വിവരങ്ങള്‍ കാണിക്കുക

നൂറു​ക​ണ​ക്കിന്‌ ആളുകളെ പങ്കെടു​പ്പി​ച്ചു​കൊ​ണ്ടുള്ള ഓഡി​യോ ബൈബിൾ

നൂറു​ക​ണ​ക്കിന്‌ ആളുകളെ പങ്കെടു​പ്പി​ച്ചു​കൊ​ണ്ടുള്ള ഓഡി​യോ ബൈബിൾ

“പിടി​ച്ചി​രു​ത്തു​ന്നത്‌, ചിന്തി​പ്പി​ക്കു​ന്നത്‌, ഊർജം പകരു​ന്നത്‌.”

“ജീവസ്സുറ്റ ബൈബിൾവാ​യന”

“ഇത്ര ജീവൻ തുടി​ക്കു​ന്ന ഒരു ബൈബിൾവാ​യന ഞാൻ ഇതേവരെ കേട്ടി​ട്ടി​ല്ല.”

jw.org-ൽ ഇംഗ്ലീ​ഷിൽ ലഭ്യമായ മത്തായി എന്ന ബൈബിൾ പുസ്‌ത​ക​ത്തി​ന്റെ ഓഡി​യോ റെക്കോർഡിങ്‌ ശ്രദ്ധി​ച്ച​വ​രിൽ ചിലരു​ടെ അഭി​പ്രാ​യ​ങ്ങ​ളാണ്‌ ഇവ.

യഹോ​വ​യു​ടെ സാക്ഷി​കൾ ബൈബി​ളി​ന്റെ ആദ്യ ഓഡി​യോ പതിപ്പ്‌ പുറത്തി​റ​ക്കി​യത്‌ 1978-ലാണ്‌. ഇക്കാലം​കൊണ്ട്‌ ബൈബി​ളി​ന്റെ ആ പതിപ്പു​ക​ളു​ടെ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 20 ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

2013-ൽ പുതിയ ലോക ഭാഷാ​ന്ത​രം പരിഷ്‌ക​രി​ച്ച പതിപ്പ്‌ (ഇംഗ്ലീഷ്‌) പ്രകാ​ശ​നം ചെയ്‌ത​തോ​ടെ ഈ റെക്കോർഡി​ങ്ങു​കൾ പുതു​ക്കേ​ണ്ട​താ​യി വന്നു. മുമ്പത്തെ ഓഡി​യോ പതിപ്പി​നു മൂന്നു പേരാണ്‌ വായന നിർവ​ഹി​ച്ചി​രു​ന്നത്‌. അതിൽനി​ന്നു വ്യത്യസ്‌ത​മാ​യി ഈ പുതിയ റെക്കോർഡി​ങ്ങി​നു 1,000-ത്തിലേറെ വരുന്ന ബൈബിൾക​ഥാ​പാ​ത്ര​ങ്ങൾക്ക്‌ വ്യത്യസ്‌ത​വ്യ​ക്തി​ക​ളാണ്‌ ശബ്ദം നൽകി​യി​രി​ക്കു​ന്നത്‌.

ഇങ്ങനെ പല വ്യക്തി​കൾ വായന നിർവ​ഹി​ച്ചി​രി​ക്കു​ന്ന​തി​നാൽ ബൈബിൾവി​വ​ര​ണ​ങ്ങൾ ഭാവന​യിൽ കാണാൻ കേൾവി​ക്കാ​രെ സഹായി​ക്കു​ന്നു. ഇത്‌ ചില പ്രത്യേ​ക​ശ​ബ്ദ​ങ്ങ​ളും സംഗീ​ത​വും ഒക്കെയുള്ള ഒരു നാടക​ശ​ബ്ദ​രേഖ അല്ല. എങ്കിലും, ഈ റെക്കോർഡി​ങ്ങു​കൾക്ക്‌ സംഭവ​ങ്ങൾ യഥാർഥ​ത്തിൽ നടക്കു​ക​യാ​ണെന്ന്‌ തോന്നി​പ്പി​ക്കാ​നു​ള്ള കഴിവുണ്ട്‌.

