.