വിവരങ്ങള്‍ കാണിക്കുക

എരിതീ​യെ വരുതി​യി​ലാ​ക്കി!

എരിതീ​യെ വരുതി​യി​ലാ​ക്കി!

“അയ്യോ തീ! തീ! തീ!” ഭർത്താ​വി​ന്റെ വീട്ടിൽ രാവിലെ ഭക്ഷണം കഴിച്ചു​കൊ​ണ്ടി​രുന്ന സാൻഡ്ര വീടിന്‌ അടുത്തുള്ള ഒരു ഷെഡ്ഡിന്റെ വാതി​ലി​ന​ടി​യി​ലൂ​ടെ തീ വരുന്നതു കണ്ടു. സാൻഡ്ര​യും ഭർത്താവ്‌ തോമ​സും പെട്ടെന്നു പ്രവർത്തി​ച്ചു. എന്താണു സംഭവി​ച്ച​തെന്ന്‌ അറിയാൻ തോമസ്‌ ഷെഡ്ഡിന്‌ അടു​ത്തേക്ക്‌ ഓടി. അപ്പോ​ഴേ​ക്കും സാൻഡ്ര അഗ്നിശ​മ​നോ​പ​ക​ര​ണ​വു​മാ​യി പുറകെ എത്തി. സാൻഡ്ര തിടു​ക്ക​ത്തിൽ തോമ​സിന്‌ അഗ്നിശ​മ​നോ​പ​ക​രണം കൊടു​ത്തു. തോമസ്‌ തീ കെടുത്തി. “ഞങ്ങൾ ചെന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ ആ ഷെഡ്‌ മുഴുവൻ കത്തിന​ശി​ച്ചേനേ” എന്നു സാൻഡ്ര പറയുന്നു.

ഇങ്ങനെ ഒരു സാഹച​ര്യ​ത്തിൽ പരി​ഭ്രാ​ന്ത​രാ​കാ​തെ പെട്ടെന്നു പ്രവർത്തി​ക്കാൻ തോമ​സി​നും സാൻഡ്ര​യ്‌ക്കും എങ്ങനെ കഴിഞ്ഞു? തീപി​ടി​ത്ത​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെ​ന്നു​ള്ള​തി​നു പരിശീ​ലനം അവർക്കു ലഭിച്ചി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജർമനിയിലെ സെൽറ്റേഴ്‌സിലുള്ള ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കുന്ന വേറെ 1000-ത്തോളം പേരോ​ടൊ​പ്പ​മാ​യി​രു​ന്നു അവർക്ക്‌ ആ പരിശീ​ലനം കിട്ടി​യത്‌.

സെൽറ്റേഴ്‌സിലെ 70 ഏക്കർ വരുന്ന ഈ സ്ഥലത്ത്‌ ഓഫീ​സു​ക​ളും താമസ​സ്ഥ​ല​ങ്ങ​ളും മാത്രമല്ല, അലക്കു​ശാ​ല​യും അച്ചടി​ശാ​ല​യും മറ്റു പണിപ്പു​ര​ക​ളും ഉണ്ട്‌. അവി​ടെ​യെ​ല്ലാം പല തരത്തി​ലുള്ള തീപി​ടിത്ത സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ സുരക്ഷ-പരിസ്ഥി​തി ഡിപ്പാർട്ടുമെന്റ്‌ അഗ്നിസു​ര​ക്ഷ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ ഒരു പരിപാ​ടി സംഘടി​പ്പി​ച്ചു. ഒന്നാമ​താ​യി ചിലരെ തിര​ഞ്ഞെ​ടുത്ത്‌ (ഈ കൂട്ടത്തെ അടിയ​ന്തി​ര​ന​ട​പടി സംഘം എന്നു വിളി​ക്കു​ന്നു.) ആ പ്രദേ​ശത്തെ അഗ്നിശ​മ​ന​സേ​ന​യോ​ടൊ​പ്പം പ്രവർത്തി​ക്കാൻ അവസരം ഒരുക്കി. ഇതു കൂടാതെ, ബ്രാഞ്ചിൽ സേവി​ക്കുന്ന എല്ലാവ​രും പതിവാ​യി:

  • കെട്ടി​ട​ത്തിൽനിന്ന്‌ പെട്ടെന്നു പുറത്തു​ക​ട​ക്കാൻ പരിശീ​ലി​ക്കു​ന്നു.

  • അഗ്നിസു​ര​ക്ഷ​ക്ലാ​സ്സു​ക​ളിൽ പങ്കെടു​ക്കു​ന്നു.

