വിവരങ്ങള്‍ കാണിക്കുക

ഭാഷകൾ കടന്നെ​ത്തു​ന്ന സംഗീതം

ഭാഷകൾ കടന്നെ​ത്തു​ന്ന സംഗീതം

ഒരു പാട്ട്‌ മറ്റൊരു ഭാഷയി​ലേ​ക്കു പരിഭാഷ ചെയ്യുക അത്ര എളുപ്പമല്ല. അങ്ങനെ​യെ​ങ്കിൽ 135 പാട്ടു​ക​ളു​ള്ള ഒരു പുസ്‌ത​കം പരിഭാ​ഷ​പ്പെ​ടു​ത്താൻ എത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കും!

യഹോ​വ​യു​ടെ സാക്ഷികൾ ഈ വെല്ലു​വി​ളി ഏറ്റെടു​ത്തി​രി​ക്കു​ന്നു. മൂന്നു വർഷം​കൊണ്ട്‌ 116 ഭാഷക​ളി​ലേക്ക്‌ അവർ യഹോ​വ​യെ പാടി​സ്‌തു​തി​ക്കു​വിൻ എന്ന പുതിയ പാട്ടു​പു​സ്‌ത​കം പരിഭാ​ഷ​പ്പെ​ടു​ത്തി. കൂടാതെ, 55 ഭാഷക​ളി​ലേക്ക്‌ അവർ 55 പാട്ടു​ക​ളു​ള്ള ഒരു പാട്ടു​പു​സ്‌ത​ക​വും വിവർത്ത​നം ചെയ്‌തു. മറ്റനേകം ഭാഷക​ളി​ലേക്ക്‌ ഈ പുതിയ പാട്ടു​പു​സ്‌ത​കം പരിഭാ​ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​മി​രി​ക്കു​ന്നു.

പരിഭാ​ഷ​യും രചനയും

യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾത്ത​ന്നെ 600-ഓളം ഭാഷക​ളി​ലേക്ക്‌ ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നുണ്ട്‌. അതിൽ 400-ഓളം ഭാഷക​ളി​ലെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഓൺ​ലൈ​നി​ലും ലഭ്യമാണ്‌. എന്നാൽ പാട്ടു​പു​സ്‌ത​കം പരിഭാ​ഷ​പ്പെ​ടു​ത്തു​ക എന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാ​യി​രു​ന്നു. കാരണം ഏതു ഭാഷയിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യാ​ലും യഹോ​വ​യെ പാടി​സ്‌തു​തി​ക്കു​വിൻ എന്ന പാട്ടു​പു​സ്‌ത​ക​ത്തി​ലെ പാട്ടു​ക​ളു​ടെ ഈണങ്ങ​ളെ​ല്ലാം ഒന്നുത​ന്നെ​യാണ്‌.

പാട്ടു​കൾക്ക്‌ വരികൾ രചിക്കു​ന്നത്‌ മാസിക പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെയല്ല. ഉദാഹ​ര​ണ​ത്തിന്‌, വീക്ഷാ​ഗോ​പു​രം മാസിക പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ വിവർത്ത​കർ മൂലഭാ​ഷ​യി​ലെ എല്ലാ ആശയങ്ങ​ളും വളരെ കൃത്യ​മാ​യി പരിഭാ​ഷ​പ്പെ​ടു​ത്താൻ ശ്രമി​ക്കും. എന്നാൽ സംഗീ​ത​ത്തി​ന്റെ കാര്യം വ്യത്യ​സ്‌ത​മാണ്‌.

എങ്ങനെ​യാണ്‌ അത്‌ ചെയ്യു​ന്നത്‌?

പാട്ടുകൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നവർ മറ്റു പ്രസി​ദ്ധീ​ക​ര​ങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്ത​ന്ന​വ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യ ഒരു രീതി​യാണ്‌ അവലം​ബി​ക്കു​ന്നത്‌. പാട്ടിന്റെ വരികൾ അർഥവ​ത്തും ഹൃദ്യ​വും ഓർത്തി​രി​ക്കാൻ എളുപ്പ​വും ആയിരി​ക്ക​ണ​മ​ല്ലോ.

