വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവരുടെ സ്വന്തം ബൈബിളുണ്ടോ?

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവരുടെ സ്വന്തം ബൈബിളുണ്ടോ?

ബൈബിൾ പഠിക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ വ്യത്യ​സ്‌ത പരിഭാ​ഷ​കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എങ്കിലും, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം സ്വന്തം ഭാഷയിൽ ലഭ്യമാ​ണെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കാ​നാണ്‌ ഞങ്ങൾ ഇഷ്ടപ്പെ​ടു​ന്നത്‌. കാരണം, അത്‌ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ന്നു, കൃത്യ​ത​യു​ള്ള​താണ്‌, വ്യക്തത​യു​ള്ള​താണ്‌.

  • ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ചില ബൈബിൾപ​രി​ഭാ​ഷ​കർ അതിന്റെ ഗ്രന്ഥകർത്താ​വി​നെ ആദരി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ബൈബിൾപ​രി​ഭാ​ഷ​യിൽ അത്‌ അച്ചടിച്ച്‌ പുറത്തി​റ​ക്കാൻ ഏതെങ്കി​ലും വിധത്തിൽ സഹായിച്ച 70-ലധികം വ്യക്തി​ക​ളു​ടെ പേര്‌ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. പക്ഷേ, ആ ബൈബി​ളിൽനിന്ന്‌ അതിന്റെ രചയി​താ​വാ​യ യഹോ​വ​യാം ദൈവ​ത്തി​ന്റെ പേര്‌ അപ്പാടെ നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു!

    നേർവി​പ​രീ​ത​മാ​യി, പുതിയ ലോക ഭാഷാ​ന്ത​ര​മാ​ക​ട്ടെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്ന ആയിര​ക്ക​ണ​ക്കിന്‌ ഇടങ്ങളി​ലും അതു നിലനി​റു​ത്തി​യി​രി​ക്കു​ന്നു. എന്നു മാത്രമല്ല, ഈ പരിഭാഷ പുറത്തി​റ​ക്കി​യ കമ്മിറ്റി​യി​ലെ അംഗങ്ങൾ ആരാ​ണെന്ന്‌ വെളി​പ്പെ​ടു​ത്തി​യി​ട്ടു​മില്ല.

  • കൃത്യത. ബൈബി​ളിൽ ആദ്യമു​ണ്ടാ​യി​രു​ന്ന സന്ദേശം എല്ലാ പരിഭാ​ഷ​ക​രും കൃത്യ​ത​യോ​ടെ കൈമാ​റി​യി​ട്ടി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, ഇംഗ്ലീ​ഷി​ലു​ള്ള ഒരു ഭാഷാ​ന്ത​രം മത്തായി 7:13 ഈ വിധത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “ഇടുക്കു​വാ​തി​ലി​ലൂ​ടെ കടക്കു​വിൻ; നരകത്തി​ലേ​ക്കു​ള്ള പാത വീതി​യു​ള്ള​തും എളുപ്പ​മു​ള്ള​തും ആകുന്നു.” എന്നാൽ, മൂലപാ​ഠ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന വാക്ക്‌ “നരകം” അല്ല, “നാശം” ആണ്‌. ദുഷ്ടന്മാർ തീനര​ക​ത്തിൽ എന്നേക്കും ദണ്ഡിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ വിശ്വ​സി​ച്ചി​രു​ന്ന​തി​നാ​ലാ​യി​രി​ക്കാം ആ പരിഭാ​ഷ​കർ “നരകം” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചത്‌. പക്ഷേ, ബൈബിൾ ആ ആശയത്തെ പിന്തു​ണ​യ്‌ക്കു​ന്നി​ല്ല. അതു​കൊണ്ട്‌, പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ കൃത്യ​മാ​യും ഇങ്ങനെ കാണുന്നു: “ഇടുക്കു​വാ​തി​ലി​ലൂ​ടെ കടക്കു​വിൻ; നാശത്തി​ലേ​ക്കു​ള്ള പാത വീതി​യു​ള്ള​തും വിശാ​ല​വും ആകുന്നു.”

  • വ്യക്തത. നല്ല ഒരു പരിഭാഷ കൃത്യ​ത​യു​ള്ള​തും അതോ​ടൊ​പ്പം വ്യക്തവും എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാ​നാ​കു​ന്ന​തും ആയിരി​ക്ക​ണം. ഒരു ഉദാഹ​ര​ണം നോക്കുക. റോമർ 12:11-ൽ പൗലോസ്‌ അപ്പൊ​സ്‌ത​ല​ന്റെ ഒരു പരാമർശം അക്ഷരീ​യ​മാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി​യാൽ “ആത്മാവി​നാ​യി തിളയ്‌ക്കു​ക” എന്നു വരും. ആധുനി​ക​ഭാ​ഷ​യിൽ അതു മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. അതു​കൊണ്ട്‌, പുതിയ ലോക ഭാഷാ​ന്ത​രം എളുപ്പ​ത്തിൽ ഗ്രഹി​ക്കാൻ കഴിയും​വി​ധം ഈ ഭാഗം പരിഭാഷ ചെയ്‌തി​രി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​കൾ “ആത്മാവിൽ ജ്വലി​ക്കു​ന്ന​വ​രാ”കണമെന്ന്‌ അവിടെ പറയുന്നു.

കൃത്യ​ത​യും വ്യക്തത​യും ദൈവ​നാ​മ​ത്തി​ന്റെ ഉപയോ​ഗ​വും കൂടാതെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തെ മറ്റുള്ള​വ​യിൽനിന്ന്‌ വേർതി​രി​ച്ചു​നി​റു​ത്തുന്ന മറ്റൊരു വ്യത്യാ​സം ഇതാണ്‌: ഇത്‌ വില ഈടാ​ക്കാ​തെ​യാണ്‌ വിതരണം ചെയ്യു​ന്നത്‌. അതിന്റെ ഫലമായി, ദശലക്ഷ​ങ്ങൾക്ക്‌ ബൈബിൾ സ്വന്തം ഭാഷയിൽ വായി​ക്കാൻ സാധി​ക്കു​ന്നു. ബൈബിൾ പണം കൊടു​ത്തു വാങ്ങാൻ വകയി​ല്ലാ​ത്ത​വർക്കു​പോ​ലും ഇത്‌ ലഭ്യമാണ്‌.