  • ഒരു തീപി​ടി​ത്ത​മു​ണ്ടാ​യാൽ ഉടൻ എങ്ങനെ കെടു​ത്താ​മെന്നു പഠിക്കു​ന്നു.

ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തെ നേരി​ടു​ന്ന​തി​നു​വേണ്ട കഴിവു​കൾ ഇങ്ങനെ അവർ നേടുന്നു.

അഗ്നിശ​മ​നം​—സുരക്ഷി​ത​മാ​യി

പരിശീ​ല​ന​ത്തി​ന്റെ ഭാഗമാ​യി സുരക്ഷി​ത​മാ​യി തീ അണയ്‌ക്കാൻ അവർ പഠിക്കു​ന്നു. പ്രാഥ​മി​ക​വി​ദ്യാ​ല​യ​ത്തിൽ അഗ്നിസു​ര​ക്ഷ​യെ​ക്കു​റിച്ച്‌ പഠിച്ചി​ട്ടു​ണ്ടാ​യി​രുന്ന ക്രിസ്റ്റീൻ ബ്രാഞ്ചി​ലെ പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഞാൻ പെട്ടെന്ന്‌ അഗ്നിശ​മ​നോ​പ​ക​രണം എടുത്തു. അതിന്റെ ലോക്ക്‌ മാറ്റി. കാറ്റിന്റെ അതേ ദിശയിൽ ഞാൻ തീയുടെ അടു​ത്തേക്കു നീങ്ങി. അല്ലെങ്കിൽ തീ എന്റെ മുഖത്ത​ടി​ച്ചേനേ. എന്നിട്ടു ഞാൻ തീ കെടുത്തി. ഇതൊക്കെ ഞാൻ ഒറ്റയ്‌ക്കു ചെയ്‌തു! നാലോ അഞ്ചോ പേരട​ങ്ങുന്ന ഒരു കൂട്ട​ത്തോ​ടൊ​പ്പം തീ കെടു​ത്താ​നും ഞാൻ പഠിച്ചു.”

പരിശീ​ല​നം “തീയോ​ടുള്ള പേടി കുറയ്‌ക്കു​ന്നു” എന്ന്‌ അഗ്നിസു​രക്ഷാ പരിശീ​ല​ക​നാ​യി ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കുന്ന ഡാനി​യേൽ പറയുന്നു. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “ഒരു തീപി​ടി​ത്ത​മു​ണ്ടാ​കു​മ്പോൾ ആളുകൾ മിക്ക​പ്പോ​ഴും എന്തു ചെയ്യണം എന്ന്‌ അറിയാ​തെ നിൽക്കും. ‘ഇനി ഇപ്പോൾ എന്തു ചെയ്യും, അഗ്നിശ​മ​നോ​പ​ക​രണം എങ്ങനെ​യാണ്‌ കൈകാ​ര്യം ചെയ്യു​ന്നത്‌’ എന്നൊക്കെ ചിന്തിച്ച്‌ അവർ പരി​ഭ്രാ​ന്ത​രാ​കും. പക്ഷേ, എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അറിയാ​മെ​ങ്കിൽ ഒരു ചെറിയ തീ വലിയ തീപി​ടി​ത്ത​മാ​കാ​തെ നോക്കാൻ അവർക്കു പറ്റും.” പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മ്പോൾ ശരിയായ വിധത്തിൽ അഗ്നിശ​മ​നോ​പ​ക​രണം എങ്ങനെ പിടി​ക്ക​ണ​മെ​ന്നും തീ എങ്ങനെ കെടു​ത്ത​ണ​മെ​ന്നും പങ്കെടു​ക്കു​ന്നവർ മനസ്സി​ലാ​ക്കു​ന്നു. ആവശ്യം വരു​മ്പോൾ ഉടനടി പ്രവർത്തി​ക്കാ​നുള്ള ധൈര്യ​വും ആത്മവി​ശ്വാ​സ​വും അവർക്കു ലഭിക്കു​ന്നു.”