വായന നിർവ​ഹി​ക്കു​ന്ന അനേകം ആളുകൾ ഉൾപ്പെ​ടു​ന്ന ഒരു പരിപാ​ടി​യാ​യ​തു​കൊണ്ട്‌ ഇതിന്‌ നല്ല ആസൂ​ത്ര​ണം ആവശ്യ​മാണ്‌. ഒരു ബൈബിൾവി​വ​ര​ണം എടുക്കു​ക​യാ​ണെ​ന്നി​രി​ക്കട്ടെ, ബൈബി​ളി​ലെ ഏത്‌ കഥാപാ​ത്ര​മാണ്‌ ആ സംഭാ​ഷ​ണം നടത്തി​യി​രി​ക്കു​ന്നത്‌, ആ വിവര​ണ​ത്തി​ന്റെ അർഥം, അത്‌ ഉൾക്കൊ​ള്ളു​ന്ന വികാ​ര​ങ്ങൾ ഇവയെ​ല്ലാം ആദ്യം​ത​ന്നെ ഗവേഷണം ചെയ്‌ത്‌ കണ്ടുപി​ടി​ക്കേ​ണ്ട​തുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു അപ്പോസ്‌ത​ല​ന്റെ വാക്കു​കൾ ഉദ്ധരണി​യാ​യി വരിക​യും അത്‌ ഏത്‌ അപ്പോസ്‌ത​ല​നാ​ണെന്ന്‌ തിരി​ച്ച​റി​യാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ആരുടെ ശബ്ദമാ​യി​രി​ക്കും കൊടു​ക്കാ​നാ​കു​ക? ഒരു സംശയ​ധ്വ​നി​യു​ള്ള പ്രസ്‌താ​വ​ന​യാ​ണെ​ങ്കിൽ അത്‌ തോമസ്‌ പറയു​ന്ന​താ​യും എടുത്തു​ചാ​ട്ട​മു​ള്ള ഒരു സ്വഭാവം നിഴലി​ക്കു​ന്നെ​ങ്കിൽ അത്‌ പത്രോസ്‌ പറയു​ന്ന​താ​യും റെക്കോർഡ്‌ ചെയ്യും.

ഇനി, സംഭാ​ഷ​ണം നടത്തി​യി​രി​ക്കു​ന്ന കഥാപാ​ത്ര​ത്തി​ന്റെ പ്രായ​വും പരിഗ​ണി​ക്കേ​ണ്ട​താണ്‌. യുവാ​വാ​യ യോഹ​ന്നാൻ അപ്പോസ്‌ത​ലന്‌ ഒരു ചെറു​പ്പ​ക്കാ​ര​ന്റെ ശബ്ദവും വൃദ്ധനായ യോഹ​ന്നാൻ അപ്പോസ്‌ത​ലന്‌ പ്രായ​മു​ള്ള ഒരാളു​ടെ ശബ്ദവും ആയിരി​ക്കും ഉപയോ​ഗി​ക്കു​ക.

കൂടാതെ, നന്നായി വായി​ക്കാ​ന​റി​യാ​വു​ന്ന​വ​രെ​യും കണ്ടെത്തണം. മിക്കവ​രെ​യും ഐക്യ​നാ​ടു​ക​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കു​ന്ന​വ​രിൽനി​ന്നാണ്‌ തിര​ഞ്ഞെ​ടു​ത്തത്‌. വായി​ക്കാൻ പ്രാപ്‌തി​യു​ള്ള​വ​രെ കണ്ടെത്തു​ന്ന​തിന്‌ ഉണരുക! മാസി​ക​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്ത ഒരു ഖണ്ഡിക തയ്യാറാ​കാ​നും വായി​ക്കാ​നും നിർദേ​ശി​ച്ചു. അങ്ങനെ, സമർഥ​രാ​യ വായന​ക്കാ​രെ തിര​ഞ്ഞെ​ടു​ത്തു. ഇതിനു​പു​റ​മെ, ദേഷ്യം, സങ്കടം, സന്തോഷം, നിരു​ത്സാ​ഹം, തുടങ്ങിയ വികാ​ര​ങ്ങൾ പ്രകടി​പ്പി​ക്കു​ന്ന ബൈബി​ളി​ലെ സംഭാ​ഷ​ണ​ങ്ങ​ളും അവരെ​ക്കൊണ്ട്‌ വായി​പ്പി​ച്ചു. ഇങ്ങനെ​യൊ​ക്കെ ചെയ്‌ത​തു​കൊണ്ട്‌ വായി​ക്കാൻ എത്തിയ​വ​രു​ടെ പ്രാപ്‌തി​കൾ വിലയി​രു​ത്താ​നും അവർക്ക്‌ ഏറ്റവും അനു​യോ​ജ്യ​മാ​യ ഭാഗം ഏതെന്ന്‌ കണ്ടുപി​ടി​ക്കാ​നും സാധിച്ചു.

