വിവരങ്ങള്‍ കാണിക്കുക

ലാപ്‌ലൻഡിൽ ഒരു വിജയ​ക​ര​മായ പ്രചാ​ര​ണ​പ​രി​പാ​ടി

ലാപ്‌ലൻഡിൽ ഒരു വിജയ​ക​ര​മായ പ്രചാ​ര​ണ​പ​രി​പാ​ടി

ഫിൻലൻഡി​ലും നോർവേ​യി​ലും സ്വീഡ​നി​ലും ആയി വ്യാപി​ച്ചു​കി​ട​ക്കുന്ന വലിയ ഭൂപ്ര​ദേ​ശത്ത്‌ ജീവി​ക്കു​ന്ന​വ​രാ​ണു സാമികൾ. അവർക്ക്‌ അവരു​ടേ​തായ സംസ്‌കാ​ര​വും പാരമ്പ​ര്യ​വും ഭാഷയും ഉണ്ട്‌. അവരെ ബൈബിൾസ​ന്ദേശം അറിയി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ രണ്ടു ശ്രമം നടത്തി.

ആദ്യമാ​യി 2015-ലെ വസന്തകാ​ലത്ത്‌ സാമി ഭാഷയിൽ * യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി. രണ്ടാമ​താ​യി 2016-ലും 2017-ലും, പരിഭാഷ ചെയ്‌ത വിവരങ്ങൾ സാമി​ക​ളു​മാ​യി പങ്കു​വെ​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ കലമാ​നു​കൾ സ്വൈ​ര​വി​ഹാ​രം നടത്തുന്ന, ലാപ്‌ലൻഡിൽ രണ്ടു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​കൾ സംഘടി​പ്പി​ച്ചു.

‘സമൂഹ​ത്തി​നു​വേ​ണ്ടി​യുള്ള മൂല്യ​വ​ത്തായ സേവനം’

2017 മെയ്യിൽ നടന്ന പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഫിൻലൻഡിൽനി​ന്നും നോർവേ​യിൽനി​ന്നും സ്വീഡ​നിൽനി​ന്നും ഉള്ള 200-ലധികം സാക്ഷികൾ ലാപ്‌ലൻഡി​ലെ വിസ്‌തൃ​ത​മായ ഭൂപ്ര​ദേ​ശത്ത്‌ ചിതറി​ക്കി​ട​ക്കുന്ന ധാരാളം ചെറു​ഗ്രാ​മ​ങ്ങ​ളി​ലേക്കു പോകാൻ തയ്യാറാ​യി. സാമി ഭാഷയി​ലെ ചില പദപ്ര​യോ​ഗങ്ങൾ പഠിച്ചു​കൊണ്ട്‌ സാക്ഷി​ക​ളിൽ ചിലർ തയ്യാ​റെ​ടു​പ്പു​കൾ നടത്തി, അതു സാമി​കളെ ആകർഷി​ച്ചു. “അവരുടെ ഭാഷ സംസാ​രി​ക്കാൻ നമ്മൾ നടത്തിയ ശ്രമങ്ങ​ളെ​യും നമ്മുടെ ആത്മാർഥ​താ​ത്‌പ​ര്യ​ത്തെ​യും അവിടു​ത്തു​കാർ വിലമ​തി​ച്ചു” എന്നു കരിഗ​സ്‌നേ​യ്‌മി​യിൽ പ്രവർത്തി​ക്കാൻ പോയ ഡെന്നിസ്‌ പറയുന്നു.

പ്രകൃ​തി​യെ​യും ജന്തുജാ​ല​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കുന്ന സാമി​കൾക്കു പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം വളരെ ഇഷ്ടമായി. (സങ്കീർത്തനം 37:11) ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ത്തിൽനി​ന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയ ഒരു സാമി സ്‌ത്രീ ദൈവം മനുഷ്യർക്കു ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ, മതശു​ശ്രൂ​ഷകൻ പറുദീ​സാ​ഭൂ​മി​യെ​ക്കു​റിച്ച്‌ ഇതുവരെ ഒന്നും പറഞ്ഞു​ത​ന്നി​ട്ടി​ല്ലെന്ന്‌ ആശ്ചര്യ​ത്തോ​ടെ പറഞ്ഞു.

സാക്ഷികൾ ചെന്നതിൽ പലരും നന്ദി അറിയി​ച്ചു. ഒരു കടക്കാരൻ രണ്ടു സാക്ഷി​കളെ അഭിന​ന്ദി​ച്ചു. അവർ “സമൂഹ​ത്തി​നു​വേണ്ടി വളരെ പ്രധാ​ന​പ്പെട്ട, മൂല്യ​വ​ത്തായ ഒരു സേവന​മാ​ണ്‌” ചെയ്യു​ന്ന​തെന്ന്‌ അദ്ദേഹം അവരോ​ടു പറഞ്ഞു. അവരെ കടയി​ലേക്കു വിളി​ച്ചിട്ട്‌ അവർക്ക്‌ ഇഷ്ടമുള്ള ഭക്ഷണസാ​ധ​നങ്ങൾ എടുത്തു​കൊ​ള്ളാൻ അദ്ദേഹം പറഞ്ഞു. അതിന്‌ അദ്ദേഹം കാശൊ​ന്നും വാങ്ങി​യില്ല.

പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ സമയത്ത്‌, സാമികൾ ഏകദേശം 180 വീഡി​യോ​കൾ കാണു​ക​യും 500-ലധികം പ്രസി​ദ്ധീ​ക​ര​ണങ്ങൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. അവരുടെ ഭാഷയിൽ ലഭ്യമാ​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവർ കൂടെ​ക്കൂ​ടെ ചോദി​ക്കു​മാ​യി​രു​ന്നു. 14 സാമികൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാ​നും തുടങ്ങി.

“പരിഭാഷ ഒന്നാന്ത​ര​മാണ്‌!”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായിച്ച അനേകം സാമി​ക​ളും ഉന്നത നിലവാ​ര​മുള്ള പരിഭാ​ഷയെ പ്രശം​സി​ച്ചു. “നിങ്ങളു​ടെ പരിഭാഷ അത്യു​ഗ്ര​നാണ്‌” എന്നാണ്‌ ഒരു സ്‌കൂൾ അധ്യാ​പ​ക​നും സാമി പാർല​മെ​ന്റി​ലെ എക്‌സി​ക്യൂ​ട്ടിവ്‌ ബോർഡ്‌ അംഗവും ആയ നില്ലാ ടപ്പി​യോള പറഞ്ഞത്‌. പ്രസി​ദ്ധീ​ക​ര​ണങ്ങൾ “വായി​ക്കാൻ എളുപ്പ​വു​മാണ്‌ ഭാഷാ​ഘടന നല്ലതു​മാണ്‌” എന്നും അദ്ദേഹം പറഞ്ഞു. ഫിൻലൻഡി​ന്റെ വടക്കേ അറ്റത്തു താമസി​ക്കുന്ന ഒരു സാമി പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിങ്ങളു​ടെ പരിഭാഷ ഒന്നാന്ത​ര​മാണ്‌!”

കരിഗ​സ്‌നേ​യ്‌മി​യിൽ, ഫിൻലൻഡി​ന്റെ​യും നോർവേ​യു​ടെ​യും അതിർത്തി​യിൽവെച്ച്‌ ദൈവ​ത്തിൽനി​ന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപ​ത്രി​ക​യു​ടെ ഒന്നാം പാഠം സാക്ഷികൾ ഒരു സാമി അധ്യാ​പി​ക​യു​മാ​യി ചർച്ച ചെയ്‌തു. പരിഭാ​ഷ​യു​ടെ ഗുണ​മേ​ന്മ​യിൽ മതിപ്പു തോന്നിയ അധ്യാ​പിക സ്‌കൂ​ളിൽ സാമി ഭാഷ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി ലഘുപ​ത്രിക ഉപയോ​ഗി​ച്ചോ​ട്ടേ എന്നു ചോദി​ച്ചു.

ധാരാളം വീഡി​യോ​ക​ളും ലഘു​ലേ​ഖ​ക​ളും ഒരു ലഘുപ​ത്രി​ക​യും സാമി​യി​ലേക്കു പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌. 2016 ഫെബ്രു​വരി 29 മുതൽ jw.org വെബ്‌​സൈറ്റ്‌ സാമി ഭാഷയി​ലു​മുണ്ട്‌. ഓരോ മാസവും സാമി ഭാഷക്കാർ 400-ലധികം തവണ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക​യും ഏകദേശം 350 ഡിജിറ്റൽ, ഓഡി​യോ, വീഡി​യോ ഫൈലു​കൾ ഡൗൺലോഡ്‌ ചെയ്യു​ക​യും ചെയ്യുന്നു.

സാമി​കൾക്കും അവരെ സന്ദർശി​ച്ച​വർക്കും പ്രചാരണ പരിപാ​ടി​യി​ലൂ​ടെ വളരെ പ്രയോ​ജനം കിട്ടി. “ബൈബിൾ പല വിധങ്ങ​ളിൽ സാമി സമൂഹ​ത്തി​നു പ്രയോ​ജനം ചെയ്‌ത​താ​യി” പ്രദേ​ശ​വാ​സി​കൾക്കു മനസ്സി​ലാ​യെന്ന്‌ ഉച്ച്യോ​ക്കി​യി​ലേക്കു പോയ ഹെൻറി​ക്കി​നും ഹില്യ മരിയ​യ്‌ക്കും മനസ്സി​ലാ​യി. അവി​ടെ​ത്ത​ന്നെ​യുള്ള ലാരി​യും ഇങ്കയും ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യാണ്‌ ഈ പ്രചാ​ര​ണ​പ​രി​പാ​ടി നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌. ഈ ഒറ്റപ്പെട്ട പ്രദേ​ശ​ത്തു​ള്ള​വ​രോ​ടു ദൈവ​ത്തി​ന്റെ സ്‌നേഹം പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾക്കു സന്തോ​ഷ​മുണ്ട്‌.”

^ ഖ. 3 ധാരാളം സാമി (സമി എന്നും അറിയ​പ്പെ​ടു​ന്നു) ഭാഷക​ളുണ്ട്‌. “മൂന്നിൽ രണ്ടു സമിക​ളും സംസാ​രി​ക്കു​ന്നതു വടക്കൻ സമി” ഭാഷയാണ്‌ എന്നു ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു. യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വടക്കൻ സാമി ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു. എളുപ്പ​ത്തി​നു​വേണ്ടി, ഭൂരി​ഭാ​ഗം പേരും സംസാ​രി​ക്കുന്ന ഭാഷയെ കുറി​ക്കാൻ “സാമി” എന്നാണ്‌ ഈ ലേഖന​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.