പരിശീ​ല​നം​കൊ​ണ്ടുള്ള ഗുണങ്ങൾ

പലരും പരിശീ​ല​ന​ത്തി​നു നന്ദി പറഞ്ഞു. നേരത്തെ പറഞ്ഞ ക്രിസ്റ്റീൻ ഇങ്ങനെ പറയുന്നു: “ഞാൻ ആദ്യമാ​യി​ട്ടാണ്‌ ഒരു അഗ്നിശ​മ​നോ​പ​ക​രണം കൈയി​ലെ​ടു​ക്കു​ന്നത്‌. എല്ലാവർക്കും ഇങ്ങനെ ഒരു പരിശീ​ലനം കിട്ടി​യാൽ നല്ലതാ​യി​രി​ക്കും.” ഇപ്പോൾ വിമാ​ന​ത്താ​വ​ള​ത്തിൽ ജോലി​യുള്ള, ബ്രാ​ഞ്ചോ​ഫീ​സിൽ പാർട്ട്‌ ടൈമാ​യും പ്രവർത്തി​ക്കുന്ന നഡ്‌ജ പറയുന്നു: “കഴിഞ്ഞ പത്തു വർഷത്തി​ല​ധി​ക​മാ​യി അഗ്നിസു​ര​ക്ഷ​യെ​ക്കു​റിച്ച്‌ വായി​ച്ചും കേട്ടും ഉള്ള അറിവേ എനിക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. പക്ഷേ, ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ ലഭിച്ച പ്രാ​യോ​ഗി​ക​പ​രി​ശീ​ലനം എന്റെ ആത്മവി​ശ്വാ​സം കൂട്ടി. ഒരു തീപി​ടി​ത്ത​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ ഇപ്പോൾ അറിയാം.”

തീപി​ടി​ത്ത​മു​ണ്ടാ​യ​പ്പോൾ പെട്ടെന്നു പ്രവർത്തി​ക്കാൻ തന്നെ സഹായി​ച്ചത്‌ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ കിട്ടിയ പരിശീ​ല​ന​മാ​ണെന്നു സാൻഡ്ര വിശ്വ​സി​ക്കു​ന്നു. സാൻഡ്ര പറയുന്നു: “ഒരു അഗ്നിശ​മ​നോ​പ​ക​രണം ഉപയോ​ഗി​ക്കാൻ എനിക്ക്‌ ഇപ്പോൾ അത്ര പേടി​യില്ല. എല്ലാ വർഷവും ഇത്തരത്തി​ലൊ​രു പരിശീ​ല​ന​പ​രി​പാ​ടി​യു​ണ്ടെ​ങ്കിൽ നല്ലതാ​യി​രി​ക്കും. ആ പരിശീ​ല​നം​കൊണ്ട്‌ എനിക്ക്‌ ഒരുപാട്‌ പ്രയോ​ജ​ന​മു​ണ്ടാ​യി.”

പ്രാ​ദേ​ശി​ക അഗ്നിശ​മ​ന​സേ​ന​യോ​ടൊ​പ്പ​മുള്ള പരിശീ​ല​നം

ആ പ്രദേ​ശത്തെ അഗ്നിശ​മ​ന​സേന ബ്രാ​ഞ്ചോ​ഫീ​സി​ന്റെ പരിസ​രത്തു പതിവാ​യി പരിശീ​ല​ന​പ​രി​പാ​ടി​കൾ നടത്തി. അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ അഗ്നിശ​മ​ന​സേ​ന​യി​ലെ ഒരു ഉയർന്ന ഉദ്യോ​ഗ​സ്ഥ​നായ തിയോ നെക്കമാൻ പറയുന്നു: “ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിനാണ്‌ സെൽറ്റേഴ്‌സ്‌ മുൻസി​പ്പാ​ലി​റ്റി​യു​ടെ ഉത്തരവാ​ദി​ത്വം. വീടു​ക​ളി​ലെ​യും ഫ്‌ളാ​റ്റു​ക​ളി​ലെ​യും തീപി​ടി​ത്ത​മാണ്‌ ഞങ്ങൾ സാധാരണ കൈകാ​ര്യം ചെയ്യു​ന്നത്‌. എന്നാൽ ബ്രാ​ഞ്ചോ​ഫീസ്‌ അതിൽനി​ന്നെ​ല്ലാം തികച്ചും വ്യത്യ​സ്‌ത​മാണ്‌. വിസ്‌തൃ​ത​മായ സ്ഥലം, വലിയ കെട്ടി​ടങ്ങൾ, വ്യവസായ സ്ഥാപന​ങ്ങ​ളി​ലേ​തു​പോ​ലുള്ള ജോലി​കൾ ഇവയെ​ല്ലാം അതിനെ വ്യത്യ​സ്‌ത​മാ​ക്കു​ന്നു. ഇവിടെ ഒരു അത്യാ​ഹി​തം സംഭവി​ച്ചാൽ അത്‌ നേരി​ടാൻ ചില പ്രത്യേ​ക​വൈ​ദ​ഗ്‌ധ്യ​ങ്ങൾകൂ​ടി നേടണം. അതു​കൊണ്ട്‌ ഇവിടെ പരിശീ​ലി​ക്കാൻ പറ്റിയ​തിൽ ഞങ്ങൾക്കു സന്തോ​ഷ​മുണ്ട്‌.”

