വിവരങ്ങള്‍ കാണിക്കുക

നിധികളുടെ നഗരത്തിൽ “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം”

നിധികളുടെ നഗരത്തിൽ “ആളുകൾക്കുള്ള ദൈവത്തിന്റെ സമ്മാനം”

റൊമാ​നി​യ​യി​ലെ ഒരു വൻനഗ​ര​മാ​യ ക്ലുഷ്‌-നാപോ​കാ നിധി​ക​ളു​ടെ നഗര​മെ​ന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. 2016 ഏപ്രിൽ 20 മുതൽ 24 വരെ അവിടെ നടന്ന ഗൗഡി​യ​മസ്‌ പുസ്‌ത​ക​മേ​ള​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരു സ്റ്റാൾ ഇട്ടു. ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ആ സ്റ്റാൾ സന്ദർശി​ച്ചു. ബൈബി​ളി​ലെ ആത്മീയ​വും ധാർമി​ക​വും ആയ മൂല്യ​ങ്ങ​ളെ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന വീഡി​യോ​ക​ളും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ബൈബി​ളു​ക​ളും അവിടെ പ്രദർശി​പ്പി​ച്ചി​രു​ന്നു. ഇവയിൽ താത്‌പ​ര്യം കാണിച്ച ആളുക​ളോ​ടു സാക്ഷികൾ സംസാ​രി​ച്ചു.

പഠനയാ​ത്ര​യു​ടെ ഭാഗമാ​യി പല സ്‌കൂ​ളു​ക​ളിൽനി​ന്നും ഈ പുസ്‌ത​ക​മേള കാണാൻ വന്ന വിദ്യാർഥി​ക​ളെ അധ്യാ​പ​കർ സാക്ഷി​ക​ളു​ടെ സ്റ്റാളി​ലും കൊണ്ടു​വ​ന്നു. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം പരമ്പര​യി​ലെ അനി​മേ​ഷൻ വീഡി​യോ​കൾ കുട്ടി​കൾക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു. പലരും മക്കളെ പഠിപ്പി​ക്കു​ക എന്ന ലഘുപ​ത്രി​ക​യും എന്റെ ബൈബിൾ കഥാപു​സ്‌ത​കം എന്ന പുസ്‌ത​ക​വും ചോദി​ച്ചു​വാ​ങ്ങി. കുട്ടി​ക​ളെ നോക്കുന്ന ഒരു സ്‌ത്രീ ചില അനി​മേ​ഷൻ വീഡി​യോ​കൾ കണ്ടപ്പോൾ തന്റെ സഹപ്ര​വർത്ത​ക​യോട്‌ ഇങ്ങനെ പറഞ്ഞു: “ഈ വെബ്‌​സൈ​റ്റി​ന്റെ അഡ്രസ്സ്‌ (www.jw.org) എഴുതി​യെ​ടു​ക്ക​ണം. എല്ലാ കുട്ടി​ക​ളെ​യും ഈ വീഡി​യോ​കൾ കാണി​ക്കാ​മ​ല്ലോ.”

ടാബിൽ കാണിച്ച അനിമേഷൻ വീഡി​യോ​കൾ യുവ​പ്രാ​യ​ത്തി​ലു​ള്ള വിദ്യാർഥി​കൾ നന്നായി ആസ്വദി​ച്ചു. ഇത്‌ സ്‌നേ​ഹ​മോ അഭിനി​വേ​ശ​മോ?, സോഷ്യൽ നൈറ്റ്‌വർക്കു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ക, ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരി​ടാം? എന്നിവ​യാ​യി​രു​ന്നു അവയിൽ ചിലത്‌.

ഒരു ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​നും ഭാര്യ​യും സ്റ്റാൾ പല പ്രാവ​ശ്യം സന്ദർശി​ച്ചു. വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്ത​രം ബൈബി​ളും ചില ലഘുപ​ത്രി​ക​ക​ളും അവർ വായി​ക്കാ​നാ​യി എടുക്കു​ക​യും ചെയ്‌തു. ഈ പരിഭാ​ഷ​യു​ടെ “ബൈബിൾപദങ്ങളുടെ സൂചിക” എന്ന സവി​ശേ​ഷ​ത​യും പരിഭാ​ഷ​കർ ഉപയോ​ഗി​ച്ച വിശ്വ​സ​നീ​യ​മാ​യ പല ഉറവി​ട​ങ്ങ​ളും തന്നിൽ മതിപ്പു​ള​വാ​ക്കി​യെന്ന്‌ പുരോ​ഹി​തൻ പറഞ്ഞു. ബൈബിൾചർച്ച​കൾ നടത്താൻ തനിക്കു ആഗ്രഹ​മു​ണ്ടെ​ന്നും അദ്ദേഹം സാക്ഷി​ക​ളോ​ടു പറഞ്ഞു. അദ്ദേഹ​ത്തി​ന്റെ ഫോൺ നമ്പർ അവർക്കു കൊടു​ക്കു​ക​യും ചെയ്‌തു.

jw.org വെബ്‌​സൈ​റ്റിൽ കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വിവരങ്ങൾ എവിടെ കണ്ടെത്താ​നാ​കു​മെ​ന്നു പുരോ​ഹി​ത​ന്റെ ഭാര്യ ചോദി​ച്ച​പ്പോൾ വെബ്‌​സൈ​റ്റി​ലു​ള്ള “കുട്ടികൾ” എന്ന ഭാഗം സാക്ഷികൾ അവരെ കാണിച്ചു. സത്യസ​ന്ധ​രാ​യി​രി​പ്പിൻ എന്ന വിഡീ​യോ കണ്ട അവർക്ക്‌ അത്‌ വളരെ ഇഷ്ടമായി. ഇതും വെബ്‌​സൈ​റ്റി​ലെ മറ്റു സവി​ശേ​ഷ​ത​ക​ളും കണ്ടപ്പോൾ പുരോ​ഹി​തൻ പറഞ്ഞു: “ആളുകൾക്കു​ള്ള ദൈവ​ത്തി​ന്റെ സമ്മാനം!”