പാടു​ന്ന​യാൾക്ക്‌ ഒരോ വരിയു​ടെ​യും അർഥവും ആശയവും പെട്ടെന്ന്‌ മനസ്സി​ലാ​കു​ന്ന തരത്തി​ലാ​യി​രി​ക്ക​ണം ഒരു സ്‌തു​തി​ഗീ​ത​ത്തി​ന്റെ വാക്കുകൾ. ഓരോ ഭാഷയി​ലും പാട്ടു​കാ​രന്‌ സ്വാഭാ​വി​ക​മാ​യി പാടാ​നാ​കും​വി​ധം പാട്ടിന്റെ വരിക​ളും സംഗീ​ത​വും ഇഴചേർന്ന്‌ ഒഴുകണം.

എങ്ങനെ​യാണ്‌ പരിഭാ​ഷ​കർ ഇതു ചെയ്യു​ന്നത്‌? യഹോ​വ​യെ പാടി​സ്‌തു​തി​ക്കു​വിൻ എന്ന പാട്ടു​പു​സ്‌ത​കം ഇംഗ്ലീ​ഷിൽനിന്ന്‌ വെറുതെ പദാനു​പ​ദം പരിഭാഷ ചെയ്യാതെ പാട്ടു​ക​ളു​ടെ ആത്മാവ്‌ ഉൾക്കൊണ്ട്‌ പുതിയ വരികൾ എഴുതാ​നാണ്‌ പരിഭാ​ഷാ​സം​ഘ​ങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. പാട്ടു​ക​ളു​ടെ തിരു​വെ​ഴു​ത്താ​ശ​യം വിവർത്ത​കർ മനസ്സിൽപ്പി​ടി​ക്കു​ന്നു. എന്നിട്ട്‌ തങ്ങളുടെ ഭാഷയിൽ പെട്ടെന്ന്‌ മനസ്സി​ലാ​കു​ക​യും ഓർത്തി​രി​ക്കു​ക​യും ചെയ്യുന്ന വാക്കു​ക​ളും ശൈലി​ക​ളും അവർ ഉപയോ​ഗി​ക്കു​ന്നു.

ആദ്യം, ഇംഗ്ലീ​ഷി​ലു​ള്ള പാട്ടിന്റെ ഒരു പദാനു​പദ പരിഭാഷ തയ്യാറാ​ക്കു​ന്നു. പിന്നെ പാട്ട്‌ എഴുതാൻ പ്രാപ്‌തി​യു​ള്ള സാക്ഷികൾ തങ്ങളുടെ ഭാഷയിൽ ആ പാട്ട്‌ അർഥവ​ത്തും മനോ​ഹ​ര​വും ആക്കുന്നു. തിരു​വെ​ഴു​ത്താ​ശ​യ​ങ്ങ​ളു​ടെ കൃത്യത ചോർന്നു​പോ​യി​ട്ടി​ല്ല എന്ന്‌ ഉറപ്പാ​ക്കാ​നാ​യി പരിഭാ​ഷാ​സം​ഘ​വും വായി​ച്ചു​പ​രി​ശോ​ധി​ക്കു​ന്ന​വ​രും പാട്ട്‌ നന്നായി വിശക​ല​നം ചെയ്യുന്നു.

പുതിയ പാട്ടു​പു​സ്‌ത​കം സ്വന്തം ഭാഷയിൽ കിട്ടു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ അതിയാ​യി സന്തോ​ഷി​ക്കു​ന്നു. ഇനിയും പുതി​യ​പു​തി​യ ഭാഷക​ളിൽ ഈ പാട്ടു​പു​സ്‌ത​കം കിട്ടാ​നാ​യി അനേകർ കാത്തി​രി​ക്കു​ന്നു.