ബ്രാഞ്ചി​ലെ അടിയ​ന്തി​ര​ന​ട​പടി സംഘത്തി​ലുള്ള 100-ലധികം പേർ അഗ്നിശ​മ​ന​സേ​ന​യോ​ടൊ​പ്പം രക്ഷാ​പ്ര​വർത്ത​ന​ങ്ങ​ളി​ലും അഗ്നിശ​മ​ന​പ​രി​ശീ​ല​ന​ങ്ങ​ളി​ലും പങ്കെടു​ത്തു. നെക്കമാൻ ഇങ്ങനെ പറയുന്നു: “അടിയ​ന്തി​ര​ന​ട​പടി സംഘം കൊള്ളാം. അവരുടെ സഹായ​വും സഹകര​ണ​വും ഇല്ലായി​രു​ന്നെ​ങ്കിൽ പരിശീ​ലനം ഇത്ര സുഗമ​മാ​യി മുന്നോ​ട്ടു​പോ​കി​ല്ലാ​യി​രു​ന്നു.”

കത്തിക്കൊണ്ടിരിക്കുന്ന എണ്ണ വെള്ള​മൊ​ഴിച്ച്‌ കെടു​ത്താൻ ശ്രമി​ച്ചാ​ലു​ണ്ടാ​കുന്ന അപകടം

അഗ്നിശ​മ​ന​സേ​ന​യും അടിയ​ന്തി​ര​ന​ട​പടി സംഘവും 2014 ഫെബ്രു​വ​രി​യിൽ അവരുടെ കഴിവു തെളി​യി​ച്ചു. ബ്രാഞ്ചി​ലെ ഒരു അപ്പാർട്ടു​മെന്റ്‌ അന്ന്‌ വൈകു​ന്നേരം പുക​കൊ​ണ്ടു നിറഞ്ഞു. നേരത്തെ പറഞ്ഞ ഡാനി​യേൽ അതെക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ: “കൈ​പോ​ലും കാണാൻ പറ്റാത്തത്ര കനത്ത പുകയാ​യി​രു​ന്നു. ഞങ്ങൾ വേഗം അഗ്നിശ​മ​ന​സേ​നയെ വിളി​ക്കു​ക​യും 88 അപ്പാർട്ടു​മെ​ന്റു​ക​ളിൽനിന്ന്‌ ആളെ ഒഴിപ്പി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. അഗ്നിശ​മ​ന​സേന എത്തിയ​പ്പോ​ഴേ​ക്കും കെട്ടിടം മുഴുവൻ ഒഴിപ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.” നെക്കമാൻ പറയുന്നു: “ഫ്രാങ്ക്‌ഫർട്ട്‌ പോലുള്ള ഒരു നഗരത്തിൽ ഇത്രയും വലിയ കെട്ടി​ട​ത്തിൽനിന്ന്‌ ഇത്ര പെട്ടെന്ന്‌ ആളെ ഒഴിപ്പി​ക്കു​ന്നത്‌ എനിക്കു ചിന്തി​ക്കാൻപോ​ലും പറ്റുന്നില്ല. നിങ്ങൾ നല്ല അച്ചടക്ക​മു​ള്ള​വ​രാണ്‌. നിങ്ങളു​ടെ അടിയ​ന്തി​ര​ന​ട​പടി സംഘം സൂപ്പറാണ്‌!” അഗ്നിശ​മ​ന​സേ​ന​യി​ലെ ഉദ്യോ​ഗസ്ഥർ അപകട​കാ​രണം കണ്ടുപി​ടിച്ച്‌ പരിഹ​രി​ച്ചു. ആർക്കും പരിക്കു പറ്റിയില്ല, കാര്യ​മായ നാശന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യില്ല.

വലിയ ഒരു തീപി​ടി​ത്ത​മൊ​ന്നു​മു​ണ്ടാ​കി​ല്ലെന്ന പ്രത്യാ​ശ​യി​ലാണ്‌ സെൽറ്റേഴ്‌സിലെ ബ്രാ​ഞ്ചോ​ഫീ​സി​ലു​ള്ളവർ. ഇനി അങ്ങനെ സംഭവി​ച്ചാൽത്തന്നെ അവരെ​ല്ലാം സജ്ജരാണ്‌. എരിതീ​യെ വരുതി​യി​ലാ​ക്കാൻ അവർക്ക്‌ അറിയാം.