നിയമനം ലഭിച്ചു​ക​ഴി​ഞ്ഞാൽ വായി​ക്കാ​നു​ള്ള​വർ തങ്ങളുടെ ശബ്ദം റെക്കോർഡ്‌ ചെയ്യു​ന്ന​തിന്‌ ബ്രൂക്‌ലി​നി​ലേ​ക്കോ പാറ്റേർസ​ണി​ലേ​ക്കോ വാൾക്കി​ലി​ലേ​ക്കോ ചെല്ലുന്നു. അവിടെ സ്റ്റുഡി​യോ​യിൽവെച്ച്‌ അവരുടെ വായന റെക്കോർഡ്‌ ചെയ്യുന്നു. വായന​ക്കാ​രൻ ഉചിത​മാ​യ ഭാവത്തി​ലും ശബ്ദത്തി​ലും വായി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു കോച്ച്‌ ഉറപ്പു​വ​രു​ത്തു​ന്നു. ഓരോ ഭാഗവും വായി​ക്കു​മ്പോൾ എവിടെ നിറു​ത്ത​ണം, എങ്ങനെ ഊന്നൽ നൽകണം എന്നീ കാര്യ​ങ്ങ​ളെ സംബന്ധിച്ച പ്രത്യേ​ക​നിർദേ​ശ​ങ്ങൾ അടങ്ങിയ ഒരു മാർഗ​രേഖ വായന​ക്കാ​ര​നും കോച്ചും പിൻപ​റ്റു​ന്നു. മാത്രമല്ല, മറ്റൊരു മാർഗ​രേഖ എന്ന നിലയിൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ മുൻപ​തി​പ്പി​ന്റെ നേര​ത്തെ​യു​ള്ള റെക്കോർഡി​ങ്ങു​ക​ളും കോച്ച്‌ ഉപയോ​ഗി​ക്കു​ന്നു.

സ്റ്റുഡി​യോ​യിൽവെ​ച്ചു​തന്നെ റെക്കോർഡി​ങ്ങു​കൾക്ക്‌ ചില മാറ്റങ്ങൾ വ​രു​ത്തി ചിട്ട​പ്പെ​ടു​ത്തു​ന്നു. ഏറ്റവും മികച്ച റെക്കോർഡി​ങ്ങു​കൾ പുറത്തി​റ​ക്കു​ന്ന​തിന്‌ പല പ്രാവ​ശ്യം റെക്കോർഡു ചെയ്‌ത​തിൽനി​ന്നു​ള്ള തിര​ഞ്ഞെ​ടു​ത്ത വാക്കു​ക​ളോ വാചക​ങ്ങ​ളോ കൂട്ടി​യോ​ജി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം.

പുതിയ ലോക ഭാഷാ​ന്ത​രം 2013-ലെ പരിഷ്‌ക​രി​ച്ച പതിപ്പ്‌ മുഴു​വ​നാ​യും റെക്കോർഡ്‌ ചെയ്യു​ന്ന​തിന്‌ എത്ര സമയം വേണ്ടി​വ​രു​മെന്ന്‌ നമുക്ക്‌ അറിയില്ല. എന്നിരു​ന്നാ​ലും, ഓരോ ബൈബിൾ പുസ്‌ത​ക​ത്തി​ന്റെ​യും റെക്കോർഡിങ്‌ പൂർത്തി​യാ​കു​ന്ന മുറയ്‌ക്ക്‌ അത്‌ jw.org-ൽ അപ്‌ലോഡ്‌ ചെയ്യും. ഓഡി​യോ റെക്കോർഡിങ്‌ ആസ്വദി​ക്കു​ന്ന​തിന്‌, “ബൈബിൾപുസ്‌ത​ക​ങ്ങൾ” എന്ന പേജിൽ ആ പുസ്‌ത​ക​ത്തി​ന്റെ പേ​രിന്‌ അടുത്താ​യി വരുന്ന ഓഡി​യോ ഐക്കണിൽ ക്ലിക്ക്‌ ചെയ്‌താൽ മതിയാ​കും.